മേഘമൽഹാർ part 5

മേഘമൽഹാർ Part 5 | Malayalam Novel

‘ഹരീ…’

അവന്‍റെ വിളിക്ക് യാതൊരു പ്രതികരണവും ആ രൂപത്തില്‍ നിന്നുണ്ടായില്ല…

കൈയ്യിലെ എമര്‍ജന്‍സി ലാമ്പിന്‍റെ വെളിച്ചത്തില്‍ ആ ജയില്‍ ഭിത്തിയിലെന്തൊക്കയോ കോറിയിട്ടിരിക്കുന്നതായി ഉണ്ണി  കണ്ടു…
ഒന്നും വ്യക്തമല്ലായിരുന്നു..അവന്‍ ഹരിയോടൊപ്പമിരുന്നു..

‘ടാ…ഞാനാടാ…ഒന്ന് നോക്കെടാ…’

ഉണ്ണി ആ മരവിച്ച ശരീരത്തില്‍ കുലുക്കി വിളിച്ചു…

ആ മുഖം ഒന്ന് കാണാന്‍ അവന്‍ കൊതിച്ചു…

‘എനിക്ക് സത്യം അറിയണം…അതും നീ പറയണം…’

ഹരിയില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല..

‘ഓഹ്..ഇപ്പോള്‍ മനസ്സിലായി നീ എന്ന ചെകുത്താനെ…അന്ന് പാത്തുവിന് പത്ത് വയസ്സുള്ളപ്പോള്‍ അവളുടെ മാതാപിതാക്കള്‍ മരിച്ചപ്പോള്‍ നീ അവളെ അനിയത്തിയായി കൂടെ കൂട്ടിയത് ഈ ഉദ്ദേശത്തിലാണല്ലേ…ഛേ..നീ എന്താ പറയാറ്…ദേവ ഒരു പൂച്ച കുഞ്ഞാണെന്നല്ലേ..ശരിയാ..നിന്‍റെ ഉള്ളിലെ ചെന്നായയെ തിരിച്ചറിഞ്ഞില്ല അവള്‍….’

ഉണ്ണി ഒന്ന് നിര്‍ത്തി ഹരിയെ നോക്കി..അവന്‍ വിതുമ്പാന്‍ തുടങ്ങിയിരുന്നു…

‘എന്നാലും…എങ്ങനെ തോന്നിയെടാ…രണ്ട് പാവം കുട്ടികള്‍…നിന്നെ വിശ്വസിച്ചവര്‍…’

ഉണ്ണി ഒന്നു നിര്‍ത്തി…

‘ഒന്ന് ചോദിച്ചോട്ടേ…ആ നല്ലവനായ അച്ചന്‍റേം ആ പാവം അമ്മേടെ ചോര തന്നയാണോ നീ…അതോ..വല്ല…’

ഉണ്ണി പറഞ്ഞു മുഴുവിക്കും മുന്‍പ് ഹരിയുടെ കൈകള്‍ ഉണ്ണിയുടെ കവിളില്‍ പതിച്ചിരുന്നു…

പിന്നെ പെട്ടന്ന് അവനെ കെട്ടിപിടിച്ചു…

‘ഞാന്‍..അങ്ങനെ..ചെയ്യുമോടാ…ന്‍റെ മോളല്ലേടാ…പാത്തു…’

അതുവരെ ഒളിപ്പിച്ച കണ്ണീര്‍ ഹരിയില്‍ പൊട്ടി ഒഴുകി…ഉണ്ണിക്ക് ആ അടിയില്‍ ഒട്ടും വേദന തോന്നിയില്ല…കാരണം അവനറിയാമായിരുുന്നു അവന്‍റെ കടുത്ത വാക്കുകള്‍ക്കേ ഹരിയില്‍ ഒളിച്ചിരിക്കുന്ന സത്യത്തെ പുറത്തേക്ക് കൊണ്ട് വരാനാകൂന്ന്…

‘ഇല്ലെടാ…ആരും നിന്നെ അവിശ്വസിച്ചിട്ടില്ല…നിന്‍റെ അമ്മ പോലും…പക്ഷേ എനിക്കറിയണം..ഞാന്‍ നിന്നെ വിട്ട് പോയ ശേഷം എന്താ സംഭവിച്ചതെന്ന്…ആരാ ദേവയെന്ന്..എന്താ അവള്‍ക്കും നമ്മുടെ പാത്തുവിനും സംഭവിച്ചതെന്ന്….’

‘പറയാം…ഞാനീ ലോകം വിട്ട് പോയാലും നീ ആ സത്യം അറിയണം…’

********************************************
അതേയ്…ഇനി കഥ അങ്ങ് ക്യാമ്പസിലാട്ടോ….അവിടെ ഞാനോ ഉണ്ണിയോ അല്ല കഥ പറയേണ്ടത്…ഹരിയും പാത്തുവും ദേവയുമാ…
അപ്പോഴെങ്ങനാ..വരില്ലേ …..?
***************************************************

തറയില്‍ ഇരുന്ന് കരയുന്ന ആ പെണ്‍കുട്ടിയുടെ മുഖം കാണുമ്പോള്‍ ദേഷ്യം ഇരച്ചുകയറുവാ ഉള്ളിലോട്ട്….ഒരു പെണ്ണിനെ അപമാനിക്കാവുന്നതിന്‍റെ പരിധി കഴിഞ്ഞു…
ഉള്ളിലെ ദേഷ്യം മുഴുവന്‍ അവളെ കരയിപ്പിച്ചവന്‍മാരുടെ മുതുകത്തങ്ങ് തീര്‍ത്തു…

