സാറിന്റെ സംസാരത്തിൽ എന്റെ എല്ലാ പ്രതീക്ഷയും കൈ വിട്ടു പോയിരിന്നു.ഫോൺ വെച്ചതും ഫോണിന്റെ സ്ക്രീനിൽ അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു.
ഫോണും നെഞ്ചത്ത് പിടിച്ച് കണ്ണും ഇറുക്കി പിടിച്ച് ചുണ്ടും അമർത്തി കടിച്ച് ഇത് വരെ പിടിച്ച് നിന്ന എല്ലാം കൂടി പൊട്ടി കരഞ്ഞു.
ഞാൻ തോറ്റു ഡീ.. തോറ്റു… നിന്റെ അപ്പുവേട്ടൻ തോറ്റു പോയി…
കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ കവിളിലൂടെ ഒലിച്ച് ഫോണിലെ അവളുടെ ഫോട്ടോയിൽ വീണു. പെട്ടന്ന് എന്തോ ഓർമ്മ വന്ന പോലെ കണ്ണുകൾ തുടച്ചു.
പാടില്ലാ കരയരുത്.. ഞാൻ കരയുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇല്ലാ.. അവൾ ജീവിച്ചിരിക്കുന്നെങ്കിലും ഇല്ലേലും ഞാൻ ഒരിക്കലും അവളെ വേദനിപ്പിക്കില്ല.
മുഖമെല്ലാം ഷർട്ട് കൊണ്ട് തുടച്ച് വേഗം പുറത്തേക്ക് വന്നു. സമയം ഒൻപത് ആകാറായി.
ചോറുണ്ണാൻ ഒന്നും വിളിച്ചില്ലലോന്ന് ആലോചിച്ച് അമ്മയെ നോക്കിയപ്പോൾ അമ്മ അവിടെ കൊന്തയും പിടിച്ച് നല്ല പ്രാർത്ഥനയിൽ ആണ്.
അമ്മയെ കണ്ടപ്പോൾ ഞാൻ ഈ കാട്ടികൂട്ടുന്നതിന് പറ്റി എനിക്ക് തന്നെ സങ്കടം തോന്നി. സാറിനോട് അങ്ങനെ പറയണ്ടായിരുന്നു. അമ്മയെ വേദനപ്പിച്ച് എനിക്ക് ഒന്നും വേണ്ടാ. പാവം ഒരുപാട് പ്രതീക്ഷയിൽ ആണ്.
ഞാൻ വന്ന് നിൽക്കുന്നത് അമ്മ കണ്ടെന്ന് തോന്നുന്നു. വേഗം കൊന്ത മാറ്റി ബൈബിളും അടച്ച് വെച്ചു.
“മോനേ എന്താ പറ്റിയെ.. കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ടലൊ.. കുട്ടൻ കരയായിരുന്നോ.. “
ഞാൻ വേഗം മുഖം മറച്ച് അടുക്കളയിലേക്ക് നടന്നു.
“കുട്ടനെ വിഷമിപ്പിച്ച് നമുക്ക് ആ ബന്ധം വേണ്ടാ ഡാ. അമ്മക്ക് ഒരു വിഷമവും ഇല്ലാ. നമുക്ക് സമുദ്രയെ അന്വേഷിച്ച് പോകാം. എന്റെ മനസ്സ് പറയുന്നു അവൾ നിന്നെയും കാത്തിരിക്കുന്നുണ്ടാകും. “
എനിക്ക് എന്താ പറയാന്ന് അറിയുന്നില്ല. പിടിച്ച് വെച്ച കണ്ണിലെ അണക്കെട്ട് പൊട്ടാൻ തുടങ്ങിയപ്പോൾ നേരെ വാഷ് ബെയ്സണിലേക്ക് ഓടി. മുഖമെല്ലാം ശരിക്കും കഴുകി വരുമ്പോഴേക്കും അമ്മ ചോറ് റെഡിയാക്കി വെച്ചിരുന്നു.
അനിയനും ചോറുണ്ണാൻ വന്നിരിക്കുന്നുണ്ട്. അവരുടെ മുഖത്തേക്ക് പോലും നോക്കാതെ ചോറ് ഒന്ന് കഴിച്ചൂന്ന് വരുത്തി വേഗം റൂമിലേക്ക് പോയി വാതിൽ അടച്ച് കിടന്നു.
