അമ്മയുടെ ശബ്ദം പോലെ.. പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അമ്മ പള്ളിയുടെ സൈഡ് കവാടത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു.
“നീ എപ്പോൾ വന്നു. നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചാ എണീപ്പിക്കാഞ്ഞത്. അല്ലാ ഇത് വിൻസെന്റ് സാർ അല്ലേ”
ഞാൻ ഒന്ന് പേടിച്ച് സാറെ നോക്കി. സാർ കണ്ണിലെ കണ്ണീർതടം തുടച്ച് പുഞ്ചിരിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഒന്ന് പരുങ്ങി നിന്ന പോലെ അമ്മയോട് പറഞ്ഞു
” അമ്മേ അത്.. ഞാൻ സാറിനെ കാണാനാണ് ഇങ്ങോട്ട് വന്നത്. “
“ഹോ അത് നന്നായി കുട്ടാ.. ഞാൻ സാറെ കാണാൻ വിചാരിച്ചിരിക്കാർന്നു. നീ എല്ലാം പറഞ്ഞിട്ടുണ്ടാകുമല്ലേ.. സാർ ക്ഷമിക്കണം. ഒന്നും വിചാരിക്കല്ലെട്ടോ”
അമ്മ അധികം പറയുന്നതിന് മുൻപ് ഞാൻ “നമുക്ക് പോകാം” എന്ന് പറഞ്ഞ് അമ്മയോട് നടക്കാൻ പറഞ്ഞു. ദയനീയഭാവത്തിൽ നോക്കിയിരിക്കുന്ന സാറിനോട് വൈകിട്ട് ഞാൻ വീട്ടിലോട്ട് വരാമെന്നും പറഞ്ഞ് ഒന്ന് പുഞ്ചരിച്ച് അമ്മയുടെ പുറകിൽ നടന്നു.
ഞാൻ അമ്മയെയും കൂട്ടി ബൈക്കിന്റെ അടുത്തേക്ക് നടന്നു. ബൈക്ക് കാണുമ്പോൾ അമ്മയുടെ വായയിൽ നിന്ന് പച്ചതെറി അഭിഷേകം പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ച് കൊണ്ട് അമ്മ ദേ ഒന്നും മിണ്ടാതെ എന്റെ പിറകിൽ ഇരിക്കുന്നു.
ഹോ ഇന്ന് ഇടി വെട്ടി മഴ പെയ്യും. അല്ലേൽ ബൈക്ക് കാണുമ്പോഴേ വെളിച്ചപാടിന്റെ പോലെ തുള്ളി ചാടണ ആളാ. ബൈക്ക് ഒക്കെ വാങ്ങിച്ച് തന്നിണ്ട്. പക്ഷെ ഓടിക്കാൻ പാടില്ല. മുന്നിൽ ഒരു പ്ലേറ്റ് ബിരിയാണിയും വെച്ച് കഴിക്കാൻ പാടില്ലാന്ന് പറഞ്ഞ അവസ്ഥയാ.
എന്തായാലും ഇന്നലത്തെ എന്റെ കണ്ണീർ അമ്മക്ക് ഏറ്റിട്ടുണ്ട്. പാവം.. അമ്മോട് പറയണം എന്റെ സമുദ്രയെ ആരും കണ്ട് പിടിക്കണ്ട എന്ന്. അവളെ ഞാൻ തന്നെ കണ്ടെത്തി..
വീട്ടിൽ എത്തിയിട്ട് വേഗം അവളെ ഒന്ന് വിളിക്കണം. ഇതൊന്നും അവൾ അറിയണ്ട. കല്യാണം കഴിഞ്ഞ് അവളോട് ഒരു കഥ പറയണം. അതേ അവളുടെ കഥ തന്നെ. എന്റെ മനസ്സ് മുഴുവൻ ആകെ ഒരു സന്തോഷം.
വീട്ടിൽ എത്തി ഫോൺ നോക്കിയപ്പോൾ ശ്രീയുടെ കോൾ വന്നിട്ടുണ്ട്. വേഗം അവനെ വിളിച്ചു. പാവം.. അവൻ എനിക്ക് വേണ്ടി കുറേ ഓടി നടന്നതാ. കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞപ്പോൾ അപ്പറത്തെ സൈഡിൽ നിന്ന് ഒരു പൊട്ടിത്തെറി.
