മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 1

ഇന്നും പുഴയക്കര ഗ്രാമം ഉണർന്നത് പുതിയൊരു മരണ വാർത്തയും കേട്ടു കൊണ്ടാണ്. പട്ടണത്തിൽ പോയ സഹദേവൻ ആണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി അവസാന ബോട്ടിന് ഒറ്റക്ക് ജെട്ടിയിൽ വന്നിറങ്ങിയ സഹദേവൻ വീടിനോട് ചേർന്ന് നടത്തുന്ന ജോസേട്ടന്റെ കടയിൽ കയറി, അടക്കാൻ തുടങ്ങിയ കട തുറപ്പിച്ച് ഒരു പൊതി ബീഡിയും വാങ്ങി അവിടെ നിന്ന് തന്നെ അതിൽ നിന്നും ഒന്നെടുത്ത് കത്തിച്ച്, അതും വലിച്ച് വീട്ടിലേക്ക് പോയതാണ്. പിന്നെ സഹദേവനെ ആരും കണ്ടിട്ടില്ല. രാവിലെ ആദ്യ ബോട്ടിന് ടൗണിൽ പോകാൻ ഇറങ്ങിയ ബാലൻ മാഷാണ് സഹദേവന്റെ വീട്ടിലേക്ക് പോകുന്ന ഇടവഴിയിൽ രാവിലെ മൃതശരീരം കണ്ടത്.

മാഷ് അപ്പോൾ തന്നെ മെമ്പറെയും അടുത്ത പരിചയക്കാരെയും വിളിച്ചു പറഞ്ഞു. മെമ്പർ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതനുസരിച്ച് ഇൻസ്പെക്ടറും 3 പോലീസുകാരും എത്തി. അവർ മൃതദേഹത്തെ പരിശോധന നടത്തിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ഇനി കുറച്ചു ചരിത്രം പറയാം…

ഇപ്പോൾ നടന്ന സഹദേവന്റെ മരണം അടക്കം 6 മാസത്തിനിടക്ക് ഇത് പതിനഞ്ചാമത്തെ ആളാണ് മരിക്കുന്നത്. മരിച്ചവർ എല്ലാവരും രാത്രി 10 മണിക്ക് ശേഷം ഒറ്റക്ക് വീടിന് പുറത്തുണ്ടായിരുന്നവർ ആണ്.

ആദ്യം മരണപ്പെട്ട രമണി ചേച്ചി പിറ്റേന്ന് രാവിലെ ടൗണിൽ പോകുന്ന കാര്യം പറയാൻ കുറച്ചപ്പുറത്ത് താമസിക്കുന്ന അനിയത്തിയുടെ വീട്ടിലേക്ക് പോയതാണ്. കുറെ സമയം കഴിഞ്ഞും കാണാതായപ്പോൾ അന്വേഷിച്ച് ചെന്ന മകൻ ആണ് വഴിയരികിൽ മരിച്ചു കിടക്കുന്ന രമണി ചേച്ചിയുടെ മൃതദേഹം കണ്ടത്. രണ്ടാമത് മരിച്ചത് സന്തോഷ് ആണ്. രാത്രിയിൽ കൂട്ടുകാരന്റെ വീട്ടിലെ വെള്ളമടി പാർട്ടിയും കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്തോഷിനെ പിന്നെ ആരും കണ്ടിട്ടില്ല. പിറ്റേന്ന് വഴിയരികിൽ മരിച്ചു കിടക്കുന്നതാണ് പിന്നീട് കാണുന്നത്.

പിന്നെ അടുത്ത വീട്ടിൽ സംസാരിച്ചിരുന്ന് നേരം വൈകി വീട്ടിലേക്ക് പോയ വാസന്തി, കടയിൽ നിന്നും മെഴുകുതിരി വാങ്ങി വന്ന ഗോപാലേട്ടൻ അങ്ങിനെ രാത്രി 10 ന് ശേഷം വീടിന് പുറത്തിറങ്ങിയ 15 ആളുകളെയാണ് മരണം കൊണ്ടു പോയത്.

ആദ്യ രണ്ട് മരണങ്ങളും സ്വാഭാവിക മരണം എന്നാണ് നാടും നാട്ടുകാരും കരുതിയത്. പക്ഷെ ഇത് തുടർച്ച ആയപ്പോൾ പിന്നീട് മരിച്ച എല്ലാവരുടെയും മൃതശരീരങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചെങ്കിലും ഒന്നിലും അസ്വാഭാവികത ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല. എല്ലാം ഹൃദയസ്തംഭനം വന്നുള്ള മരണങ്ങൾ എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവ സ്ഥലം സന്ദർശിച്ച പോലീസുകാർക്ക് അവിടെ നിന്ന് അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിയതിരുന്നത് കൊണ്ട് അവരും സ്വാഭാവിക മരണങ്ങൾ എന്ന് റിപ്പോർട്ട് എഴുതി കേസ് അവസാനിപ്പിച്ചു.

അവസാന മരണം നടന്ന് രണ്ട് ആഴ്ചകൾക്ക് ശേഷം ആണ് സഹദേവന്റെ മരണം നടന്നിരിക്കുന്നത്. ടൗണിലെ സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത സഹദേവന്റെ മൃതദേഹം വീടിന്റെ തെക്കേ പുറത്ത് സംസ്‌കരിച്ചു. ചടങ്ങിന് വന്ന ആളുകൾ എല്ലാം പിരിഞ്ഞ് പോയി. ആ വീട്ടിൽ സഹദേവന്റെ ഭാര്യയും മക്കളും പ്രായമായ മാതാപിതാക്കളും മാത്രം ബാക്കിയായി.

പിറ്റേന്ന് സഹദേവന്റെ വീട്ടുകാരെ ചോദ്യം ചെയ്യാനായി പോലീസ് എത്തി. കൂടെ പഞ്ചായത്ത് മെമ്പറും ഉണ്ടായിരുന്നു. പൊലീസുകാർ അവർ സ്ഥിരം ചോദിക്കുന്ന കുറെ ചോദ്യങ്ങൾ ചോദിച്ചു പോയി. പൊലീസുകാർ വീട്ടുകാരോട് പറഞ്ഞത് ഇതും ഹൃദയസ്തംഭനം മൂലമുള്ള മരണം ആണെന്ന് തന്നെയാണ്.

സഹദേവന്റെ മരണം കൂടി കഴിഞ്ഞതോടെ ആളുകൾ രാത്രി പത്ത് മണിക്ക് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങാതെയായി. ഓരോ പുലരിയിലും ആരുടെയെങ്കിലും മരണ വാർത്ത കേൾക്കുന്നുണ്ടോ എന്ന പേടിയിൽ ആണ് പുഴയക്കര ഗ്രാമം ഉറക്കമുണരുന്നത്.

സഹദേവന്റെ മരണം നടന്നിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു. ഇന്നലെ വരെ വേറെയാരുടെയും മരണ വാർത്ത ആ ഗ്രാമത്തിൽ കേട്ടിട്ടില്ല.

പക്ഷെ, പുഴയക്കര ഗ്രാമം ഇന്ന് ഉറക്കമുണർന്നത് വേറെ രണ്ട് പേരുടെ മരണ വാർത്തയും കേട്ട് കൊണ്ടാണ്….

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

മരണങ്ങളുടെ തുരുത്ത് Part 1
3.5 (70%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.