ഓർമ്മയിലെ പള്ളിക്കൂടം | Malayalam Poem

ഓടിനാൽമേഞ്ഞൊരു മൺകുടിൽ തിണ്ണമേൽ
ഓർമ്മകൾ പിന്നെയും പൂവിട്ടുണരവെ…
കാഴ്ചയേറെയും കൺമുന്നിലെത്തീട്ടും
കാതുകൾ പിന്നിലായ് താളംശ്രവിക്കുന്നു…
കൂട്ടമണിയൊച്ച കേൾക്കുന്ന മാത്രയിൽ
ആർത്തിരമ്പുന്നൊരീ ആവേശത്തള്ളലിൽ…
ഹൃത്തടം വീണ്ടുമൊരു ബാല്യത്തിനായി
വെറുതെയെന്നാകിലുമാശിച്ചു പോയി…
ഉണർന്നെണീക്കണം നേരമേയെങ്കിലോ
കുളംകലക്കുവാൻ കൂട്ടരെക്കൂട്ടണം…
കുളി കഴിഞ്ഞതും മഷിത്തണ്ടു തേടണം
പുസ്തകങ്ങളിൻ കെട്ടതു മുറുക്കണം …
വൃത്തിയായിത്തുടച്ചു മാറ്റീടണം
സ്ളേറ്റിലിന്നലെ തെളിച്ചവരകളെ…
കെട്ടുകെട്ടായിട്ടൊരുക്കി വയ്ക്കണം
ഈർക്കിലിത്തുണ്ടുകൾ എണ്ണിപ്പഠിക്കുവാൻ…
ചേമ്പിലത്താളിൽ കുടയൊന്നൊരുക്കിടാം
നാട്ടുവഴിയിലെ ചേറ്റിൽ കളിച്ചിടാം ..
അ’ എന്നു ചൊല്ലി പഠിച്ചു തുടങ്ങിടാം
ആശയൊക്കെയും പങ്കിട്ടെടുത്തിടാം …
ഉച്ചനേരത്തു മണിയൊച്ച കേൾക്കുകിൽ
വരാന്തയോരത്തു വരിയൊന്നു തീർത്തിടാം …
ചൂടുകഞ്ഞിക്കു കൂട്ടായി ചുണ്ടലും
കലപില കലഹവും ചൂരലിൻ ചൂടുമായ്..
ഓർമ്മയേറെയും വരാന്തയിലെങ്കിലും
ആത്മഘർഷത്തിന്നളവത്കൂട്ടിട്ടും ..
തേഞ്ഞു തീർന്നൊരെൻകളസമിതേറെയും
നീണ്ടപീഠത്തിൻ നോവത് നൽകിയോ…
ബഹളമേറെയും നല്ലൊരു നാളേയ്ക്കായ്
വഴിയൊരുക്കിയ നന്മ ഈ പൊന്നിലം…
കാലമേറെയായ് മുന്നിൽ കുതിച്ചെത്തി
ആശയൊക്കെയും നേടിയെടുക്കുകിൽ…
മുന്നിലെ കാഴ്ചക്കു നോട്ടമെറിയവെ
നഷ്ടമായ് ബാല്യവും കൂട്ടരിൻസ്നേഹവും…
നന്മയെന്നതുവാക്കാൽ പറയുവാൻ
“പള്ളിക്കൂടം” മാത്രമതുമതി…
********* രതീഷ് കൃഷ്ണ*****

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.