വീടിന്റെ നോവ് – Malayalam Poem

പടിവാതിലണയവേ തിരയുന്നു മിഴികളാ-
വാതില്‍പഴുതിലൂടുമ്മ തന്‍ നിഴലുകള്‍
ആര്‍ദ്രമായൊഴുകുന്ന കണ്ണിന്‍കടാക്ഷങ്ങള്‍
നിദ്രയില്‍വീണുമയങ്ങി അടഞുപോയ്.
മുറ്റത്തുനട്ടുനനച്ച തൈമാവിലെ-
കന്നിയിളംപൂവും വാടിക്കരിഞുപോയ്
നിലാവസ്ഥമിച്ചു, മിഴികളില്‍ പ്രതീക്ഷകള്‍
പകരുമാതാരകസ്പന്ദനം ഇരുളില്‍ലയിച്ചുവോ
ശ്വാസമടയുന്നുവോ, ചിറകടിയൊച്ചകള്‍ നേര്‍തു-
നേര്‍ത്, ആത്മാവും അനന്തതയിലകന്നുവോ
അകതാരിലുറയുന്നദ:ുഖങ്ങള്‍ പെരുകി-
യോര്‍മകളില്‍പരതി പരിതപിച്ചീടയായ്

ഇനിയില്ല സ്‌നേഹശകാരങ്ങള്‍, ശാസനകള്‍
പ്രാര്‍ത്ഥിച്ചുണര്‍ത്തുന്ന ചുണ്ടിന്‍ചലനവും
നിശ്ചലം വികാരങ്ങള്‍, ചമയങ്ങളില്ലിനി,
മൈലാഞ്ചിയൂറിചുവക്കില്ല വിരലുകള്‍
ഉമ്മതന്‍ അസാന്നിധ്യം, നൊമ്പരക്കൂടിതില്‍
ഉറ്റവരെല്ലാം ചുറ്റിലുമുണ്ടെന്നിരിക്കിലും,
ഞാനൊറ്റയ്‌ക്കെ-ന്നൊരുതോന്നല്‍
ഉള്ളിലെപ്പോഴും വുതുമ്പുന്നു.
മരുന്നും ചോരയും കലഹപ്രിയരായ് സിരകളില്‍
വേദനകള്‍ നീറുന്ന രാവിന്നിരുളിലും
വീഴരുതേയെന്നന്‍പോടെ മൊഴിയുന്ന
സ്‌നേഹ ധാരയായൊഴുകന്ന പേറ്റുനോവാണുമ്മ.
പനിപടരും സന്ധികളില്‍ മെല്ലെത്തലോടും
മൃദുവിരലിന്‍ തരളവികാരങ്ങളായ്
വേദനകളിലുമാനന്ദം പകരുന്ന വിദ്യയായ്
മൂഖതയൂറുന്ന നാവിനു, നറുംതേനും വയമ്പുമായ്
കരള്‍കാഞു കനിവോടെ പ്രാര്‍ത്ഥിച്ചിരുന്നുമ്മ
ശൈശവതളിരുകളിലുമ്മകള്‍ ചാര്‍ത്തി
താരാട്ടിനീരടികളില്‍ ആലോലമാട്ടി
ആമോദമോടെ ചിറകുകള്‍ താഴ്ത്തി
സങ്കടശീലുകള്‍, കൗമാരകൗതുകം,
കാതോര്‍ത്തിരിക്കും തരളഹൃദയതാളങ്ങളും
കിനാവിന്നാകാശവും, നിലാവുമായിരുന്നുമ്മ.
വീടിതു വാടാവാടികയാക്കും മഞലകളെ-
തഴുകുംമൊരിളം തെന്നലുമായിരുന്നു
ഊറ്റത്തിലെരിവയറെയൂട്ടുന്ന സുകൃതലാവണ്യവും
നിസ്വരുടെ നിലവിളികളില്‍ കനിവിന്നുറവയും
ദുഖങ്ങളിലാര്‍ക്കുമൊരു ദിവ്യകരസ്പര്‍ശവും,
വീടിന്‍ പ്രകാശമായ്, മിഴികളില്‍ തിരിനീട്ടി,
കാവല്‍വിളക്കായ്, നാളമണയാതിരുന്നു
ചെയ്തുചെയതു പാകതയാര്‍ന്ന കരങ്ങളും –
മനസ്സും, പടിയിറങ്ങിപോയതില്‍പിന്നെ,
കത്തിയാളുമ്പോഴും നീറിനീറിപുകയുന്നീയടുപ്പുകള്‍
ഉപ്പുകൂടി കയ്പാല്‍ കയര്‍ക്കുന്നു കുരലുകള്‍
മുളകെരിവുകൂടി കിതയ്ക്കുന്നു രസനയും
ചവര്‍പ്പാല്‍ തികട്ടും പുലര്‍കാലചായയും
വീടിന്റെ ഉള്‍ക്കാമ്പുരുകിയുരുകിതീര്‍ന്നതിന്‍
വ്യഥകളൂറുന്ന ഉള്ളില്‍നിന്നും, ഉമ്മയെന്നൊ –
രശരീരി വിളിച്ചുണര്‍ത്തുന്നിതെപ്പോഴും
ശബ്ദങ്ങള്‍നിലച്ചൊരീയിരുള്‍രാവില്‍
വീണ്ടുമീപടിവാതിലണയവേ,
മരണക്കിടക്കയിലൂം ഇത്തിരിപ്രാണവായു –
പകരുവാന്‍വെമ്പിയ, മനസ്സിന്‍ വികാരങ്ങള്‍,
ഓര്‍മകളില്‍ ഉമ്മയെതേടി കണ്ണീര്‍കണങ്ങളായ്.

Writer: Muhsin T. A

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.