സമുദ്ര #Part 17

കൈയിൽ തന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നോക്കി ഒന്നും മനസിലാകാത്ത കൊണ്ട്, ഒന്ന് നോക്കി അത് അവിടെ തന്നെ വെച്ചു. സി ഐ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലും ഇല്ലാ. അങ്ങോര് ഫയലിലെ ഓരോ പേപ്പറുകൾ മറച്ച് കൊണ്ട് അതിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞ് തുടങ്ങി.

“ഈ പേപ്പറുകളിലെ റിപ്പോർട്ട്‌ വെച്ച് നോക്കുമ്പോൾ ശ്രീ എന്നോട് പറഞ്ഞതെല്ലാം ഒരു 70% ഒക്കെയാണ്. ഓഷിൻ അവരുടെ ദത്ത് മകൾ തന്നെയാണ്. “

ഇതും പറഞ്ഞ് ബർത്ത് സർട്ടിഫിക്കറ്റ് പോലെ എന്തോ ഞങ്ങൾക്ക് കാണിച്ച് തന്നു. ഞാൻ അതിൽ ഒന്ന് നോക്കി തിരികെ ടീപ്പോയിൽ തന്നെ വെച്ചു. സി ഐ യെ നോക്കിയപ്പോൾ അങ്ങോർ എല്ലാ പേപ്പറുകളും അടച്ച് വെച്ച് ഞങ്ങളുടെ സൈഡിലേക്ക് തിരിഞ്ഞ്‌ ഇരുന്നു.

” ഈ ഉണ്ടാക്കിയ റിപ്പോർട്ടിൽ നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇല്ലെങ്കിലും ഈ റിപ്പോർട്ടും പിന്നെ എന്റെ ചില ഊഹങ്ങളും വെച്ച് ഞാൻ പറയാം. ഇത് മുഴുവൻ കറക്റ്റ് ആകണമെന്നില്ല. എന്നാൽ ഒരു 98% ഇത് തന്നെയായിരുക്കും അന്ന് നടന്നത്. ക്ലോസ് ചെയ്ത കേസ് ആയത് കൊണ്ട് ഞങ്ങൾക്ക് അത് ഒഫീഷ്യൽ ആയി മുന്നോട്ട് അന്വേഷിക്കാനും സാധിക്കില്ല. “

ഇത് കേട്ടതോടു കൂടി ഞാനും ശ്രീയും സോഫായിൽ നിന്ന് എണീറ്റ് ഒന്നും കൂടി അടുത്ത് കാണുന്ന തരത്തിൽ സി ഐ യുടെ അരികിലുള്ള രണ്ട് കസേരകളിൽ വന്ന് ഇരുന്നു.

ഞാൻ ഒരു വല്ലാത്ത ടെൻഷനിൽ സി ഐയെയും നോക്കി ഇരിക്കുമ്പോഴാണ് കൈയിൽ വന്ന് എന്തോ തട്ടുന്ന പോലെ തോന്നിയത്. നോക്കിയപ്പോൾ നേരത്തെ കളിച്ചിരുന്നതിലെ മുതിർന്ന കുട്ടി ഞങ്ങൾക്ക് രണ്ട് ഗ്ലാസിൽ ടാങ്ക് പോലത്തെ എന്തോ കലക്കിയ വെള്ളം കൊണ്ട് വന്നതാണ്. ഞാൻ അതും വാങ്ങിച്ച് ഗ്ലാസിൽ ഒന്ന് മുത്തിയ പോലെ കാണിച്ച് ആ ടീപോയിലെ പേപ്പറുകളുടെ ഒരു അരികിലായി വെച്ചു. എന്റെ കണ്ണ് അപ്പോഴും സി ഐയിലേക്ക് തന്നെയായിരുന്നു. സി ഐ ഒന്ന് നിർത്തിയതിന് ശേഷം വീണ്ടും തുടങ്ങി.