ഉറക്കം വരാതെ ആയപ്പോൾ മുറുക്കി പിടിച്ച കൊന്ത എടുത്ത് മനസ്സിൽ ചൊല്ലി തുടങ്ങി. ചൊല്ലുന്നതിന്റെ ഇടക്ക് ഞാൻ ഉറങ്ങി പോയെന്ന് തോന്നുന്നു.
പെട്ടന്ന് ഞെട്ടി എണീറ്റപ്പോൾ പുറത്ത് പ്രകാശം. വേഗം ഫോൺ എടുത്ത് സമയം നോക്കി. സമയം 7:20. ഒരു ഇടി വെട്ട് പോലെ സാറിന്റെ മുഖം മനസ്സിലൂടെ ഓടി. വേഗം ചാടി എണീറ്റു.
ഇന്നലെ എന്നെ കണ്ട് വിഷമമായിട്ടാണെന്ന് തോന്നുന്നു പള്ളിയിലേക്ക് പോകുമ്പോൾ അമ്മ എന്നെ വിളിച്ചില്ല. വേഗം കിട്ടിയ ഷർട്ട് ഇട്ട് ബൈക്കും എടുത്ത് പള്ളിയിലേക്ക് പറന്നു.
കുർബാന കഴിയുന്നതിനു മുൻപ് അവിടെ എത്തണം. സാർ അവിടെ കാത്ത് നിൽക്കുന്നുണ്ടാകും. ബൈക്കും പറപ്പിച്ച് അവിടെ എത്തിയപ്പോൾ കൃത്യം സമയം. കുർബാന കഴിയുന്നു.
ഞാൻ അവിടെ പള്ളിയുടെ മുന്നിലെ മരത്തിന്റെ സിമെന്റ് തിണ്ണയിൽ ഇരുന്നു.
അവിടെ ഇരുന്ന് കുർബാനയുടെ അവസാനത്തെ ആശിർവാദഭാഗം കേട്ടപ്പോൾ എന്തോ ഒരു ആശ്വാസം. കുറച്ച് നേരം അവിടെ എന്തൊക്കെയോ ആലോചിച്ച് ഇരുന്നപ്പോഴേക്കും സാർ നടന്ന് വരുന്നത് കണ്ടു. അടുത്ത് വരും തോറും എന്റെ നെഞ്ചിടിപ്പ് കൂടി തുടങ്ങി. സാർ വന്ന് എന്റെ കൈക്കു പിടിച്ചു.
“വാ.. നമുക്ക് നടന്ന് സംസാരിക്കാം.”
അമ്മ കുർബാന കഴിഞ്ഞ് വരുമ്പോൾ എന്നെ കാണുമോ എന്ന് എനിക്ക് ഒരു പേടിയുണ്ടായിരുന്നു. ഞാൻ സാറിന്റെ ഒപ്പം പള്ളിയുടെ സൈഡിലേക്ക് നടന്നു.
“മോനെ ഇത് നിന്നോട് എന്നേലും ഒരു ദിവസം പറയേണ്ടി വരുമെന്ന് എനിക്കറിയാമായിരുന്നു. അത് ഇത്ര ലേറ്റ് ആകുമെന്ന് സത്യത്തിൽ ഞാൻ വിചാരിച്ചില്ല. അവളെ കണ്ട അന്ന് തൊട്ടേ ഞാൻ നിന്റെ കൈയിൽ നിന്ന് ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നു. നീ കോട്ടയത്തിലേക്ക് അവളെയും കൊണ്ട് പോകുമ്പോൾ ശരിക്കും എന്റെ മനസ്സ് വീർപ്പ് മുട്ടുകയായിരുന്നു.”
സാർ ഇങ്ങനെ നീട്ടി കൊണ്ട് പോകുമ്പോൾ എനിക്ക് ശരിക്കും ദേഷ്യമാണ് വന്നത്. ഞാൻ പെട്ടന്ന് വന്ന ദേഷ്യത്തിൽ ഒന്ന് ഉറപ്പിച്ച് ചോദിച്ചു.
“ഞാൻ ഈ കഥ കേൾക്കാനല്ല വന്നത്. എന്റെ ചോദ്യത്തിന് ആദ്യം ഉത്തരം താ.”
