പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 5

കോവിലകത്തു നിന്നു കിച്ചൻ പോന്നിട്ടു വർഷം നാലായി. അവന്റെ രൂപത്തിലും നല്ല മാറ്റമുണ്ട്. എന്നാൽ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവും ഇല്ല. പഠിപ്പൊക്കെ പൂർത്തിയാക്കി കിച്ചനും അവനെ പോലെ തന്നെ ഉള്ള മറ്റു കുട്ടികൾക്കും മടങ്ങി പോകുന്ന നാൾ എത്തി. എല്ലാപേരും പതിവുപോലെ കുളിയും തേവാരവും കഴിഞ്ഞു ഗുരുനാഥന്റെ അടുത്ത് എത്തി. അദ്ദേഹം ശിഷ്യന്മാരോട് ഓരോ ചോദ്യങ്ങൾ ചോദിച്ചു,
“നിങ്ങൾ ഓരോരുത്തരും ഈ നാലു വർഷം കൊണ്ട് എന്തൊക്കെ പഠിച്ചു? ”
ശിഷ്യന്മാർ ഓരോരുത്തരും അവർക്കു ഉചിതമെന്നു തോന്നിയ ഉത്തരം നൽകി. അദ്ദേഹം അതേ ചോദ്യങ്ങൾ കിച്ചനോടും ചോദിച്ചു
“ഈ നാലു വർഷം കൊണ്ട് കിച്ചൻ എന്തൊക്കെ പഠിച്ചു? ”
“ഗുരുനാഥാ…
ഈ നാലു വർഷം കൊണ്ട് നിക്ക് ഒന്നും പഠിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം, ഈ നാലു വർഷവും നാം അങ്ങയെ അറിയാൻ ശ്രമിക്കുകയായിരുന്നു. അങ്ങയെ പോലെ ആവാൻ ശ്രമിക്കുകയായിരുന്നു, അങ്ങയെ പോലെ സ്വാത്തികമായി ചിന്ദിക്കാൻ ശ്രമിക്കുകയായിരുന്നു. ”
“ഹഹഹ, ന്നിട്ട് അങ്ങനെ ഒക്കെ ആയോ കിച്ചൻ? ”
“ഇല്ല്യ. ഇപ്പോളും ശ്രമിക്കുകയാണ് നാം അങ്ങയെപ്പോലെ ആവാൻ ”
“ശെരി, ഇനി നമ്മുടെ അടുത്ത ചോദ്യം
നിങ്ങൾ ഓരോരുത്തരും അവരവരുടെ ഭവനങ്ങളിൽ എത്തിയാൽ ആദ്യം ചെയ്യാ കർമ്മം എന്തായിരിക്കും? ആദ്യം കിച്ചൻ പറയ്യാ ”
“നാം എത്തിയാലുടൻ ന്റെ അമ്മയുടെ അടുത്തേക്ക് എത്തിയ ശേഷം ആ കൈകൾ പിടിച്ചു നിവർത്തി രണ്ടു കൈക്കുള്ളിലും ഓരോ ഉമ്മ കൊടുക്കും ”
“അതെയോ? ”
“മ്മ് ”
ഗുരുനാഥനോട് യാത്ര പറഞ്ഞിറങ്ങുമ്പോഴാണ് കിച്ചൻ ഹരിയെ കുറിച്ച് ഓർത്തത്‌. അവൻ മറ്റു സുഹൃത്തുക്കളോട് ഹരിയെ അന്വഷിച്ചു
“അല്ല എവിടെ നമ്മുടെ ആത്മ മിത്രം ഹരി? ”
“ഏത് ഹരി? ”
സുഹൃത്തുക്കളിൽ ഒരുവൻ ചോദിച്ചു
“ഏത് ഹരിയുടെ കാര്യാ ഈ ചോദിക്കണേ? ഹരി ന്ന് നാമത്തിൽ ആരും തന്നെ ഇവിടെ ഇല്ല്യല്ലോ കിച്ചാ ”
“ഹാ അതെങ്ങനെയാ ശെരിയാവ? നമ്മുടെ ആത്മമിത്രത്തിന്റെ നാമം ഹരിന്നു തന്ന്യാ ”
“ഇല്ല്യ കിച്ചാ ഇവിടെ അങ്ങനെ ഒരാൾ ഇല്ല്യ ”
“മ്മ്. ”
കിച്ചൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല. അവൻ കോവിലകത്തേക്കു പുറപ്പെട്ടു.
