മഴ തുള്ളികൾ | Malayalam Story

ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത്‌ 

അവിടെ നിന്നു “ഹലോ” എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ എനിക്ക് മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്.

ഞാൻ ചോദിച്ചു: എന്തിനാ മോള്‍ ഓടി വന്നു ഫോണ്‍ അടുത്തത്. അത് കൊണ്ടല്ലേ കിതക്കുന്നത്..? ഉപ്പ പറഞ്ഞിട്ടില്ലേ ഓടി വന്നു ഫോണ്‍ എടുക്കരുതെന്ന്. മുമ്പ് ഇതുപോലെ ഫോണ്‍ എടുക്കാന്‍ ഓടിയിട്ടല്ലേ വീണത്‌..അത് മറന്നോ മോളൂ..
മകള്‍ പറഞ്ഞു: ഇല്ല ഉപ്പ ഞാന്‍ വാതുക്കൽ കളിക്കുകയായിരുന്നു. മഴ വന്നപ്പോള്‍ പിന്നെ അത് നോക്കി നിന്നു. നല്ല രസം. ഫോണ്‍ റിംഗ് കേട്ടപ്പോള്‍ അത് ഉപ്പയായിരുക്കും എന്ന്‌ കരുതിയാ ഓടി വന്നതാണ്.
മകള്‍ മഴ നോക്കി നില്‍ക്കുകയായിരുന്നു എന്ന്‌ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. കാരണം പുതിയ കുട്ടികള്‍ക്ക് പ്രകൃതി എന്താണെന്ന് പോലും അറിയാത്ത കാലം ആയിരിക്കുകയാണ്. അറിഞ്ഞോ അറിയാതെയോ അവള്‍ മഴയെ ശ്രദ്ധിച്ചല്ലോ..
ഞാൻ ചോദിച്ചു : മോളെ, ഉമ്മ 
എവിടെ ?

മകള്‍ : ഉമ്മ അടുകളയില്‍ പണിയിലാണ്..
മകളുടെ കുഞ്ഞു മനസ്സില്‍ മഴയെകുറിച്ച് വലതും ഉണ്ടോ എന്നറിയാന്‍ എനിക്ക് വല്ലാത്ത മോഹം. തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാല്‍ അവള്‍ക്കു കഴിയുമോ എന്നറിയില്ല. എന്നാലും ഞാൻ ചോദിച്ചു: എന്തെല്ലാമാണ് മഴയില്‍ മോള്‍ കണ്ടത്? മഴ വരുന്നത് ശ്രദ്ധിച്ചോ? എങ്ങനെയാ മഴ വന്നത്?
എന്റെ ചോദ്യങ്ങള്‍ക്ക് അവള്‍ തെല്ലും ചിന്തിക്കാതെ വളരെ ലളിതമായി നിഷ്കളങ്കമായ ഉത്തരം നല്‍കി: ഉപ്പ മഴ തുള്ളി തുള്ളിയായി ആണ് പെയ്യുന്നത്. എനിക്ക് മഴയത്ത് ഓടി കളിക്കണം. ഉമ്മ കണ്ടാല്‍ അടി തരും അതാ വാതുക്കൽ തന്നെ നില്‍ക്കുന്നത്
ഇതു കേട്ടപ്പോള്‍ ഞാൻ ‍ പറഞ്ഞു: മോളെ, മഴയത് കളിച്ചാല്‍ അസുഖം വരും. മോള്‍ വാതിൽകൽ തന്നെ നിന്നാല്‍ മതി കേട്ടോ.
ആ ഉപ്പ, ഞാന്‍ ഉമ്മാനെ വിളിക്കാം എന്ന് പറഞ്ഞു അവള്‍ റിസീവര്‍ വച്ച് അടുകളയിലേക്ക് ഓടി..
ഞാൻ ഫോണിലൂടെ മോള്‍ ഓടുന്ന ശബ്ദം കേട്ട് കുറച്ചു ഉച്ചത്തില്‍ പറഞ്ഞു മോളെ ഓടല്ലേ..വീഴും…
താഴെ വച്ച റിസീവറിലൂടെ എന്റെ കാതില്‍ പതുക്കെ വന്നെത്തിയ മഴയുടെ താളം മനസിന്റെ ഓര്‍മ ചെപ്പില്‍ നിന്ന് നാടിന്റെയും കുട്ടികാലത്തിന്റെയും ഒരായിരം ഓര്‍മ്മകള്‍ വാരി വിതറി… മഴത്തുള്ളികള്‍ പോലെ…പുതുമഴയുടെ ഗന്ധം …….
കറുത്ത് ഇരുണ്ട് നില്‍ക്കുന്ന മേഘങ്ങള്‍, നിലത്തു പതിക്കാനായി വിതുമ്പി നില്‍ക്കുന്ന മഴത്തുള്ളികള്‍, അവയെ മാറോടണക്കാന്‍ ദാഹിച്ചു നില്‍ക്കുന്ന ഭൂമി, ആ സന്തോഷത്തില്‍ പങ്കാളികള്‍ ആകാനായി എല്ലാ ജീവജാലങ്ങളും, മഴയുടെ ആഗമനം അറിയിക്കാനായി ഓടി നടക്കുന്ന കാറ്റ്, ആ ആഹ്ലാദത്തില്‍ മതിമറന്നു ആടി ഉലയുന്ന മരങ്ങള്‍….എന്ത് രസം കാണാന്‍

