മേഘമൽഹാർ part 4

മേഘമൽഹാർ – Part 4 | Malayalam Novel

അവിടെ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ ഒരു ലക്ഷ്യം ഉണ്ടായിരുന്നെങ്കിലും അതിന് ഏതുവാതിലിലാണ് മുട്ടേണ്ടതെന്ന് ഉണ്ണിക്ക് ഒരു രൂപവുമില്ലായിരുന്നു..

ഇങ്ങോട്ട് മാളുവിനോടൊപ്പം വന്നത് കൊണ്ടും പഴയ വഴി ആകെ മാറിയത്  കൊണ്ടും അവന് മുന്നോട്ട് നടക്കാനായില്ല…

പാത്തുവിന്‍റെ നിര്‍ജ്ജീവമായ മുഖം അവന്‍റെ കാലുകളെ തളര്‍ത്തി…

അവന്‍ ഒരു മരക്കാലില്‍ ഇരുന്നു….
പാത്തുവിന്‍റെ മുഖം വീണ്ടും വീണ്ടും അവനോര്‍ത്തു…

‘ആരായിരിക്കും അവളോടീ ക്രൂരത…സ്വന്തം  പെണ്ണായി സ്വപ്നം കണ്ടവളെ സംരക്ഷിക്കാനാകാത്തവനായല്ലോ ഞാന്‍…’

‘ഉണ്ണീ….’

മാളുവിന്‍റെ സ്വരമാണ് അവനെ ഉണര്‍ത്തിയത്..

അവന്‍റെ കണ്ണുകള്‍ ചുവന്നിരുന്നു….

‘താന്‍ വാ…’

അവള്‍ അവനെയും കൂട്ടി കാറിലേക്ക് നടന്നു…

യാത്രയില്‍ മുഴുവന്‍ അവനേതോ ലോകത്തായിരുന്നു..

‘ഉണ്ണീ ..’

‘മ്..’

‘എനിക്കറിയാം നിന്‍റെ അവസ്ഥ…പക്ഷേ എനിക്ക് വിശ്വാസമുണ്ടെടാ പാത്തു തിരികെ വരും….നീ അവളോടൊപ്പമുണ്ടെങ്കില്‍…’

‘മ്…എന്താ സംഭവിച്ചതെന്നറിയണം എനിക്ക്…ന്‍റെ  പാത്തു..ഹരി..ദേവ…എനിക്കറിയണം…പക്ഷേ ആരു പറയും…’

‘ഞാനും അന്വേഷിച്ചു…..എല്ലാവര്‍ക്കും ഒന്ന് മാത്രം പറയാന്‍….. ഹരി ദുഷ്ടന്‍…കൊലപാതകി…ദേവയുടേയും പാത്തുവിന്‍റേയും ജീവിതം നശിപ്പിച്ചവന്‍…എന്തിന് നിങ്ങളുടെ ഗ്യാങ്ങ് പോലും… നീ  വിശ്വസിക്കുന്നോ ഇതെല്ലാം…?’

അവളുടെ മുഖം ദേഷ്യം കൊണ്ട് തുടുത്തിരുന്നു..

‘വാട്ട്…! ഞങ്ങളുടെ ഗ്യാങ്ങോ..സച്ചു..അവരോ…’

‘മ്..അതിനുള്ള കാരണം ഹരിയുടെ കേസ് ഫയലിലുണ്ട്..’

അവളുടെ വാക്കുകള്‍ അവന് വിശ്വസനീയമല്ലായിരുന്നു..

പെട്ടന്ന് അവള്‍ കാര്‍ നിര്‍ത്തിയപ്പോഴാണ് അവര്‍ അവന്‍റെ വീടിന് മുന്നിലെത്തിയത് അവനറിഞ്ഞത്…

‘ഉണ്ണീ…നീ ഒന്നും അറിയാഞ്ഞത് അല്ലെങ്കില്‍ നിന്നെ അറിയിക്കാഞ്ഞത് നിന്‍റെ അമ്മയുടെ റിക്വസ്റ്റിലാണ്..ഇത്രയും നാള്‍ പാത്തുവിനെ നോക്കിയതും നിന്‍റെ അമ്മയാണ്…’

അവന്‍റെ നിറഞ്ഞ കണ്ണുകള്‍ അവളില്‍ നിന്നൊളിപ്പിക്കാന്‍ അവന്‍ കാറില്‍ നിന്നിറങ്ങി..