സന്ധ്യയോടു കൂടി അവൻ കോവിലകത്തെത്തി. പടിപ്പുര കടന്നു വരുമ്പോൾ ഉമ്മറത്ത് അമ്മ നാമം ചൊല്ലുന്നുണ്ടായിരുന്നു. അവൻ മുറ്റത്തു നിന്നു അകത്തേക്ക് വന്നു വിളിച്ചു,
“അമ്മേ ….. ”
നാമം ജപിച്ചിരുന്ന ഗായത്രി വേഗം മുഖമുയർത്തി നോക്കി. അവർക്കു വിശ്വസിക്കാനായില്ല. മകനെ കണ്ട സന്തോഷത്തിൽ നാമം ജപിച്ചു കൊണ്ടിരുന്നടത്തു നിന്നു ഗായത്രി പെട്ടെന്ന് എഴുന്നേറ്റു. കിച്ചന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു
“അമ്മേടെ കുട്ടി വല്യ ആളായല്ലോ. ”
” ആ, കിച്ചനെ… വല്യ കുട്ടി ആയി”
“അമ്മേടെ കുട്ടി വേഗം കുളി കഴിഞ്ഞു വരുട്ടോ. എത്ര കാലായി അമ്മേടെ കൈ കൊണ്ട് വിളമ്പി തന്നിട്ട് ”
“ആ.. കുളി ഒക്കെ ആവാം അമ്മേ. ആദ്യം അമ്മുനെയും സാവിത്രി കുട്ടിയേം കണ്ടിട്ട് ”
കിച്ചൻ അകത്തേക്ക് കയറിയതും വാതിലിനു പിന്നിൽ അമ്മു നിൽക്കുന്നു. അവൻ അവളുടെ അടുത്തേക്ക് ചെന്നു
“അമ്മു….
എന്തേ ഇങ്ങനെ മറഞ്ഞു നിൽക്കുന്നെ? ഇങ്ങട് വായോ ”
എന്ന് പറഞ്ഞു അവൻ അവളുടെ വലം കയ്യിൽ പിടിച്ചു. എന്നിട്ട് പറഞ്ഞു,
“അമ്മു നോക്കിയേ കിച്ചൻ വല്യ കുട്ടി ആയി.കണ്ടുവോ കിച്ചന് മീശയൊക്കെ വന്നു മുഖത്തും നെഞ്ചത്തും ഒക്കെ ”
“മ്മ് ഉവ്വ്. ന്റെ കിച്ചൻ ഇപ്പൊ മറ്റാരോ ആയിരിക്കുണു ന്റെ കിച്ചൻ. ”
അവൾ അവന്റെ കവിളത്തു തൊട്ടു കൊണ്ട് പറഞ്ഞു.
“എവിടെ സാവിത്രികുട്ടി? ”
” ഓപ്പോൾ അകത്തുണ്ടാവും ”
“കിച്ചൻ കണ്ടിട്ട് വാരാംട്ടോ ”
“മ്മ് ”
കിച്ചൻ സാവിത്രിയുടെ മുറിയിലേക്ക് പോയി. വാതിൽക്കൽ ചെന്നു നീട്ടി ഒരു വിളിയാ,
“സാവിത്രികുട്ട്യേ….. ”
അവൾ ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കിയപ്പോൾ വാതിലിനു പുറത്തു കിച്ചൻ നിൽക്കുന്നു.
“കിച്ചാ…. അകത്തേക്ക് വായോ. എന്തേ അവിടെ തന്നെ നിൽക്കുന്നെ? വല്യ ആളായല്ലോ കിച്ചൻ. മീശയൊക്കെ വന്നു ചെക്കന് ഹ ഹ ”
“മ്മ്, അമ്മയും അമ്മു ഉം ഒക്കെ പറഞ്ഞു കിച്ചൻ വല്യ കുട്ടി ആയെന്നു. ഇപ്പൊ സാവിത്രി കുട്ടി ഉം പറഞ്ഞു”
“ഉവ്വെല്ലോ. ശെരിക്കും വല്യ കുട്ടി ആയിരിക്കുണു “

കിച്ചന്റെ രൂപത്തിലും ഭാവത്തിലും പൌരുഷം നിറഞ്ഞു നിന്നു. എന്നാൽ ആൾടെ സംസാരവും പെരുമാറ്റവും പഴയപടി തന്നെ. പക്ഷെ കുട്ടിക്കളി അല്പം കുറഞ്ഞു. ഇപ്പോൾ കൂടുതൽ നേരവും എഴുത്തിലും സംഗീതത്തിലും ആണ് അവൻ. പഴയതു പോലെ അമ്മുനോട് കൂട്ട് കൂടാൻ വരാത്തതിൽ അവളുടെ ഉള്ളിൽ ചെറിയ ഭയം ഉണ്ടായിരുന്നു, അവന് തന്നോട് ആ പഴയ ഇഷ്ടം ഉണ്ടാവോന്നു.
