മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 4

പോലീസുകാരൻ കൊണ്ടു വന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ അനസ്, പ്രതാപിന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങി.

“സർ, ഞാൻ ഈ സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ആദ്യത്തെ ആറ് മാസം ദിവസവും വീട്ടിൽ പോയി വരികയായിരുന്നു. വൈകുന്നേരം ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ ലാസ്റ്റ് ബോട്ട് പോയി കഴിഞ്ഞാൽ പിന്നെ വീട്ടിൽ പോകുന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് അവിടെയുള്ള വീട് വിറ്റ് ഞങ്ങൾ ഇങ്ങോട്ട് താമസം മാറിയത്”.

“അനസിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ? “.

“അച്ഛനും അമ്മയും ഭാര്യയും ഒരു കുട്ടിയും. മോനിപ്പോ ഒരു വയസ്സ് കഴിഞ്ഞു. രണ്ടു പെങ്ങന്മാർ കൂടെയുണ്ട്,അവരുടെ കല്യാണം കഴിഞ്ഞ് ഭർത്താക്കന്മാരുടെ വീട്ടിൽ ആണ്”.

“ഭാര്യക്ക് ജോലിയുണ്ടോ? “

“ഇല്ല സർ, പി.ജി കഴിഞ്ഞു. മോൻ കുറച്ചു കൂടി വലുതായിട്ട് വേണം എന്തെങ്കിലും ജോലി നോക്കാൻ. അച്ഛൻ ഗവർണമെന്റ് സർവീസിൽ ആയിരുന്നു. ഇപ്പോ വിശ്രമ ജീവിതത്തിൽ ആണ് “.

“OK. പറയൂ അനസ്, പുഴയക്കര ഗ്രാമം എന്ന സ്ഥലത്തെക്കുറിച്ച് അനസിന് അറിയാവുന്ന കാര്യങ്ങൾ, കൂടെ അവിടെ നടന്ന മരണങ്ങളെക്കുറിച്ചു തനിക്ക് അറിയാവുന്ന കാര്യങ്ങളും”.

പുഴയക്കര എന്ന ഗ്രാമത്തെക്കുറിച്ച് അനസ് പറയാൻ തുടങ്ങി.

“നാലു വശവും പുഴകളാൽ ചുറ്റപ്പെട്ട അതിമനോഹരമായ ഒരു ഗ്രാമം ആണ് പുഴയക്കര ഗ്രാമം. ഏകദേശം 75 ഓളം കുടുംബങ്ങൾ ആണ് അവിടെ താമസം. ആ ഗ്രാമത്തിലെ ഭൂരിപക്ഷം എല്ലാവരും പുഴയിൽ നിന്നും മീൻ പിടിച്ചാണ് ജീവിക്കുന്നത്. പിന്നെ ഇപ്പോൾ മീൻപിടുത്തത്തിൽ നിന്നുള്ള വരുമാനം കുറവായത് കൊണ്ട് ചെറുപ്പക്കാരിൽ ചിലർ ടൗണിലെ ചിലയിടങ്ങളിൽ ജോലിക്ക് വരുന്നുണ്ട്. കടകളിൽ സെയിൽസിന്, മേസ്തിരി പണിക്ക് അങ്ങിനെ. പിന്നെ 1, 2 പേർക്ക് ഗവർണമെന്റ് ജോലി കിട്ടിയിട്ടുണ്ട്. അവിടെ കൂടുതലും ആളുകൾ ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രം ഉള്ളവരാണ്. ഇപ്പോൾ ചിലർ ടൗണിൽ വന്ന് കോളേജിലും മറ്റും പഠിക്കുന്നുണ്ട്. അവിടെ നിന്നും പുറത്ത് പോയി പഠിച്ച ഒരേ ഒരു ഒരാൾ ആണ് അവസാനം മരിച്ച ആൻസി.

ആ ഗ്രാമത്തിൽ ഉള്ളവർ നിഷ്കളങ്കരായ ജനങ്ങൾ ആണ്. മറ്റുള്ളവരെ പറ്റിക്കാനോ, മറ്റുള്ളവർ തങ്ങളെ പറ്റിക്കുന്നത് മനസ്സിലാക്കാനോ, തിരിച്ചറിയാനോ കഴിയാത്തവർ.

എല്ലാവരും അന്നന്ന് പണിയെടുത്ത് കുടുംബം പോറ്റുന്നവരാണ്.

