സമുദ്ര #Part 10

ഇത് പോലൊരു യാത്ര ഞാനും സ്വപ്നം കണ്ടിരുന്നു. ഞാനും സമുദ്രയും ഉള്ള ഒരു ലോകത്തിലേക്ക്..

അവളെ ഞാൻ ഒരുപാട് തവണ വിളിച്ചതായിരുന്നു ഒന്ന് എന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞ്.. പക്ഷെ അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമില്ലാതെ വരില്ലാ എന്ന വാശി പിടിച്ചും..

എന്നാൽ ഞാൻ അവളെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ല. പറയുവാൻ എനിക്ക് സാധിക്കുകയും ഇല്ല. എനിക്കറിയാം അവളുടെ അവസ്ഥ.

അച്ഛനും അമ്മയും മൂന്ന് ചേച്ചിമാരും ഉള്ള വീട്ടിലെ അവരുടെ പുന്നാര അനിയത്തികുട്ടിയാണ് അവൾ. അവരുടെ ശാപം ഏറ്റ് അവൾ ഒരിക്കലും അവളുടെ സന്തോഷത്തിന് ശ്രമിക്കില്ല.

ഓരോന്നും ആലോചിച്ച് മായാലോകത്തിൽ സഞ്ചരിക്കുന്ന എന്നെ പിടിച്ച് നിദ്രാ ദേവി വന്ന് പുണരാൻ തുടങ്ങി. എന്റെ മായാലോകം കണ്ട് ദേവിക്കും കുശുമ്പ് തോന്നിയുണ്ടാകും.

കുറച്ച് കഴിഞ്ഞ് ആരോ വിളിക്കുന്ന കേട്ടാണ് ഞാൻ എണീറ്റത്. ഓഷിൻ വിളിച്ചതാണ്. പുറത്തേക്ക് നോക്കിയപ്പോൾ നല്ല വെളിച്ചം. കണ്ണൊക്കെ പുളിക്കുന്നു. ബസിൽ ഒന്ന് നോക്കാവാൻ സ്ഥലമില്ല. അത്രെയും തിരക്ക്. പെട്ടന്ന് ഒരു ബോധോദയം ഉണ്ടായി.

“അയ്യോ ഡീ സ്‌ഥലം എത്തിയോ”

“എനിക്കറിയില്ല. ഞാൻ അതാ വിളിച്ചേ. ഞാനും ഉറങ്ങി പോയി.”

വേഗം അടുത്ത് കണ്ട ചേച്ചിയോട് പാല എത്തിയൊന്ന് ചോദിച്ചു. അടുത്ത സ്റ്റോപ്പാണെന്ന് പറഞ്ഞപ്പോ കുറച്ച് സമാധാനം ആയി.

നേരെ കോളേജിന്റെ മുന്നിൽ തന്നെ ഇറങ്ങി. കോളേജും പരിസരവും എല്ലാം അത് പോലെ തന്നെ.. കോളേജ് വലുതാണെങ്കിലും ചുറ്റും റബ്ബർ എസ്റ്റേറ്റ് ആണ്. ശരിക്കും പറഞ്ഞാൽ വലിയൊരു റബ്ബർ എസ്റ്റേറ്റിനുള്ളിൽ മതിലുകളാൽ വേർത്തിരിച്ച നിലയിൽ ആണെന്ന് പറയാം.

ആ മതിൽ കെട്ടിനുള്ളിലും ബിൽഡിംഗുകൾ ഒഴികെയുള്ള ബാക്കിയുള്ള സ്ഥലങ്ങൾ റബർ മരങ്ങൾ ആണ്. ഞാനും സമുദ്രയും പോലുള്ള പ്രണയജോടികളുടെ മനസ്സ് തുറപ്പിക്കുന്ന ഞങ്ങളുടെ സ്വന്തം റബ്ബർ കാടുകൾ.

