സമുദ്ര #Part 15

കോൾ വെച്ചിട്ടും ഞാൻ ഫോണും ചെവിയിൽ വെച്ചിരുന്നു. ചുമരിൽ ചാരി നിന്നിരുന്ന ഞാൻ ചുമരിൽ കൂടി ഊർന്ന് താഴെ ഇരുന്നു.

എനിക്ക് വിശ്വസിക്കാൻ പോയിട്ട് ഒന്നും ആലോചിക്കാൻ കൂടി സാധിക്കുന്നില്ല. ഇവൻ എന്തൊക്കെയാ പറയുന്നേ.. ഒരാൾക്ക് ഇങ്ങനെ ആക്‌സിഡന്റ് നടത്തി ആളുകളെ കൊല്ലുവാനൊക്കെ പറ്റോ. അതൊക്കെ സിനിമയിൽ ഒക്കെയല്ലേ നടക്കൂ.

ഇതിനുള്ള ധൈര്യം ഒക്കെ സാറിന് എന്നല്ല, വേറെ ആർക്കെങ്കിലും ഉണ്ടാവോ. അല്ലാ അവരെ കൊല്ലാൻ മാത്രം എന്ത് കുറ്റാ അവർ ചെയ്തേക്കണേ. അതും കൂടാതെ സാറിന് എങ്ങനെയാ ഇവരെ അറിയണേ.

ഈ ചെക്കൻ വെറുതെ ഓരോന്നും പറഞ്ഞ് മനുഷ്യനെ പേടിപ്പിക്കാൻ വന്നോക്കാ.

പെട്ടന്നാണ് സാർ പറഞ്ഞ ഒരു വാചകം മനസ്സിൽ വന്നത്. ‘ഓഷിൻ ഞങ്ങളുടെ മകൾ അല്ല’. ഒരാൾ എത്ര ക്രൂരനായാലും സ്വന്തം മകളെ ഒരിക്കലും എന്റെ മകൾ അല്ലാന്ന് പറയില്ലലോ. അതും എന്റെ സമുദ്രയെ സാറിന് അറിയാമെന്നും പറയുന്നു. അപ്പൊൾ എന്തൊക്കെയോ ശ്രീയുടെ വാക്കുകൾക്ക് മൂർച്ച കൂട്ടുന്ന പോലെ.

പെട്ടന്നാണ് ഫോണിൽ ഒരു വിറയൽ. സാറിന്റെ മെസ്സേജ് ആണ്. പെട്ടന്ന് സാറിന്റെ പേര് കണ്ടപ്പോൾ ഒന്ന് ഞെട്ടി.

“ആന്റോ.. ഞാൻ ഇന്ന് ഈവെനിംഗ് വീട്ടിൽ ഉണ്ടാകില്ലട്ടോ.. കൊടുങ്ങല്ലൂരൂള്ള ഒരു ബന്ധു മരിച്ചു. ശവടപ്പിന് പോകണം. നമ്മുക്ക് നാളെ കണ്ടുമുട്ടാട്ടോ.”

എന്തോ എനിക്ക് ആരെയും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു ഒക്കെയും തിരിച്ച് മറുപടി കൊടുത്ത് ഫോൺ എടുത്ത് കട്ടിലോട്ട് ഒരു ഏറു കൊടുത്ത് ബൈക്കിന്റെ കീയും എടുത്ത് പുറത്തേക്ക് വന്നു.
അമ്മ പേപ്പർ വായിച്ചിരിക്കുന്നുണ്ട്. അനിയൻ കോളേജിൽ പോയെന്ന് തോന്നുന്നു. അവിടെ എങ്ങും കാണാനില്ല. ഞാൻ ബൈക്കും എടുത്ത് രാമേട്ടന്റെ കടയുടെ അടുത്തുള്ള പാടത്തേക്ക് വിട്ടു.

