പുനർജ്ജന്മം Malayalam novel

പുനർജ്ജന്മം ഭാഗം 7

അത്താഴം കഴിഞ്ഞു എല്ലാപേരും അവരവരുടെ മുറിയിലേക്ക് പോയി. അൽപനേരം കഴിഞ്ഞു കിച്ചൻ മെല്ലെ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അവൻ മെല്ലെ കോണിപ്പടികൾ ഇറങ്ങി താഴേക്കു എത്തി. അമ്മുന്റെ മുറിയുടെ ജനാലയുടെ അടുത്ത് നിന്നു ശബ്ദം താഴ്ത്തി വിളിച്ചു,
“അമ്മു…. ”
അവളും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വേഗം എഴുന്നേറ്റു ചോദിച്ചു,
“എന്തേ കിച്ചാ?
ഉറങ്ങിയില്യാർന്നുവോ? ”
“ഇല്ല്യ ”
“എന്തേ? ”
“കിച്ചനേ…. അമ്മുനോട് ഒരു കൂട്ടം പറയാൻ വന്നതാ ”
“എന്ത് കാര്യാ? ”
“അമ്മു വാതിൽ തുറക്കാ. കിച്ചൻ അകത്തേക്ക് വന്നു പറയാം ”
“അതെയോ? ”
“മ്മ്
വേഗം തുറക്ക് അമ്മുവേ ”
“അതേയ് വാതിൽ തുറക്കില്ല്യല്ലോ കിച്ചാ”
“അതെന്തേ? ”
“അതേയ് അങ്ങനെയാ ”
“വാതിൽ തുറക്കു അമ്മു ”
“വാതിൽ തുറക്കില്യ. അവിടെ നിന്നു പറഞ്ഞാൽ മതിട്ടോ ”
“അത് പറ്റില്ല്യ. ഇവിടെ നിന്നു പറഞ്ഞുച്ചാൽ കിച്ചന് നാളെ ഒന്നും പറയേണ്ടി വരില്യ ”
“അതെന്തേ? ”
“കിച്ചൻ ഇവിടെ നിന്നു പറയുന്നത് വല്യമ്മാമ കണ്ടുച്ചാൽ അതോടെ തീർന്നില്ലയെ കിച്ചന്റെ കഥ. അപ്പൊ പിന്നെ എങ്ങിനെയാ നാളെ അമ്മുനെ കാണാ, എങ്ങിനെയാ സംസാരിക്യാ? ”
“ഹ്മ്മ്. എന്താ കാര്യംന്നു പറയു കിച്ചാ ”
“അമ്മു വാതിൽ തുറക്ക്. കിച്ചൻ അകത്തു വന്നിട്ട് പറയാം ”
“വാതിൽ തുറക്കില്യ. കാര്യം എന്താച്ചാൽ പറയാ ”
അവൻ ഒന്നുടെ തിരിഞ്ഞു നോക്കി രണ്ടു വശത്തേക്കും. ആരും ഇല്ലന്ന് ഉറപ്പാക്കിയ ശേഷം അവൻ ജനലിനോട് അല്പം കൂടെ ചേർന്ന് നിന്നു. എന്നിട്ട് അവളോട്‌ പറഞ്ഞു,
“അതേയ്, അമ്മു…. ”
“മ്മ്മ്? ”
“കിച്ചൻ ഒരുപാടു നേരം ആലോചിച്ചുട്ടോ ”
“എന്ത്? ”
“നേരത്തേ കുളക്കടവിൽ വെച്ചു അമ്മു ഉമ്മ ചോദിച്ചില്ല്യേ…? ”
“മ്മ്മ്, അതുകൊണ്ട്? ”
“അല്ലാ…. അമ്മു ഉമ്മ ചോദിച്ചിട്ടേ…. തന്നില്ല്യല്ലോ കിച്ചൻ അന്നേരം ”
“അതുകൊണ്ട്? ”
“അത് കിച്ചന് സങ്കടായി . ന്നാലും അമ്മുന് ഉമ്മ തന്നില്ല്യല്ലോ ന്ന് ഓർത്തിട്ടേ,
അത് തരാൻ വന്നതാ കിച്ചൻ. അമ്മു വാതിൽ തുറക്ക് ”
“അത് അന്നേരം അല്ലേ ചോദിച്ചത്
ന്നിട്ട് കിച്ചൻ തന്നില്ല്യല്ലോ അന്നേരം ”
“ആ, അത് തരാനാ വന്നെ ”
“അതെയോ? അത് ബുദ്ധിമുട്ട് ആയാലോ?
