മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 12

അനസും പ്രതാപും ഡോർ തുറന്ന് പുറത്തുള്ള ആളെ പിടിക്കാൻ തുനിഞ്ഞെങ്കിലും ഷിജിൽ അവരെ തടഞ്ഞു.

“എടാ, അനസേ അത് സുനിയാണ്, നമ്മുടെ ചന്ദ്രിക ചേച്ചിയുടെ മകൻ. ആ ബുദ്ധിക്ക് അല്പം പ്രശ്നമുള്ള കുട്ടിയില്ലേ, അവൻ ആണത്. സാറേ, അവൻ പണ്ടേ ഇങ്ങിനെയാണ്. പരിചയമുള്ള ആളുകളെ ആരെങ്കിലെയും കണ്ടാൽ അവൻ പിറകെ വരും. ഇതിപ്പോ അനസിനെ അവൻ കുറെ നാൾ കൂടി അല്ലെ കണ്ടത്. അത് കൊണ്ട് വന്നതായിരിക്കും”

“സുനിയാണോ അത്. അവനൊരു പാവമാണ് സാറേ. അവനെ വിട്ടേക്ക്”

“ഓക്കേ. എങ്കിൽ നമ്മൾ വന്ന കാര്യം പറയാം. ഷിജിലെ, ഞാൻ പറഞ്ഞില്ലേ, എനിക്ക് കുറച്ചു കാര്യങ്ങൾ നിങ്ങളിൽ നിന്ന് അറിയാൻ ഉണ്ട്. ഞാൻ ചോദിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നത് ആണെങ്കിൽ സത്യസന്ധമായി മറുപടി പറയണം”

“തീർച്ചയായും, ഈ നാടിന്റെ സമാധാനം തിരികെ കിട്ടാൻ എന്റെ എന്ത് സഹായവും സാറിന് ഞാൻ നൽകാം”

“എനിക്ക് രണ്ട് കാര്യങ്ങൾ ആണ് അറിയേണ്ടത്. അതിൽ ആദ്യത്തെ കാര്യം ഞാൻ ചോദിക്കാം. മെമ്പർ സജീവിനെ കുറിച്ച് എന്താണ് ഷിജിലിന്റെ അഭിപ്രായം”

“നല്ലൊരു മനുഷ്യൻ ആണ് സർ. എല്ലാവർക്കും വലിയ പരോപകരിയാണ്. എന്ത് പറ്റി സർ ?”

“ഒന്നുമില്ലെടോ, അയാളെ കുറിച്ച് ഒന്നറിയണം എന്നു തോന്നി”

“സർ സജീവേട്ടൻ എന്നയാളെ കുറിച്ച് പറഞ്ഞാൽ വളരെ പാവപ്പെട്ട മനുഷ്യൻ ആണ്. പഞ്ചായത്തിൽ നിന്ന് കിട്ടുന്ന വരുമാനവും, പിന്നെ അല്ലറ ചില്ലറ കച്ചവടവും, നേരത്ത ടൂറിസ്റ്റുകൾ വന്നിരുന്നപ്പോൾ അവർക്ക് ചെയ്തു കൊടുക്കുന്ന സഹായങ്ങൾക്ക് അവർ കൊടുക്കുന്ന ടിപ്പും എല്ലാം ആയി കഷ്ടപ്പെട്ടാണ് അദ്ദേഹം ജീവിക്കുന്നത്. മരണങ്ങൾ തുടർച്ചയായപ്പോൾ ഇങ്ങോട്ട് ടൂറിസ്റ്റുകൾ വരാതെയായി. അപ്പോ അദ്ദേഹത്തിന്റെ വരുമാനം നിലച്ചു. അതിന് ശേഷം ഒന്നോ രണ്ടോ സ്ഥല കച്ചവടങ്ങൾ പുള്ളി നടത്തിയിട്ടുണ്ട്. അത്രയുമേ എനിക്ക് അറിയാൻ കഴിയുള്ളൂ. പുള്ളി ഒരു നിഷ്കളങ്കൻ ആണ് സാറേ”

