കറുത്ത തുണി | Malayalam Story

കുഞ്ഞുന്നാളിൽ സ്കൂളിൽ പോകുമ്പോൾ ക്ലാസ്സിലെ കുറച്ച് കുട്ടികൾ മാത്രം തലയിൽ തുണി ചുറ്റിയിരിക്കുന്നു. എന്തിനാ ഇവർ തലയിൽ തുണി ചുറ്റി കെട്ടിയിരിക്കുന്നത്‌. അതിനെ കുറിച്ച് ഒരുപാട് ആലോചിച്ചു. വീട്ടിൽ എത്തിയിട്ടും അതിനൊരു ഉത്തരം എനിക്ക് കിട്ടിയില്ല. ടി വി കാണുമ്പോൾ അതിലും കുറച്ചുപേർ തലയിൽ തുണി ചുറ്റിയത് കണ്ടു വീണ്ടും സംശയം ആയി. ഞാൻ എല്ലാകാര്യവും അമ്മയോട് പറയലുണ്ട്. ഇ കാര്യം പറഞ്ഞപ്പോൾ
“എടീ മണ്ടൂസേ, അത് തട്ടമാണ്.”
” തട്ടമോ. അപ്പോ എനിക്ക് എന്താ അമ്മ തട്ടം തരാതിരുന്നത് “
“എടീ.. അവർ മുസ്ലിം കുട്ടികൾ ആയത് കൊണ്ടാണ് തട്ടം ഇടുന്നത് മനസ്സിലായ ? “
“ആ “
“എന്റെ പൊന്നു മോള് ഇവിടെ ഇരുന്ന് കളിക്ക്, അമ്മക്ക് കുറച്ച് പണിയുണ്ട് “
അമ്മ അതും പറഞ്ഞ് പോയി. അപ്പോഴും എനിക്ക് സംശയം തീർന്നിട്ടില്ലായിരുന്നു.
ഋതുക്കൾ മാറി മാറി വന്നു ഇപ്പോൾ ഞാനൊരു വലിയ പെണ്ണായി. കുഞ്ഞ് കുഞ്ഞ് സംശയങ്ങളൊക്കെ മാറിതുടങ്ങി.
ഞാൻ കോളേജിൽ പഠിക്കുന്ന കാലം സഫിയ എന്നൊരു ഉമ്മച്ചി കുട്ടി ഉണ്ടായിരുന്നു. ഞാനും അവളും നല്ല കൂട്ടായിരുന്നു. ഞങ്ങൾ എല്ലാ കാര്യത്തിലും ഒന്നിച്ചായിരുന്നു. ഞങ്ങൾ 2nd year പഠിക്കുമ്പോഴാണ് അവളുടെ കല്യാണം കഴിയുന്നത് . നല്ല വാശിക്കാരി ആയത് കൊണ്ട് കല്യാണ ശേഷവും അവൾ പഠിപ്പ് തുടർന്നു.