പാടത്തിന്റെ അടുത്ത് പാലത്തോട് ചേർന്നായി റോഡിന്റെ ഇരുവശങ്ങളിൽ രണ്ട് സിമന്റ് ഇരിപ്പിടങ്ങൾ ഉണ്ട്. ഞങ്ങളുടെ സ്ഥിരം വായനോക്കൽ സങ്കേതങ്ങൾ ആണ് ഇതൊക്കെ. കോളേജിൽ പിള്ളേർ പോകുന്ന സമയം ആണ്. മിക്കതും ശ്രീ അവിടെ ഉണ്ടാവേണ്ടതാണ്. എത്ര തിരക്കാണെലും ഈ സമയത്ത് അവിടെ അവനെ കണ്ടില്ലെങ്കില്ലേ അതിശയിക്കേണ്ടതുള്ളൂ.

പറഞ്ഞില്ലാ ദേ അവിടെ തന്നെ മൊബൈലും തോണ്ടി ഇരിക്കുന്നുണ്ട്. ഭാഗ്യം വേറെ ആരും കൂടെയില്ല. ഞാൻ എത്തിയപ്പോഴും അവന്റെ മുഖത്ത് ഒരു വ്യത്യാസവും ഇല്ലാ. അവൻ എന്നെ പ്രതീക്ഷിച്ച് തന്നെയാണ് ഇരുന്നിരുന്നത് എന്ന് തോന്നുന്നു.

എന്നെ കണ്ടതും വേഗം ഫോൺ മാറ്റിവെച്ച് എന്റെ അടുത്ത് വന്നിരുന്നു. ഞാൻ അവനോട് സാർ അയച്ച മെസ്സേജിന് പറ്റി പറഞ്ഞു.

“ഡാ ആന്റോ.. നമ്മുക്ക് ഓഷിന്റെ അമ്മയെ കാണാൻ പോയാലോ. നീ അല്ലേ പറഞ്ഞേ ഈവെനിംഗ് സാർ അവിടെ ഉണ്ടാവില്ലാന്ന്. കറക്റ്റ് സമയം. നമുക്കൊന്ന് പോയി നോക്കിയാലോ..

കേട്ടിടത്തോളം വെച്ച് മേരിക്കുട്ടിയമ്മ പാവം ആണ്. സാറിന്റെ പോലെ അല്ല. എന്റെ മനസ്സ് പറയുന്നു ഒന്ന് പോയി കണ്ടാൽ നാളെ ആ സി ഐയെ കാണുന്ന വരെ നമുക്ക് കുറച്ച് ഒരു സമാധാനം കിട്ടും. പക്ഷെ പോകുമ്പോൾ ഓഷിൻ കോളേജിൽ നിന്ന് എത്തുന്നതിനു മുൻപ് പോകണം “

എനിക്കും എന്തോ ശ്രീ പറയുന്നത് ശരിയാണെന്ന് തോന്നി. ആദ്യമായി അവളുടെ അമ്മയെ കണ്ടപ്പോൾ തന്നെ എന്തോ ഒരു വാത്സല്യം ആ മുഖത്ത് കണ്ടിരുന്നു.

നേരെ വീട്ടിലേക്കു ചെന്ന് കൃത്യം മൂന്ന് മണിക്ക് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി. ശ്രീ ബൈക്കും കൊണ്ട്‌ പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അമ്മയോട് ഒന്നും പറയാതെ വേഗം വിൻസെന്റ് സാറിന്റെ വീട്ടിലോട്ട് വിട്ടു.

പ്രതീക്ഷിച്ച പോലെ തന്നെ സാർ ഉണ്ടായിരുന്നില്ല. മേരിക്കുട്ടിയമ്മയും പിന്നെ ഏതോ ഒരു സ്ത്രീയും മാത്രേ ഉള്ളൂ. ആ സ്ത്രീ വേലക്കാരി ആണെന്ന് തോന്നുന്നു. ആള് മുറ്റം അടിച്ച് വാരുന്നുണ്ട്. അടുത്ത് തന്നെ മേരിക്കുട്ടിയമ്മ ചെടി നനക്കുന്നുണ്ട്.