“ഷിജിലെ, ഈ അടുത്ത നാളുകളിൽ ഈ ഗ്രാമത്തിൽ എന്തെങ്കിലും പ്രത്യേക സംഭവങ്ങൾ നടന്നിട്ടുണ്ടോ”

“അങ്ങിനെ പ്രത്യേകിച്ചൊന്നും ഇല്ല. ഇടക്കിടെ ഉണ്ടാകുന്ന വഴക്കുകൾ തന്നെയേ ഉള്ളു. അതും കള്ള് കുടിച്ച ശേഷം ഉണ്ടാകുന്ന വാക്ക് തർക്കങ്ങൾ മൂലം ഉണ്ടാകുന്നത്”

“അതല്ലാതെ, വേറെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ”

“എന്റെ ഓർമയിൽ ഒന്നും ഇല്ല സർ”

“എന്തെങ്കിലും കാര്യം ഓർമയിൽ വന്നാൽ എന്നെ വിളിച്ചു പറയാൻ മടിക്കരുത്. ദാ എന്റെ വിസിറ്റിങ്ങ് കാർഡ്” എന്നും പറഞ്ഞ് പോക്കറ്റിൽ നിന്നും പ്രതാപ് വിസിറ്റിങ് കാർഡ് എടുത്ത് ഷിജിലിന് കൊടുത്തു. തുടർന്ന് അനസിന് നേരെ തിരിഞ്ഞ് കൊണ്ട് “എങ്കിൽ നമുക്ക് ഇറങ്ങിയലോ അനസേ”

“ഇറങ്ങാം സർ”

“അല്ലെടോ വള്ളം എന്താ ചെയ്യ ???”

“ആ എടാ ഷിജിലെ, ഇന്ന് വൈകുന്നേരത്തിന് ഒരു വള്ളം സംഘടിപ്പിക്കാൻ കഴിയുമോ. നാളെ രാവിലെ തിരികെ കൊടുക്കാൻ പറ്റുന്നത്”

“എന്തിനാ വേറെ സംഘടിപ്പിക്കുന്നത്. നീ എന്റെ വള്ളം എടുത്തോ. എന്തിനാടാ വള്ളം ?”

“ചെറിയൊരു പരിപാടി ഉണ്ട്. നീ എവിടെയാ വള്ളം കെട്ടിയിരിക്കുന്നത്”

“വീടിന്റെ പിറകിലെ കടവിൽ ഉണ്ട്. നീ എപ്പോഴാണെന്ന് വെച്ചാൽ വന്ന് എടുത്തോ”

“ഓക്കെടാ, ഞാൻ സമയം ആകുമ്പോൾ എടുത്തോളാം. ഇപ്പോൾ ഞങ്ങൾ ഇറങ്ങട്ടെ”

“എടാ, ഇത്ര നാളുകൾക്ക് ശേഷം കണ്ടിട്ട് നീ ഒന്നും കഴിച്ചില്ലല്ലോ . നീ ഇരിക്ക് ഞാൻ ചായ എടുക്കാം”

“വേണ്ടെടാ, ഞാൻ പിന്നെ വരാം. അവളും കൊച്ചും അവളുടെ വീട്ടിൽ അല്ലെ.”

“അതേടാ, അല്ലാതെ ഇവിടെ ആരാണ് അവരെ നോക്കാൻ”

“അപ്പോൾ അവർ തിരികെ വന്ന ശേഷം ഞാൻ ഫാമിലിയായി വരാം. ഇപ്പോൾ ഇറങ്ങട്ടെ”

“ഓക്കെ ടാ”

“അപ്പോൾ ശരി പിന്നെ കാണാം”

“അപ്പോൾ ഇറങ്ങട്ടെ ഷിജിലെ” യാത്ര പറഞ്ഞ് പ്രതാപും അനസും അവിടെ നിന്ന് ഇറങ്ങി.