ഒരുപാട് വർഷങ്ങൾക്ക് മുന്നേ, എന്റെയൊക്കെ അച്ഛന്റെ ചെറുപ്പകാലത്ത് മറ്റു ദേശങ്ങളിൽ നിന്ന് കുടിയേറി പാർത്തവരാണ് ആ ഗ്രാമത്തിലെ ജനങ്ങൾ.
പിന്നീട് സർക്കാർ ആ സ്ഥലങ്ങൾ അവർക്ക് പതിച്ചു കൊടുക്കുകയായിരുന്നു. ഇപ്പോഴും ആ ഗ്രാമത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും സർക്കാരിന്റെ തന്നെയാണ്.

രാവിലെ 6 മണിക്കാണ് അവിടെ നിന്നുള്ള ആദ്യ ബോട്ട് സർവീസ് തുടങ്ങുന്നത്. രാത്രി 9.30 ന് ടൗണിൽ നിന്നുള്ള അവസാന സർവീസ്. അത് അവിടുത്തെ കടവിൽ എത്തുമ്പോൾ 10 മണിയോടടുക്കും. അവിടുത്തെ മരണങ്ങൾ തുടങ്ങിയ ശേഷം അവസാന സർവീസ് ഇപ്പോൾ ഉണ്ടാകാറില്ല.

സർക്കാർ നല്ല നിലയിൽ നോക്കിയാൽ അവിടെ ഒരു ടൂറിസ്റ്റ് സ്ഥലം ആക്കി മാറ്റുവാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ല. മുൻപ്, അതായത് അവിടെ മരണങ്ങൾ തുടർക്കഥകൾ ആകുന്നതിന് മുൻപ്, മലയാളികളായ ചില ആളുകൾ വരുമായിരുന്നു. അങ്ങിനെ വരുന്നവർക്ക് താമസിക്കാൻ ചില വീടുകളിൽ ഹോം സ്റ്റേ ഒക്കെ ഉണ്ടാക്കിയിരുന്നു. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഹോം സ്റ്റേ നടത്തിയിരുന്നവർ ആ ഗ്രാമത്തിലെ ഇടതോടുകളിൽ വഞ്ചിയാത്ര, വിത്യസ്തമായ ഭക്ഷണം ഒക്കെ സംഘടിപ്പിച്ചിരുന്നു.

ഇതിനിടയിൽ വടക്കേ ഇന്ത്യയിൽ ഉള്ള ഏതോ ഒരു കമ്പനി അവിടുത്തെ ടൂറിസം നടത്തിപ്പിനായി സർക്കാരിനെ സമീപിക്കുകയും, സർക്കാർ അതിന് അനുവാദം കൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് എന്തൊക്കെയോ പ്രശ്‌നങ്ങൾ ആയി അത് മുടങ്ങി. പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും എല്ലാം അതിന് എതിരായിരുന്നു. പിന്നീട് അവർ അവിടുത്തെ കുറെ ആളുകളുടെ അടുത്ത് ചെന്ന് വീടും സ്ഥലവും വാങ്ങിക്കാൻ നോക്കിയിരുന്നു. പക്ഷെ ആരും അതിന് സമ്മതിച്ചില്ല. പിന്നീട് അവർ ആ പ്രോജക്ട് ഉപേക്ഷിച്ചു എന്നാണ് അറിഞ്ഞത്….

പിന്നെ മരണങ്ങൾ തുടർക്കഥ ആയപ്പോൾ ടൂറിസ്റ്റുകൾ ആരും അങ്ങോട്ട് വരാതെയായി. കഴിഞ്ഞ 4 മാസത്തിനിടയിൽ തിയ്യതി വരെ നിശ്ചയിച്ചു വെച്ചിരുന്ന മൂന്ന് കല്യാണങ്ങൾ ആണ് മുടങ്ങിയത്. ഈ വിവാഹങ്ങളിൽ എല്ലാം വധു ആയി വരാൻ നിന്നിരുന്നവർ ആ ഗ്രാമത്തിന് പുറത്ത് നിന്നുള്ളവർ ആയിരുന്നു. തുടർച്ചയായി മരണങ്ങൾ നടക്കുന്ന ആ ഗ്രാമത്തിലേക്ക് മക്കളെ അയക്കാൻ കഴിയില്ല എന്ന് പറഞ്ഞ് അവരുടെ മാതാപിതാക്കൾ ആ വിവാഹങ്ങൾ വേണ്ടെന്ന് വെച്ചു”.

“ഈ വടക്കേ ഇന്ത്യയിൽ നിന്നും അവിടെ ആ ടൂറിസ്റ്റ് പ്രോജക്റ്റ് നടത്താൻ വന്നവർ പിന്നെ ആ ഗ്രാമത്തിൽ വരികയോ മറ്റോ ചെയ്തിരുന്നൊ….? ഐ മീൻ… ഈ മരണങ്ങൾ നടന്നതിന് ശേഷമോ, മറ്റോ? “

“അതറിയില്ല സാർ, അത് അവിടെ ആരോടെങ്കിലും തിരക്കണം “.

