സമുദ്ര #Part 18

സത്യം പറഞ്ഞാൽ എനിക്ക് പേടിയല്ല, സത്യത്തോട് പൊരുത്തപ്പെടാനുള്ള ഒരു ബുദ്ധിമുട്ട്. ഞാൻ ഈ കാണുന്നത് സ്വപ്നമോ അതോ യഥാർത്ഥമാണോ എന്ന് മനസിലാക്കാൻ എനിക്ക് തന്നെ സാധിക്കാത്ത പോലെ.

മെല്ലെ ഒരു കൈ കൊണ്ട് പരതി അരികിൽ കിടക്കയിൽ കിടക്കുന്ന ഫോൺ കണ്ടുപിടിച്ചു. അവളെ കാണാൻ മനസ്സ് വല്ലാതെ തുടിക്കുന്ന പോലെ. മെല്ലെ ലോക്ക് സ്ക്രീൻ തുറന്ന് കുറച്ച് നേരം അവളെയും നോക്കിയിരുന്നു.

“എന്റെ സമുദ്രകുട്ടി.. നിന്നെ ഞാൻ എത്ര വേദനിപ്പിച്ചു ഡാ.. ഒന്നും അറിയാതെയാഡാ.. ഒന്ന് നിന്റെ ഈ അപ്പുവേട്ടനോട് പൊറുക്കോ.. “

അറിയാതെ കണ്ണ് നിറഞ്ഞു. വേഗം മുണ്ടിന്റെ തുമ്പ് കൊണ്ട് കണ്ണ് തുടച്ച് ബാത്റൂമിൽ പോയി മുഖം കഴുകി കട്ടലിൽ വന്ന് ഇരുന്നു. ഫോൺ എടുത്ത് വിൻസെന്റ് സാർ എന്നിടത്ത് കുത്തി.

എങ്ങനെയൊക്കെയോ നാളെ അമ്മയെയും കൂട്ടി അങ്ങോട്ട്‌ വരുന്നുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി. പുറത്ത് ഇരുട്ട് കണ്ട് സമയം നോക്കിയപ്പോൾ 8 ആവാറായി. എപ്പോഴോ ഉറങ്ങി പോയെന്ന് തോന്നുന്നു.

റൂം തുറന്ന് പുറത്ത് കടന്നപ്പോൾ അവിടെ അനിയനും അമ്മയും കൂടി പ്രാർത്ഥന എത്തിക്കുകയായിരുന്നു. പുറത്ത് നിന്ന് വരുമ്പോൾ എന്റെ മുഖം കണ്ടിട്ടാണെന്ന് തോന്നുന്നു എന്നെ പ്രാർത്ഥനക്ക് ഒന്നും വിളിച്ചില്ല.

ഞാൻ റൂം തുറന്നപ്പോൾ അവർ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ പ്രത്യേകിച്ച് ഒരു ഭാവവെത്യാസം ഒന്നും കാണിക്കാതെ നേരെ അടുക്കളയിൽ പോയി.

അവിടെ മേശയിൽ എനിക്കുള്ള ചോറ് മൂടി വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്ന് ഒരു രണ്ട് പിടി കഴിച്ച് ബാക്കി അവിടെ തന്നെ മൂടി വെച്ച് റൂമിലേക്ക്‌ തിരിച്ച് വന്നു കിടന്നു. കിടന്നതേ ഓർമയുള്ളു പെട്ടന്ന് ഉറങ്ങി പോയി.

പിന്നെ കണ്ണ് തുറന്നപ്പോൾ സമയം 7 മണി. റൂം തുറന്ന് പുറത്ത് നോക്കിയപ്പോൾ അമ്മ അവിടെ ഒന്നുമില്ല. പള്ളിക്ക് പോയിട്ടുണ്ടാകും. വന്നാൽ അപ്പോൾ തന്നെ അമ്മയും കൂട്ടി അവളുടെ വീട്ടിലേക്ക് പോകണം.

ശ്രീയോട് വരാൻ പറയാനായി ഫോൺ എടുത്തപ്പോഴേക്കും പുറത്ത് ബുള്ളറ്റിന്റെ ശബ്ദം. നോക്കിയപ്പോൾ ശ്രീ ഗേറ്റും തുറന്ന് വരുന്നു. ഈ അതിരാവിലെ തന്നെ അവൻ വരുമെന്ന് പ്രതീഷിച്ചില്ല.