“അനസേ, നമ്മുടെ ലിസ്റ്റിൽ നിന്നും സജീവിനെയും വെട്ടാം അല്ലെടോ. എന്താ തന്റെ അഭിപ്രായം ?”

“ഷിജിൽ പറഞ്ഞതനുസരിച്ച് സജീവ് പ്രശ്നക്കാരൻ ആണെന്ന് തോന്നുന്നില്ല. പിന്നെ ഞാൻ ഇന്നലെ എന്റെ അച്ഛനുമായി ഈ സജീവിന്റെ കാര്യം സംസാരിച്ചിരുന്നു. അച്ഛനും പറഞ്ഞത് പുള്ളി വലിയൊരു പ്രശ്നക്കാരൻ ഒന്നുമല്ല, ഒരു നിഷ്കളങ്കൻ ആണെന്ന് തന്നെയാണ്. നമുക്ക് ഒന്ന് അയാളുടെ വീട്ടിൽ പോയി നോക്കിയാലോ സർ. വീടും പരിസരവും കണ്ടാൽ അറിയാമല്ലോ ആളുടെ സാമ്പത്തികാവസ്ഥ”

“പോയി നോക്കാം, ഞാൻ സജീവ് എവിടെയുണ്ടെന്ന് വിളിച്ചു നോക്കട്ടെ”

ഫോൺ എടുത്ത് പ്രതാപ് സജീവിനെ വിളിച്ചു. എവിടെയുണ്ടെന്ന് അന്വേഷിച്ചു. സജീവ് കടവിൽ ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് പ്രതാപ് നേരെ കടവിലേക്ക് പോയി.

പ്രതാപും അനസും നടന്ന് വരുന്നത് കണ്ട് സജീവ് ഓടി അവരുടെ അടുത്തേക്ക് ചെന്നു.

“സർ, എപ്പോ എത്തി. വന്നിട്ട്
സാറെന്താ വിളിക്കാതിരുന്നത്”

“ഞങ്ങൾ എത്തിയിട്ട് കുറച്ചു സമയം ആയി. അനസിന്റെ ഒരു ഫ്രണ്ട് ഉണ്ട് ഷിജിൽ, അവനെ ഒന്ന് കാണാൻ വേണ്ടി പോയതാണ്”

“എന്താ സർ പ്രത്യേകിച്ച്”

“ഒന്നുമില്ലെടോ, വെറുതെ അനസ് അയാളെ കണ്ടിട്ട് കുറെ നാളുകളായി. അങ്ങിനെ കാണാൻ വേണ്ടി പോയതാണ്. സജീവ് അറിയില്ലേ അനസിനെ”

“പിന്നെ എനിക്കറിയില്ലേ, നമ്മുടെ നാട്ടുകാരൻ ആയിരുന്നില്ലേ. ജോലി കിട്ടിയ ശേഷം അല്ലെ ടൗണിലേക്ക് പോയത്. അച്ഛനും അമ്മയ്ക്കും സുഖമല്ലേ അനസ് ?”

“എല്ലാവരും സുഖമായിരുക്കുന്നു സജീവേട്ടാ”

“സജീവേ, എന്തായടോ ഞാൻ ഏൽപ്പിച്ച കാര്യം ?”

“എന്താണ് സർ ?”

“എടോ, ഇവിടെ അടുത്തകാലത്ത് എന്തെങ്കിലും കാര്യങ്ങൾ പ്രത്യേകിച്ച് നടന്നിട്ടുണ്ടോ എന്നന്വേഷിക്കാൻ ഞാൻ പറഞ്ഞിരുന്നില്ലേ. അതെന്തായി ?”