“ഓഷിനും സമുദ്രയും കോട്ടയത്ത് ഭാരത് ഹോസ്പിറ്റലിൽ ശ്രീധരന്റേയും രാധയുടെയും മക്കളായി 1993 ജൂലൈ 19 ന് ജനിച്ചു. പിന്നീട് അവർ നിയമങ്ങൾക്ക് വിധേയമായി തന്നെ അന്ന് കോട്ടയത്ത് താമസിച്ചിരുന്ന വിൻസെന്റ് മേരിക്കുട്ടി എന്നി ദമ്പതികൾക്ക് കൈമാറി.

പിന്നീട് വിൻസെന്റ് ഫാമിലി ഇവിടെ തൃശ്ശൂരിലേക്ക് മാറി. ഓഷിൻ വളർന്നതൊക്കെ ഇവിടെ വടക്കാഞ്ചേരിയിൽ തന്നെയാർന്നു. ഇതാണ് ഈ ആക്‌സിഡന്റ് പറ്റിയ രണ്ട് പേർ തമ്മിലുള്ള റിലേഷൻ. അവർ തമ്മിലുള്ള ഫോൺ കോൾ ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ കിട്ടിയതാണ് ഈ റിപ്പോർട്ട്‌.

ഇത് സത്യമാണെന്നും എന്നാൽ ഓഷിനെ ഈ കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും അന്ന് വിൻസെന്റ് സാർ പറഞ്ഞതായി അന്നത്തെ ചോദ്യം ചെയ്ത റിപ്പോർട്ടിൽ എഴുതി കാണിക്കുന്നുണ്ട്. ഇത്രെയൊക്കെ കേസ് അന്ന് അന്വേഷിച്ചെങ്കിലും വിൻസെന്റ് സാർ മേലെ ഉള്ള ആരൊക്കെയുടെയോ പിടി മൂലം ആ ഫയൽ അന്ന് ക്ലോസ് ചെയേണ്ടി വന്നു.

ഇതൊന്നും പുറത്തേക്ക് പോകരുത് ട്ടാ നിങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് ഞാൻ പറയുന്നത്. വീണ്ടും നിങ്ങൾ ഇത് അന്വേഷിക്കാൻ പറഞ്ഞപ്പോൾ അന്ന് ആ ആക്‌സിഡന്റിന് സാക്ഷിയായിരുന്ന ഒരാളെ ഞാൻ ഇന്നലെ ചോദ്യം ചെയ്തത്.

ഈ ചോദ്യം ചെയ്യൽ ഒന്നും പാടില്ലാത്തതാണ് എങ്കിലും ഒരു റിസ്ക് എടുത്ത് ഞാൻ ചെയ്തുന്ന് മാത്രം.

അയാൾ ഒരു പത്രവില്പനക്കാരനാണ്. അയാൾ അന്ന് രാവിലെ പത്രം ഇടാൻ സൈക്കളിൽ പോകുന്ന വഴിക്ക് ഒരു ചുവന്ന കാറിൽ നിന്ന് ഒരു പെൺകൊച്ച് കരഞ്ഞ് അടുത്ത ഒരു ചെറിയ മാരുതി കാറിലോട്ട് കേറാൻ പോകുന്നത് കണ്ടു എന്ന് പറയുന്നു.

സംഭവം എന്തോ പന്തികേട് തോന്നിയത് കൊണ്ട് ആൾ അവിടെ നിന്ന് വേഗം നീങ്ങി അരികിലുള്ള വീട്ടിൽ കയറി പറയാൻ കേറിയപ്പോഴേക്കും അവിടെ ഒരു ശബ്ദം കേട്ടെന്നും ആൾക്കാർ ഓടി എത്തിയെന്നും പറയുന്നു. ആൾ ആക്‌സിഡന്റ് കറക്റ്റ് കണ്ടില്ല. അന്ന് അത് കേസായപ്പോൾ പേടിയായി ഈ വിവരം പുറത്തോട്ടും പറഞ്ഞില്ല.

ഇനി ഞാൻ എന്റെ കണക്ക് കൂട്ടൽ വെച്ച് പറയാം. ഓഷിൻ എങ്ങനെയോ അവൾ അവരുടെ മകൾ അല്ലാ എന്ന് അറിഞ്ഞിട്ടുണ്ടാകണം. അവൾ വാശി പിടിച്ചാണ് അമ്മ മേരിക്കുട്ടി പോലും അറിയാതെ വിൻസെന്റ് സാർ അവരെ കാണിക്കാൻ കൊണ്ട് പോകുന്നത്.