“ഈ പരിസ്ഥിതി പ്രവർത്തകരായ ആരെയെങ്കിലും അനസിന് പരിചയമുണ്ടോ…? അവരാണോ ഈ കേസ് വീണ്ടും റീയോപ്പൺ ചെയ്യാൻ കോടതി മുഖേനെ ആവശ്യപ്പെട്ടത്….?”

“അതറിയില്ല സാർ. അത് SI സാറിനോട് ചോദിച്ചാൽ അറിയാൻ പറ്റും…”

“OK അനസ്, ഇനി അവിടെ നടന്ന മരണങ്ങളെ കുറിച്ച് അനസിന് എന്താണ് പറയാനുള്ളത് ? “.

“സർ, എല്ലാ മരണങ്ങളും നടന്നിരിക്കുന്നത് രാത്രി 10 മണിക്ക് ശേഷം ആണ്. അതായത് ലാസ്റ്റ് ബോട്ടിൽ വന്നവരും, അതിനു ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങിയവരും ആണ് മരിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ എല്ലാം പറയുന്നത് ഒന്നിൽ പോലും അസ്വാഭാവികതയില്ല എന്നാണ്. പിന്നെ മൃതദേഹങ്ങൾ കിടന്ന സ്ഥലങ്ങളിലും കൊലപാതകം എന്നോ ആത്‍മഹത്യ എന്നോ അറിയുന്നതായ യാതൊരു തെളിവുകളും ഉണ്ടായിരുന്നില്ല. നടന്ന് വരുന്ന വഴിയിൽ കുഴഞ്ഞു വീണ മരണങ്ങൾ പോലെയാണ് മൃതദേഹങ്ങൾ എല്ലാം കിടന്നിരുന്നത് “.

“ശരി, മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നോ ? “

“ഉവ്വ് സർ, ആദ്യ രണ്ട് മൃതദേഹങ്ങൾ ഒഴികെ, ബാക്കി എല്ലാ മൃതദേഹങ്ങളും പോസ്റ്റുമോർട്ടം നടത്തിയിരുന്നു”.

“ഏത് ആശുപത്രിയിൽ ആണ് പോസ്റ്റുമോർട്ടങ്ങൾ നടത്തിയത് ? ആരാണ് പോസ്റ്റുമോർട്ടം നടത്തിയത് ? “

“ജില്ലാ ആശുപത്രിയിൽ, ഡോക്ടർ രാജൻ ആണ് എല്ലാ പോസ്റ്റുമോർട്ടങ്ങളും നടത്തിയത് “.

“അവിടെ ആദ്യം മരിച്ചത് ഒരു സ്ത്രീ ആണെന്ന് പറയുന്നു. പിന്നെ ഒരു പുരുഷനും, അതും അന്ന് രാത്രി അവസാന ബോട്ട് വന്ന സമയം ബോട്ട് ജെട്ടിക്ക് സമീപം. ആ രണ്ട് ബോഡിയും പോസ്റ്റ്മോർട്ടം ചെയ്തിട്ടും ഇല്ല. പിന്നീട് മരിച്ച എല്ലാവരുടെയും ബോഡി പോസ്റ്റ് മോർട്ടം ചെയ്തിട്ടും ഉണ്ട്. ആദ്യത്തെ രണ്ട് മരണങ്ങൾക്ക് ശേഷം മരണം ഒരു തുടർക്കഥ ആയപ്പോൾ, ആദ്യത്തെ ആ രണ്ട് ബോഡിയും പോസ്റ്റ്മോർട്ടം ചെയ്യണം എന്ന് ആ ഗ്രാമത്തിലെ ആരെങ്കിലും, പരിസ്ഥിതി പ്രവർത്തകരോ രാഷ്ട്രീയ പാർട്ടികളോ ആവശ്യപ്പെടുകയോ മറ്റോ ചെയ്തിട്ടുണ്ടോ..?”

“ഇല്ല സാർ, അങ്ങനെ ഒരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല…”

“Ok. ആദ്യത്തെ രണ്ട് മരണം പോസ്റ്റ്മോർട്ടം ചെയ്യാതെ എങ്ങനെയാണ് എല്ലാവരും അത് സ്വാഭാവിക മരണമായി കണക്കാക്കിയത്…?”

