കട്ടുറുമ്പിന്റെ പരമ്പര | Malayalam Story

എടി എന്തുവാടി ഈ ചവുട്ടിയുടെ ഉള്ളിൽ നിന്ന് എന്നും ഉറുമ്പ് വരുന്നേ.. “
“ഉറുമ്പോ.. മമ്മി ശരിക്കും അടിച്ച് വാരാഞ്ഞിട്ട് ഈ മോളൂനെ എന്തിനാ വഴക്ക് പറയുന്നേ.. “
“ഒരു മോളു.. എന്നെ കൊണ്ട് വേറെ വല്ലതും പറയിപ്പിക്കണ്ട. എന്ന് വെണ്ടയ്ക്ക ഉപ്പേരി വെച്ചാലും പിറ്റേ ദിവസം ചവുട്ടിക്കുള്ളിൽ വെണ്ടക്കയും കിട്ടും ഒരു പട ഉറുമ്പിനും കിട്ടും. ഞാൻ ഒന്നും അറിയില്ലാന്ന് വിചാരിച്ചോ? നീ ഒന്നും കഴിക്കണ്ട ട്ടാ.. ഈർക്കിലിമേൽ മുച്ചിങ്ങാ വെച്ച പോലത്തെ കോലത്തിൽ നടന്നോ ട്ടാ.. പോയി ചൂൽ എടുത്ത് അടിച്ച് വാരടി..”
പെട്ടന്ന് അടുക്കളയിൽ വിസിലടിക്കുന്ന കേട്ട് അങ്ങോട്ട് ഓടി. അത് ചെറു തീയിൽ വെച്ച് അടുത്ത് കണ്ട കസേരയിൽ ഇരുന്നു. അറിയാതെ കൈ, എന്റെ ഷോള്ഡറിലോട്ട് പോയി ഉഴിയാൻ തുടങ്ങി. ഒപ്പം ഒരു വളിഞ്ഞ ചിരിയും കണ്ണിൽ നനവും..
ഓർമയിൽ നിന്ന് കട്ടെടുത്ത ആ മധുരനൊമ്പരം കൊണ്ട് ഒരു കൂട്ടം ഉറുമ്പുകൾ എന്റെ മനസ്സിൽ കൂട് കൂട്ടി തുടങ്ങി.
വറുത്ത മീൻ മാത്രം കഴിക്കുന്ന, ‘വെച്ച മീനെ’ ജീവിത ശത്രുവായി കാണുന്ന ഞാൻ എന്ന ആ അഞ്ചു വയസ്സായ കുഞ്ഞിക്കുറുമ്പിയുടെ മുഖം ഞാൻ അറിയാതെ, ഉറുമ്പുകൾ എന്റെ മനസ്സിൽ വരച്ച് തുടങ്ങി.
അപ്പച്ചൻ ഈ കുഞ്ഞി കുറുമ്പിയെയും അമ്മിച്ചിയെയും അപ്പച്ചന്റെ ജോലിസ്ഥലത്തിന്റെ നാട്ടിലേക്ക് കൊണ്ട് പോയിരുന്ന കാലം എവിടെ നിന്നൊക്കെയോ മനസ്സിൽ തെളിഞ്ഞ് വരുന്നു…
അവിടെ സ്‌ഥലങ്ങൾ കാണാനൊക്കെ ഒരുപാട് ഇഷ്ടമാണെങ്കിലും എന്നെ കൊണ്ട് മീനെ കഴിപ്പിക്കലായിരുന്നു അവിടെ ഈ കുഞ്ഞിക്കുറുമ്പി നേരിട്ടിരുന്ന വലിയൊരു വെല്ലുവിളി.
നാട്ടിൽ ആയിരുന്ന സമയത്ത് മീൻ തരുമ്പോൾ പൂച്ചക്ക് കൊടുത്തിരുന്ന പോലെ അവിടെ ഒരു പൂച്ചയോ പട്ടിയോ ഒന്നും ഉണ്ടാർന്നില്ലാന്നേ.. എന്ത് ചെയാനാ.. കുഞ്ഞിക്കുറുമ്പി എന്നും ഓരോ ഓരോ പ്ലാനും കൊണ്ട് വരും.