ഞങ്ങളെ പ്രതീക്ഷിക്കാതെ കണ്ടത് കൊണ്ടാണെന്ന് തോന്നുന്നു ആൾ ഒന്ന് പരുങ്ങിയ പോലെ വേഗം ടാപ് അടച്ച് ഞങ്ങളെ അകത്തോട്ട് കയറ്റി. അപ്പോഴും ആ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

വേലക്കാരി പെണ്ണിനോട് ചായ എടുക്കാൻ പറഞ്ഞ് ഞങ്ങളെ അവിടെ ഇരുത്തി. എനിക്ക് എങ്ങനെ പറഞ്ഞ് തുടങ്ങണം എന്ന് അറിയുന്നുണ്ടാന്നില്ല. ഒരുവിധം പറഞ്ഞ് ഒപ്പിച്ച് സമുദ്രയുടെ പഴയ ഫോട്ടോയും കാണിച്ച് കൊടുത്തു.

പെട്ടന്ന് അമ്മ ആ ഫോട്ടോ ഞങ്ങളുടെ കൈയിൽ നിന്നും വാങ്ങി അതും നോക്കിരിന്നു. ആ കണ്ണിൽ ഒരു വല്ലാത്ത പ്രകാശം പോലെ. പിന്നെ അതിനിടയിൽ കൂടെ എവിടെയോ സങ്കടത്തിന്റെ ഒരു മൂടലും.

കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല. കുറച്ച് കഴിഞ്ഞപ്പോൾ ആ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർ വന്നു. ഞാൻ പേടിച്ച് വിഷയം മാറ്റി സംസാരിക്കാൻ നോക്കിയെങ്കിലും അമ്മ അതും നോക്കിയിരിക്കുകയായിരുന്നു .

ആ കണ്ണുകളിൽ ഞങ്ങളോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കാനുള്ള പോലെ. അവൾ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നുവെന്നും കോട്ടയത്തായിരുന്നു താമസിച്ചിരുന്നത് മറ്റും ഞാൻ പറഞ്ഞു.

എല്ലാം ശ്രദ്ധിച്ച് ചെറിയ കുട്ടിയെ പോലെ കേട്ടിരിക്കുന്നുണ്ടായിരുന്നു. പക്ഷെ ഇവയെല്ലാം എന്റെ സംശയങ്ങൾ വർധിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. എങ്ങനെ ഇവർ സമുദ്രയെ അറിയുന്നു. ഒന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.

അപ്പോഴേക്കും എന്റെ എല്ലാ സംശയങ്ങൾക്കും വിരാമം ഇട്ട് കൊണ്ട്‌ മേരിക്കുട്ടിയമ്മ ഞങ്ങളോട് പറഞ്ഞ് തുടങ്ങിരുന്നു.

“ഞാൻ എന്താ പറയാന്ന് അറിയില്ല. എന്റെ വായ് കൊണ്ട് ഓഷിൻ ഞങ്ങളുടെ മകൾ അല്ലാന്ന് എങ്ങനെ പറയും. ഇത് അവൾക്ക് അറിയുകയുമില്ല.. ഒരിക്കിലും അവൾ ഇത് അറിയരുത് . അവൾക്ക് അത് താങ്ങാൻ കഴിയില്ല. പക്ഷെ ഇനിയും ഇത് നിങ്ങളോട് പറയാതിരിക്കാനും എനിക്ക് സാധിക്കുന്നില്ല.

ഞങ്ങളുടെ കല്യാണം കഴിഞ്ഞ് ഒരുപാട് കൊല്ലം ഞങ്ങൾ കോട്ടയത്തായിരുന്നു താമസിച്ചിരുന്നത്. ഞങ്ങൾ അവിടെ ഉണ്ടായിരുന്ന ആ സമയത്ത് ഒരുപാട് കാലത്തെ കാത്തിരിപ്പിനും പ്രാത്ഥനക്കും ഫലമായിട്ടായിരുന്നു ഞാൻ പ്രെഗ്നന്റ് ആയത്.

പക്ഷെ അവസാന നിമിഷത്തിൽ ദൈവം ഞങ്ങളെ കൈവിട്ടു. കാത്തിരുന്ന് കിട്ടിയ ആ കുഞ്ഞുജീവൻ കൊണ്ട്‌ പോയത് എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ഇനി ഒരു കുഞ്ഞികാല് കാണുവാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.

