സമുദ്ര #Part 9

ഡാ നീ എന്തൊക്കെയാ കെട്ടി മറച്ചിടുന്നേ. അറിയാവുന്ന പണിക്ക് വെല്ലോം പോയാ പോരെ. നീ അവിടെ ഇരിക്ക്. ചോറ് ഞാൻ ഇട്ട് തരാം.

അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു കുഞ്ഞിനെ പോലെ എല്ലാം തലയാട്ടി കൊണ്ടിരുന്നു.

എനിക്ക് അമ്മോട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. അമ്മ നല്ല സന്തോഷത്തിലാണ് ഞാൻ ഏതാണ്ട് ഭാര്യയുടെ പ്രസവം കാത്ത് നിൽക്കുന്ന വീർപ്പുമുട്ടലിലും.

ഇനി ഇപ്പൊ ഒന്നും ആലോചിക്കണ്ട നാളത്തെ യാത്രയിൽ എല്ലാം തീരുമാനമാകും. അതെ തിരുമാനമാക്കണം.

സർട്ടിഫിക്കറ്റ് വാങ്ങുവാൻ കോളേജിലേക്ക് പോകണമെന്നും പറഞ്ഞ് പുലർച്ച 5 മണിക്ക് തന്നെ വീട്ടിൽ നിന്ന് മുങ്ങി. അഞ്ചരക്കാണ് ബസ്.

പുറത്ത് നല്ല ഇരുട്ട്. ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ ഒരു കാർ നിർത്തിയുണ്ടായിരുന്നു. ഞാൻ നടന്ന് സ്ട്രീറ്റ് ലൈറ്റിന്റെ അരികിൽ എത്തിയപ്പോൾ അവർക്ക് എന്നെ മനസ്സിലായെന്ന് തോന്നുന്നു.

കാർ തുറന്ന് വിൻസെന്റ് സർ ഇറങ്ങി പിറകിൽ ഓഷിനും. ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ഇത് എന്റെ സമുദ്ര തന്നെയാ. ആരോടാ പറയാ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പാറായി .

ഞാൻ ഒന്നും കൂടി അവളെ നോക്കി. സ്ട്രീറ്റ് ലൈറ്റിന്റെ പ്രകാശത്തിൽ അവളുടെ മുടി സ്വർണയിഴകൾ പോലെ പറക്കുന്നുണ്ട്.

എന്റെ സമുദ്രക്ക് കാൽ മുട്ടോളം മുടിയുണ്ടായിരുന്നു. ഇത് കഴുത്തിന്റെ അത്രക്കുള്ളു.

എനിക്ക് അവളുടെ മുടി ഒരുപാട് ഇഷ്ടമായിരുന്നു. അവൾ അടുത്ത് വന്നിരിക്കുമ്പോൾ മുടിയിലെ കാച്ചിയ എണ്ണയുടെ മണം ശരിക്കും എനിക്ക് മത്ത് പിടിപ്പിക്കാറുണ്ടായിരുന്നു.

അവൾക്കും മുടി ഒരുപാട് ഇഷ്ടമായിരുന്നു. ഇല്ലാ അവൾ മുടി മുറിക്കില്ല.

പക്ഷെ ഓഷിന് അവളുടെ അതേ പൂച്ചകണ്ണ്. കണ്ണിൽ നല്ല ഉറക്ക ക്ഷീണം ഉണ്ട്. അതിന് മറച്ച് കൊണ്ട് അവളുടെ നുണക്കുഴിയും കാട്ടിയുള്ള പൂർണ ചന്ദ്രനെ പോലെ ശോഭിച്ച പുഞ്ചിരി.

പെട്ടന്ന് വിൻസെന്റ് സർ വന്ന് എന്റെ കയ്യിൽ തട്ടിയപ്പോഴാണ് ഞാൻ അങ്ങോരെ ശ്രദ്ധിക്കുന്നത് തന്നെ.

മോനേ.. ഇവളെ ശ്രദ്ധിക്കണം. എത്തുമ്പോൾ ഒന്ന് വിളിക്കണം ട്ടോ. അധികം ലേറ്റ് ആകരുത്.

അപ്പോഴേക്കും ഒരു പ്രകാശം കാറിന്റെ കണ്ണാടിയിൽ പ്രതിഫലിച്ചു. അതേ ബസ് വരുന്നുണ്ട്.

പുറത്ത് നല്ല മഞ്ഞ് ഉണ്ട്. അവൾ ഷോൾ കൊണ്ട് തല മുഴുവൻ മറച്ച് എന്റെ പിറകെ ബസിലോട്ട് കയറി.

പുലർച്ചയായത് കൊണ്ടാണെന്നു തോന്നുന്നു ബസിൽ അവിടെയും ഇവിടെയും ഒന്ന് രണ്ട് പേരെ ഉള്ളൂ. പിറകിലായി ഒരു രണ്ട പേരുടെ സീറ്റിൽ അവളെ കേറ്റി കൂടെ ഞാനും ഇരുന്നു.