പോയി കിടന്നു ഉറങ്ങാൻ നോക്കെടാ ചെക്കാ, പാതിരാത്രി ഉമ്മ വെക്കാൻ നടക്കാണ്ട് ”
“ഉറക്കം വരുന്നില്യാ അമ്മു… ”
“അത് സാരല്ല്യ, കണ്ണടച്ച് കിടന്നാൽ മതി. താനേ ഉറങ്ങിക്കോളും ”
“അത് പറ്റില്ല്യ.
ന്നാ ഒരു കാര്യം ചെയ്യാ, കിച്ചന് ഒരു ഉമ്മ തായോ. കിച്ചൻ പോയ്കോളാം ”
“അയ്യടാ തന്നേൽപ്പിച്ച പോലെ അല്ലേ ചോദിക്കുന്നെ ”
“ന്നാ കിച്ചൻ പണ്ട് തന്ന മൂന്നു ഉമ്മ നിക്കു ഇപ്പോൾ തിരിച്ചു കിട്ടണം ”
“അയ്യടാ”
അടക്കിയുള്ള സംസാരം കേട്ടിട്ടാവണം, ദേവനാരായണൻ വാതിൽ തുറന്നു. എന്നിട്ടൊരു ചോദ്യം കൂടെ,
“ആരാ അവിടെ…? ”
“അയ്യോ വല്യമ്മാമ
കിച്ചനെ കണ്ടാൽ കൊല്ലും ”
ദേവനാരായണന്റെ ശബ്ദം അമ്മുവിൽ ഭയമുണ്ടാക്കി. അവൾക്കു തോന്നി,
” ഈ നേരത്തു കിച്ചനെ ഇവിടെ കണ്ടാൽ ശെരിയാവില്ല. അവന് തല്ലു കിട്ടുമെന്ന് ഉറപ്പാ ”
അവൾ വേഗം വാതിൽ തുറന്നു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി വാതിൽ അടച്ചു. എന്നിട്ട് അവനോടു മെല്ലെ പറഞ്ഞു,
“മിണ്ടല്ലേ…
അച്ഛ പോട്ടെ ന്നിട്ട് പോകാം ”
“ആ
പക്ഷെ , കിച്ചന് തുമ്മൽ വരുന്നു ”
“അയ്യോ…
ഇപ്പോഴോ?
അച്ഛ കേൾക്കും.
പിന്നെ എന്താ ഇടവന്നു ഞാൻ പറയാണ്ട് തന്നെ അറിയാല്ലോ ”
“മ്മ്
പക്ഷെ തുമ്മൽ പറഞ്ഞാൽ കേൾക്കണ്ടേ? ”
“കേട്ടാൽ നിന്റെ തുമ്മലിന് കൊള്ളാം. കെട്ടില്ല്യാച്ചാൽ നിനക്ക് കൊള്ളാം
അച്ഛേട കയ്യിൽ നിന്നു ”
അവൾ പറഞ്ഞു തീരും മുന്പേ വാതിലിൽ മുട്ടി വിളിച്ചു
“അമ്മുവേ….
ഈ ഭാഗത്തു നിന്നാണല്ലോ ഒച്ച കേട്ടത് ”
“ഉവ്വ് അച്ചേ… ഞാനും കേട്ടിരിക്കുന്നു. പുറത്തു എവിടെയോ നിന്നാ ഒച്ച കേട്ടതേ ”
“ഉവ്വോ?