വിദ്യാഭ്യാസം കഴിഞ്ഞു കോവിലകത്തു മടങ്ങി എത്തിയ കിച്ചനോട് വല്യമ്മാമ ചോദിച്ചു,
” തന്റെ പഠനം ഒക്കെ പൂർത്തി ആയില്യേ? ഇനി എന്താ ഭാവി കാര്യങ്ങൾ? ”
“ഒന്നും തീരുമാനിച്ചിട്ടില്യ ”
“എപ്പോ തീരുമാനിക്കും? ”
“കിച്ചൻ കഴിഞ്ഞ ദിവസം വന്നതല്ലേ ഉള്ളു വല്യമ്മാമേ?”
“ഒഹ്, അപ്പൊ തീരുമാനം എപ്പോഴാ ന്ന് അറിയണോച്ചാൽ നാം കണിയാനെ വിളിപ്പിച്ചു കവടി നിരത്തേണ്ടി വരുമോ? ”
കിച്ചൻ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി നിന്നു.
” ന്നാ നാം ഒരു തീരുമാനം എടുത്തിട്ടുണ്ട് തന്റെ കാര്യത്തിൽ. അത് അങ്ങട് അനുസരിക്യാ അത്രന്നെ ”
“മ്മ് ”
” ആ കൃഷ്ണന്റെ അമ്പലത്തിൽ പുനർപ്രതിഷ്ഠ നടത്തി അവിടെ ശാന്തി പണി ചെയ്യാ. ”
“അയ്യോ, ഇല്ല്യ വല്യമ്മാമ്മേ ശാന്തി ആവാൻ കിച്ചന് ഒന്നും അറിയില്യ. ”
“വേദങ്ങൾ നാലും പേടിച്ചില്ല്യേ? അത്യാവശ്യം ചൊല്ലേണ്ട മന്ത്രങ്ങളും കൈവശം ഉണ്ടെല്ലോ അത് മതി ”
“ഇല്ല്യ വല്യമ്മാമേ കിച്ചന് ഒന്നും അറിയില്യ.
‘ഇദം ന : മ മ ‘ ന്നല്ല്യേ? ”
“ഇത്രയും അറിവ് ഒക്കെ മതി. നാളെ മുതൽ അമ്പലത്തിൽ പൊയ്ക്കോളൂ. ഇതേ ചൊല്ലി ഇനി ഒരു സംസാരം വേണ്ട. ”
“മ്മ് ”
കിച്ചൻ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
അതിരാവിലെ ഉണർന്നു സ്വന്തം കരങ്ങൾ നോക്കി ചൊല്ലി,
“കരാഗ്രേവസതെ ലക്ഷ്മി
കരമധ്യേ സരസ്വതി
കരമൂലേ സ്ഥിതാഗൗരി
പ്രഭാതേ കരദർശനം ”
എന്നിട്ട് അവൻ മെല്ലെ കിടക്കയിൽ നിന്നു താഴേക്കു ഇറങ്ങും മുൻപ് ഭൂമിദേവിയെ തൊട്ടു വണങ്ങി.
“സമുദ്രവസനേ ദേവി
പർവതസ്ഥന മണ്ഡലേ
വിഷ്ണുപത്‌നി നമസ്തുഭ്യം
പാദസ്പർശം ക്ഷമസ്യമേ ”
ഭൂമി തൊട്ടു വണങ്ങിയ ശേഷം കിച്ചൻ കുളക്കടവിലേക്കു പോയി. വെള്ളത്തിലേക്ക് ഇറങ്ങി,
“ഗംഗേ ച യമുനേ ചൈവ
ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി
ജലേസ്മിൻ സന്നിധിം കുരു ”
മുങ്ങി കുളി കഴിഞ്ഞു അവൻ തിടപ്പള്ളിയുടെ താക്കോൽ കൂട്ടവുമെടുത്തു അവൻ അമ്പലത്തിലേക്ക് പോയി നടക്കട്ടെ തുറന്നു. ഭഗവാനെ ഒന്ന് വണങ്ങി. എന്നിട്ട് പറഞ്ഞു,
“അതേയ്… നാം കിച്ചൻ.
വല്യമ്മാമ പറഞ്ഞു ഇനി മുതൽ ഇവിടുത്തെ കാര്യങ്ങളൊക്കെ നാം ചെയ്യണമെന്ന്. എന്തേലും വിരോധം ഉണ്ടുച്ചാൽ ഇപ്പൊ പറഞ്ഞോള്ട്ടോ.
