ആ രൂപം

രാവിലെ ജോലിക്കായി ഇറങ്ങിയ ഞാൻ തിരിഞ്ഞു നിന്ന് നോക്കി, എന്നും രാവിലെ ഞാൻ പുറപ്പെടുന്നതും നോക്കി നിന്നിരുന്ന ആ രൂപം ഇന്നവിടെ ഇല്ല. ദിവസവും രാവിലെ ഞാൻ ഇറങ്ങുമ്പോൾ ആ ഇറയത്ത് ഉണ്ടാകും, ഞാൻ പോകുന്നതും നോക്കി. കൈ ഉയർത്തി ഒരു യാത്ര പറച്ചിലോ അല്ലെങ്കിൽ ഒരു പുഞ്ചിരിയോ ഞാൻ കൊടുക്കാറില്ല. എങ്കിലും യാതൊരു പരാതിയും ഇല്ലാതെ എന്നുമുണ്ടാകും, ഞാൻ ഇറങ്ങുന്ന സമയം നോക്കി ആ ഇറയത്ത്, അരികിലെ തൂണിൽ പിടിച്ച് ഞാൻ പോകുന്നതും നോക്കി. ആ കണ്ണിൽ നിന്നും ഞാൻ മറഞ്ഞാൽ മാത്രമേ ആ രൂപം അകത്തേക്ക് യാത്രയാകുകയുള്ളൂ.
ബാല്യത്തിലെ എന്റെ ഏറ്റവും വലിയ കൂട്ടായിരുന്ന ആ രൂപം എന്ന് മുതലാണ് എനിക്ക് അന്യമായി തുടങ്ങിയതെന്ന് ഓർമയില്ല. ബാല്യത്തിലെ ഓർമകളിൽ ഇന്നുമുണ്ട് നിറം മങ്ങാതെ ആ രൂപം. അരികിലിരുത്തി കഥകൾ പറഞ്ഞതും, ഊഞ്ഞാലിൽ ആടാൻ ആഗ്രഹം പറഞ്ഞപ്പോൾ പറമ്പിൽ വരുന്ന പണിക്കാരെ കൊണ്ട് ആ വലിയ പ്ലാവിൽ ഊഞ്ഞാൽ കെട്ടിച്ചതും, ആദ്യമായി ഞാൻ ഉറങ്ങി കിടന്നപ്പോൾ, അമ്മയും അച്ഛനും എന്നെ വീട്ടിൽ നിർത്തി അനിയനെ ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ, ഉറക്കമുണർന്ന ഞാൻ, അവരെ കാണാതെ കരഞ്ഞു എന്നൊരൊറ്റ കാരണത്താൽ അച്ഛനെയും അമ്മയെയും വഴക്ക് പറഞ്ഞതും, തൊടിയിലും പറമ്പിലും ആ കൈ പിടിച്ച് നടന്നതും, അങ്ങിനെ പലതും. വലിയ സ്കൂൾ എത്തുന്നത് വരെ എന്റെ നിഴലായിരുന്ന ആ രൂപം. ആ രൂപം പോകുന്നതിന്റെ പിറകെ തന്നെ ഞാനും ഉണ്ടാകുമായിരുന്നു. ഒരുപക്ഷേ തറവാട്ടിലെ ആദ്യ സന്താനം എന്ന പരിഗണനയായിരിക്കാം എനിക്ക് അന്ന് കിട്ടിയ ആ സ്നേഹത്തിന്റെ മൂലകാരണം.
വലിയ ക്ലാസ്സുകളിൽ ആയതിന് ശേഷം എനിക്ക് കിട്ടിയ കൂട്ടുകാർ ആണോ, അതോ കയ്യിലേക്ക് അച്ഛൻ വാങ്ങി തന്ന മൊബൈലിലെ സമയം കൊല്ലുന്ന കാര്യങ്ങൾ ആണോ എന്നറിയില്ല ആ രൂപത്തെ എന്നിൽ നിന്നും അകറ്റി നിർത്തിയത്. ആദ്യം പതിയെ പതിയെ കൂട്ടിന് പോകൽ നിർത്തി. പോകെ പോകെ ഞാൻ ആ രൂപത്തെ പൂർണമായും ഒഴിവാക്കി എന്നതാണ് സത്യം.