കല്യാണം കഴിഞ്ഞ ശേഷം അവൾ മിക്കവാറും ദിവസങ്ങളിൽ പർദ്ദയിൽ ആയിരുന്നു കോളേജിൽ വന്നത്. അങ്ങനെ ചൂട് കൂടുതൽ ഉള്ള ഒരു ദിവസം. ഞാൻ നേരത്തെ തന്നെ കോളേജിൽ എത്തി. ക്ലാസ്സ്‌ തുടങ്ങി അവൾ കുറച് നേരം വൈകിയായിരുന്നു വന്നത്. പതിവ് പോലെ ഒരു കറുത്ത പർദ്ദ തന്നെയായിരുന്നു അവളുടെ വേഷം. ക്ലാസ്സെടുക്കുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു ചൂട് കാരണം അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
സാറ് പോയ ശേഷം
“വെറും ചൂരിദാർ മാത്രം ഇട്ട എനിക്ക് തന്നെ ചൂട് സഹിക്കാൻ പറ്റുന്നില്ല. അപ്പോഴാണ് അവൾ കറുത്ത ചാക്ക് പോലത്തെ തുണിയും കെട്ടിയിട്ടു വന്നേക്കുന്നത് “
“എടി എനിക്ക് താല്പര്യമുണ്ടായിട്ടല്ല, വീട്ടുകാരുടെ നിർബന്ധം കൊണ്ടാണ്. എനിക്കാണെങ്കിൽ ഈ പർദ്ദ കാണുന്നതെ ഇഷ്ടമല്ല “
“നിനക്ക് ഇഷ്ടമല്ലെങ്കിൽ പിന്നെ എന്തിനാടി ഇതൊക്കെ ഇട്ടിട്ട് വരുന്നത് “
“നി തന്നെ ഇത് പറയണം. എല്ലാം നിനക്ക് അറിയാല്ലോ. കല്യാണം കഴിഞ്ഞ് കോളേജിൽ പോകണം എന്ന് പറഞ്ഞ് വാശി പിടിച്ചപ്പോൾ വീട്ടുകാർ കുറച്ച് കണ്ടിഷൻസ് എന്റെ മുമ്പിൽ വെച്ചിരുന്നു അതിൽ ഒന്നാണ് ഇ പർദ്ദ “
എനിക്കവളോട് സഹതാപമായിരുന്നു പാവം ഇഷ്ടമുള്ള വസ്ത്രം വരെ അവൾക്ക് നിഷേധിക്കപ്പെട്ടിരുന്നു. കാലം പിന്നെയും കടന്നുപോയി.
സഫിയ ഇപ്പോൾ ഒരു അമ്മയായി അവൾക്കൊരു കൊച്ച് മാലാഖ കുട്ടി പിറന്നു. ഞങ്ങൾ അധിക ദിവസവും ഫോൺ വിളിക്കാറുണ്ട്. കോളേജ് പഠന ശേഷം ഒരു ഗവണ്മെന്റ് ജോലി വേണം എന്നൊരു വാശി എനിക്കുണ്ടായിരുന്നു. നാട്ടിലെ അടുത്തുള്ള ഒരു PSC കോച്ചിംഗ് സെന്ററിൽ ഞാൻ ചേർന്നു. കോളേജിൽ പഠിച്ച കുറച്ചുപേര് ഉണ്ടായിരുന്നു. കാലം കഴിയുന്നതോട് കൂടി എല്ലാവരും നിർത്താൻ തുടങ്ങി. ആദ്യത്തെ എക്സാം വന്നു കിട്ടിയില്ല. പിന്നെയും വന്നു അതും കിട്ടിയില്ല. അങ്ങനെ കൂടെ പഠിച്ച എല്ലാവരും മതിയാക്കി കുറച്ച് പേരുടെ കല്യാണവും കഴിഞ്ഞു. കോച്ചിംഗ് ക്ലാസ്സ്‌ പഠനം ഞാൻ മതിയാക്കി. വീട്ടിൽ നിന്ന് തന്നെ മനസ്സുറപ്പിച് പഠിക്കാൻ തുടങ്ങി. അങ്ങനെ അടുത്ത എക്‌സാമിന്റെ ടൈം ആയി. ഒറ്റയ്ക്ക് പുറത്ത് പോകാൻ എനിക്ക് മടിയായിരുന്നു. എന്റെ എക്സാം സെന്റർ കുറച്ചകലെയാണ് ഫ്രണ്ട്‌സ് കൂടെ ഉണ്ടാകുമ്പോൾ എവിടെ പോകാനും ദൈര്യമായിരുന്നു. എന്നാൽ തനിച്ച് പോകാൻ എനിക്ക് പേടിയായിരുന്നു. എന്ത് വിശ്വസിച് ഞാൻ തനിച്ച് പോകും. റോഡിൽ കൂടി നടക്കുമ്പോഴും ബസ്സിൽ കയറിയാലും എന്നെപോലെയുള്ള പെണ്ണിന്റെ പുറകിൽ ഒരായിരം കാമം കത്തുന്ന കണ്ണുകളുണ്ടാകും. എത്ര നല്ല രീതിയിൽ വസ്ത്രം ധരിച്ചാലും അവർ പിന്തുടരുക തന്നെ ചെയ്യും. ദിവസവും പത്രങ്ങളിൽ നമ്മൾ വായിക്കുന്നുണ്ടല്ലോ.