“അതറിയില്ല സാർ. അതു SI സാറിനോട് തന്നെ ചോദിക്കണം…”

“OK അനസ്, ഇത്രയും വിവരങ്ങൾ നൽകിയതിന് നന്ദി. തന്റെ നമ്പർ എനിക്ക് തരിക. പിന്നെ അടുത്ത ദിവസം മുതൽ അനസ് എന്റെ കൂടെ ഉണ്ടാകണം, ഈ കേസ് അന്വേഷണത്തിന്. അതിന് വേണ്ടി തന്നെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി എന്റെ ടീമിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ, ഇന്ന് തന്നെ ഞാൻ ഡിജിപിക്ക് അയക്കുന്നുണ്ട്. ഈ മരണങ്ങളുടെ പിന്നിലെ സത്യാവസ്ഥ നമ്മുക്ക് അറിയേണ്ടേ അനസ് ? “

“തീർച്ചയായും സർ, എന്റെ നാടിന്റെ ഈ അവസ്ഥക്കുള്ള കാരണം കണ്ടുപിടിക്കാൻ എന്തായാലും ഞാൻ സാറിന്റെ കൂടെ ഉണ്ടാകും”.

“OK അനസ്, എനിക്ക് ഇപ്പോൾ ഓഫീസ് ആയിട്ടില്ല. തത്കാലം എനിക്ക് ഡിപ്പാർട്മെന്റ് തന്നിരിക്കുന്ന വീട് തന്നെ ആയിരിക്കും നമ്മുടെ ഓഫീസ്. സഞ്ചരിക്കാനുള്ള വാഹനം എന്റെ ബുള്ളറ്റും. പിന്നെ നമ്മൾ മാത്രമേ ഈ ടീമിൽ ഉണ്ടാകുകയുള്ളൂ. അനസ് ok അല്ലേ ? “

“OK ആണ് സർ “.

“പിന്നെ അനസ്, ഡിജിപിയുടെ ഓർഡർ കിട്ടിയാൽ ഉടനെ ഞാൻ വിളിക്കാം. ഡിജിപിയുടെ ഓർഡർ വരുന്നത് വരെ അനസിനെ ടീമിൽ എടുക്കുന്ന കാര്യം ആരും അറിയേണ്ട. SI പോലും. കേട്ടല്ലോ? അപ്പോൾ ഞാൻ ഇറങ്ങുന്നു. നാളെ ഞാൻ അനസിനെ വിളിച്ചോളാം”.

“OK സർ” അനസ് സല്യൂട്ട് അടിച്ചു.

മുകളിൽ നിന്ന് ഇറങ്ങിയ പ്രതാപ് ചന്ദ്രൻ നേരെ SI യുടെ മുറിയിൽ കയറി, യാത്ര പറഞ്ഞ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി.

പിറ്റേന്ന് വൈകീട്ട് അനസിനെ സ്റ്റേഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊണ്ടുള്ള ഡിജിപിയുടെ ഓർഡർ, എസ് പി സ്റ്റേഷനിലേക്ക് ഫോർവേഡ് ചെയ്തു. പിറ്റേ ദിവസം അനസ്, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ജില്ലാ ഓഫിസിൽ ചെന്ന് ജോയിൻ ചെയ്ത ശേഷം, പ്രതാപ് ചന്ദ്രന്റെ അടുത്ത് എത്തി ജോയ്‌നിങ് റിപ്പോർട്ട് കൊടുത്തു.

അനസ്, പ്രതാപ് ചന്ദ്രന്റെ കൂടെ ടീമായി ജോയിൻ ചെയ്ത ശേഷം രണ്ട് ദിവസം കഴിഞ്ഞ്, പുഴയക്കര ഗ്രാമത്തിൽ ചെന്ന് അവിടെയുള്ള ആളുകളോട് കാര്യങ്ങൾ അന്വേഷിച്ചു. അനസ് പറഞ്ഞതിൽ കൂടുതൽ ഒന്നും അവർക്കും പറയാൻ ഉണ്ടായിരുന്നില്ല. തിരിച്ച് പോരുന്ന സമയത്ത് മെമ്പറെ കണ്ട് ഇനി എന്ത് ഉണ്ടായാലും തന്നെ വിളിക്കണം എന്നു പറഞ്ഞ് പ്രതാപ് ചന്ദ്രന്റെ നമ്പർ കൊടുത്താണ് അവർ മടങ്ങിയത്. പിന്നീടുള്ള രണ്ട് ദിവസങ്ങൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ പോയി. പക്ഷെ അത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണെന്ന് മനസ്സിലാക്കാൻ രണ്ട് ദിവസം കഴിഞ്ഞുള്ള പുലരി വരെ കാത്തിരിക്കേണ്ടി വന്നു…

തുടരും….

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

മരണങ്ങളുടെ തുരുത്ത് Part 4
4 (80%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.