എന്താ ചെയുവാന്ന് അറിയാതെ ജീവച്ഛവം പോലെ കിടന്നിരുന്ന ആ സമയത്തായിരുന്നു ഞാൻ കിടന്നിരുന്ന ഹോസ്പിറ്റലിൽ തന്നെ ഒരു കുടുംബത്തിന് കുട്ടിയെ ദത്ത് എടുക്കുവാൻ പറ്റിയ ആളുകളെ അന്വേഷിക്കുന്നതായി അറിഞ്ഞത്.

താഴ്ന്ന ജാതിയിൽ ഒരു ഹിന്ദു കുടുംബം. അവർക്ക് ഇപ്പോൾ ജനിച്ച ഇരട്ട പെൺകുട്ടികൾ കൂടാതെ അവർക്ക് ചേച്ചികളായി വേറെയും മൂന്ന് പെൺകുട്ടികൾ ഉണ്ടായിരുന്നു.

ഇവരെ കൂടി പോറ്റുവാൻ ശേഷിയില്ലാത്തത് കൊണ്ടാവണം ഇരട്ടകുട്ടികളിലെ ഒരാളെ ദത്ത് കൊടുക്കുവാൻ തീരുമാനിച്ചത്.

ഞാൻ ഒരു തവണയേ അവരെ ഒരുമിച്ച് കണ്ടിട്ടുള്ളു. ശരിക്കും രണ്ട് പേരും ഒരുപോലെയായിരുന്നു. അവരിൽ നിന്ന് വാങ്ങുമ്പോൾ ആ അമ്മ മനസ്സിന്റെ തേങ്ങൽ എനിക്ക് കാണാൻ സാധിക്കുമായിരുന്നില്ല. അത്രെയും വേദനിച്ചിട്ടായിരുന്നു അവർ ഞങ്ങൾക്ക് കുഞ്ഞിനെ കൈമാറിയത്.

പിന്നെ ഞങ്ങൾ അവരെ കാണുവാനും ശ്രമിച്ചിട്ടില്ല. പക്ഷെ ഇതൊക്കെ ഞാനും ഒരിക്കലും ഓർക്കുവാൻ ശ്രമിക്കാത്ത ഒരു ഓർമ്മയാണ്. ഞങ്ങളിൽ തന്നെ രഹസ്യമായിരുന്ന ഒരു കഥ.

ഇല്ലാ അവൾ ഞങ്ങളുടെ മകൾ തന്നെ ആണ്. ഒരു മിനിറ്റ് പോലും ഞങ്ങൾക്ക് അവളെ പിരിഞ്ഞിരിക്കാൻ പറ്റില്ല. എന്റെ ജീവൻ തന്നെയാണ് അവൾ.

എങ്ങനെയാ നിങ്ങളോട് പറയാന്ന് അറിയില്ല. നിങ്ങൾ ഒരിക്കിലും ഇത് അവളെ അറിയിക്കരുത്. ആരോടും പറയില്ലാന്ന് വിചാരിച്ചതായിരുന്നു. പക്ഷെ എനിക്ക് നിങ്ങളോട് പറയാതിരിക്കാനും സാധിച്ചില്ല. ഒരു അമ്മയുടെ അപേക്ഷയായിട്ട് പറയുകയാണ് ഇതൊന്നും അവൾ അറിയരുത്.”

ഞാൻ നോക്കിയപ്പോൾ ആ അമ്മയുടെ കണ്ണുകൾ ധാര ധാരയായി ഒഴുകി കൊണ്ടിരിക്കുകയാണ്.

പെട്ടന്നാണ് ഒരു ഞെട്ടലോടെ അത് ശ്രദ്ധിച്ചത്.. പുറത്തെ വാതിലിന്റെ ഇടയിൽ ഒരു കയ്യിൽ ബാഗും ഇട്ട് ഓഷിൻ നിൽക്കുന്നു.

തുടരും.. 

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.