അഭിസാരികക്കൊരു പ്രണയ ലേഖനം | Malayalam Story

കൃത്യമായി പറയാൻ ഞാൻ സമയമോ വർഷമോ ദിവസമോ ഓർത്തു വച്ചില്ല കാരണം അത് ഏതൊരാളും മറക്കാൻ ശ്രമിക്കുന്ന ദിനങ്ങളാണ്. ഏകദേശം മൂന്നുവർഷങ്ങൾക്ക് മുമ്പാണെന്നു പറയാം അന്നാണ് ആദ്യമായി ഞാനെത്രയാണ് പ്രണയത്തിനടിമപ്പെട്ടന്ന് തിരിച്ചറിയുന്നത്.’ അത് വരെ യാത്രകളും പുസ്തകങ്ങളും മാത്രമുള്ള എന്റെ ലോകത്തേക്ക് അങ്ങനെ ഒരുത്തിയെ കുടിയിരുത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് ഇന്നു വരെ മനസ്സിലായിട്ടില്ല.
ചരിത്രത്തോടാണ് കമ്പമെങ്കിലും മനുഷ്യമനസ്സുകളെ ആഴത്തിലിറങ്ങി ഗവേഷണം നടത്തലായിരുന്നു പ്രധാന ജോലി. അതിനായി മാനസിക പ്രശ്നങ്ങളിൽ ജീവിതം വഴിമുട്ടിയവരെ തേടിയുള്ള യാത്രകളായിരുന്നു. ഒന്നു രണ്ടു കേസുകളിൽ എന്റെ പരീക്ഷണങ്ങൾ വിജയമായപ്പോൾ ആരിലും എന്റെ ‘പരീക്ഷണങ്ങൾ വിജയിപ്പിക്കാമെന്ന ധൈര്യമായി .അങ്ങനെ ഇരിക്കയാണ് ജീവിതം താനറിയാതെ കൈവിട്ട് പോകുന്നവസ്ഥയിൽ ഒരുത്തിയെ പരിചയപ്പെടുന്നത്. 
യാത്രയുടെ തുടക്കമോ മടക്കമോ എന്നോണം  ഒരു നാൾ ബസ്സിൽ വച്ച് രണ്ട് കൂട്ടുക്കാരുടെ സൗഹൃദ സംഭാഷണം .അതിനിടെ കൂടെ കൂടെ നന്നായി പഠിക്കുന്ന പതിനാറുക്കാരിയായ  ദുർനടപ്പുക്കാരിയെ പറ്റിയായിരുന്നു സംസാരം .വിഷയത്തിൽ താൽപര്യം തോന്നിയ ഞാൻ ചെവി അവരുടെ വായയിൽ കൊണ്ട് വച്ചു. ശ്രദ്ധയോടെ സംസാരം വീക്ഷിച്ച് കൊണ്ടിരുന്നു .ഇടയ്ക്കെപ്പഴോ അവളുടെ ഫോണ് നബർ കൈമാറി. പണ്ടെ കുറുക്കനായിരുന്ന ഞാൻ അത് പെട്ടെന്ന് മനസ്സിൽ ഡയൽ ചെയ്ത് വെച്ചു. 
അവൾ എന്താണെന്നു അവളുടെ നാട്ടിൽ നിന്നും അവളെ അറിയുന്ന ആരോക്കെ ഉണ്ടോ അവരോടൊക്കെ  നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. ചോദിക്കുന്നവർ തരുന്ന വിവരങ്ങളെല്ലാം കേട്ടാലറക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. അവസാനം എന്തും വരട്ടെയെന്നു കരുതി അവളിൽ നിന്നു തന്നെ അവളെ പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് അവളെ ആദ്യമായി വിളിച്ചത് .
വ്യക്തിത്വം വെളിപ്പെടുത്തുന്നത് ആരോഗ്യത്തിനു ഹാനീകരമാണെന്നു തിരിച്ചറിഞ്ഞ ഞാൻ പേര് പറയാതെ പരിചയപ്പെടാനാണെന്നോക്കെ പറഞ്ഞൊപ്പിച്ചു.നാട് ചോദിച്ചപ്പോൾ നാട് പറഞ്ഞ് വായിലേക്കിട്ടില്ല ഉടനെ നാടിലെ പത്തിരുപതു ചെറുപ്പക്കാരുടെ പേരുകൾ തലങ്ങും വിലങ്ങും വീശി. ഇവരൊന്നുമല്ല ഞാനെന്നു പറയുന്നതിനൊപ്പം അവരൊക്കെ അവളുടെ സ്ഥിരം  ഫോണ് വിളി കൂട്ടുക്കാരാണെന്ന് മനസ്സിലാക്കുകയായിരുന്നു..