ആദ്യമെല്ലാം എന്നെ കാണാൻ കിട്ടുന്നില്ല, സംസാരിക്കുന്നില്ല എന്നെല്ലാം പരാതി പറഞ്ഞിരുന്ന ആ രൂപം എന്നിലെ മാറ്റം മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, പിന്നീട് എന്നോട് സംസാരിക്കാതെയായി.
വീട്ടിൽ എല്ലാവരെക്കാളും ഇഷ്ടമായിരുന്നു എന്നെ. ഓഫിസിൽ നിന്ന് വരാൻ വൈകുന്ന ദിവസങ്ങളിൽ എന്നെയും കാത്ത് ഇറയത്ത് ഉണ്ടാകും ആ രൂപം. ഗേറ്റിൽ എന്റെ ബൈക്കിന്റെ ശബ്ദം കേട്ടാൽ അവൻ വന്നൂട്ടോ, ദൈവം കാത്തു എന്ന വാചകം ഉച്ചരിച്ചു കൊണ്ട് അകത്തെ മുറിയിലെ കട്ടിലിൽ കിടക്കാനായി ഇറയത്ത് നിന്ന് പോകുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ടെങ്കിലും, കാണാത്തതായി നടിക്കുക മാത്രമേ ഞാൻ ചെയ്തിരുന്നുള്ളൂ.
കഴിഞ്ഞ ദിവസം ഓഫിസിലെ ജോലി തിരക്കിനിടയിലാണ് അപ്പൂപ്പൻ മരിച്ചു എന്ന വാർത്തയുമായി അച്ഛന്റെ ഫോൺ വരുന്നത്. ആദ്യം അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ആ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടു.
ഇത് വരെ പല അപകടങ്ങളിൽ നിന്നും എന്നെ കാത്തു രക്ഷിച്ചത് “എന്റെ കുഞ്ഞിന് അപകടം ഒന്നും വരുത്തല്ലേ ഈശ്വരാ” എന്ന് ദിവസവും രാവിലെ ഇറയത്ത് നിന്ന് ഞാൻ പുറപ്പെടുന്നതും നോക്കി ആ രൂപം നടത്തിയിരുന്ന പ്രാര്ഥനയിരുന്നു എന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. ഇനി മുതൽ ആ പ്രാർത്ഥന ഇല്ല എന്ന വലിയൊരു സത്യവും ഞാൻ മനസ്സിലാക്കുന്നു.
ഒരുപാടൊന്നും ആ രൂപം എന്നിൽ നിന്നും ആഗ്രഹിച്ചിട്ടുണ്ടാകില്ല, വല്ലപ്പോഴുമുള്ള സംസാരം, മുഖത്ത് നോക്കിയുള്ള ഒരു പുഞ്ചിരി, രാവിലെയുള്ള യാത്രപറച്ചിൽ. ഇത്രയൊക്കെ ആഗ്രഹിച്ച ആ രൂപത്തിന് ഞാൻ തിരികെ കൊടുത്തത് എന്താണെന്ന് ആലോചിക്കുമ്പോൾ നെഞ്ചിൽ എന്തോ തങ്ങി നിൽക്കുന്ന പോലെ. ഒരുപക്ഷേ ആ രൂപം എന്നും എന്റെ കൂടെ ഉണ്ടാകുമെന്ന ചിന്തയാകാം എന്നിൽ നിന്നും അതെല്ലാം അകറ്റി നിർത്തിയത്.
ജീവിച്ചിരിക്കുന്ന കാരണവന്മാരോട് ഇടക്കെങ്കിലും സംസാരിക്കുന്നതും, സുഖവിവരങ്ങൾ അന്വേഷിക്കുന്നതും നമുക്ക് നഷ്ടമൊന്നും ഉണ്ടാക്കുന്നില്ലെങ്കിലും, അവർക്ക് അതൊരു വലിയ സന്തോഷം നൽകലാകും എന്ന ഓര്മപ്പെടുത്തലോടെ

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.