ഞങ്ങൾക്ക് ഇത് ഒരു ഇഷ്ടസ്ഥലം ആണെങ്കിലും കോളേജിലെ ക്ലീനിങ് ചെയുന്ന ചേച്ചിമാരെ കാണുമ്പോൾ ഒരു സങ്കടം വരും. അടിച്ച് പോകുന്നതിന്റെ പിന്നാലെ ഇതിന്റെ ഇലകൾ വീണുകൊണ്ടിരിക്കും. എങ്കിലും ഒരു മടുപ്പും പ്രകടിപ്പിക്കാതെ അവർ വീണ്ടും ജോലി തുടർന്ന് കൊണ്ടിരിക്കും.

ഓരോന്നും ആലോചിച്ച് കൊണ്ടിരിക്കെ ഗേറ്റ് എത്തിയതൊന്നും അറിഞ്ഞില്ല. പഴയ സ്റ്റുഡന്റസ് ആണെന്നും പറഞ്ഞ് ഉള്ളിലേക്ക് കേറുവാനുള്ള അനുവാദം കിട്ടി.

ഉച്ചക്ക് ഭക്ഷണത്തിനുള്ള സമയം ആണെന്ന് തോന്നുന്നു.

റോസ് കളർ യൂണിഫോമിട്ട കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരിക്കുന്നുണ്ട്. യൂണിഫോം ഒക്കെ മാറി. ഈ യൂണിഫോം കാണാൻ ഒരു ലുക്ക് ഒക്കെ ഉണ്ട്ട്ടോ.

ഞങ്ങൾ ഞങ്ങളുടെ ഓറഞ്ച് യൂണിഫോമിനും കുറ്റം പറഞ്ഞ് നടന്ന് ഗുണം ഉണ്ടായത് ഉണ്ടായത് ഇവർക്ക് ആണെന്ന് മാത്രം. കണ്ടപ്പോൾ എവിടെ നിന്നൊക്കെയോ കുശുമ്പ് വരാൻ തുടങ്ങി.

പെട്ടന്നാണ് വന്ന കാര്യം ഓർമ്മ വന്നത്. അരികെ നോക്കിയപ്പോൾ അവൾ അടുത്തുണ്ട്. ഒന്നും സംസാരിക്കൊന്നൊന്നും ഇല്ല. ചുറ്റും എന്തൊക്കെയോ പരതി നോക്കികൊണ്ടിരിക്കാണ്.

“ഡി നീ എന്താ ഒന്നും മിണ്ടാത്തെ.. എന്താ നീ നോക്കുന്നേ..”

“ഏയ്.. ഒന്നുവില്ല..നല്ല കോളേജ്. “

അവൾ എന്തൊക്കെയോ എന്നോട് മറച്ച് പിടിക്കുന്ന പോലെ. ആ കണ്ണിൽ ഒരു ഭയം നിഴലിക്കുന്നു. എന്റെ കണ്ണുകളിൽ ആണെങ്കിൽ പ്രതീക്ഷയുടെ കിരണങ്ങൾ മിന്നിമറയുന്നു.

ഞാൻ പുളിമരത്തിനു അരികിലൂടെ ഞാനും സമുദ്രയും ചെന്നിരിക്കാറുള്ള റബ്ബർ കാട്ടിലേക്ക് നടന്നു. ചുറ്റും ഒരു ഭയത്തോടെ നോക്കുന്നതല്ലാതെ അവൾ ഒന്നും സംസാരിക്കുന്നില്ല.

ഇനി എന്റെ ഒരു പ്രതീക്ഷ ഞങ്ങളുടെ കോഫി ഷോപ്പ് ആണ്. അവളെ ആദ്യമായി കണ്ടതിനും ഇഷ്ടം പറഞ്ഞതിനും ഏക സാക്ഷി.

ആ റബ്ബർ കാട് കഴിഞ്ഞ് കാണുന്ന ആദ്യത്തെ ബിൽഡിംഗിലാണ് കോഫി ഷോപ്പ്. അതിൽ രണ്ടാമത്തെ ഫ്ലോറിൽ ഞങ്ങളുടെ രണ്ട് ബ്രാഞ്ചിനും ഇടയിലുള്ള സ്ഥലത്ത്.