അമ്മയോടും സഫിയയോടും ഞാൻ എന്റെ സങ്കടം പറഞ്ഞു. ടൗണിൽ പോയി അക്ഷയയിൽ നിന്നും എക്സാം ഹാൾടിക്കറ്റ് വാങ്ങി. വീട്ടിലേക്ക് ബസ്സിൽ പോകുമ്പോൾ കഴുകൻ കണ്ണുകൾ എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തി അമ്മയോട് എല്ലാം പറഞ്ഞിട്ടും ഒന്നും പ്രതികരിച്ചില്ല. രാത്രി ഉറങ്ങാൻ കിടന്നു ഉറക്കം വരുന്നുണ്ടായിരുന്നില്ല നാളത്തെ എക്‌സാമിന്‌ പോകുന്നതിനെ കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവനും. അങ്ങനെ എപ്പോഴോ ഉറങ്ങി.
നേരം വെളുത്തു കുളിച്ചു. എക്‌സാമിന്‌ പോകുവാൻ തെയ്യാറായി. ഞാൻ റൂമിൽ ഇരിക്കുകയായിരുന്നു എന്റെ അരികിലേക്ക് അമ്മ വന്നു
“മോളേ, നിന്റെ കൂട്ടുകാരിയില്ലെ സഫിയ. നി ഇന്നലെ ടൗണിൽ പോയപ്പോൾ അവളൊരു സാധനം നിനക്ക് തരാൻ വേണ്ടി ഇവിടെ വന്നിരുന്നു “
“എന്ത് സാധനം? “
“നി തന്നെ തുറന്ന് നോക്കിക്കോ”
അവൾ നൽകിയ അ പൊതി അമ്മ എനിക്ക് തന്നു അപ്പുറത്തേക്ക് പോയി.
അ പൊതി ഞാൻ തുറന്ന് നോക്കാൻ തുടങ്ങി അതിൽ ഒരു പേപ്പർ കണ്ടു.
“കോളേജിൽ പഠിക്കുമ്പോൾ എനിക്കിത് തീരെ ഇഷ്ടമല്ലായിരുന്നു. എന്നാൽ ഒരു അമ്മയായപ്പോൾ ഒരു മകൾ ജനിച്ചപ്പോൾ എനിക്കിതിന്റെ മഹത്വം മനസ്സിലായി. നിനക്കും മനസ്സിലാകും “
വായിച്ച ശേഷം ഞാൻ തുറന്ന് നോക്കി ഒരു കറുത്ത തുണി ആയിരുന്നു അത്. അ തുണി നോക്കി ഞാൻ കുറച്ച് സമയം അവിടെ ഇരുന്നു.
പുറത്ത് നിന്ന് അമ്മ വിളിച്ചു
“മോളേ സമയമായി പോകുന്നില്ലേ “
റൂമിൽ നിന്നും ഞാൻ ഇറങ്ങി പുഞ്ചിരിയോടെ അമ്മ എന്നെ യാത്രയാക്കി.
കറുത്ത തുണിയുടെ പർദ്ദയുടെ മഹത്വം മനസ്സിലാക്കി അഭിമാനത്തോടെ, ധൈര്യത്തോടെ അത് ധരിച് കൊണ്ട് ഞാൻ നടന്നകന്നു.
Writer: മുമസ്സിൽ. കെ വി

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.