എന്റെ സർവ്വ നിയന്ത്രണവും വിട്ട് പോയിരുന്നു.
“അതേ നീ അന്വേഷിക്കുന്ന സമുദ്ര ആണ് ഇന്ന് കാണുന്ന ഓഷിൻ. അവൾക്ക് വേണ്ടി തന്നെയാണ് നിന്നെ തേടി അന്വേഷിച്ച് പിടിച്ചതും.”
ഞാൻ കേട്ടത് വിശ്വസിക്കാനാവാതെ സാറെ ഒന്ന് കൂടി നോക്കി. അതേ ഇത് സ്വപ്നമല്ല. എനിക്ക് കരയണോ ചിരിക്കണോ എന്ന് മനസ്സിൽ ആകുന്നില്ല.
നിന്ന നിൽപ്പിൽ സാറിനെ എടുത്ത് ഉയർത്തനാണ് തോന്നിയത്. അതേ എനിക്ക് ഇത് മാത്രം കേട്ടാൽ മതിയായിരുന്നു.
സാറെ നോക്കിയപ്പോൾ സാർ കരയാറായ പോലെ മൂകമായി ഇരിക്കുന്നു. ഞാൻ പെട്ടന്ന് വന്ന സന്തോഷം മറച്ച് സാറിനെ നോക്കി.
“എന്റെ മകൾ ഓഷിൻ ആ ആക്സിഡന്റിൽ മരിച്ചു പോയി.”
സാർ വിക്കി വിക്കി അത് പറഞ്ഞ് തീർത്തപ്പോൾ എന്റെ ഉള്ളും എവിടെയോ ഒന്ന് പിടഞ്ഞു.
” പക്ഷെ ഇത് അവളുടെ അമ്മ എന്റെ മേരിക്കുട്ടിക്ക് അറിയില്ല. അവളുടെ അമ്മ ഒരു ഹാർട്ട് പേഷ്യന്റ് ആണ്. ഇത് സഹിക്കാൻ അവൾക്ക് പറ്റില്ലാന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഞങ്ങൾക്ക് അവൾ അത്രയും പ്രിയപ്പെട്ടതായിരുന്നു “
പെട്ടന്ന് കല്ലറയിൽ കണ്ട മെഴുകുതിരിയുടെ പാട് മനസ്സിൽ ഓടിയെത്തി. ശരിയാ അതിനായിരിക്കണം അവളെ അവിടെ സംസ്ക്കരിച്ചിട്ടുണ്ടാകുക.
ഞാൻ അറിയാതെ തന്നെ എന്റെ പല സംശയങ്ങളും വെക്തമായി കൊണ്ടിരിക്കുകയായിരുന്നു.
പക്ഷെ അവൾ സമുദ്രയാണെങ്കിൽ ഓഷിന്റെ ഫ്രണ്ട്സിനു മനസ്സിലാകേണ്ടതല്ലേ. അവർ ഓർമ്മ പോയി എന്ന് മാത്രം അല്ലേ പറയുന്നുള്ളു. അപ്പോൾ എങ്ങനെ ശരിയാകും. ഇവർ രണ്ട് പേർ എങ്ങനെ ഒരുപോലെ ഇരിക്കുന്നു.
പിന്നെയും എന്തൊക്കയോ അറിയാനുള്ള ചോദ്യഭാവത്തിൽ ഞാൻ സാറെ നോക്കി.
സാർ അവിടെ സ്റ്റെപ്പിൽ ഇരുന്നു. സാറിന്റെ കണ്ണിലെ കണ്ണീർ തടം എനിക്ക് കാണാമായിരുന്നു. ഒന്നും ചോദിക്കണ്ടായിരുന്നു എന്ന് ആ നിമിഷം എനിക്ക് തോന്നി. പക്ഷെ ഞാൻ എങ്ങനെ ചോദിക്കാതെ ഇരിക്കും. പെട്ടന്നാണ് അങ്ങ് അകലെ എവിടേക്കോ നോക്കിയിരിക്കുന്ന സാറിൽ നിന്ന് അത് കേട്ടത്.
“സത്യത്തിൽ ഓഷിൻ ഞങ്ങളുടെ മകളല്ലാ.”
തുടരും…