ന്നാ നാം ഒന്ന് നോക്കട്ടെ കുട്ട്യേ. വാതിൽ തുറക്കേണ്ട. കിടന്നോള്ട്ടോ ”
ഇത് കേട്ടു കിച്ചന് ചിരിയടക്കാനായില്ല. അമ്മു പെട്ടെന്ന് അവന്റെ വായ്‌ അവളുടെ കൈയിൽ കൊണ്ട് പൊത്തി പിടിച്ചു . എന്നിട്ട് പറഞ്ഞു,
“അയ്യോ ചിരിക്കല്ലേ… അച്ഛ കേൾക്കും ”
“ഹ ഹ ഹ ”
“എടാ ചിരിക്കാണ്ടിരിക്കാൻ.
എന്റെ കൃഷ്ണാ അച്ഛാ കേൾക്കുല്ലോ ”
“അമ്മു …. വല്യമ്മാമ മണ്ടനാ,
ദേ അകത്തുള്ളത് അന്വഷിച്ചു പുറത്തു തിരയുന്നു ”
“മിണ്ടാണ്ട് ഇരിക്കുന്നുണ്ടോ നീയ്? ”
“അമ്മു…. കിച്ചൻ ഒരു കൂട്ടം പറയട്ടെ,
സ്വകാര്യാ, ആ ചെവി ഇങ്ങട് തരൂ.. ”
“മ്മ് തന്നു, എന്തേ പറയു”
“മുകിൽ മാല ചൂടുന്ന താരം
മിഴി നീട്ടി ഒരു രാഗമെഴുതുന്ന നേരം
അറിയാതെ പാടുന്നു ഞാനും
കടലേഴും മലയേഴും കൈകോർത്തു പിന്നിട്ടു
ചിരകാർന്നു പറയുമ്പോഴും
ഒരു ജന്മമിരുജന്മം ഒരുപാടു ജന്മങ്ങൾ
വരമായി നേടുമ്പോഴും
ഇനി നമ്മളൊരു രാവിൽ
ഈ സിന്ധുഭൈരവിയിൽ
വിളയുന്ന മണി മുത്തുകൾ “

വല്യമ്മാമ സ്വന്തം മുറിയിലേക്ക് മടങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം അമ്മു കിച്ചനെ വാതിലിൽ തുറന്നു പുറത്തു വിട്ടു.
” വേഗം പൊയ്‌ക്കോളൂട്ടോ. ആരേലും കാണും മുന്നേ ”
അമ്മു വാതിലിൽ അടച്ച ശേഷം കിച്ചൻ ഇടനാഴിയിലൂടെ നടന്നു പോകുമ്പോഴാ ആ കാഴ്ച കണ്ടത്. ആരോ വാതിൽ തുറന്ന് പുറത്തേക്കു ഇറങ്ങുന്നു. ഇരുട്ടാണെങ്കിലും, നിലാവിന്റെ വെളിച്ചത്തിൽ അതൊരു സ്ത്രീ ആണെന്ന് അവന് മനസ്സിലായി. മുൻപ് കണ്ടിട്ടില്ലാത്ത മുഖം. കിച്ചൻ അല്പം മറഞ്ഞു നിന്നു അവരെ ശ്രദ്ധിച്ചു. കാഴ്ച്ചയിൽ ഒരു 40 തോന്നിക്കും. ആ സ്ത്രീ ഇറങ്ങി വന്നത് സാവിത്രിയുടെ മുറിയിൽ നിന്നാണ്. ഈ തറവാട്ടിൽ ഇതേവരെ അവൻ ഇങ്ങനെയൊരു ആളെ കണ്ടിട്ടില്ല.
ശ്രീത്വം നിറഞ്ഞു നിൽക്കുന്ന മുഖം. കിച്ചന്റെ മനസ്സിൽ പല ചോദ്യങ്ങൾ കൊണ്ട് അസ്വസ്ഥമായി.
“ആരാ ഇവർ? ഈ അസമയത്തു ഈ കോലോത്തു എന്താ കാര്യം? എന്തിനാ അവർ സാവിത്രിയുടെ മുറിയിൽ? ”
അങ്ങനെ കുറെ ചോദ്യങ്ങൾക്ക്‌ സ്വന്തം മനസ്സിൽ ഉത്തരം തേടുമ്പോഴേക്കും ആ സ്ത്രീ മുറ്റത്തെ ഇരുട്ടിലെവിടെയോ മറഞ്ഞു കഴിഞ്ഞിരുന്നു.