‘ഉണ്ണീ…സത്യം അറിയുന്നവരില്‍ രണ്ട് പേരെ ജീവനോടെയുള്ളൂ…ഹരിക്കേ നിന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്‍കാനാകൂ…നീ ചോദിച്ചാല്‍ അവന്‍ പറയും…’

അവളുടെ വാക്കുകള്‍ ശരിയാണെന്ന് അവനും തോന്നി…

അമ്മ അമ്മാവന്മാരെ കാണാന്‍ പോയത് കൊണ്ട് വീടാകെ ശോകമൂകമായിരുന്നു…ആ വീടൊരു ജയില്‍ തന്നെയായിരുന്നു അവന്…

ഇന്നത്തെ സംഭവങ്ങള്‍…ഒരു മുറിവായി അവന്‍റെ ഹ്യദയത്തില്‍…എന്നാലും അമ്മയും അച്ഛയും പോലും എല്ലാം മറച്ചുവെച്ചു..എന്‍റെ ജോലി ഓര്‍ത്തിട്ടാകും…പക്ഷേ അവര്‍ക്കറിയാവുന്നതല്ലേ എന്തിനേക്കാളും പ്രിയപ്പെട്ടത് എനിക്ക് ന്‍റെ …

ഓര്‍മ്മകള്‍ കാട് കയറുമ്പോഴാണ് അവനോര്‍ത്തത്…മാളു എന്താ പറഞ്ഞത് തന്‍റെ ഗ്യാങ്ങ് എന്തു ചെയ്തെന്നാണ്…കേസ് ഫയലിലെന്താണ്…?’

രാത്രിയില്‍ ജയിലിലേക്ക് കേറിവന്ന ഉണ്ണിയെ കണ്ട് എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു..

‘സാറെന്താ ഈ സമയത്ത്…’

രാമേട്ടന്‍ അമ്പരന്നു ചോദിച്ചു..

‘കുറച്ച് ജോലിയുണ്ട്…രാമേട്ടന്‍റെ ഡ്യൂട്ടി തീര്‍ന്നോ…ഇല്ലെങ്കില്‍ രാവിലെ തന്ന ഫയലൊന്ന് വേണമായിരുന്നു..’

‘ഞാനിറങ്ങുവാ സാറേ…ആ ഫയല്‍ മേശപ്പുറത്ത് തന്നെയുണ്ട്…’

‘മ്.. ശരി രാമേട്ടാ..’

രാമേട്ടനോട് പറഞ്ഞ ശേഷം ക്യാബിനിലേക്ക് നടന്നു…

ഫയല്‍ കൈകൊണ്ട് എടുക്കുമ്പോഴും അവന്‍റെ കൈകള്‍ വിറയ്കുന്നുണ്ടായിരുന്നു…അവന്‍ പേജുകള്‍
വേഗത്തില്‍ മറിച്ചു കൊണ്ടിരുന്നു…പെട്ടന്ന് അവന്‍റെ കണ്ണുകള്‍ വിറ്റനസ് കോളത്തില്‍ തങ്ങി നിന്നു…

അവന് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല…
‘തന്‍റെ പ്രിയ കൂട്ടുകാര്‍…സ്വയം വിശ്വാസമില്ലെങ്കിലും നിന്നെയെനിക്ക് വിശ്വാസമാടാന്ന് പറഞ്ഞ കൂട്ടുകാരാണ് ഹരിക്കെതിരെ മൊഴി കൊടുത്തതെന്നറിഞ്ഞപ്പോള്‍ അവനെന്തു ചെയ്യണമെന്നറിയാതായി…

അവന്‍ കൊന്നത് എന്ന് പറയുന്ന കൂട്ടത്തില്‍ ആരെയും മുന്‍പ് കണ്ടോ കേട്ടോ അവന് പരിചയമില്ല…ദേവയെ ഒഴിച്ച്…

അവനൊരിക്കലും ദേവയേയോ പാത്തുവിനെയോ മോശമായി ഒന്ന് നോക്കാനാവില്ല..എന്നിട്ട് ഇതിലെന്താ ഇവരെഴുതിയിരിക്കണേ…അവരെ അവന്‍ പീഡിപ്പിച്ചെന്നോ…ദേവയെ കൊന്നെന്നോ…
ഇതൊന്നും സത്യമല്ല… അവനെന്തിനാ ഇതെല്ലാം സ്വയം ഏറ്റെടുത്തത്…’

ഒന്നിനും ഉത്തരം കിട്ടാതെ ഉണ്ണി വലഞ്ഞു
ആ ഫയല്‍ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഡ്രായില്‍ നിന്നും ബ്ലോക്ക് മൂന്നിന്‍റെ ചാവികളുമായി അവന്‍ നടന്നു….

ബ്ലോക്ക് മൂന്ന് തുറക്കുമ്പോള്‍ അവന്‍ കണ്ടു അരണ്ട വെളിച്ചത്തിലൊരു രൂപം ആ മൂറിയുടെ മൂലയിലിരിക്കുന്നത്…

‘ഹരീ…..’

(തുടരും )

Written by – Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.