“സർ, അങ്ങിനെ പ്രത്യേകിച്ച് ഒന്നും നടന്നിട്ടില്ല. പിന്നെ ഞാൻ പറഞ്ഞിരുന്നില്ലേ, മരണങ്ങൾ തുടർന്നപ്പോൾ ഇവിടെ കുറച്ചു കല്യാണങ്ങൾ മുടങ്ങിയിരുന്നു. അതിന്റെ ബാക്കിയായി ഇവിടുന്ന് കുറച്ചു പേർ വീടും സ്ഥലവും വിറ്റ് ടൗണിലേക്ക് താമസം മാറാൻ നിൽക്കുന്നുണ്ട്. അതിൽ രണ്ട്, മൂന്ന് കച്ചവടം നടത്തിയത് ഞാൻ ആണ്. ടൂറിസ്റ്റുകൾ വരാതെ ആയപ്പോൾ ഉണ്ടായ വരുമാനം നഷ്ടമായി. അപ്പോൾ ഇതേ പോലെ എന്തെങ്കിലുമൊക്കെ ചെയ്താണ് ജീവിക്കുന്നത്”

“ഇവിടെ ഇത്രയധികം മരണങ്ങൾ നടന്നിട്ടും ഇവിടെയുള്ള ആരാടോ സ്ഥലങ്ങൾ വാങ്ങുന്നത്”

“സുനിൽകുമാർ കുട്ടായി എന്നു പറയുന്ന ഒരു പുതുപണക്കാരൻ ഉണ്ട് സർ ഇവിടെ. അവൻ കുറെ നാൾ പുറത്ത് ഏതോ സ്ഥലത്ത് ആയിരുന്നു. അവൻ ആണ് ഈ സ്ഥലങ്ങൾ മുഴുവൻ വാങ്ങിയിരിക്കുന്നത്”

“എന്തിനാടോ അവന് ഇത്രയധികം സ്ഥലം. ഇവിടുത്തെ പ്രശ്‌നങ്ങൾ എല്ലാം മാറി കഴിയുമ്പോൾ മറിച്ച് വിൽക്കാൻ ആയിരിക്കും. ഇപ്പോൾ പണം മുടക്കാൻ അവൻ മാത്രമേ ഉള്ളു ഇവിടെ. അതിൽ നിന്നും കിട്ടിയ കമ്മീഷൻ കൊണ്ടാണ് സാറേ കുറെ നാളുകളായി ഞാനും കുടുംബവും ജീവിക്കുന്നത്.”

“എടോ സജീവേ, എനിക്ക് ഇയാളെ ഒന്ന് കാണാൻ കഴിയോ”

“സർ, കുട്ടായി ഇവിടുത്തുകാരൻ ആണെങ്കിലും കയ്യിൽ പൈസ വന്നപ്പോൾ ഇവിടെ താമസിക്കുന്നത് നാണക്കേട് ആണെന്നും പറഞ്ഞ് ഇപ്പോൾ ടൗണിലെ കോടതിക്ക് അടുത്താണ് താമസം. അവിടെ ചെന്നാൽ കാണാൻ കഴിയുമായിരിക്കും”

“അവനെ ഞാൻ അവിടെ പോയി കണ്ടോളാം. വേറെ എന്തെങ്കിലും ഉണ്ടോടോ തനിക്ക് പറയാൻ”

“ഇല്ല സർ. പിന്നെ ഇവിടെ സ്ഥിരം നടക്കുന്ന കള്ളിന്റെ പുറത്തുള്ള തല്ല്പിടികൾ മാത്രമേ ഉള്ളു”

“സജീവിന്റെ വീട് ഇവിടെ അടുത്ത് എവിടെയെങ്കിലും ആണോ”

“അതേ സർ, 10 മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളു. സർ വന്നാൽ നമുക്ക് വീട്ടിൽ കയറിയിട്ട് പോകാം”

“എങ്കിൽ വാ, നമുക്ക് തന്റെ വീട് വരെ പോയിട്ട് വരാം”

“വരു സർ”

അവരെ വിളിച്ചു കൊണ്ട് സജീവ് മുന്നിൽ നടന്നു. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ ദൂരെ കാണുന്ന വളരെ പഴകിയ ഒരു വീട് കാണിച്ചു കൊണ്ട് സജീവ് “സർ, ആ കാണുന്നതാണ് എന്റെ വീട്”

ആ വീട് കണ്ടപ്പോഴേ പ്രതാപിന് മനസ്സിലായി സജീവിന്റെ കയ്യിൽ ഒന്നുമില്ലെന്ന്.