കിച്ചൻ പതിയെ സാവിത്രിയുടെ മുറിയിലേക്ക് ഒന്ന് നോക്കി. അവൾ നല്ല ഉറക്കമാണ്.
അവന്റെ മനസ്സിൽ നൂറു സംശയങ്ങളുമായി കോണിപ്പടി കയറി സ്വന്തം മുറിയിലേക്ക് പോയി.
അന്ന് രാത്രി കിച്ചന് ഉറങ്ങാൻ കഴിഞ്ഞില്ല. അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. ആ സ്ത്രീ ആരായിരിക്കുമെന്നുള്ള ആകാംഷയും. എങ്ങിനെയെങ്കിലും നേരം ഒന്ന് പുലരാൻ അവൻ കാത്തിരുന്നു.
പുലർച്ചയുടെ ആദ്യ യാമത്തിൽ വീശുന്ന കാറ്റ്, നേരം പുലരാറായി എന്നതിനുള്ള തെളിവാണ്. പുറത്തു പക്ഷികളുടെ കളകളാരവം കേൾക്കുന്നുണ്ട്. അവൻ കിടക്കയിൽ തന്നെ ഇരുന്നു കൊണ്ട് അന്നത്തെ ദിവസം ഭംഗിയാക്കി തരണേയെന്നു ദേവിയോട് അപേക്ഷിച്ചു.
” കരാഗ്രേ വസതേ ലക്ഷ്മി
കരമദ്ധ്യേ സരസ്വതി
കാരമൂലേതു ഗോവിന്ദഹാ
പ്രഭാതേ കര ദർശനം ”
ശേഷം അവൻ വേഗം തന്നെ കുളക്കടവിലേക്കു പോയി മുങ്ങി കുളിച്ചു അമ്പലത്തിലേക്ക് ഓടി. മണി മുഴക്കി ശ്രീകോവിൽ തുറന്നു അകത്തേക്ക് കയറി ഭഗവാനെ ജലാഭിഷേകം ചെയ്തു. ഇനി ചന്ദനം ചാർത്തലാണ്. ചന്ദനം അരച്ച് വെച്ചിരിക്കുന്ന തട്ടും എടുത്തു അവൻ ഭഗവാന്റെ അടുത്ത് ഇരുന്നു.,
“അതേയ്, അടങ്ങി നിന്നോളൂട്ടോ. കളഭം ചാർത്താണ്. പിന്നീട് അവിടെ ശെരിയായില്യ കിച്ചാ, ഇവിടെ ശെരിയായില്യ കിച്ചാന്നു ന്നോട് പറഞ്ഞിട്ട് കാര്യം ഇല്യാട്ടോ
പിന്നേ… ഒരു കൂട്ടം പറയാൻ ഉണ്ടേ, കിച്ചൻ ഇന്നലെ രാത്രി ഒരാളെ കണ്ടുട്ടോ. കോലോത്തെ, ആരാന്നു ഒരു നിശ്ചവും ഇല്ല്യേ.., ഇയാൾക്ക് വല്ല നിശ്ചയവും ഇണ്ടോ അത് ആരാന്നു
ന്റെ കൃഷ്ണാ, ഞാൻ ആ സ്ത്രീയെ ആദ്യാട്ടോ കാണുന്നെ. ന്നാലും ആരാവും ആ സ്ത്രീ?
അല്ലാ, ഞാൻ ഇതൊക്കെ ആരോടാ ചോദിക്കുന്നെ. നല്ല ആളോടാ. ന്ത് ചോദിച്ചാലും ഈ പുഞ്ചിരി അല്ലാണ്ട് വേറെ എന്താ തരുക ഹ്മ്മ്, ”
ചന്ദനം ചാർത്തി കഴിഞ്ഞു കിച്ചൻ ഭഗവാനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
“ഹയ്യ്… കേമായിരികുണുട്ടോ, ഇപ്പോ വേണോച്ചാൽ ഒരു വേളി ആലോചിക്കാം.
