സമുദ്ര #Part 12

ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ഫോൺ അവിടെ മേശ പുറത്ത് വെച്ച് ഡ്രസ്സ് മാറി.

എന്തായിരിക്കും അവന് പറയാൻ ഉണ്ടാകുക എന്നാലോചിച്ച് മനസ്സിന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. മൊബൈലും എടുത്ത് കട്ടിലിലോട്ട് കിടക്കാൻ ചെന്നപ്പോഴാണ് ബാഗിലെ ബുക്കിന്റെ കാര്യം ഓർമ്മ വന്നത്.

വേഗം ബാഗ് തുറന്ന് ബുക്ക് എടുത്തു. ഏതോ ഒരു കുറി കമ്പനി കൊടുത്തിട്ടുള്ള പഴയ ഒരു ഡയറിയാണ്. ഒരുപാട് ഉപയോഗിച്ചിട്ടുണ്ടെന്ന് തോന്നുന്നു ചട്ടയൊക്കെ കീറാറായിട്ടുണ്ട്.

ബുക്കിനു പേജുകൾ കുറവാണ് വേഗം ബുക്ക് തുറന്നു. ആദ്യത്തെ പേജിൽ സമുദ്ര എന്ന് വലുതാക്കി എഴുതിയിട്ടുണ്ട്. അതിന് താഴെ രണ്ട് മയിലുകളുടെ ചിത്രം വരച്ചിട്ടുണ്ട്.

പെട്ടന്നാണ് ഓഷിനെ മനസ്സിലൂടെ ഓടിയത്. ഞാൻ അന്വേഷിച്ച് നടക്കുന്ന ഈ പേര് അവൾ കണ്ടിട്ടാണ്ടാകണം അതും കൊണ്ട്‌ എന്റെ അടുത്ത് ഓടി വന്നത്. പാവം.. ഞാൻ വെറുതെ ദേഷ്യപ്പെട്ടു.

മെല്ലെ ആ പേജ് മറച്ചപ്പോൾ ബാക്കിയുള്ള മിക്ക പേജുകൾ കീറി കളഞ്ഞിരിക്കുകയാണ്. ഒന്ന് മനസിലായി ഇത് അവളുടെ ഡയറി ആണ്. ഞാൻ അറിയാതെ കണ്ണ് നിറഞ്ഞ് പോയി.

ആ ഡയറിയിൽ ആകെ ഒരു പേജ് എഴുതിയിട്ടുള്ളുതായി ഉള്ളൂ. അതും നനഞ്ഞ് ബലം പിടിച്ച പോലത്തൊരു പേജ്. അതിൽ മുഴുവൻ വളരെ ചെറുതാക്കി എന്തൊക്കെയോ എഴുതിരിക്കുന്നു.

ഡേറ്റ് കണ്ടപ്പോൾ ഞാൻ ഒന്ന് പതറി 14 മാർച്ച്‌ 2014. അതേ എനിക്ക് മറക്കാനാവാത്ത ആ ദിവസം ആണ്. അന്നാണ് ഞാൻ അവളെ വിളിച്ചിറക്കാൻ അവളുടെ വീട്ടുമുറ്റത്ത് കാൽ ചവട്ടിയത്.

എനിക്ക് ഇത് വരെയും മനസ്സിലാകാഞ്ഞ പല ചോദ്യത്തിന്റെ ഉത്തരമാണ് ഇവിടെ ഉള്ളത്. എന്തോ ഒരു പ്രതീക്ഷയോടും ഒപ്പം ചെറിയൊരു സങ്കടത്തോടും ഞാൻ വായിച്ച് തുടങ്ങി.

“ഇന്ന് ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്ന് എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. എന്റെ അച്ഛനും അമ്മക്കും അവരെ അനുസരിക്കുന്ന മകളായി മാറി.. ജീവനോളം സ്നേഹം തന്ന എന്റെ അപ്പുവേട്ടനെ ചതിച്ച ഒരു പെണ്ണായിയും മാറി..

എന്താണ് ഞാൻ ചെയേണ്ടത് എന്ന് സത്യത്തിൽ എനിക്കറിയില്ലായിരുന്നു. ചേച്ചിയുടെ കല്യാണം ഉറപ്പിക്കാൻ വന്നിരിക്കുന്നവരുടെ മുന്നിൽ വെച്ച് ഇതല്ലാതെ ഞാൻ എന്ത് ചെയ്യും. അപ്പുവേട്ടനും അവരെ ശ്രദ്ധിച്ചില്ലായിരുന്നു എന്ന് തോന്നുന്നു.

എന്തായാലും അച്ഛൻ ഒന്ന് തിരുമാനമാക്കി ഈ വീടും സ്ഥലവും ഉപേക്ഷിച്ചു അമ്മാവന്റെ നാട്ടിലേക്കു പോകുവാൻ. ഇതെല്ലാം എനിക്ക് അപ്പുവേട്ടനെ അറിയിക്കണം എന്നുണ്ട്. പക്ഷെ ഫോൺ പിടിച്ചും വാങ്ങിയതിനാൽ ഇതല്ലാതെ വേറെ ഒരു മാർഗവും കാണുന്നില്ല.