വീടിന് അടുത്തെത്തിയ സജീവ് അകത്തേക്ക് നോക്കി

“മീനാക്ഷിയെ, നമുക്ക് രണ്ട് വിരുന്നുകാർ ഉണ്ട്” എന്നും പറഞ്ഞ് അകത്തേക്ക് കയറി രണ്ട് കസേര എടുത്ത് പുറത്തേക്ക് വന്നു. പുറത്ത് തന്നെ നിൽക്കുന്ന പ്രതാപിനോടും അനസിനോടും

“കയറി വാ, രണ്ടാളും. സൗകര്യങ്ങൾ വളരെ കുറവാണ്. എങ്കിലും ഉള്ള സ്ഥലത്ത് ഇരിക്ക് രണ്ടാളും”

“വേണ്ടടോ, ഞങ്ങൾ കയറുന്നില്ല. ഇതുവഴി വന്നപ്പോൾ വെറുതെ ഒന്ന് കയറിയെന്നു മാത്രം.

“അങ്ങിനെ പറഞ്ഞാൽ ശരിയാവില്ല സർ. വീട്ടിൽ വന്നിട്ട് ഈ സമയത്ത് ഊണ് കഴിക്കാതെ പോകുന്നത് ശരിയല്ല. പക്ഷെ ഊണ് കഴിക്കാൻ ഞാൻ ക്ഷണിക്കുന്നില്ല. പക്ഷെ ഒരു ഗ്ലാസ് വെള്ളം എങ്കിലും കുടിച്ചിട്ട് പോകാം”

“വേണ്ടടോ, ഷിജിലിന്റെ വീട്ടിൽ നിന്ന് വെള്ളവും ഭക്ഷണവും കഴിഞ്ഞ് ആണ് ഞങ്ങൾ ഇറങ്ങിയത്. മാത്രമല്ല എനിക്ക് എസ്പിയുടെ ഓഫിസിൽ പോകാനും ഉണ്ട്. തനിക്ക് അത്രക്ക് നിർബന്ധം ആണെങ്കിൽ ഞങ്ങൾ കയറുന്നില്ല, താൻ ഓരോ ഗ്ലാസ് പച്ചവെള്ളം ഇങ്ങ് തന്നാൽ മതി”

സജീവ് അകത്ത് പോയി രണ്ട് ഗ്ലാസ് വെള്ളവുമായി വന്ന് അവർക്ക് കൊടുത്തു. “ഭാര്യ കുളിക്കുകയാണ്. അതാണ് ഞാൻ തന്നെ പോയി എടുത്തത്”

വെള്ളം കുടിച്ച ശേഷം “അത് സരമില്ലെടോ. എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ. പിന്നെ ഇപ്പോൾ ഞങ്ങളോട് പറഞ്ഞ കാര്യം ഞങ്ങൾ അറിഞ്ഞു എന്നത് വേറെ ആരും അറിയേണ്ട. മനസ്സിലായോ സജീവേ”

“ഉവ്വ് സർ”

“ഓക്കെ, അപ്പോൾ ഞങ്ങൾ ഇറങ്ങുന്നു”

“ഞാനും വരാം സർ ജെട്ടി വരെ”

“വേണമെന്നില്ല ഞങ്ങൾ പൊയ്ക്കോളാം “

സജീവിനോട് യാത്ര പറഞ്ഞ് അനസും പ്രതാപും അവിടുന്ന് യാത്രയായി.