ആദ്യ ദിവസം വെയ്സ്റ് ബാസ്കറ്റിൽ ഒരു ചെറിയ കവറിന്റെ ഉള്ളിൽ ഒളിപ്പിച്ച് വെച്ചു. മീൻ കണ്ട് പിടിക്കുന്ന പൂച്ചയെ പോലെ ആ അമ്മിച്ചി ഡ്രാക്കുള കണ്ട് പിടിച്ച് അപ്പച്ചനെ കൊണ്ട് ആ കുഞ്ഞി ചന്തിയിൽ നല്ലത് വാങ്ങി തന്നു.
പിന്നെയും കുറുമ്പി കുറെ പ്ലാൻ ഇട്ടു. പാത്രം കഴുകുന്ന സിങ്കിൽ കൊണ്ടിട്ടു. അങ്ങനെ കുറെ പ്ലാനിങ്സ്. എല്ലാം ചീറ്റി പോയി. എന്റെ തുടയിലെ വിരലടയാളങ്ങൾ കൂടി കൂടിയും വന്നു. അങ്ങനെ ആ പതിനെട്ടാം അടവ് പുറത്ത് എടുത്തു.
ഒരു ദിവസം എന്നെയും വലിച്ച് കൊണ്ട് പോയി അപ്പച്ചനെ കൊടുത്തു. പിന്നെ അമ്മിച്ചി അപ്പച്ചനോട് എന്തെക്കെയോ പറയുന്നുണ്ടാർന്നു. കിട്ടിയ അടിയുടേ കുളിരിൽ ചെവിയിൽ പൊന്നീച്ച പറന്നത് കൊണ്ട് ഒന്നും കേട്ടില്ല.
കുറച്ച് കഴിഞ്ഞപ്പോ മനസിലായി കയ്യിലും കുഞ്ഞി ഷോൾഡറിലുമായി ചൂരൽ കൊണ്ട് അപ്പച്ചൻ എന്തൊക്കയോ കുറെ ചിത്രങ്ങൾ വരച്ചിരിക്കുകയാണ്. പാവം അപ്പച്ചനെ വരക്കാൻ പേപ്പർ ഇല്ലാത്തോണ്ടാവും.
കണ്ണ് ഒരുവിധം തെളിഞ്ഞ് വന്നപ്പോൾ ദെണ്ടാ അടുത്ത ആക്രമണം. ഒരു പട ഉറുമ്പ് എന്റെ കാലിൽ വട്ടം കൂടി നിൽക്കുന്നു. ഒപ്പം എന്റെ ജന്മശത്രു മീൻ നിലത്ത് ഷീറ്റിന്റെ ഇടയിൽ ഇളിച്ചിരിക്കുന്നു.
അപ്പോഴാണ് കാര്യങ്ങൾ ഗൗരവം ഏകദേശം മനസിലായത്. അത് ആ പതിനെട്ടാം അടവിന്റെ അടിയറവ് വെക്കൽ ചടങ്ങായിരുന്നു. എന്തായാലും ഉഗ്രൻ ചെണ്ട മേളത്തോട് തന്നെ അതും അവസാനിപ്പിച്ചു.
പെട്ടന്ന് ഒരു പൂച്ചയെ പോലെ എന്തോ അനങ്ങുന്ന കണ്ടാണ് ഓർമ്മയുടെ കൂട് കൂട്ടൽ അവസാനിപ്പിച്ച് പിറകിലോട്ട് നോക്കിയത്. നോക്കിയപ്പോൾ മോള് ഞാൻ കാണാതെ മെല്ലെ മെല്ലെ വെള്ളം കുടിക്കാൻ വന്നതാണ്.
എന്നെ കണ്ടതും ചൂലും കോരിയും എടുത്ത് ‘ദേ അടിച്ച് വാരിന്നും’ പറഞ്ഞ് ഓടി. ഞാൻ അവളെ അടുത്ത് വിളിച്ച് ചിരിച്ച് ആ പേടിച്ച കവിളിൽ ഒരു ഉമ്മ കൊടുത്തു.
“മമ്മി അത് ഞാനാ ചവിട്ടിക്കുള്ളിൽ ഇട്ടത്.. എന്തിനാ ഉമ്മതരുന്നേ.. സോറി മമ്മി.. ഇനി മോളു എല്ലാം കഴിക്കാം ട്ടാ..”

2 Comments

  1. Thank you jinso 🙂
    ബാക്കി പോസ്റ്റുകൾക്കും കമന്റ് പോരട്ടെ 😉

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.