വീടിന്റെ പുറത്ത്‌ പ്രകൃതിയുടെ കൌതുകങ്ങള്‍ നോക്കിക്കൊണ്ട്‌ ഒരു കുട്ടിയായി…എല്ലാം ഇപ്പൊഴും ഈ മരുഭൂവില്‍ മനസ്സില്‍ മായാത്ത മഴവില്ലായി, പുതുമഴയുടെ നനുത്ത ഗന്ധവും കുളിരും…
ആ ഓര്‍മകളുടെ ചെപ്പിലേക്ക് അപ്പുറത്ത് നിന്ന് എന്റെ ഭാര്യയുടെ ശബ്ദം ഹലോ..ഹലോ..എന്താ ഒന്നും മിണ്ടാത്തത്…ഭാര്യയോടു വീട്ടുവിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ തന്റെ പ്രിയപ്പെട്ട മഴയെ കുറിച്ചും തിരക്കി

ഭാര്യ പറഞ്ഞു:നല്ല മഴയാ. ഈ മഴ കാരണം, ഒന്നും പറയണ്ട.. പുറത്തേക്കു ഇറങ്ങാന്‍ പോലും കഴിയുന്നില്ല. ഡ്രസ്സ്‌ പോലും മഴ കാരണം പുറത്തു ഉണക്കാന്‍ ഇടുവാന്‍ കഴിയുന്നില്ല. വീടിന്റെ ഉള്ളില്‍ തന്നെ ആൽ കെട്ടി ഇടുകയാണ് ചെയ്യുന്നത്
അപ്പോഴേക്കും ഭയങ്കരമായ ഒരു ശബ്ദം ഭാര്യയുടെ സംസാരത്തോടൊപ്പം എന്റെ കാതുകളില്‍ എത്തി
ഞാൻ തിരക്കി: അതെന്താ ഒരു ശബ്ദം!
ഭാര്യ: ഇടി വെട്ടിയതാ..ദാ..ഇപ്പോള്‍ പോകും കരണ്ട്…
പിന്നാലെ ഒരു നേരിയ കരച്ചിലും എന്റെ ചെവിയില്‍ വന്നെത്തി…
ഭാര്യ തുടര്ന്നു : ഇക്കാ , ഞാന്‍ ഫോണ്‍ വച്ചോട്ടെ.. ഇടിയുടെ ശബ്ദം കേട്ടു ഫാത്തിമ നല്ല പോലെ കരയുന്നുണ്ട്..ഞാന്‍ പോയി എടുക്കട്ടെ അവളെ..
ഭാര്യയുടെ തോളില്‍ തല ചായ്ച്ചാല്‍ മോളുടെ കരച്ചില്‍ മാറുമെന്ന പൂര്‍ണ്ണവിശ്വാസം ഉളളളതുകൊണ്ട് പിന്നീട് വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഫോണ്‍ കട്ട് ചെയ്തു …
ഫൈസൽ സറീനാസ് കണ്ണൂകര

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.