 നിന്നെ പോലെയുള്ള രാത്രിയിൽ കാമം തീർക്കാൻ എന്തും ചെയ്യുന്നവന്മാരെയൊക്കെ എനിക്ക് അറിയാം എന്നൊക്കെ പറഞ്ഞ് അവൾ ശുഭിതയായി. പഠിച്ച പണി പതിനെട്ടും എടുത്ത് അവളെ ഉപദേശിച്ച് മണിക്കൂറുകൾ തള്ളി നീക്കി. എന്റെ പരീക്ഷണത്തിനു പര്യവസാനം എന്നോണം നിർത്താത്ത കരച്ചിലും ഒടുവിൽ തെറ്റ് മനസ്സിലാക്കി പശ്ചാതാപവും . താൻ എന്നോട് കൂട്ട് കൂടണ്ട താനും എന്നെ പോലെ കേടാകും നിശ്കളങ്കയതയുള്ള അവളുടെ ആ വാക്കുകൾ എന്റെ ഹൃദയത്തെ അവളോടടുപ്പിച്ചു.  ആരെന്ത് പറഞ്ഞാലും അവളെ നന്നാക്കുക എന്നത് എന്റെ ബാധ്യതയായി തോന്നി. ഫോണ് വിളികളുടെ ദ്യൈർഘ്യം കൂടി കൂടി വരുന്നത് ഞാൻ തിരിച്ചറിഞ്ഞു .ഒരു ദിവസം അവൾ എന്നോട് നേരിട്ട് എന്തൊ പറയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു.  മറ്റുള്ളവരുടെ മുന്നിലെ അഭിസാരിക എന്റെ മുന്നിലെത്തിയത് ആ മനസ്സിൽ എന്നോട് തോന്നിയ പ്രണയം തുറന്ന് പറയാനാണെന്ന് ഞാനപ്പളാ അറിയുന്നത്. നീ നന്നാകുമെന്ന് ഉറപ്പാണെങ്കിൽ ഞാൻ നിന്നെ നോക്കി കൊള്ളാം എന്ന് മാത്രം പറഞ്ഞ് അവളിൽ നിന്നു മുഖമെടുത്തു. 
അടുത്തുവന്ന് കവിളിൽ മുത്തം തന്നിട്ട് സമ്മതം മൂളി അവൾ. അതൊരു വൈബ്രേഷൻ ആയിരുന്നു. ജീവിതത്തിൽ ആദ്യമായി മനസ്സിൽ തൊട്ട പ്രണയത്തിന്റെ വൈബ്രേഷൻ .അവളിലേക്കുള്ള അകലം കുറയുന്തോറും അനേകം പേരുടെ കണ്ണുകൾ എന്നിലേക്ക് അടുക്കുന്നുണ്ടായിരുന്നു. 
അതിനു കാരണം അവളുടെ നാട്ടിലെ കുപ്രസിദ്ധിയായിരുന്നു’ അതിനു ഞാൻ കൊടുത്ത വില എന്റെ സൽപേരായിരുന്നു. അതിലൊന്നും ഒരു കാര്യവുമുണ്ടായിരുന്നില്ല. കാരണം ഞാൻ കള്ളു ശാപ്പിൽ കേറി കള്ളുകുടിച്ചാൽ അത് കണ്ടവർ പറയും അവൻ കഞ്ഞി വെള്ളം കുടിക്കുകയാണെന്ന് അതായിരുന്നു എന്റെ ചുറ്റുപാട് .
 സ്കൂൾ പഠനക്കാലത്തെ പ്രണയങ്ങൾ എല്ലാം നിരാശയിലെത്തിച്ചത് കൊണ്ടാകണം എന്റെ പ്രണയം വിവാഹശേഷം മാത്രമെ സാഫല്യമാകു എന്നൊരു ചിന്തയും കാലങ്ങളായി എന്നിൽ കടന്നു കൂടിയിരുന്നു. അത് കൊണ്ട് തന്നെ കിട്ടിയ പ്രണയിനിയെ അളവിൽ കൂടുതൽ പ്രണയിച്ചിരുന്നു. സാമ്പത്തികമായി കുഞ്ഞുലാഭങ്ങൾക്ക് വേണ്ടി ഫോണ് വിളിയിൽ കാമം തീർക്കുന്നവളെ മാറ്റിയെടുക്കാൻ അവളുടെ മുഴുവൻ ചിലവുകളും ഞാനേറ്റെടുത്തു. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത പ്രണയിനി അവളാകണം എന്ന് ഞാനാഗ്രഹിച്ചു. 
ഒരു പ്രണയ ദിനത്തിൽ എല്ലാരിൽ നിന്നും വ്യത്യസ്തമായി നറുമണം വീശുന്ന മുല്ല പൂവിൽ അവളിലേക്ക് വിതറി പ്രണയമറിയിച്ചതും അതിന്റെ ഭാഗമായിരുന്നു. അവളുടെ സ്വപ്നങ്ങൾ എന്റെ മനസ്സിൽ ചിറക് മുളച്ച് തുടങ്ങിയപ്പോൾ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞാൻ മണ്ണിട്ട് മൂടുകയായിരുന്നു. സാമ്പത്തികമായും മാനസികമായും അവളെ ഒരു പാട് സഹായിച്ചു. 