ഉള്ളിലോട്ട് കയറി മുകളിലോട്ട് സ്റ്റെപ്പ് കയറുന്നതിന്റെ ഇടക്ക് പിറകിൽ നിന്ന് ഒരു വിളി.
“ഹലോ.. ആന്റോ ചേട്ടൻ??”

ആ ശബ്ദം എവിടെയോ കേട്ട് മറന്ന പോലെ. നോക്കിയപ്പോൾ ‘സൂക്ഷ്മ പവിത്രൻ’. ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ ഒരു വില്ലത്തി രഞ്ചന പറ്റി. അവളുടെ ഏക അനിയത്തി.

അയ്യോ അവളെ പോലുമൊന്നുമല്ലാട്ടോ ഇവൾ പാവമാ. കാണാൻ അവളുടെ അത്ര ആന ചന്തം ഇല്ലെങ്കിലും ഒരു നിഷ്കളങ്ക മുഖമാണ്. അവളുടെ അനിയത്തി ആയത് കൊണ്ട് അവൾ വരുന്നുവെന്ന് അറിഞ്ഞ അന്ന് തൊട്ടേ ഞങ്ങൾ ഇവളെ റാഗ് ചെയ്യാനുള്ള പ്ലാനിലായിരുന്നു.

പക്ഷെ ഒന്ന് പരിചയപ്പെട്ടപ്പോഴേക്കും ഞങ്ങൾ വിചാരിച്ചിരുന്ന പ്ലാൻ എല്ലാം കെട്ടി പൂട്ടി എടുത്ത് വെച്ചു. ആരെയും മയക്കുന്ന ഒരു കുട്ടിത്തം ആണ്.

ഞാനും അവളുടെ സംസാരത്തിൽ വീണെന്ന് പറയാം. പിന്നെ അവിടെന്ന് അങ്ങോട്ട്‌ അവൾ എനിക്ക് ഒരു അനിയത്തികുട്ടി പോലെയായിരുന്നു. എന്താന്നെന്ന് അറിയില്ല എന്തിനും അവൾ ആന്റോ ചേട്ടാ എന്നും പറഞ്ഞ് എന്റെ അടുത്ത് ഓടിയെത്തുമായിരുന്നു.

ഒരേ സമയം എന്റെയും അവളുടെയും കണ്ണുകളിൽ ഒരു നനവ് തട്ടി. സന്തോഷം ആണോ സങ്കടം ആണോ എന്നറിയില്ല. എന്തായാലും അത് ഞങ്ങളുടെ വായകളെ മൂടി കെട്ടിയ അവസ്ഥ. എനിക്കും എന്താ പറയണ്ടെന്ന് കിട്ടുന്നില്ല. കുറച്ച് നേരം അങ്ങനെ തന്നെ നിന്നു.

പെട്ടന്ന് അവൾ ഓഷിനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്നും കൂടിയും വെട്ടിത്തിളങ്ങി.

“സമുദ്ര ചേച്ചി.. എന്നെ ഓർമ്മയുണ്ടോ. ഞാൻ സൂക്ഷ്മയാ ചേച്ചി..”

ഓഷിനെ ഞാൻ നോക്കിയപ്പോൾ അവൾ വേറെ ഏതോ ലോകത്താണ്. എന്നെയും സൂക്ഷ്മയെയും നോക്കി കൊണ്ടിരിക്കുകയും ചെയുന്നുണ്ട്. സൂക്ഷ്മക്ക് അവളെ തിരിച്ചറിയാത്തത് കണ്ട് വിഷമമായെന്ന് തോന്നുന്നു.

“ഡി സുക്ഷമാ.. അവൾ ഉറക്കക്ഷീണത്തിലാ.. നീ ഒന്നും സംസാരിക്കാൻ പോണ്ട. ചിലപ്പോൾ വെല്ല പിച്ചും പേയും പറയുന്നത് കേൾക്കാം.”

ഞാൻ അവളെ ചിരിപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു. കഷ്ടപ്പെട്ട് ഞാനും ഒന്ന് ചിരിക്കാൻ ശ്രമിച്ചു. മനസ്സിൽ മുഴുവൻ മുള്ള് കുത്തി എരിഞ്ഞ് തീരുന്ന അവസ്ഥയിലാണ് ഞാൻ. അവൾ വിശ്വസിച്ചോ എന്തോ. അവളും എന്നെ നോക്കി ചിരിച്ചു.