“എടോ അനസേ, നമുക്ക് ആ കുട്ടായി സുനിലിനെ ഒന്ന് പൊക്കണം. പക്ഷെ കാര്യങ്ങൾക്ക് കുറച്ചു കൂടെ വ്യക്തത വന്നിട്ട് മതി അത്. നമുക്ക് ഇന്ന് രാത്രി തന്നെ വള്ളത്തിൽ ഒരു അന്വേഷണം നടത്തണം. ഷിജിലിന്റെ വള്ളം താൻ കണ്ടിട്ടുണ്ടോ”

“ഇല്ല സർ എന്തേ”

“അല്ലെടോ അതിൽ എത്ര പേർക്ക് കേറാൻ കഴിയും എന്നറിയാൻ ആണ്”

“എന്തായാലും രണ്ടോ, മൂന്നോ പേർക്ക് അതിൽ കയറാൻ കഴിയും സർ”

“ഓക്കെ, എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം. രാത്രി അനീഷിനെയും കൂടി കൂടെ കൂട്ടാം. ഞാൻ വിളിച്ചു പറയാം അനീഷിനോട്. താനും അനീഷും കൂടി വൈകുന്നേരം ആകുമ്പോൾ ജെട്ടിയിൽ വന്നാൽ മതി. നമുക്ക് വൈകീട്ട് ഷിജിലിന്റെ വീട്ടിൽ തങ്ങി ,ഒരു ഒൻപത് മണി ആകുമ്പോൾ വള്ളവുമായി ഇറങ്ങാം. എന്ത് പറയുന്നു.”

“എങ്കിൽ സാറേ, നമുക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞ് എട്ട് മണിയുടെ ബോട്ടിന് വരാം. ഞാൻ വിളിച്ചു പറയാം ഷിജിലിനോട് നമ്മൾ വരുന്ന കാര്യം”

“താൻ വിളിച്ചൊന്നും പറയണ്ട. അവൻ പറഞ്ഞരുന്നില്ലേ, എപ്പോൾ വേണമെങ്കിലും വള്ളം എടുക്കാമെന്ന്. എട്ട് മണിക്ക് അവിടെ നിന്നും പോരുന്ന ബോട്ട് ഇവിടെ എത്താൻ ഇരുപത് മിനിറ്റ് എങ്കിലും വേണ്ടേ. അപ്പോൾ നമ്മൾ വന്ന് നേരെ വള്ളവും എടുത്ത് നമുക്ക് ഇറങ്ങാം. പോരെ”

“എങ്കിൽ അങ്ങിനെ ചെയ്യാം സർ”

അവർ സംസാരിച്ച് ബോട്ട് ജെട്ടി എത്തിയപ്പോൾ ടൗണിലേക്കുള്ള ബോട്ട് പുറപ്പെടാൻ നിൽക്കുന്നു. ടിക്കറ്റ് എടുത്ത് രണ്ടാളും ഓടി ബോട്ടിൽ കയറി.

എസ്പിയെ വിളിച്ച് അനീഷിനെ കൂടെ കൂട്ടാൻ പ്രത്യേക പെർമിഷൻ എടുത്ത ശേഷം, രാത്രി എട്ട് മണിയുടെ ബോട്ടിൽ പ്രതാപും അനീഷും അനസും തുരുത്തിലെ ജെട്ടിയിൽ വന്നിറങ്ങി. അനീഷിനെ ജെട്ടിയിൽ നിർത്തിയ ശേഷം അനസും പ്രതാപും കൂടി ഷിജിലിന്റെ വീട്ടിൽ പോയി വള്ളം എടുത്ത് തിരിച്ച് വന്ന് അനീഷിനെയും കൂട്ടി തുരുത്തിലെ മരണങ്ങളുടെ കാരണം തിരക്കിയുള്ള യാത്ര ആരംഭിച്ചു…

തുടരും…

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

മരണങ്ങളുടെ തുരുത്ത് Part 12
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.