സാബത്തികത്തെക്കാളും  മാനസികമായി ഒരു പാട് സഹായിച്ചതിനാലാകണം  അവൾ വഞ്ചിച്ചപ്പോൾ ഞാൻ ഒരു പാട് തളർന്ന് പോയത്. അവളുടെ പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാതിരിക്കാൻ എന്നെ തന്നെ മാറ്റുകയായിരുന്നു എന്നു തന്നെ പറയാം. അവൾ ഉൾകൊണ്ടത് കൊണ്ട് എന്റെ ആജ്ഞകളുടെയും ഉപദേശങ്ങളുടെയും ശൗര്യം ക്രമേണ കുറഞ്ഞു വന്നു. 
അവൾ എല്ലാം നല്ല നിലയിൽ തന്നെയാണ് സ്വീകരിച്ചത്. +2 പഠനം കഴിഞ്ഞ് ഉപരിപഠനത്തിനായി കേരളത്തിലെ പ്രമുഖ കേളേജുകളിൽ നോട്ടമുണ്ടായിരുന്നു .എറണാംകുളത്തെ മഹാരാജാസും പാലക്കാട്ടെ ശ്രീകൃഷ്ണയും തൃശ്ശൂരിലെ കേരളവർമ്മയും അതിൽ ചിലതായിരുന്നു. നന്നായി പഠിക്കുന്നത് കൊണ്ട് തന്നെ ആദ്യ വിജ്ഞാപനത്തിൽ തന്നെ കേരളവർമ്മയിൽ അവസരം കിട്ടി. 
അഡ്മിഷൻ മുതൽ അടി വസ്ത്രം വരെ കൂലി പണിക്കാരനായ ഞാൻ വാങ്ങി കൊടുത്തു. കേളേജ് തുറക്കാൻ ദിവസങ്ങൾ എണ്ണം വെച്ച് ‘ഞങ്ങൾ കാത്തിരുന്നു. കേളേജിലെ ആദ്യദിനത്തിലെ സ്വയം പരിചയപ്പെടുത്തൽ ചടങ്ങിനു ഇംഗ്ലീഷിൽ നല്ലൊരു പ്രസംഗവും അവളെ കൊണ്ട് മനപാഠം പഠിപ്പിച്ചു. കേളേജ് തുറക്കുമെന്ന് പറഞ്ഞദിവസം കേളേജ് തുറന്നില്ല. എന്തായി വിശേഷം എന്നറിയാൻ ഞാനവളെ വിളിച്ചു ഫോണ് എടുക്കുന്നുണ്ടായിരുന്നില്ല. ഞാൻ നേരിട്ട് പോയി കാര്യം തിരക്കി അപ്പോൾ അവൾ പറയാ”മണ്ണും കല്ലും ചുമക്കുന്ന എന്നെ അവൾക്ക് വേണ്ടന്ന് ” 
ചോദ്യങ്ങൾക്കും പറച്ചിലുകൾക്കും നിൽക്കാതെ ഞാൻ വീട്ടിലേക്ക് തിരിച്ചു. വർഷങ്ങളായി എന്റെ പണിപ്പുരയിൽ മഷിക്കായി കാത്തു വിലപിച്ചിരുന്ന രണ്ട് പുസ്തകങ്ങൾ കത്തിച്ചു കളഞ്ഞാണ് ഞാൻ വിഷമം തീർത്തത്. കാൽ ലക്ഷത്തോളം വിലവരുന്ന മലയാളത്തിൽ തന്നെ അമൂല്യങ്ങളായ പുസ്തകങ്ങൾ എങ്ങോട്ടൊക്കെയോ വലിച്ചെറിഞ്ഞു. 
അവളോടുള്ള ദേഷ്യത്തിനു വാക്കുകളെ ശപിച്ച് എഴുത്തും വായനയും നിർത്തി. അങ്ങനെ ഇരുളടഞ്ഞ യുഗംതള്ളിനീക്കുന്നതിനിടക്കാണ്  അവളുടെ കാമുകനല്ലെ എന്നും ചോദിച്ച് നിരന്തരം ഫോണ് വിളികളും സോഷ്യൽ മീഡിയകളിലെ സന്ദേശങ്ങളും  എന്നെ വിടാതെ പിന്തുടരുന്നത് .
 ചത്ത പാമ്പിനെ കുത്തി നോവിക്കുക എന്ന പോലെ എനിക്ക് തോന്നി. കാലം വീണ്ടും മുന്നോട്ട് നീങ്ങി. അവളെ പറ്റി പഴയതിനെക്കാൾ ശക്തിയായി അഭിസാരിക കഥകൾ വീണ്ടും എന്റെ കാതുകളിലെത്തി. എന്റെ എഴുത്തു ജിവിതത്തിലേക്ക് തിരിച്ച് നടക്കുന്നത്  അവൾക്കൊരു പ്രണയ ലേഖനമെഴുതി കൊണ്ടാണ് “അഭിസാരികക്കൊരു പ്രണയ ലേഖനം”
Writer:  #അഷറഫ് പുഴങ്കരയില്ലത്ത്


2 Comments

  1. Thanks! Keep reading with aksharathaalukal. I think, you can find other good storys.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.