ന്തേയ്‌ നോക്കട്ടെ?
ഓഹ്, അത് കേട്ടപ്പോ ന്താ സന്തോഷം മുഖത്തു, ഹ ഹ ഹ ”
ദീപാരാധന കഴിഞ്ഞു നടയടച്ച ശേഷം കിച്ചൻ കോവിലകത്തേക്കു മടങ്ങി. അവന്റെ വരവും കാത്തു അമ്മു ഉമ്മറത്ത് നിൽപ്പുണ്ടായിരുന്നു. അമ്പലത്തിൽ നിന്നു കൊണ്ടുവന്ന നിവേദ്യം അവളുടെ കയ്യിൽ കൊടുത്ത ശേഷം പടിക്കൽ വെച്ചിരുന്ന കിണ്ടിയിലെ വെള്ളം കൊണ്ട് കാൽ കഴുകി അകത്തേക്ക് കയറി.
“അമ്മു… ഇന്നലെ രാത്രി ഒരു കാര്യം ഇണ്ടായി.
അമ്മുന്റെ അടുത്ത് നിന്നു കിച്ചൻ പോന്നില്ലേ, അപ്പോഴേ കിച്ചൻ ഒരാളെ കണ്ടു ”
“ആരെ? ”
“ഒരു സ്ത്രീയെ ”
“ഉവ്വോ? എന്നിട്ട്? ”
“ന്നിട്ടെന്താ അവർ പോയി ”
“അതെയോ? പോകും പോയില്യച്ചാലേ അതിശയമുള്ളൂ.
ന്റെ കിച്ചാ നിന്റെ ഓരോ തോന്നലുകളേ ”
“ന്റെ തോന്നലൊന്നുമല്ലാ. ഞാൻ ശെരിക്കും കണ്ടതാട്ടോ ”
അമ്മു തന്നെ കളിയാക്കുകയാണെന്നു മനസ്സിലായ കിച്ചൻ പിന്നെ ഒന്നും പറഞ്ഞില്ല. അവൻ മനസ്സിൽ ഉറപ്പിച്ചു,
“ന്നെ കളിയാക്കണ്ട. കിച്ചന് ദേഷ്യം വരുവേ… ”
“ഉവ്വോ? ഏതുവഴിയാ ദേഷ്യം വരുക? ഒന്ന് പറയുന്നേ,
അല്ലാ ഏത് വഴിയാണ് എന്ന് അറിഞ്ഞിരുന്ന്ച്ചാൽ ഒന്ന് പേടിക്കാർന്നു. ഒന്ന് പോടാ ചെക്കാ ”
“അമ്മുനോട് ഇനി കൂട്ടില്യ ”
“അയ്യോ ഇയാൾ കൂട്ടില്ല്യാച്ചാൽ, എന്റെ അരി വേവില്ല്യ.
ഒന്ന് പോടാ ചെക്കാ ”
അമ്മുന്റെ കളിയാക്കൽ കിച്ചന് ദേഷ്യം ഉണ്ടായി. അവൻ കൂടുതൽ ഒന്നും സംസാരിക്കാൻ നിന്നില്ല. സ്വന്തം മുറിയിലേക്ക് പോയി. അവൻ മനസ്സിൽ ഉറപ്പിച്ചു,
“ഇനി ആ സ്ത്രീയെ കാണുമ്പോൾ കയ്യോടെ പിടിക്കണം. അവർ ആരാന്നു ചോദിച്ചറിയണം, അവർക്കു ഈ കോവിലകവുമായി എന്തേലും ബന്ധമുണ്ടോന്നു അറിയണം ”
ഇതൊക്കെ ആലോചിച്ചു ഇരിക്കുമ്പോഴാണ് വല്യമ്മാമേടെ വിളി,
“കിച്ചാ…. എടാ കിച്ചാ….. ”
“ന്തോ വല്യമ്മാമേ……… ”
“നീയ് നമ്മുടെ പണപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചുവോ ? ”
“ഇല്ല്യ വല്യമ്മാമേ, കിച്ചൻ മോഷ്ടിച്ചിട്ടില്യ ”
“നീയല്ലാണ്ട് വേറെ ആരും ഇത് ചെയ്യില്ല്യ. മാത്രവുമല്ല നീയാ പണം മോഷ്ടിച്ചതെന്നുള്ളതിനു നമുക്ക് വേണ്ട തെളിവും കിട്ടീരിക്കുണു.