എന്നെങ്കിലും ഒരുനാൾ എന്നെ അന്വേഷിച്ച് ഈ വീട്ടിൽ വരും. ഈ ഒരു കുറിപ്പ് എന്റെ ഏട്ടനുള്ളതാണ്.

ഒന്ന് എനിക്ക് ഉറപ്പുണ്ട് ഈ സ്നേഹം സത്യമെങ്കിൽ ദൈവം ഞങ്ങളുടെ കൂടെയുണ്ടാകും. അതിനായി ജീവനുള്ളടത്തോളം കാലം ഞാൻ കാത്തിരിക്കും.. “

വായിച്ചവസാനിപ്പിച്ചതും തുളുമ്പാൻ നിന്നിരുന്ന കണ്ണുകൾ പെരുമഴ വർഷിച്ചതും ഒരുമിച്ചായിരുന്നു.
പെട്ടന്നാണ് ശ്രീയുടെ കോൾ വന്നത്. ജീവനറ്റ ശരീരം പോലെ ഫോൺ എടുത്ത് ചെവിയിൽ വെച്ചു.

“ഡാ വിൻസെന്റ് സാറെ പറ്റി അന്വേഷിക്കാനായി ഞാൻ അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ പോയിരുന്നു. അവിടെയുള്ള എന്റെ ഒരു ഫ്രണ്ടിനോട് അദ്ദേഹത്തെ പറ്റി അന്വേഷിച്ചപ്പോൾ ആണ് അദ്ദേഹത്തിന്റെ വണ്ടി ആക്‌സിഡന്റ് ആയതിനെ പറ്റിയും ഇടിച്ച വണ്ടിയിലെ മൂന്ന് പേർ മരിച്ചതിനെ പറ്റിയും അവൻ പറഞ്ഞത്.

ആ മൂന്ന് പേർ സാറിന്റെ തന്നെ നീരിക്ഷണത്തിൽ ആയിരുന്നുവെന്നും എന്നാൽ ഹോസ്പിറ്റൽ എത്തിച്ച് മണിക്കൂറിനുള്ളിൽ മരണപ്പെട്ടുവെന്നും ആണ് കേട്ടത്. എന്നാൽ ഇടിച്ച കാറിലെ ആളുടെ ടെസ്റ്റിൽ ആൽക്കഹോൾ ഉണ്ടായിരുന്നത് കൊണ്ട്‌ ആ കേസ് അങ്ങനെ അവസാനിക്കപ്പെട്ടു.

സാറിന്റെ കൂടെ കാറിൽ ഓഷിനും ഉണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഒരുപാട് സംശയങ്ങൾ ഉണ്ട്. നമുക്ക് അതൊക്കെ ഇനിയും അന്വേഷിക്കണം. പിന്നെ നീ പോയിട്ട് എന്തായി..”

ഞാൻ വീഴാതിരിക്കാൻ കട്ടിലിൽ മുറുക്കെ പിടിച്ചിരിക്കുകയാണ്. അവൻ പറഞ്ഞതെല്ലാം മൂളി കേട്ട് പിന്നെ വിളിക്കാമെന്നും പറഞ്ഞ് ഫോൺ വെച്ചു.

എന്റെ മനസ്സിൽ മൂന്ന് കല്ലറകൾ നിറഞ്ഞ് നിന്നു. ഇല്ലാ ഒന്നും സംഭവിച്ചിട്ടില്ലാ. എന്റെ ഈശോ ഞങ്ങളുടെ കൂടെ ഉണ്ട്. എന്നെ മാത്രം ഒറ്റക്കാക്കി അവളെ കൊണ്ട്‌ പോകില്ല. അതേ അവൾ എഴുതിയത് ഉരുവിട്ട് കൊണ്ടിരുന്നു.. ‘ദൈവം നമ്മുടെ കൂടെ ഉണ്ടാകും’.

ഇതിനെല്ലാം ഇനി എല്ലാം ഉത്തരം തരേണ്ടത് വിൻസെന്റ് സാർ ആണ്. ഞാൻ രണ്ടും കൽപ്പിച്ച് സാറെ വിളിച്ചു.

“സാർ ഈ കല്യാണത്തിന് എനിക്ക് താൽപ്പര്യം ഇല്ല”
ഒറ്റ വാചകത്തിൽ ഞാൻ പറഞ്ഞ് ഫോൺ വെച്ചു. സാർ തിരിച്ച് എന്നെ വിളിച്ച് കൊണ്ടിരുന്നു. കുറേ വിളിക്ക് ശേഷം ഞാൻ ഫോൺ എടുത്തു.

“സാർ എനിക്ക് ഒന്നും കേൾക്കണ്ട. ഇത് മാത്രം അറിഞ്ഞാൽ മതി എന്റെ സമുദ്ര ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ..”

“ഞാൻ എല്ലാം പറയാം.. ഞാൻ നാളെ കുർബാനക്ക് ശേഷം പള്ളിയുടെ സൈഡിൽ ഉണ്ടാകും. നീ വരുമെന്ന് പ്രതീക്ഷിക്കുന്നു”

തുടരും..

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.