‘ഡാ…നിന്‍റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഉണ്ടാകും അ ചുവന്ന രക്തക്കറ..പക്ഷേ വെള്ള ഡ്രസ്സ് ഇട്ട് വന്നതിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയുടെ ഡ്രസ്സിന് പിന്നില്‍ ചുവന്ന മഷി ഒഴിച്ച് കളിയാക്കിയപ്പോള്‍ നീ ഒന്നും ആണല്ലതായി പോയി…’

വീണ്ടും തല്ലാനായി കൈപൊക്കിയെങ്കിലും കിച്ചുവും സനീഷും തടഞ്ഞു..

‘ഇനി തല്ലണ്ടെടാ ഹരി…അവരു ചത്തു പോകും..’

‘ഇവന്മാര് ചാവുന്നതാ നല്ലത്…പന്ന#%$@#@#’

എന്‍റെ ദേഷ്യം മാറുന്നില്ല…

കോളേജിലെ ആദ്യ ദിവസാണ്…ഈ വര്‍ഷം കൂടിയേ ഉള്ളൂ …അടിക്കൊന്നും പോകില്ലാന്നു പാത്തുവിന് വാക്ക് കൊടുത്തിട്ടാണ് അവളേം കൂട്ടി കോളേജിലെത്തിയത്..ആദ്യ കാഴ്ച്ച തന്നെ ഇതായിരുന്നു…പ്രതികരിക്കാതിരിക്കാനായില്ല…

കാരണം ഞാനും ജന്മമെടുത്തത് ഒരു സ്ത്രീയിലാണ്…എനിക്കും ഉണ്ടൊരു കുഞ്ഞുപെങ്ങള്‍……

‘ആഹാ..വന്ന് കയറിയില്ല..റോക്കേഴ്സും വാരിയേഴ്സും തുടങ്ങിയോ..ന്താണാവോ പുതിയ പ്രശ്നം…’

പ്രിന്‍സിപ്പാളാണ്…ഞങ്ങളുടെ സ്വന്തം കൃഷ്ണന്‍ മാഷ്…

‘എന്താ ഡാ ഹരി..പ്രശ്നം..’

മിണ്ടാതെ നില്‍ക്കുന്ന വാരിയേഴ്സിനെ നോക്കിയ ശേഷം എന്നോട് ചോദിച്ചു…

നമ്മള് വിടുമോ..നല്ല ഡീറ്റയിലായി പറഞ്ഞു കൊടുത്തു…

‘കുട്ടി പേടിക്കണ്ട…ഏതു ക്ലാസ്സാ..’

നിലത്തിരുന്ന് കരയുന്ന ആ കുട്ടിയോട് മാഷ് ചോദിച്ചു..

‘സെക്കന്റ് ബി.എ.ഇംഗ്ലീഷ്..’

‘കോളേജ് ചേഞ്ച് ആണോ…’

അവള്‍ തല കുലുക്കി…

‘അസ്ന.. തന്‍റെ ക്ലാസല്ലേ…ഈ കുട്ടിയെ ക്ലാസ്സിലേക്ക് കൊണ്ട് പൊയ്ക്കോ…’

പാത്തു അവളെ വിളിച്ച് ക്ലാസ്സിലേക്ക് നടന്നു..

അവളുടെ കണ്ണുകള്‍ പെയ്ത് തോര്‍ന്നിരുന്നില്ല…

‘നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല…ഇവിടെ റാഗിംഗ് പാടില്ലെന്ന് അറിയില്ലേ നിനക്കൊന്നും…’

പ്രിന്‍സി വാരിയേഴ്സിനെ പൊരിക്കുകയാണ്…

‘ഡാ..നിന്നോട് ആരാ തല്ലാന്‍ പറഞ്ഞത്..?’

ആഹാ..എനിക്കും കിട്ടി…

‘ഹരി…ആ കുട്ടീടെ ഒരു കംപ്ലയിന്‍റ് വാങ്ങണം..ഇവന്മാര് കുറച്ചു ദിവസം വീട്ടിലിരിക്കട്ടേ…’

വാരിയേഴ്സിന് ആദ്യ ദിവസം തന്നെ ഒരു പണി കൊടുത്ത സന്തോഷത്തില്‍ ഞങ്ങള്‍ ക്ലാസ്സിലേക്ക് വിട്ടു…
ഉച്ചയ്ക്ക് ആ കുട്ടീടെ കംപ്ലയിന്‍റ് വാങ്ങാന്‍ ചെന്നപ്പോഴാണ് അവളെ ആരോ കൂട്ടീട്ട് പോയെന്ന് പാത്തു പറഞ്ഞത്…
ആരാ..എന്താന്നൊന്നും അന്വേഷിച്ചില്ല…കാരണം പാത്തുമ്മ മ്മടെ മണ്ടയ്ക്ക് കുതിര കേറാന്‍ വരും..

വാരിയേഴ്സിന് നാളെ പണി കൊടുക്കാം എന്ന് കരുതി ടൈം പോക്കി…പക്ഷേ പണി നമുക്കിട്ടായി…
പിറ്റേ ദിവസം അവള്‍ വന്നില്ല…..

(തുടരും )

Writer: Darsana S Pillai

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.