ഇവർക്ക് എന്താ പറ്റിയേ? | Malayalam Story

അയ്യോ സമയം ആറുമണി. ചാടി പിടഞ്ഞ് എണീറ്റു. ഏട്ടനെ ഡ്യൂട്ടിക്ക് പൂവാനുള്ളതാണ്. ഇന്നലെ എപ്പോഴാ കിടന്നേ എന്ന് ഓർമ്മയില്ല, എന്തോ വല്ലാത്ത ക്ഷീണം.
അപ്പുറത്ത് ഏട്ടൻ കിടക്കുന്നുണ്ട്. പാവം ഉറഞ്ഞിട്ടില്ലാന്ന് തോന്നുന്നു. കണ്ണിന് ചുറ്റും ആകെ ചുവന്ന് വീർത്തിരിക്കുന്നു. ഈ ടൈമിൽ ഏട്ടനെ വിളിക്കാറുള്ളതാണ് വേണ്ടാ ഉറങ്ങിക്കോട്ടെ. ചോറും ഉപ്പേരിയും  വെച്ച് വിളിക്കാം.
മെല്ലെ അടുക്കളയിലേക്ക് നടുക്കുന്ന വഴിക്കാണ് ഒന്ന് ശ്രദ്ധിച്ചത്.  അടഞ്ഞ് കിടക്കുന്ന കിച്ചുവിന്റെ മുറിയിൽ എന്തോ ഒരു അനക്കം. അവൻ എണീക്കാറായിട്ടില്ലലോ.. മെല്ലെ ആ ഡോർ തുറന്ന് നോക്കിയപ്പോൾ അവൻ എണീറ്റ് കസേരയിൽ ഇരുന്ന്  പുറത്തേക്ക് നോക്കിയിരിക്കുന്നു. ഇവനെ എന്ത് പറ്റി.
“ഡാ… കിച്ചു… നിനക്ക് ഇത്ര വേഗം നേരം വെളുത്തോ… ആറു മണിയല്ലേ ആയിട്ടുള്ളു…അല്ല.. ഇനിയിപ്പോ ക്ലോക്ക് നിന്നു പോയോ? അല്ലല്ലോ.. സമയം ശരിയാ.. എന്തു പറ്റി ഡാ കിച്ചു?
ഉം.. മനസിലായി… അച്ഛന് മയാക്കാനുള്ള വഴിയാണല്ലേ.. അച്ഛന്റെ മോന് തന്നെ… അപ്പൊ വേഗം കുളിച്ചു റെഡിയാവു.. നമ്മുക്ക് അമ്പലത്തിൽ പോകാം.. ദേ ഞാൻ ചായ എടുത്തു വെക്കാം..
നീ വിഷമിക്കണ്ട ഡാ .. എനിക്ക് എന്റെ കിച്ചുനെ അറിഞ്ഞുടെ… കിച്ചുനെ ബൈക്ക് വാങ്ങി കൊടുക്കാൻ  ഞാൻ ഇന്നലെ അച്ഛനോട് പറഞ്ഞിട്ടുണ്ട് ഡാ..  നീ പറഞ്ഞിട്ടു ആണന്നൊന്നും പറഞ്ഞിട്ടില്ലാ.. അല്ല.. മോന്റെ മുഖത്തെന്താ ഒരു സന്തോഷവുമില്ലാത്തെ.. ഇതെന്താ അമ്മയോട് പിണക്കത്തിലാണോ ആ മൊബൈലും കയ്യിലില്ലാലോ..
അതും പിടിച്ചു എപ്പോഴും ഇരിക്കുന്നത് കൊണ്ടല്ലെ അമ്മ ഇന്നലെ ദേഷ്യപ്പെട്ടെ.. അതൊക്കെ ആലോചിച്ചു മുഖം വീർപ്പിച്ചിരിക്കണോ..