“അല്ലാ ഇപ്പോഴെങ്കിലും ഏട്ടനെ ഒന്ന് വരാൻ തോന്നിയല്ലോ.. എനിക്ക് നല്ല വിഷമം ഉണ്ടായിരുന്നു. പോയിട്ട് ഒന്ന് അന്വേഷിക്ക പോലും ചെയ്യാത്തതിന്.”

കുറച്ച് നേരം എടുത്തു അവളുടെ വിഷമൊക്കെ മാറ്റി ഒന്ന് പഴയ പോലെ ഹാപ്പിയാക്കുവാൻ.
“അല്ലാ നിങ്ങളുടെ കാര്യം എന്തായി. എല്ലാം റെഡിയായിണ്ടാകുംല്ലേ. ഞാൻ കുറെ പ്രാത്ഥിച്ചിരുന്നു ഇങ്ങനെ രണ്ട് പേരെയും കാണാൻ. ചിലവുണ്ട് ട്ടോ. എന്നെ വിളിക്കാതെ കല്യാണം കഴിഞ്ഞുന്ന് പറഞ്ഞാ ഞാൻ ശരിയാക്കും ട്ടോ..”

“ഏയ് നിന്നെ വിളിക്കാതെ അതൊക്കെ ഉണ്ടാവോ.. വിളിക്കാൻ ഞാൻ വരുന്നുണ്ട് ട്ടോ.. എന്റെ സൂക്ഷ്മ കുട്ടി..”

അങ്ങനെ ഓരോ ഓരോ പഴയ വിശേഷങ്ങളും അയവറക്കി ഇരുന്നു. അതിനിടയിൽ ഒരു കൊച്ച് വന്നു. അവളുടെ ഫ്രണ്ട് ആണെന്ന് തോന്നുന്നു.
“ഡി നീ ഇവിടെ ഇരിക്കാണോ.. ബെല്ലടിച്ചു.. എല്ലാരും കേറി ട്ടാ. ദേ സാറും വരുണ്ട്. വേഗം വാ.. ഞാനും പൂവാട്ടാ..”

അവൾ പതിയെ മനസ്സില്ലാമനസ്സോടെ ഞങ്ങളോട് യാത്ര പറഞ്ഞു പോയി. കുറച്ചു നേരം അവൾ പോകുന്നതും നോക്കിയിരുന്നു.

മെല്ലെ ഓഷിനെയും കൂട്ടി കോഫി ഷോപ്പിലേക്ക് നടന്നു. സമുദ്രയുടെ പ്രിയപ്പെട്ട സമുസയും ഷെയ്ക്കും ഓർഡർ ചെയ്തു. ഞാൻ വിചാരിച്ച പോലെ ഒരു അതിശയവും അവളുടെ ഭാഗത്തിൽ നിന്ന് കണ്ടില്ല.

ഇനി എനിക്ക് ഒരു സ്ഥലം കൂടി പോകാനുണ്ട്. സമുദ്രയുടെ വീട്. സമുദ്ര പറഞ്ഞിട്ട് എനിക്ക് ആ വീടിന്റെ എല്ലാ മുക്കും മൂലയും നന്നായി അറിയാം
.
അവൾക്ക് അത്രയും പ്രിയപ്പെട്ടതായിരുന്നു അവളുടെ വീട്. ഇത് എന്റെ അവസാന പരീക്ഷണം ആണ്. ഇവളൊന്ന് പ്രതികരണമായി കരയുവെങ്കിലും ചെയ്തിരുന്നെങ്കിൽ ഒന്ന് പ്രതീക്ഷിക്കുവായിരുന്നു. അറിയില്ല എന്താ ഈ നടക്കുന്നേ എന്നൊന്നും.

