ഒരു കരസ്പർശം

രണ്ട് കയിൽ സാമ്പാർ അങ്ങട് ഒഴിച്ചു, പപ്പടം എടുത്തു പൊട്ടിച്ചു, ഒരു വലിയ ഉരുള എടുത്ത് വായിലോട് വെച്ചു.. ഹോ.. സൂപ്പർ.. നല്ല രണ്ടു വാചകം പറയാമെന്ന് വെച്ചു ഒന്ന് അമ്മയെ തിരിഞ്ഞു നോക്കി..
ഹോ.. മിക്സിയിൽ അടിക്കുന്ന മുളകിനേക്കാൾ ചൊന്നിരിക്കുന്നു ആ കണ്ണുകൾ.. പറയാൻ വെച്ച വാചകങ്ങൾ ചോറിന്റൊപ്പം ഒരിറക്കം ഇറക്കി.. സ്‌ഥലകാല സന്ദർഭം ശരിയല്ലെന്ന് അറിഞ്ഞു തന്നെ വേഗം കിട്ടീത് കഴിച്ചു, എന്റെ കിടപ്പറയിലേക്ക് ചാഞ്ഞു. എന്തോ പിറുപിറുക്കണ കേട്ടപ്പോ മെല്ലെ വാതിൽ തുറന്നിട്ടു..
നിങ്ങൾ ആ ചെക്കനെ കൊഞ്ചിച്ചു നടത്തിക്കോ.. വയസ്സ് ഇരുപത്തെട്ടു ആകാനാ പോകുന്നെ.. എനിക്ക് വയ്യാട്ടോ ഈ അടുപ്പ് ഊതി ഊതി ഇരിക്കാൻ.. ദേ ഇന്നും ബ്രോക്കർ സുരേഷ് വന്നിരുന്നു.. ഞാൻ എന്ത് പറയാനാ.. പെണ്ണ് കെട്ടാൻ നിങ്ങടെ ചെക്കൻ വെല്ല അഞ്ചു പൈസ ഉണ്ടാക്കി കൊണ്ടുവരുണ്ടോ.. ഇനി ആ പെണ്ണിനേം കൂടി നോക്കേണ്ടി വരുലോ ഈശ്വരാ.. നിങ്ങൾ വേണേൽ വെലോം പറഞ്ഞു കൊടുക്ക്.. എന്റെ ശബ്ദം കേക്കുന്നതേ അവനു അലർജിയാ.. ആ സുധേട്ടത്തിടെ മോന് ഇവനെക്കാൾ ചെറുതല്ലെ..
ഞാൻ വേഗം വാതിൽ അമർത്തി അടച്ചു.. ഞാൻ പൊതപ്പും എടുത്തു ചെവിയിൽ ഹെഡ്സെറ്റും വെച്ച് മൊബൈൽ എടുത്തു.. നോക്കിയപ്പോ ചറപറാ ചറപറാ അപ്പുന്റെ മെസ്സേജസ്.. ആ പേര് കണ്ടപ്പോ എന്തോ ഒരു സന്തോഷം.. നോക്കിയപ്പോ ഒരു നോവലു പോലെ മെസ്സേജ്..
ഡാ നിന്നോട് ഒരു ജോബ് റെഡിയാക്കാൻ എത്ര തവണയായി പറയുന്നു.. ഇല്ല ഇനി പറയേണ്ടി വരില്ല.. അന്ന് പറഞ്ഞ മേരേജ് കേസ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്‌.. നിനക്കു ഒരു ജോബും ഇല്ലാത്ത എനിക്ക് ഇനി പറയാൻ വോയിസ് ഇല്ലാ.. ഇനി ഞാൻ ശല്യപെടുത്തില്ലാട്ടോ..
എന്തോ ആകാശത്തിൽ നിന്ന് മിന്നൽ നേരെ എന്നിൽ പതിച്ച പോൽ മനസ് മരവിച്ചു.. വേഗം വണ്ടിടെ ചാവിയും എടുത്ത് പതിവ് പോൽ പെട്രോൾ അടിക്കാൻ അമ്മേടെ പേഴ്സും തപ്പി. ആകെ കിട്ടിയ നാലു അഞ്ചു അഞ്ചിന്റെ തുട്ടെടുത്തു ചാവി അവിടെ തന്നെ വെച്ച് ബസ്‌സ്റ്റോപ്പിലേക്കു നടന്നു. ആദ്യം കണ്ട ബസും കയറി ചുമ്മാ ഒരു സ്റ്റോപ്പിലേക്കു ടിക്കറ്റും എടുത്തിരുന്നു. എന്തൊക്കെയോ ആലോയ്‌ച്ചു പെട്ടന്ന് ഉറങ്ങി പോയി..
ചേട്ടാ.. ചേട്ടാ.. ന്നും പറഞ്ഞു കൈയിലെ തോണ്ടലും സഹിക്കാതെയാ ഞാൻ എണീറ്റത്. നോക്കിയപ്പോ ഏതോ ഒരു സ്റ്റോപ്പിൽ ബസ് നിർത്തിയിട്ടൊക്കാണ്. ഞാൻ ജനാല കമ്പിയിലൂടെ നോക്കിയപ്പോ ഒരു എട്ടു പത്തു വയസ്സ്തോന്നുന്ന ഒരു ചെറിയ ചെക്കൻ..
കൈ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. ഒരു പത്ര കെട്ടു താഴെ കിടക്കുന്നുണ്ട്. അത് തലയിൽ വെച്ചു കൊടുക്കാനാ ഈ അലറുന്നെ.. ഞാൻ മനസിലാ മനസോടെ ഒന്ന് എടുത്തു കൊടുത്തു.പെട്ടന്ന് ആ കൊച്ചിന്റെ കണ്ണ് നിറയുന്നത് കണ്ട് ഞാൻ പേടിച്ചു പോയി.
ചേട്ടാ.. ഒരുപാട് നന്ദിയുണ്ട്.. ഇത് വിറ്ററ്റു വേണം അമ്മക്ക് കാശു കൊണ്ട് കൊടുക്കാൻ.. എന്നെയും അവിടെ കാത്തിരിക്കിണ്ടാവു അമ്മ ഇപ്പൊ..
എന്താ പറയണ്ടെന്ന് മനസിലാവാതെ നാവു ഉറച്ചു പോയി.. വേഗം പോയി തിരിച്ചു ബസ് കയറി ടിക്കറ്റും എടുത്തു ഇരുന്നു.. ഒരുപാട് സന്തോഷത്തോടെ… ആ ചെക്കനോട് പറഞ്ഞറിയിക്കാൻ പറ്റാത്ത നന്ദിയോടെയും..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.