പിണങ്ങല്ലേഡാ… എന്റെ മോനോട് ഇഷ്ടായിട്ടല്ലേ അമ്മ അങ്ങനൊക്കെ പറയുന്നേ.. വയ്യേ? നല്ല ചൂടുണ്ടല്ലോ… നീ എന്താ എന്നെ ഒന്നു നോക്കുംപോലും ചെയ്യുന്നില്ലല്ലോ.. 
അമ്മക്ക് നല്ല വിഷമമുണ്ട്ട്ടോ… മോന് ഇവിടെ കിടന്നോ… അമ്മ ചായ ഉണ്ടാക്കിട്ടു ഇപ്പൊ വരാം. അമ്പലത്തിക്ക് ഒന്നും വരണ്ടട്ടോ.. ഇവിടെ അനങ്ങാതെ കിടന്നാൽ മതി.. ഞാൻ നമ്മുടെ തറവാട്ടമ്പലത്തിക്ക് പോയി പ്രസാദവും കൊണ്ടു വരാം. അതു കഴിക്കുമ്പോൾ മോന്റെ എല്ലാ വിഷമവും മാറൂട്ടോ… പോയി വരുമ്പോഴേക്കും അമ്മയോടുള്ള പിണക്കൊക്കെ മാറ്റണം.
ദേ അച്ഛനും എണീറ്റു വന്നുണ്ടല്ലോ.. ഏട്ടാ നോക്കു.. ഇവൻ എന്നോട് ഒന്നും മിണ്ടുന്നില്ല.. നല്ല ചൂടും ഉണ്ട്. എനിക്ക് പേടിയാകുന്നുണ്ട്ട്ടോ എന്താ ഒന്നും പറയത്തെ.. ദേ ഇങ്ങോർക്കും എന്തു പറ്റി… കണ്ണൊക്കെ ചുവന്നു കലങ്ങിയിട്ടുണ്ടല്ലോ. ഏട്ടാ എന്തു പറ്റി.. എന്താ ആരും ഒന്നും മിണ്ടാത്തേ.. എന്നെ വിഷമിപ്പിക്കാതെ കാര്യം എന്തെന്ന് പറ..
എന്നെ ആർക്കും വേണ്ട. ദേ നോക്കു,അവൻ അച്ഛന്റെ അടുത്തേക്ക് പോണ്.. മോനേ കിച്ചു.. അച്ഛനോട് ചോദിക്ക് എന്താ പറ്റിയതെന്ന്. ഏട്ടന്റെ കയ്യിലെന്താ? ഹാ..  ഇത് എന്റെ പണ്ടത്തെ  ഫോട്ടോയാണല്ലോ അപ്പൊ എന്നോട് ഇഷ്ടണ്ട്. 
ഏട്ടനെ ആ ഫോട്ടോ ഓർമയുണ്ടോ? നമ്മൾ കല്യാണം കഴിഞ്ഞ് പിറ്റേ ഡേ സ്റ്റുഡിയോയിൽ പോയി എടുത്തിരുന്നതല്ലേ. എന്ത് രസല്ലേ അതിൽ കാണാൻ. ഇപ്പോൾ നോക്കിയേ മുഖമൊക്കെ ചുളിഞ്ഞ് ആകെ ഒരു കോലമായി.  ഇത് ഇപ്പോൾ എവിടെന്നാ കിട്ടിയേ.  എന്തിനാണാവോ ഇതും കൊണ്ട് വന്നോണെ.
അല്ല ഏട്ടാ.. എന്തിനാ എന്റെ ഫോട്ടോയെടുത്ത് ചുമരിൽ തൂക്കി മാലയിടുന്നെ.. എന്തിനാ രണ്ടാളും കരയുന്നെ.. നിങ്ങളാരും എന്നോട് മിണ്ടുന്നുമില്ലല്ലോ.. ഒന്നു നോക്കുന്നു പോലുമില്ലല്ലോ.. എന്തു പറ്റി എല്ലാർക്കും. ഏട്ടാ… മോനേ  കിച്ചു.. ഒന്ന് വിളി കേൾക്കു…
# maria fraji

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.