മെല്ലെ കോളേജിൽ നിന്ന് സമുദ്രയുടെ വീട്ടിലേക്കു ഓട്ടോ പിടിച്ചു. കോളേജിന്റെ അടുത്ത് തന്നെയാണ് വീട്. ഓട്ടോയിൽ പോകുവാണെങ്കിൽ ഒരു പതിനഞ്ചു – ഇരുപത് മിനിറ്റിന്റെ വഴി.

സമയം ഒന്ന് കഴിഞ്ഞു. ഒരു രണ്ടിന് മുൻപ് ഇറങ്ങിയാലേ ഇരുട്ടാകുന്നതിനു മുൻപ് വീട്ടിലെത്തുവാൻ സാധിക്കുകയുള്ളു.

അവളുടെ വീടിന്റെ മുന്നിൽ തന്നെ ഓട്ടോ ഇറങ്ങി. അവിടെ ഇറങ്ങുന്നത് കൊണ്ടോ എന്താണെന്നറിയില്ല ഓട്ടോക്കാരൻ ഒന്ന് സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു.

ആൾക്ക് പൈസയും കൊടുത്ത് ഞാൻ വീട്ടിലേക്കുള്ള പടി തുറന്നു. ആൾ താമസം ഒന്നും ഇല്ലെങ്കിലും പടി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളു.

പടിയിൽ മുഴുവൻ മാറാല പിടിച്ചിട്ടുണ്ടായിരുന്നു. ഒരുവിധം തട്ടി കളഞ്ഞ് ഉള്ളിലോട്ട് കടന്നു. ഓഷിൻ എല്ലാം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

പഴയ ഒരു ഓടിട്ട വീടാണ്. ചെറിയൊരു വീടാണെങ്കിലും സമുദ്രക്ക് അവളുടെ സ്വർഗം ആയിരുന്നു അവളുടെ വീട്. വാതിൽ നോക്കിയപ്പോൾ പൂട്ടിയിരിക്കുകയാണ്.

ഒന്ന് ഇരിക്കാൻ സ്‌ഥലം നോക്കിയപ്പോൾ ഒരു സിമന്റ് സ്ലാബ് ഉണ്ട്. പക്ഷെ മുഴുവൻ പൊടിയും ചെളിയും ആണ്. ഓഷിനെ നോക്കിയപ്പോൾ അവൾ വീടിന്റെ ഇടത്തെ സൈഡിലേക്ക് പോകുകയാണ്.

പെട്ടന്നാണ് ഞാൻ സമുദ്ര പറഞ്ഞ് കേട്ടിട്ടുള്ള വീടിന്റെ ഇടത് ഭാഗത്തുള്ള വാതിൽ ഓർമ്മ വന്നത്. ഇവൾ എങ്ങനെ കറക്റ്റ് അങ്ങോട്ട്‌ പോയി. പെട്ടന്ന് ഞാൻ ഒന്ന് മരവിച്ചു.

ഞാനും അവളുടെ പിന്നാലെ അങ്ങോട്ട്‌ ചെന്നു. പോകുന്ന വഴിക്ക് എന്തോ ഒന്ന് കാലിൽ തട്ടി. നോക്കിയപ്പോൾ ഏതോ ഒരു ചെടിയുടെ വള്ളി ചുറ്റിയതാണ്.

വള്ളി മാറ്റി നടക്കാൻ തുടങ്ങിയപ്പോൾ ആണ് ആ പുല്ലും കൂട്ടത്തിൽ സിമന്റ് തറ പോലെ എന്തോ ഒന്ന് തോന്നിയത്. പുല്ലുകൾക്ക് ഒരു ആളിന്റെ അത്ര വലുപ്പം ഉണ്ടായിരുന്നത് കൊണ്ട് ഒന്നും ശരിക്ക് കാണാൻ പറ്റുന്നുണ്ടായിരുന്നില്ല.

പുല്ല് ഒക്കെ നീക്കി ഒരു വിധം ഞാൻ അതിന്റെ അടുത്തെത്തി. ഒന്ന് നോക്കിയതേ ഉള്ളൂ കാലിന്റെ അടിയിൽ നിന്ന് ഒരു മരവിപ്പ് തല വരെ എത്തി.

തുടരും…

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.