ഒത്തിരി സന്തോഷം നിറഞ്ഞ അന്തരീക്ഷം, ഏഴാം ക്ലാസ് മുതലാണ് ഞാൻ മലയാളം മീഡിയം സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്. തമിഴ്നാട്ടിലെ ഗൂഡല്ലൂർ എന്ന സ്ഥലത്ത്, കേരളത്തിലെ പോലെ തന്നെ ഒരു മലയാളം മീഡിയം സ്കൂൾ ഉണ്ട്. എൻറെ ആദ്യദിവസം, കുട്ടികൾ അടക്കിപ്പിടിച്ച വർത്താനം പറയുന്നുണ്ട്, ചിരിയും സന്തോഷവും നിറഞ്ഞ ക്ലാസ്. ആരിലും ഒരു ഭയവും ഞാൻ കാണുന്നില്ല, എല്ലാവരും സന്തുഷ്ടരാണ്. മോളി ടീച്ചർ ക്ലാസിൽ വന്ന് വളരെ സ്നേഹത്തോടെ അവധി ദിവസത്തെ വിശേഷങ്ങൾ അന്വേഷിക്കുകയും, ആദ്യ ദിവസത്തെ ആശംസകൾ നേരുകയും ചെയ്തു. എനിക്ക് ഒത്തിരി സന്തോഷം തോന്നി.
ICSC സിലബസ് പഠിപ്പിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്നാണ് എന്നെ ഇങ്ങോട്ട് മാറ്റിയത്. വീട്ടിലെ ദാരിദ്ര്യം ഒരു പരിധിവരെ കാരണം ആയിരുന്നു എങ്കിലും, ഐസിഎസ്ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒരു കുട്ടിക്ക് ഉണ്ടാകേണ്ട പല കഴിവുകളും എനിക്കുണ്ടായിരുന്നില്ല, ഞാൻ ഒരു ബിലോ ആവറേജ് സ്റ്റുഡൻറ് മാത്രമായിരുന്നു. അവിടെ ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാവൂ എല്ലാവരും വലിയ നിശ്ശബ്ദതയിൽ ആയിരിക്കും ഭൂരിഭാഗവും സമയം. ഇൻറർവെല്ലിന് പോലും പഠിക്കുന്ന കുട്ടികൾ. കുട്ടികളുടെ പെർഫോമൻസും മാർക്കും മാത്രം ശ്രദ്ധിക്കുന്ന ടീച്ചർമാരും പ്രിൻസിപ്പാളും, കൂടാതെ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുട്ടികളും. ഇതെല്ലാം എന്നെ വളരെയധികം ശ്വാസം മുട്ടിച്ചിരുന്നു. മിക്ക നാളുകളിലും വഴക്ക് പറയാനും ശിക്ഷിക്കാനും മാത്രമേ മിസ്സമാര് എന്നെ വിളിച്ചിരുന്നുള്ളു.
ഇതിൽനിന്നെല്ലാം വ്യത്യസ്തമായി മലയാളം മാത്രം സംസാരിക്കുന്ന, ചിരിക്കുന്ന, ഒത്തിരി കഥകൾ പറയുന്ന, നന്മനിറഞ്ഞ ഉപദേശങ്ങളുമായി വരുന്ന അദ്ധ്യാപകർ, ടീച്ചർമാർ, എത്ര സ്നേഹത്തോടെയാണ് ഞങ്ങളെ ഉപദേശിക്കുന്നത്. ഇതെല്ലാം എനിക്ക് വളരെ അൽഭുതവും പുതുമയും ആയിരുന്നു.
അസംബ്ലി കഴിഞ്ഞാൽ പിന്നെ എല്ലാവരും ഒറ്റ ഓട്ടമാണ് ക്ലാസ്സിലേക്ക്, എന്ത് രസമാണ്. ഞാൻ പണ്ട് പഠിച്ച സ്കൂളിൽ നിരനിരയായി നടന്നു മുന്നോട്ടുപോകണം, ലീഡർമാർ ഒരോ കുട്ടികളുടെയും തല മുതൽ കാൽ വരെ നോക്കും. ബെൽറ്റ് ഉണ്ടോ , ട്ടൈയും ബാഡ്ജും ഉണ്ടോ, ഷൂസ് പോളിഷ് ചെയ്താണേ, യൂണിഫോം എങ്ങനെയുണ്ട്, ആകെ ഒരു അസ്വസ്ഥതയാണ്.
അങ്ങനെ മലയാളമെന്ന പുണ്യം നിറഞ്ഞ, എന്നും മധുരമായി തോന്നിയ സംസ്കാരത്തിൽ സന്തോഷത്തോടെ ദിവസങ്ങൾ മുന്നോട്ട് പോയി. ഒരു മാസം കഴിഞ്ഞ് കാണും, ആദ്യത്തെ ക്ലാസ് പരീക്ഷ ആണ് മോളി ടീച്ചറിന്റെ വിഷയമാണ്. പഠിക്കാൻ വലിയ മിടുക്കൻ ഒന്നുമല്ലാത്ത ഞാനെന്തൊക്കെയോ പഠിച്ചു പരീക്ഷ എഴുതി. പിന്നെ പേപ്പർ കിട്ടുന്ന ദിവസം. ടീച്ചർ വരുന്നതും കാത്ത് എല്ലാവരും ഇരിക്കുകയാണ് ക്ലാസ്സിൽ നന്നായി പഠിക്കുന്നവർക്കും പഠിക്കാത്തവർക്ക്ം എല്ലാവർക്കും ഒരേ ഭാവം, ആർക്കും ഒരു ഭയവും കണ്ടില്ല.