അതിനായി അന്ന് രാവിലെ എറണാകുളത്ത് ലുലുമാളിന്റെ അടുത്തായി വരുവാൻ പറഞ്ഞു. അതിന്റെ കോൾ റെക്കോർഡ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

ഓഷിൻ അവിടെ റോഡിൽ വെച്ച് അവരെ കണ്ടപ്പോൾ ഇത് വരെ അവൾ മകൾ അല്ലാ എന്ന് അറിയിക്കാത്തതിലുള്ള ദേഷ്യവും വെച്ച് അവൾ തിരികെ വിൻസെന്റ് സാറിന്റൊപ്പം പോകുവാൻ സമ്മതിച്ചിട്ടുണ്ടാകില്ല. അതാണ്‌ അവൾ ശ്രീധരന്റെ കാറിൽ കേറുന്നത് കണ്ടു എന്ന് പറയുന്നത്.

എത്ര വിളിച്ചിട്ടും വരാഞ്ഞപ്പോൾ അത് സഹിക്കാൻ പറ്റാതെയുള്ള വെപ്രാളത്തിൽ വിൻസെന്റ് സാറിന്റെ കാർ അവരുടെ കാറിൽ കേറിയതാകണം. അല്ലെങ്കിൽ കേറ്റിയതാകണം. അത് കറക്റ്റ് പറയാൻ പറ്റുന്നില്ല.

പാലത്തിന്റെ അരികിലായതിനാൽ നേരെ താഴോട്ട് വീണു. ആ വീഴ്ചയിൽ തന്നെ ശ്രീധരനും രാധയും മരിച്ചു. ആ കാറിൽ സമുദ്രയും ഓഷിനും കൂടെ ഉണ്ടായിരുന്നു.

പിന്നീട് നാട്ടുകാർ ആരൊക്കെയോ കൂടി എല്ലാവരെയും ഹോസ്പിറ്റൽ ആക്കി. ഓഷിൻ വളരെ സീരിയസ് ആയിരുന്നു. ഹോസ്പിറ്റൽ എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഓഷിൻ മരണപ്പെട്ടു. സമുദ്രക്ക് തലയ്ക്ക് അടിയേറ്റതിനാൽ ഓർമ്മ നഷ്ടപ്പെട്ടു. വിൻസെന്റ് സാർക്ക് വളരെ കുറച്ച് പരുക്കുകൾ മാത്രം ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസിൽ സാർ ഈ കേസിനെ ഒരു സാധാരണ ആക്‌സിഡന്റ് ആയി മാറ്റുകയും സമുദ്രയെ മകളായി നോക്കുവാൻ താല്പര്യം അറിയിച്ചതിന് തുടർന്ന് അവളുടെ ചേച്ചികളുടെ അനുവാദത്തോടെ അവളെ വിൻസെന്റ്-മേരികുട്ടിക്ക് കൈമാറി.

മിക്കതും ഇവൾ ഓഷിൻ ആണെന്നാണ് മേരിക്കുട്ടി മേം അറിഞ്ഞിരിക്കുന്നത്. മേം ഒരു ഹാർട്ട്‌ പേഷ്യന്റ് ആയത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കയ്യ്മാറലിനു സമുദ്രയുടെ ഫാമിലി സമ്മതിച്ചതും.
പക്ഷെ അവൾ ഇപ്പോഴും ഓർമ്മ കിട്ടാത്തതിനാൽ ഓഷിൻ ആയി തന്നെയാണ് അവരുടെ ഇടയിൽ വളരുന്നത്.

ഞാൻ കുറച്ച് ഊഹങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഇതിൽ 98% സത്യം തന്നെയാകാനാണ് ചാൻസ്. ഇനി ആ ആക്‌സിഡന്റ് കേസ് നമ്മളായി കുത്തികൊണ്ട് വന്നാലും അത് ക്യാൻസൽ ആയി തന്നെ പോകാനാണ് വഴി.

