മേഘമൽഹാർ Part 1

മേഘമൽഹാർ – Part 1 | Malayalam Novel

ഉച്ചത്തില്‍ മുഴങ്ങുന്ന പോലീസ് ബൂട്സിന്റെ ശബ്ദം  ആ ജയിലറയുടെ നിശബ്ദത ഇല്ലാതാക്കി..

ശാന്തരായിരുന്ന പ്രാവുകൾ നീട്ടി കുറുകാൻ തുടങ്ങി… ആർക്കോ അപായ സൂചന എന്ന പോലെ…….

‘സർ..ഇതാണ് ബ്ലോക്ക് നമ്പർ മൂന്ന്’

‘മ്…..ഈ ബ്ലോക്കിൽ എത്ര തടവുകാരുണ്ട്?’

‘ഒരാൾ മാത്രം’

‘ഒരാളോ..?’

ഉണ്ണിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.

‘അതെ..ഒരാൾ… ഇത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബ്ലോക്കാണ് സർ…’

ഉണ്ണി ഒന്ന് ഞെട്ടിയെങ്കിലും അത് കൂടെയുള്ളവർ അറിയരുതെന്നവൻ ആശിച്ചു.

ഉണ്ണി എന്ന ദേവനുണ്ണി പോലീസ് സർവീസിലെത്തിയിട്ട് രണ്ടു ദിവസമായതേയുള്ളൂ…പോലീസ് കോൺസ്റ്റബിൾ ആയിരുന്ന അച്ഛന്റെ ആഗ്രഹമായിരുന്നു ഈ ജോലി…

അച്ഛന്‍ പറഞ്ഞ് പല തവണ ജയിലറകള്‍ പരിചിതമായിരുന്നെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ ബ്ലോക്ക് ഇതാദ്യമാണ്….

‘സര്‍…ഓഫീസിലേക്ക് പോകാം..’

ഉണ്ണി ചിന്തകള്‍ക്ക് വിരാമമിട്ട് ഓഫീസിലേക്ക് നടന്നു…

ഓഫീസിലെ ഫയല്‍കെട്ടുകള്‍ പരിശോധിക്കുമ്പോഴും അവന്‍റെ മനസ്സ് ബ്ലോക്ക് നമ്പര്‍ മൂന്നിന്‍റെ ഇടനാഴിയിലായിരുന്നു…

‘ആരാണയാള്‍..?

എന്തായിരിക്കും അയാളുടെ ക്രൈം ?

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വധശിക്ഷ അയാള്‍ക്കെങ്ങനെ കിട്ടി…?’

‘സര്‍,എന്തോ ആലോചനയിലാണെന്ന് തോന്നുന്നു.’

‘ആഹ്..രാമേട്ടനോ…’

ഇവിടുത്തെ കോണ്‍സ്റ്റബിളാണ് രാമേട്ടനെന്ന ശ്രീരാമന്‍..

പേരുപോലെ നിഷ്കളങ്കന്‍…

ഉണ്ണി പരിചയപ്പെട്ടു തുടങ്ങിയത് രാമേട്ടനിലാണ്…

‘രാമേട്ടാ…ആരാ അയാള്‍..എന്താ അയാള്‍ ചെയ്തത്…?’

ഉണ്ണി തന്‍റെ മനസ്സില്‍ തളം കെട്ടി നിന്ന സംശയങ്ങള്‍ രാമേട്ടനു മുന്നില്‍ തുറന്നു..

‘എനിക്ക് തോന്നി സര്‍ ഇതാകും ചിന്തിക്കുക എന്ന്…അതാ അയാളുടെ ചാര്‍ജ് ഷീറ്റ് ഞാന്‍ കൊണ്ട് വന്നത്…’

രാമേട്ടന്‍ നീട്ടിയ ഫയല്‍ ഉണ്ണി വാങ്ങി..

‘രാക്ഷസനാ സാറേ അവന്‍…അല്ലെങ്കില്‍ ഇങ്ങനെ..സ്വന്തം പെങ്ങളെപോലെ കരുതേണ്ട പെണ്‍കുട്ടിയേയും മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ച് കൊന്നു  …കൂട്ടുനിന്ന അവന്‍റെ പന്ത്രണ്ട് കൂട്ടുകാരെ  തെളിവില്ലാതാക്കാന്‍ അതിധാരുണമായി കൊന്നു….ഇവനെ തൂക്കുകയല്ല വേണ്ടത്…കല്ലെറിഞ്ഞ് കൊല്ലണം…’

രാമേട്ടന്‍റെ മുഖം വലിഞ്ഞ് മുറുകിയിരുന്നു..രണ്ട് പെണ്‍കുട്ടികളുള്ള അച്ഛന്‍റെ രോക്ഷമായിരുന്നു ആ മുഖത്ത്…

മനസ്സിലെ ദേഷ്യം ഉണ്ണിയുടെ മുഖത്തും പ്രകടമായിരുന്നു.