ടീച്ചർ വന്നു, ടെസ്റ്റ് പേപ്പർ തന്നു എനിക്കും കിട്ടി, എനിക്ക് 50ൽ 30 മാർക്കാണ് കിട്ടിയത്. എല്ലാവരെയും വിളിച്ച് ടീച്ചർ എന്തൊക്കെയോ പറയുന്നുണ്ട്. എന്നെയും വിളിച്ചു ടീച്ചർ. എന്നോട് മോളി ടീച്ചർ പറഞ്ഞു, ” അത്യാവശ്യം നല്ല മാർക്ക് ഉണ്ടല്ലോ, മിടുക്കൻ, മോൻ വിചാരിച്ചാൽ ഇതിലും കൂടുതൽ മാർക്ക് വാങ്ങാൻ സാധിക്കും, ഗുഡ് വെരി ഗുഡ്”. അഭിനന്ദനത്തിൻറെ ഈ വാക്കുകൾ കേട്ട് എൻറെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. മാർക്ക് കുറഞ്ഞവരോട് സ്നേഹത്തോടെയുള്ള തിരുത്തലുകൾ, ഇതെല്ലാം എന്നെ വളരെയേറെ അത്ഭുതപ്പെടുത്തി. ടീച്ചറുടെ അഭിനന്ദനത്തിൻറെ വാക്കുകളൾ ഇന്നും ഒരു സംഗീതം പോലെ, ഹൃദയത്തെ സന്തോഷിപിക്കുന്ന ഒരു സുഗന്ധം പോലെ ഞാൻ അനുഭവിക്കുന്നു. പിന്നീട് എൻറെ ജീവിതത്തിലെ ഒരോ പരീക്ഷകൾക്കും നല്ല മാർക്ക് വാങ്ങണം എന്ന ചിന്ത തന്ന, എന്നെ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകം ആയിരുന്നു ഈ വാക്കുകൾ. ഈ അഭിനന്ദനത്തിൻറെ വാക്കുകൾക്ക് എന്നെ പോലെ ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ എത്രമാത്രം മാറ്റങ്ങൾ വരുത്താൻ സാധിച്ചു എന്ന് ചോദിച്ചാൽ, ഞാൻ പറയും ഒത്തിരിയേറെ എന്ന്.
ഇന്ന് ചിട്ടയായ ക്ലാസ്സുകളും, കമ്പ്യൂട്ടറൈസ് ക്ലാസ് മുറികളുമുണ്ട്. കുട്ടികളിലെ നന്മയും കഴിവും, വിജയവും ചൂണ്ടിക്കാട്ടി, തെറ്റുകൾ വരുമ്പോൾ, കുറവുകൾ കാണുമ്പോൾ അതിനെ സ്നേഹപൂർവ്വം തിരുത്തി, അവരെ സ്നേഹിക്കുന്ന അധ്യാപകർ വലിയ വലിയ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വളരെ കുറവാണ്. കുട്ടികൾക്ക് മാർക്ക് കിട്ടണം, പിന്നെ സ്കൂളിൻറെ സൽപ്പേര് നിലനിർത്തണം പല അധ്യാപകരുടെയും താല്പര്യം ഇതാണ്. ഞാൻ പഠിച്ച എൻറെ മലയാളം മീഡിയം സ്കൂൾ ഇന്നും എനിക്ക് അത്ഭുതമാണ്, അവിടെയുള്ള എൻറെ അധ്യാപകർ എന്നും എനിക്കൊരു വഴികാട്ടിയാണ്.
മറ്റുള്ളവരെ അഭിനന്ദിക്കുകയും, നല്ല വാക്കുകൾ പറയുകയും ചെയ്യുന്ന സാധാരണക്കാർക്കുപോലും മനുഷ്യ ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്തുവാൻ സാധിക്കും. നിങ്ങളുടെ വാക്കുകൾ നിങ്ങളുടെ ശീലമാകും നിങ്ങളുടെ ശീലങ്ങൾ നിങ്ങളുടെ ജീവിതം ആകും. “ഞാൻ വിജയിക്കും ഞാൻ നേടും അല്ലെങ്കിൽ നീ വിജയിക്കും നീ നേടും എന്ന് പറയുന്ന ഒരു മനുഷ്യൻ എന്നും വിജയം ആസ്വദിക്കും. അവർ തോൽവികൾ ഏറ്റു വാങ്ങുമ്പോഴും തനിക്ക് വരാനിരിക്കുന്ന വിജയത്തിലേക്ക് താൻ അടുക്കുന്നു എന്ന് കരുതി, തോൽവിയുടെ കാരണങ്ങൾ മനസ്സിലാക്കി, വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കും. പിന്നെയും അവൻ മന്ത്രിക്കും “ഞാൻ വിജയിക്കും” എന്ന ശുഭാപ്തി വിശ്വാസമുള്ള വാക്കുകൾ. ഇത് ഒരു സാധാരണക്കാരന് പറ്റുമെങ്കിൽ. ഇങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം അധ്യാപകർ ഉണ്ടെങ്കിൽ, വിജയം മാത്രം രചിക്കുന്ന, വിജയം സ്വപ്നം കാണുന്ന ഒരു വലിയ സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് സാധിക്കും. അങ്ങനെ ആയിരിക്കട്ടെ അധ്യാപകർ
✍🏻 ജിജോ ലോറൻസ്(jijo Laurence)