വിൻസെന്റ് സാർക്ക് അത്രെയും മുകളിൽ പിടിപാടുകൾ ഉണ്ട്. പിന്നെ ഇപ്പോൾ ഓഷിൻ ആയി വളരുന്ന സമുദ്ര ഹാപ്പിയായതിനാൽ അത് അന്വേഷിച്ച് ആകെ പ്രശ്നമാകാനേ ചാൻസ് ഉള്ളു. “

ഞാൻ ഇതെല്ലാം ഏതോ സ്വപ്നലോകത്തിൽ നിന്ന പോലെ കേട്ടുകൊണ്ടിരുന്നു. ഒന്നും വിശ്വസിക്കാൻ സാധിക്കുന്നില്ല. ഞാൻ പറഞ്ഞ് കഴിഞ്ഞിട്ടും സി ഐ യെ നോക്കിരിക്കുന്നത് കണ്ട് സി ഐ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. എനിക്ക് പ്രത്യേകിച്ച് ഭാവമാറ്റം കാണാഞ്ഞപ്പോൾ സി ഐ വീണ്ടും പറഞ്ഞ് തുടങ്ങി.

“എന്താ ആന്റോ എന്നല്ലേ പേർ പറഞ്ഞേ.. “
ഞാൻ ഒന്ന് ശ്രീയെ നോക്കി. എന്റെ തന്നെ പേരൊക്കെ മറന്നു പോയ പോലെ. ശ്രീ സാറോട് പറഞ്ഞു.

“യെസ് സർ അവൻ ആകെ പേടിച്ചിരിക്കാണെന്ന് തോന്നുന്നു. “

ഇതും പറഞ്ഞ് ശ്രീ എന്നെ നോക്കി. അപ്പോഴേക്കും സി ഐ സാർ പറഞ്ഞ് തുടങ്ങി.

“ആന്റോ.. നീ ടെൻഷൻ ആകാതെ.. വിൻസെന്റ് സാർ ഒരു നല്ല ആൾ തന്നെയാണ്. അല്ലാതെ നിന്നെയും കണ്ട്പിടിച്ച് കല്യാണ ആലോചന കൊണ്ട് വരില്ലലോ. ഇനി ഇപ്പൊ ധൈര്യമായി സമുദ്രയെ തന്നെ കേട്ടാലോ”

ഇതും പറഞ്ഞ് ആൾ എന്നെ നോക്കി. ഞാൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഞാൻ ചിരിക്കാനും കരയാനും ഒക്കെ മറന്നു പോയ പോലെ.

ഇതും പറഞ്ഞ് ഞങ്ങൾ അവിടെന്ന് എണീറ്റു. സി ഐ സാർ എന്റെ പുറത്തോന്ന് കൊട്ടി ഞങ്ങളെ പറഞ്ഞയച്ചു. പുറത്ത് പിള്ളേർ കളിക്കുന്നുണ്ടെങ്കിലും അതൊന്നും നോക്കാതെ ഏതോ ഒരു യാന്ത്രികമായി ഞാൻ പുറത്തോട്ട് വന്ന് അവന്റെ പിറകിൽ ബൈക്കിൽ കയറി.

ശ്രീ എന്തൊക്കെയോ ചോദിക്കുന്നുണ്ടെങ്കിലും എനിക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. വീട്ടിൽ എത്തി ഞാൻ നേരെ മുറിയിൽ പോയി കിടന്നു. ശ്രീ എന്തൊക്കെയോ അമ്മയോട് പറയുന്നുണ്ട്.

ഞാൻ ഒന്ന് പേടിച്ച് ശ്രദ്ധിച്ചപ്പോൾ അവൻ എനിക്ക് കല്യാണത്തിന് സമ്മതമാണെന്നും വിൻസെന്റ് സാറിന്റെ വീട്ടിലോട്ടു പോകുവാനും മറ്റും ആണ് പറയുന്നത്. ഞാൻ വേഗം തിരിഞ്ഞ് കണ്ണടച്ച് കിടന്നു.

തുടരും..

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.