ഈ കേസിനെപ്പറ്റി അവനും കേട്ടിരുന്നെങ്കിലും കൂടുതല്‍ അറിവില്ലായിരുന്നു……

.ഒരുപക്ഷെ അതെ ആകാംക്ഷ ആയിരിക്കണം അവനെ ആ ഫയലിലേക്ക് കണ്ണോടിക്കാന്‍ പ്രേരിപ്പിച്ചതും…

പെട്ടന്ന്  എന്തോ ശബ്ദം കേട്ടിട്ടാണ് രാമേട്ടനും മറ്റുള്ളവരും ഉണ്ണിയുടെ കാബിനിലേക്ക് ഓടി ചെന്നത്.

ചിതറികിടക്കുന്ന ഫയലുകളും വലിഞ്ഞ് മുറുകിയ മുഖഭാവവുമായി ഇരിക്കുന്ന ഉണ്ണിയെ കണ്ട് അവര്‍ ഞെട്ടി.

‘സര്‍…’

രാമേട്ടന്‍റെ ശബ്ദം കേട്ട് അവനൊന്നു ഞെട്ടി..

‘ഇ..ഇത്..ഹരി..എ..എങ്ങനെ…’

ഉണ്ണിയുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു .

‘സർ ..എങ്ങനെ അറിയാം ഇവനെ…’

അവന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകാന്‍ തുടങ്ങി…

‘രാമേട്ടാ….ഇവിടെ ആരെങ്കിലും ഇവനെ കാണാനായി…വരാറോ മറ്റോ..?’

അല്‍പം സമയത്തിന് ശേഷം സ്വബോധം വീണ്ടെടുത്ത് ഉണ്ണി ചോദിച്ചു..

‘ഹാ..ഒരു പെണ്‍കുട്ടിയും ഒരമ്മയും വരാറുണ്ട്..അവന്‍റെ അമ്മയും പെങ്ങളും ആയിരിക്കും…’

‘ആ..കുട്ടീടെ..പേര്..അസ്ന….അസ്ന മുഹമ്മദ്….എന്നാണോ..’

ഉണ്ണിയുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു നാളം മിന്നി..

‘അല്ല…. മാളുന്നോ മറ്റോ ആ അമ്മ വിളിക്കണത് കേട്ടിരുന്നു…സന്ദര്‍ശക രജിസ്റ്ററിലുണ്ടാകും..’

രാമേട്ടന്‍ ഷെല്‍ഫിനടുത്തേക്ക് നടന്നു.

ഉണ്ണിയുടെ മനസ്സിൽ വീണ്ടും സംശയങ്ങളുടെ ഒരായിരം തിരമാലകൾ ഉയരുകയായിരുന്നു.

‘മാളു അവളെന്തിന്…
അതും ഹരിയെ കാണാൻ..ഇവിടെ…
പാത്തുവും ദേവയും എവിടെ..?’

ആലോചിക്കും തോറും സംശയങ്ങൾ കൂടി കൂടി വരികയാണ്…

‘സർ,പേര് കിട്ടി…മാളവിക…കൂടെ സുമിത്രാ ദേവീന്നൊരു പേരും ഉണ്ട്…ആ വയസ്സായ സ്ത്രീയുടേതാകും…’

‘സുമിത്രാമ്മയും കൂടെ മാളുവും….അവര്‍..എങ്ങനെ ഒരുമിച്ച്…ഹരിക്ക് എന്താ പറ്റിയത്…’

ഉണ്ണിക്കാകെ ഭ്രാന്ത് പിടിച്ച പോലെ തോന്നി…

‘സര്‍…കോണ്‍ണ്ടാക്ട് നമ്പര്‍ തന്നിട്ടുണ്ട്…’

ഉണ്ണിയുടെ മനസ്സ് വായിച്ചപോലെ രാമേട്ടന്‍ പറഞ്ഞു.

ശരിയാണ്..
ഇനി എന്‍റെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരാള്‍ക്കേ കഴിയൂ..മാളുവിന്…

അവന്‍ രജിസ്റ്ററിലെ നമ്പര്‍ ഡയല്‍ ചെയ്തു..
കുറച്ച് റിങ്ങിന് ശേഷം കാളെടുത്തു…

‘ഹലോ……മാളു…മാളവിക അല്ലേ….’

അവന്‍റെ ശബ്ദത്തിന് നേരിയ വിറയല്‍ ബാധിച്ചിരുന്നു…..

(തുടരും)

Written by – Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.