കുമാരേട്ടന്റെ പെൺമക്കൾ malayalam story

കുമാരേട്ടന്റെ പെൺമക്കൾ

ആ കുട്ടി ഇടക്കിടെ ഇടക്കിടെ വീട്ടിലേക്ക് വരുന്നുണ്ടല്ലൊ? ചായക്കടയിലെ കുമാരേട്ടന്റെ ചായയടിക്കിടെയുള്ള ആശങ്കയാണ് .

പതിവ് കട്ടനു വന്ന ഈനാശു കട്ടനെക്കാൾ കടുപ്പത്തിൽ മറുപടി നൽകി.

കല്യാണം കഴിഞ്ഞ് ഒരു മാസമല്ലെ ആയുളളു . അതൊക്കെ പതിവാ കുമാരേട്ടാ ……

അല്ല ഈനാശോ എന്തെങ്കിലും പൊട്ടലും ചീറ്റലും കേട്ടോ അവിടെ നിന്ന് .

കുമാരേട്ടൻ വിചാരിക്കണപോലെ ഒന്നുമില്ല ഇപ്പോഴത്തെ പിള്ളേരല്ലെ ഇതൊക്കെ പതിവാ .

എന്റെ മോൾ ജാൻസി എന്തായിരുന്നു പുകിൽ ആദ്യത്തെ ഒന്നും രണ്ടും മാസം വീട്ടിൽ തന്നെയായിരുന്നു. അവസാനം മുത്തവൾ അവളെ പറഞ്ഞ് മനസ്സിലാക്കിയിട്ടാ വീടു വിട്ടത്.

ദാമുവിനു ഇതു ഒറ്റമോളല്ലെ . കുമാരേട്ടനു വിടാൻ ഭാവമില്ല . .

അതെ, നല്ല പഠിപ്പാ ആ കൊച്ച് എന്തോ കുന്ത്രാണ്ടമൊക്കെ കഴിഞ്ഞതാ. ദാമുവിനു കഴിയാവുന്നത്രയും പഠിപ്പിച്ചു .
പറഞ്ഞിട്ടെന്താ ചെക്കനുകൂലി പണിയാ.

ഈ കൊച്ച് എവിടെയൊക്കയോ ജോലിക്ക് പോയിരുന്നെന്നാണല്ലോ ദാമു പറഞ്ഞിരുന്നത്. ഞാൻ അത് കേട്ടപ്പോൾ കരുതി അവനതൊരു ആശ്വാസമാകുമെന്ന്.

പറഞ്ഞിട്ടെന്താ പെണ്ണു പുര നിറഞ്ഞാൽ ഏതച്ഛനമ്മമാർക്കാ നിൽക്ക പെറുതിയുണ്ടാകുക കുമാരേട്ടാ …..

രണ്ടെണ്ണത്തിനെ ഇറക്കിവിട്ടതിന്റെ പാട് എനിക്കെ അറിയു. അവളുമാരുടെ ഓരോ വയസ്സ് പിറക്കുമ്പോഴും ഉള്ളിൽ തീയായിരുന്നു.
ആ കനലുരുകി തീർന്നത് വല്ലവന്റെയും കൈ പിടിച്ചേൽപ്പിച്ചപ്പഴാ.

ഭാഗ്യത്തിനു അതൊക്കെ ഒരു യോഗം പോലെ നടന്നു. അവരുടെ അമ്മാചന്മാരുണ്ടായോണ്ട് ഞാനധികം ബുദ്ധിമുട്ടേണ്ടി വന്നില്ല .

ആൺമക്കളുള്ള നിങ്ങൾക്കത് മനസ്സിലാകില്ല. ഇനാശുവിന്റെ സ്വരം താഴ്ന്നു.

അതെന്താടാ നീ അങ്ങനെ പറഞ്ഞത് നിനക്കറിയാലോ ഞാനും ശാരദയും എത്ര കണ്ടാ പെണ് കുഞ്ഞിനു വേണ്ടി നടന്നത് .

ഒടുവിൽ രണ്ടാമത്തെ പ്രസവത്തോടെ ആ ആഗ്രഹം ബാക്കിയാക്കി എന്റെ ശാരദയും പോയി. കുമാരേട്ടന്റെ വാക്കുകളിലെ സങ്കടം കണ്ണുകളിലേക്ക് പരക്കുന്നത് കണ്ടാകണം ഈനാശു ഇടപ്പെട്ടത്.

അതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങളല്ലെ കുമാരേട്ടാ. ഞാൻ പെട്ടെന്ന് വന്ന വിഷമത്തിൽ പറഞ്ഞതാ. നിങ്ങൾ എന്തിനാ പഴയതൊക്കെ കുത്തി പൊക്കുന്നത്.

പെണ്മക്കൾ ഉണ്ടായില്ലെങ്കിലും ഞാനെന്റെ ആൺമക്കളെ ഒരു പെൺകുട്ടിയുടെ അച്ഛനായി തന്നെ നിന്ന് പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്.
ഒരു അച്ഛന്റെയും വിയർപ്പുമായി ഒരു മകളും നമ്മുടെ വീട്ടിലേക്ക് കാലെടുത്തു വെക്കരുതെന്ന്.

കുമാരേട്ടന്റെ വാക്കുകളുടെ ഗതി മാറ്റം ഇനാശു മനസ്സിലാക്കി.

ഓ അപ്പൊ അതായിരുന്നല്ലെ മൂത്തവൻ സ്ത്രീധന രഹിതവിവാഹം നടത്തിയത് ഞാൻ കരുതിയത് ഇന്നത്തെ പിള്ളേർക്കിതൊക്കെ ഫാഷനല്ലെ അതുകൊണ്ടാണെന്നാ.

അതുകൊണ്ടന്താ ഈനാശുവെ അവന്റെ മനസ്സുപോലെ തങ്കം പോലൊരു പെണ്ണിനെ അവൻക്ക് കിട്ടിയില്ലെ ?…. എനിക്കൊരു മകളെയും . ഇളയവനും അത് ചെറുപ്പം മുതലെ എനിക്കു സമ്മതിച്ച് തന്നിട്ടുമുണ്ട്.

ഈനാശുവിനു കുമാരേട്ടന്റെ കട്ടനിട്ട കൈകളിൽ മുത്തണമെന്നുണ്ടായിരുന്നു ആ മനസ്സിലെ നന്മകളെ ഓർത്തിട്ടാകണം ഈനാശു വയറു നിറഞ്ഞ പ്രതീതിയിൽ ഏമ്പക്കമിട്ടത്.

അഷറഫ് പുഴങ്കരയില്ലത്ത്.

കുമാരേട്ടന്റെ പെൺമക്കൾ
4.3 (86.67%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.