malayalam poem

ഓർമ്മകളുടെ ഊഞ്ഞാൽ

അന്ന് –
അതൊരു കാലമായിരുന്നു …!
അന്നത്തെ മഴയ്ക്ക്
ഉമ്മറത്തിണ്ണയിലീയലുണ്ട് ,
കുതിരുന്ന പുതുമണ്ണിൻ
സുഗന്ധമുണ്ട്,
ഇടവഴിയിൽ പാറുന്ന
തുമ്പികളുണ്ട്,
മുറ്റത്ത്
വെള്ള കുമിളകൾക്കൊപ്പം
തെന്നുന്ന
കടലാസ്തോണിയുണ്ട്,
പാടത്ത് പണിയോരുടെ
കൂവലുണ്ട്,
തേക്കുപാട്ടേകുന്ന
താളമുണ്ട്,
കാറ്റിൽ നനവേറ്റ്
നിറം മാറുന്ന
ചാണകം പൂശിയ തിണ്ണയുണ്ട്,
മേൽക്കൂര കിനിയുമ്പോൾ
തറയിൽ പരക്കാതെ
ഓടിന് കീഴായി കിണ്ണമുണ്ട്,
പെയ്തത്
തീർന്നില്ലയിനിയുമെന്നോതി –
പയ്യെ കുടുങ്ങുന്നോരിടിയുമുണ്ട്,
ഇടിമിന്നൽ വെളിച്ചത്തിൽ
പാടവരമ്പിലൂടെ
പകലന്തിയാക്കിയ
പണി കഴിഞ്ഞെത്തുന്ന
അച്ഛനെ കാക്കുന്ന,
ആകുലമിഴിയുള്ളൊരമ്മയുണ്ട്,
അച്ഛൻ
വരുന്നുണ്ടോയെന്നേറെ ചോദിച്ച്
പായിൽ –
പാതിമയക്കത്തിലായൊരു
കോമളരൂപനാം
കുട്ടിയുണ്ട്,
കുട്ടിയുടെ കുഞ്ഞു സ്വപ്നങ്ങളിൽ
വിയർപ്പിന്റെ മണമുള്ള
പലഹാര പൊതികളുണ്ട്….
വിയർപ്പിൽ നനഞ്ഞൊരു
നാരങ്ങാ മുട്ടായിയുണ്ട്…

– സന്തോഷ് –

ഓർമ്മകളുടെ ഊഞ്ഞാൽ
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.