അല്ലേൽ തന്നെ കിച്ചൻ ആരോടാ ഈ പറയണേ… നല്ല ആളാ. ന്നാ പിന്നെ തുടങ്ങ ല്ല്യേ? നമുക്ക് അല്പം സംഗീതവും, ശ്ലോകങ്ങളും, പഥങ്ങളും, ഒക്കെ ആയി അങ്ങട് കൂടാം ടോ. എന്തേ? ”
കിച്ചൻ ഭഗവാനോട് സംസാരിച്ചു കൊണ്ട് സംസാരിച്ചു കൊണ്ട് തന്നെ ശ്രീകോവിലിനുള്ളിൽ ഓരോ പണികൾ ചെയ്തു.
” ന്നാലും നിക്ക് മനസ്സിലാവുന്നില്ല്യേ, വല്യമ്മാമ എന്തിനെ കിച്ചനോട് പണി എടുക്കാൻ പറഞ്ഞെ? നിക്ക് ആണൂച്ചാൽ പണി എടുത്തു ശീലവും ഇല്ല്യേ. ഹ്മ്മ് ന്റെ ഒരു യോഗം അല്ലാണ്ട് എന്താ പറയാ ”
ഭഗവാന് കളഭം ചാർത്തി കഴിഞ്ഞു പൂജയും കഴിഞ്ഞു ഉച്ചയ്ക്ക് നടയടച്ചു കോവിലകത്തേക്കു മടങ്ങി.
ഉമ്മറത്ത് കിണ്ടിയിൽ വെച്ചിരുന്ന വെള്ളം കൊണ്ട് കളി കഴുകിയ ശേഷം അവൻ നീട്ടി വിളിച്ചു,
“അമ്മേ……..
കിച്ചന് വിശക്കുണൂ…”
“കയ്യും കാലും കഴുകി വന്നോളു അമ്മേടെ കുട്ടി. അമ്മ ചോറ് തരാം ”
“ആ ”
കിച്ചൻ വേഗം തന്നെ ശുദ്ധിയായി ഊട്ടുപുരയിലേക്കു ചെന്നു. അമ്മ വിളമ്പി കൊടുത്ത ചോറ് മുഴുവൻ അവൻ ഉണ്ടു.
” അമ്മേ… എന്തേ അമ്മു കിച്ചനോട് പഴയപോലെ കൂട്ട് കൂടാൻ വരാത്തെ? ”
“അമ്മു വല്യ കുട്ടി ആയില്യേ ഉണ്ണ്യേ? അപ്പൊ പഴയ പോലെ ആൺകുട്ട്യോളോട് കൂട്ട് പാടുണ്ടോ? ”
“അതെന്തേ അമ്മേ വല്യകുട്ട്യോൾ ആൺകുട്ട്യോളോട് കൂട്ട് കൂടാൻ പാടില്ല്യേ? കിച്ചൻ വല്യ കുട്ടി ആയല്ലോ, ന്നിട്ട് കിച്ചൻ ആൺകുട്ട്യോളോട് കൂട്ട് ഉണ്ടെല്ലോ ”
“ന്റെ കിച്ചാ, കുട്ടനെ പോലെ ആണോ പെൺകുട്ട്യോൾ? അമ്മേടെ ഉണ്ണി ആൺകുട്ടി അല്ലേ? ആങ്കുട്ട്യോൾക്ക് ആവാം അതുപോലെ അല്ല പെൺകുട്ട്യോൾ ”
“ന്നോട് അമ്മു ഉം സാവിത്രികുട്ടി ഉം അല്ലാണ്ട് വേറെ ആരാ കൂടാ? നിക്ക് കൂട്ട് കൂടാൻ വേറെ ആരും ഇല്ല്യല്ലോ അമ്മേ ”
കിച്ചൻ സങ്കടത്തോടെ അമ്മയോട് പറയുന്നത് കേട്ടുകൊണ്ടാണ് സാവിത്രി വന്നത്. അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു,
” ആരാ പറഞ്ഞെ കിച്ചനോട് കൂട്ട് കൂടില്ല്യാന്നു? കിച്ചനോട് സാവിത്രികുട്ടി കൂട്ട് കൂടാല്ലോ. ”
“അമ്മു ന്നോട് കൂട്ടില്ല സാവിത്രികുട്ട്യേ ”
“അതെയോ? ”
“മ്മ് ”
“സാവിത്രിക്കുട്ടി ചോദിക്കാംട്ടോ അമ്മുട്ടിയോട്. ”
“ആ
എപ്പോ ചോദിക്കും? ”
“ദേ ഇപ്പൊ ചോദിക്കാല്ലോ “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

പുനർജ്ജന്മം ഭാഗം 5
4.5 (90%) 4 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.