അവനെ അവിടെ ഇരുത്തി അകത്ത് കയറി ഒന്ന് കുളിച്ച് ഡ്രസ്സ്‌ മാറി വരുമ്പോഴേക്കും അമ്മ എത്തിയിട്ടുണ്ടായിരുന്നു. അമ്മയുടെ മുഖത്ത് നോക്കുവാൻ ഒരു ചമ്മൽ. കുറെ നാളായല്ലോ ഞാൻ ഈ കല്യാണം സമ്മതിക്കാതെ നടക്കുന്നു. പെട്ടന്ന് എനിക്ക് ഈ കല്യാണത്തിന് കുഴപ്പമില്ലെന്ന് പറഞ്ഞപ്പോൾ എന്താവോ വിചാരിച്ചിണ്ടാകുക.

ഒരുവിധം അമ്മയുടെ ഭാഗത്തോട്ട് നോക്കി ‘കാർ വിളിച്ച് പറഞ്ഞിട്ടുണ്ട് ഇപ്പോൾ വരുമെന്ന് ‘ പറഞ്ഞു.
ഇനി അടുത്ത ഭയം ഓഷിൻ എന്ന എന്റെ സമുദ്രകുട്ടിയെ അഭിമുഖീകരിക്കണം. അന്ന് കോട്ടയത്ത് പോയപ്പോൾ തൊട്ട് എന്നോടുള്ള ദേഷ്യത്തിലാണ്.

അവളൊന്ന് നോ പറഞ്ഞാൽ ഇതൊന്നും നടക്കില്ല. അവളെ കുറ്റം പറയാനും പറ്റില്ല. അവൾക്ക് എന്ത് അറിയാനാ. ഞാൻ ഈ ജീവിക്കുന്നത് തന്നെ അവൾക്ക് വേണ്ടിയായിരുന്നുവെന്ന് പറയാനും പറ്റോ.

പാവം സ്നേഹിക്കാൻ മാത്രേ ആ പാവത്തിന് അറിയൂ. എന്തോ മനസ്സിൽ ഒരുപാട് സന്തോഷം തിരയടിക്കുന്ന പോലെ. കുറച്ച് നാളായി മങ്ങി കിടന്നിരുന്ന അമ്മയുടെ മുഖത്തും ഒരു പ്രകാശം.

കാർ വന്നതും അവിടെ എത്തിയതും ഒന്നും അറിഞ്ഞില്ല. ഞാൻ ഏതോ ഒരു സ്വപ്നലോകത്തിൽ നടക്കുന്ന പോലെ. വിൻസെന്റ് സാറും മേരിയമ്മയും ഒരു പുഞ്ചരിയോടെ ഞങ്ങളെ അകത്തോട്ട് സ്വീകരിച്ചു.

ഞാൻ തേടിയിരുന്ന മുഖം അവിടെ എങ്ങും കാണാനില്ല. ഞാൻ നോക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു മേരിയമ്മ എന്നോട് ഒരു മുറി കാണിച്ച് അങ്ങോട്ട്‌ പൊക്കോളാൻ പറഞ്ഞു. എനിക്ക് പെട്ടന്ന് വന്ന ചമ്മൽ ഒന്ന് കടിച്ച് പിടിച്ച് ഷർട്ട്‌ ഒന്ന് ശരിയാക്കി അങ്ങോട്ട്‌ നടന്നു.

അകത്തേക്ക് നടക്കുന്തോറും സന്തോഷം എല്ലാം അസ്തമിച്ച പോലെ മനസ്സിൽ ഒരു വിഷമം. എന്തോ അവളെ അഭിമുഖീകരിക്കാൻ ഒരു ബുദ്ധിമുട്ട്.

ബെഡ്‌റൂമാണെന്ന് തോന്നുന്നു. പക്ഷെ ബെഡ് ഇട്ടിട്ടുണ്ട് എന്നേ ഉള്ളു ഒരു സ്വീകരണമുറി പോലെ തന്നെ ഉണ്ട്. ഒരു മൂലയിൽ സോഫയും ടീപോയും ഒക്കെ ഉണ്ട്. നോക്കിയപ്പോൾ അതിന്റെ ഒരു മൂലയിൽ നീല കളർ ധാവണിയിൽ അവൾ ഇരിക്കുന്നു. ശരിക്കും ദേവലോകത്തെ ഒരു ദേവതയെ പോലെ.