അവളുടെ മുഖത്തോട്ട് നോക്കിയപ്പോൾ എവിടെക്കാ പോകുന്നേ എന്ന് പോലും ചോദിക്കാൻ പറ്റാതിരിക്കുന്ന ഒരു ദയനീയ ഭാവം.
അവൾ കേൾക്കത്ത രീതിയിൽ ഞാൻ പറഞ്ഞു.

അവിടെ ഒരു കോളേജിൽ ആണ് ഞാൻ പഠിച്ചിരുന്നത്. നിന്നെ ആദ്യം കണ്ടപ്പോൾ ഞാൻ ചോദിച്ചിരുന്നില്ലേ ഒരു സമുദ്രയെ പറ്റി.

അവൾ എന്റെ കൂടെ പഠിച്ചിരുന്ന ഒരു കൊച്ച് ആണ്. കാണുമ്പോൾ ശരിക്കും നിന്റെ പോലെയാ. അവിടെ പോയി അവളെ ഒന്ന് അന്വേഷിക്കണം.

ഈ ഒരു പോക്കിൽ നീയും കൂടെ വേണമെന്ന് തോന്നി. ഇങ്ങനെ വിളിച്ച് കൊണ്ട് വന്നതിൽ ദേഷ്യം ഉണ്ടേൽ ഒന്ന് ക്ഷമിക്കണം.

ഇത് പറഞ്ഞ് അവളെ നോക്കിയപ്പോൾ അവൾക്ക് വീണ്ടും അതേ പുഞ്ചിരി. സത്യം പറഞ്ഞാൽ ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്കൊരു ആശ്വാസം ആയി.

അവൾ മെല്ലെ എന്റെ തോളിലോട്ട് ചാരി. എനിക്കും വല്ലാത്ത സന്തോഷം. എന്തെന്നറിയില്ല ഇവൾ സമുദ്രയാണന്നേ എനിക്കും വിശ്വസിക്കാൻ പറ്റുന്നുള്ളൂ.

തോളിൽ കിടന്ന് ഓഷിന്റെ ചെറിയൊരു ശബ്ദം.
ഏട്ടാ.. ഏട്ടനെ എന്നെ മുൻപേ അറിയുമോ.

എനിക്ക് ഒരു നിമിഷം ശ്വാസം നിന്ന പോലെയായി.
എന്ത്? നീ എന്താ അങ്ങനെ പറയുന്നേ..

പെട്ടന്ന് അവളുടെ കണ്ണ് നിറയുന്ന കണ്ടപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. മെല്ലെ അവളുടെ സ്വര്ണമുടിയിൽ തലോടി.

നീ ഒന്നും ആലോചിക്കേണ്ട. ഇപ്പോൾ ഉറങ്ങിയേ. ഇനി ഇന്ന് നമ്മൾ ഫുൾ കറക്കമാട്ടോ. അപ്പൊ ഇനി ഉറങ്ങണം എന്നൊന്നൊന്നും പറയരുത്.

ഇവൾ ആരാണെന്ന് അറിയില്ല. പക്ഷെ എന്തോ അറിയാതെ ഞാനും ഇവളെ ഇഷ്ടപ്പെട്ടു പോകുന്നു.

അവൾ മെല്ലെ കണ്ണുകൾ അടച്ചു. കുറച്ച് നേരം ഞാൻ അവളെയും നോക്കിയിരുന്നു.

ഇല്ലാ നോക്കരുത്. ഇവളെ ഇഷ്ടപെട്ടാൽ ഇന്ന് പോകുന്ന ഒരു കാര്യത്തിനും തീരുമാനം ഉണ്ടാകില്ല. ഇപ്പോൾ ഇവളെ എന്റെ അനിയത്തിയായി കണ്ടാൽ മതി.

മെല്ലെ പുറത്തോട്ട് നോക്കി. മേഘങ്ങളുടെ ഉള്ളിൽ കൂടെ ഒരു വെള്ളി പ്രകാശം പരന്നു കൊണ്ടിരിക്കുകയാണ്.

മനസ്സിലും ഓർമ്മകളുടെ പ്രകാശ രശ്മികൾ മറ നീക്കി പതിക്കാൻ തുടങ്ങിയിരിക്കുന്നു.

അന്നത്തെ ക്ലാസ്സ്‌ മുറി, വായ നോക്കാൻ പോയിരുന്ന കോഫി ഷോപ്പ് പരിസരം, ആരും കാണാതെ അവളെ നോക്കിയിരുന്ന പുളിമരചുവട് എല്ലാം എവിടെ നിന്നൊക്കെയോ വന്ന പക്ഷികളെ പോലെ മനസ്സിൽ കൂട് കൂട്ടി തുടങ്ങി.

തുടരും.. 

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.