“ഡാ നീ എന്തൊക്കെയോ കാട്ടിക്കൂട്ടിയെ.. സാറിനെ കാണാൻ പോകുന്ന കാര്യം ഒന്ന് എന്നോട് പറയാരുന്നില്ലേ. നിനക്ക്.. ഇനി എല്ലാം നിന്റെ ഇഷ്ടം.. ഒന്നും എനിക്ക് കേൾക്കണ്ട. “
ഞാൻ പെട്ടന്ന് പേടിച്ചു പോയി. ഇവനെന്താ ഇങ്ങനൊക്കെ പറയുന്നേ. ഞാൻ എന്താ അതിന് ചെയ്തേ. അതും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. കുറേ തിരിച്ച് വിളിച്ചപ്പോൾ അവസാനം ഒന്ന് എടുത്തു
“ശ്രീ എന്താ നീ ഇങ്ങനൊക്കെ പറയുന്നേ”
“പിന്നെ ഞാൻ എന്താ പറയണ്ടേ. നമ്മൾ സാറെ പറ്റി അന്വേഷിക്കുന്നത് ആൾ അറിയണ്ടാന്ന് വിചാരിച്ച് ഓരോന്നും ചെയുമ്പോൾ നീ തന്നെ പോയി ആളോട് ചോദിച്ചു.”
“സാറോടല്ലേ ചോദിച്ചേ. അതിന് ഇപ്പൊ എന്താ. ആൾ പാവമാ ഡാ..”
“നല്ല പാവം.. എന്നെ കൊണ്ട് വേറെ വല്ലതും പറയിപ്പിക്കണ്ട. അത് സാധാരണ ഒരു ആക്സിഡന്റ് ആണെന്ന് നീ വിചാരിക്കുന്നുണ്ടോ. അത് പക്കാ പ്ലാൻ ചെയ്ത ആക്സിഡന്റ് ആണ്. “
ഇത് കേട്ടതോടു കൂടി എനിക്ക് ശ്വാസം കിട്ടാത്ത പോലെയായി.
“ഡാ ശ്രീ നീ എന്താ പറഞ്ഞ് വരുന്നേ”
“നീ ഇപ്പൊ പാവം എന്ന് പറഞ്ഞ സാർ ഇല്ലേ ആൾ ആണ് ഇതിന്റെ എല്ലാം പിന്നിൽ. ഞാൻ ആ ആക്സിഡന്റ് കേസ് അന്വേഷിച്ച സി ഐ യെ ഇന്ന് രാവിലെ പോയി കണ്ടിരുന്നു.
പുള്ളിക്കാരൻ അച്ഛന്റെ പഴയൊരു അടുത്ത സുഹൃത്താണ്. അദ്ദേഹം പറഞ്ഞിട്ടാണ് ഇതൊക്കെ മനസിലായത്.
ആ ആക്സിഡന്റ് നടന്ന അന്ന് രാവിലെ ആക്സിഡന്റിനു മുൻപായി സാറും സമുദ്രയുടെ അച്ഛനും തമ്മിൽ ഒരു ഫോൺ കോൾ ഉണ്ടായിട്ടുണ്ട്.
അന്ന് അന്വേഷിച്ച ഫയൽ പ്രകാരം വിൻസെന്റ് സാർ വിളിച്ചിട്ടാണ് അവർ ഇങ്ങോട്ട് യാത്ര പുറപ്പെട്ടത്. പക്ഷെ വിൻസെന്റ് സാറിന്റെ ഇടപെടൽ മൂലം ആ കേസിന് ആൽക്കോഹോളിക് റിസൾട്ടും കാണിച്ച് സാധാരണ ഒരു ആക്സിഡന്റായി മാറ്റി തിരിക്കപ്പെട്ടു.
ആ സി ഐ ക്ക് വേറെ എന്തൊക്കെയോ സംശയങ്ങൾ ഉണ്ട്. അദ്ദേഹം നമ്മളെ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷെ ഇത് കേസായി പോയാൽ വീണ്ടും വിൻസെന്റ് സാർ പ്രശനമുണ്ടാക്കുകയുള്ളു എന്നും അതിനാൽ അന്വേഷണം രഹസ്യമായി തന്നെ വേണമെന്ന് അത്രയും കാര്യത്തോടെ അദ്ദേഹം പറഞ്ഞതായിരുന്നു. അതിന്റെ ഇടയിൽ ആയിരുന്നു നിന്റെ ഈ കാണാൻ പോകൽ. സോറി… അതാ ഞാൻ പെട്ടന്ന് ചൂടായത് “
ശ്രീ പറയുന്നതെല്ലാം ഒരു മരവിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ. ആലോചിക്കും തോറും സാറിന്റെ കണ്ണീരിൽ ഒരു ചതിയുടെ തിളക്കം പോലെ. മനസ്സിൽ എവിടെയോ പേടിയുടെ കനൽ എരിഞ്ഞു തുടങ്ങി.
“പിന്നെ ആന്റോ.. ആ സി ഐ ആരൊക്കെയോ വെച്ച് അന്വേഷിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. നാളെ നമ്മുക്ക് ആളെ ഒന്നും കൂടി പോയി കാണണം”
തുടരും..