ഇവിടെ കളഭം ധരിക്കുന്നതു നീയാ. നമ്മുടെ അറ തുറന്നപ്പോൾ ആകെ കളഭ സുഗന്ധം പരന്നിരുന്നു. അതിനർത്ഥം നീയ് അവിടെ കയറിയെന്നല്ലേ? ”
കിച്ചൻ പതിയെ പറഞ്ഞു,
“യ്യോ ഇങ്ങോർ മണ്ടനല്ല. അതി ബുദ്ധിയാ ”
“എന്താച്ചാൽ ഉറക്കെ പറയ്യാ”
“കിച്ചൻ മോഷ്ടിച്ചിട്ടില്യ വല്യമ്മാമേ, കിച്ചൻ കുറച്ചു പണം എടുത്തുന്നുള്ളത് നേരാ. പക്ഷെ അത് ഒരിക്കലും മോഷണം അല്ലാ. വല്യമ്മാമയോട് പറഞ്ഞിട്ട് എടുക്കാമെന്നു കരുതിയതാ. വല്യമ്മാമ ഇവിടെ ഇല്ല്യാർന്നല്ലോ. അതാ ചോദിക്കാഞ്ഞേ. പിന്നെ എടുത്തു കഴിഞ്ഞിട്ട് ചോദിക്കാമെന്ന് വെച്ചു. ”
“അധികപ്രസംഗി !
നമ്മുടെ പണപ്പെട്ടിയിൽ നിന്നു പണം കവർന്നെടുത്തതും പോരാഞ്ഞിട്ട് ഞായീകരിക്കുന്നുവോ?
നിന്നെ നാം…….”
ചുവരിൽ വെച്ചിരുന്ന ചൂരൽ വടി എടുത്തു ദേവദത്തൻ കിച്ചന്റെ അടുത്തെത്തിയതും സാവിത്രിയും അമ്മുവും അവിടേക്കു ഓടിയെത്തി. അവർ അദ്ദേഹത്തോട് പറഞ്ഞു,
“കിച്ചനെ തല്ലല്ലേ അച്ചേ.. ആ പണം അവൻ ഞങ്ങൾക്ക് വേണ്ടിയാ ചിലവഴിച്ചത്. ഞങ്ങളെ ഉത്സവം കാണിക്കാൻ കൊണ്ട് പോയപ്പോൾ ആണ് അവൻ ആ പണം ഉപയോഗിച്ചത്. ”
“ആർക്കു വേണ്ടി ചിലവാക്കി, എന്തിനു ചിലവാക്കിയെന്നല്ല,
ആ പണം കണ്ടെത്തിയ മാർഗ്ഗം, അതാണ് ഇവിടെ തെറ്റു. അതിനു അവൻ ശിക്ഷ അനുഭവിച്ചേ തീരൂ. ഇല്യാച്ചാൽ ഈ തെറ്റു അവൻ വീണ്ടും ആവർത്തിക്കും ”
സാവിത്രിയുടെയും അമ്മുന്റെയും വാക്കുകൾ ദേവദത്തൻ ചെവി കൊണ്ടില്ല. അദ്ദേഹം അവനെ ചൂരൽ വടി കൊണ്ട് വേണ്ടുവോളം തല്ലി.
കിച്ചന് തല്ലു കൊള്ളുന്നത് കണ്ടു നിൽക്കാനാവാതെ അമ്മു സ്വന്തം മുറിയിലേക്ക് ഓടി.
വല്യമ്മാമയുടെ ദേഷ്യം അടങ്ങുവോളം അവനെ പൊതിരെ തല്ലി. അവന്റെ ദേഹത്ത് മുഴുവൻ തല്ലിന്റെ പാടായിരുന്നു.

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

പുനർജ്ജന്മം ഭാഗം 7
4.3 (86.67%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.