ഞാൻ വന്നിട്ടും എന്നെ നോക്കിയും പോലും ഇല്ല. അവൾ അരികിലുള്ള ജനാലയിൽ നോക്കി ഇരിക്കുകയാണ്. ഞാൻ അവിടെ തന്നെ കുറച്ച് അകലെയായി ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞും ഒന്നും മിണ്ടാതായപ്പോൾ ഒന്ന് വിളിച്ച് സോറി പറയാമെന്ന് വിചാരിച്ചു. ‘സമുദ്ര’ എന്ന് വിളിക്കാനായി തുടങ്ങിയെങ്കിലും, വിളിക്കാൻ വന്ന വാക്കുകളെ തൊണ്ടയിൽ കുടുക്കി ‘ഓഷിൻ’ എന്ന് വിളിച്ചു. അവൾ എന്നെ ഒന്ന് നോക്കിയപ്പോഴേക്കും വേഗം എങ്ങനെയൊക്കെയോ ഞാൻ സോറി പറഞ്ഞ് അവളുടെ കണ്ണുകളെ നോക്കിയിരുന്നു.

പെട്ടന്ന് ആ താമര കണ്ണുകൾ വിടർന്ന പോലെ. അവൾ ആ നുണ കുഴിയും കാണിച്ച് ചിരിക്കുവാൻ ശ്രമിക്കുന്ന പോലെ. ഒന്നും സംസാരിച്ചില്ലെങ്കിലും എനിക്ക് ഇത് തന്നെ ധാരാളം മതിയായിരുന്നു.

പുറത്തേക്ക് വന്നപ്പോഴേക്കും അവിടെ കല്യാണത്തിന്റെ തിയതികൾ എല്ലാം തീരുമാനിച്ചിരുന്നു. ഒന്ന് മനസിലായി ഈ വരുന്ന ഏപ്രിൽ 29 ന് എനിക്ക് എന്റെ സമുദ്രയെ കിട്ടും. തടയാൻ വെച്ച കൈകളെയും തോൽപ്പിച്ച് കൊണ്ട് കണ്ണീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു.

——————————————————————-

സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ ഈ ഭൂമിയും സ്വർഗ്ഗമാണെന്ന് തോന്നി പോകും. ഇനി ഇപ്പോൾ സ്വർഗ്ഗം കാണിച്ച് തന്നാലും അവർ ഇല്ലാത്ത ഒരു ലോകം സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. നമ്മെ സ്നേഹിക്കുന്നവരെ നാമും സ്നേഹിക്കുക. നമ്മളായിരിക്കാം അവരുടെ ലോകം. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം നമ്മൾ തന്നെയാകാം. എത്ര കുറവുകൾ ഉണ്ടെങ്കിലും ആ കണ്ണുകളെ ഒരിക്കിലും നനയിപ്പിക്കരുത്.

എന്തൊക്കെയോ ആലോചിച്ച് ഇരിക്കുമ്പോൾ ഒരു തിര വന്ന് കാലുകളെ സ്പർശിച്ചു. സ്ഥലകാല ബോധം വന്ന് ഒന്ന് നോക്കിയപ്പോൾ കയ്യിൽ എന്റെ സുന്ദരി കുട്ടി പിടിച്ച് വലിക്കാണ്.
“അപ്പാ..ഒ നമ്മുക്ക് ഒന്നും കൂടി മുന്നിലേക്ക് പോകാം…”

” ഈ അപ്പക്ക് കടൽ പേടിയാ.. മോളുനെ മോളുന്റെ അമ്മ  കൊണ്ടോവും.”

ഇതും പറഞ്ഞ് പിറകിൽ ഒരു പാറയിൽ ഇരിക്കുന്ന എന്റെ സമൂസബേബിയുടെ അടുത്തേക്ക് അവൾ ഓടി.

പിന്നെയും ഓർമകളെ മാടി വിളിച്ച് കൊണ്ട് തിരകൾ എന്റെ കാലുകളെ തഴുകി കൊണ്ടിരുന്നു.

#അവസാനിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.