snehapakshikal malayalam online story

സ്നേഹപക്ഷികൾ

“അമ്മെ ഞാൻ ഇറങ്ങുവാട്ടോ . ഇനിയും താമസിച്ചാൽ കണ്ണേട്ടൻ മുഷിയും. നാളത്തേക്കുള്ളതൊക്കെ ഒരുക്കി വെക്കാനുണ്ട്. നാളെ വൈകീട്ട് ഏഴു മണിക്കാണ് ഫ്ലൈറ്റ്. രണ്ടാളും രാവിലെ തന്നെ അങ്ങ് വരണം കേട്ടോ. അച്ഛന്റെ ഫോണിൽ വീഡിയോ കാൾ ചെയ്യാൻ സ്കൈപ്പ് ഇൻസ്റ്റാൾ ആക്കിയിട്ടുണ്ട്, അതിൽ കൂടെ മാളൂട്ടിയെ കണ്ട് സംസാരിക്കാൻ പറ്റും. വിഷമിക്കണ്ട. പിന്നെ ബാംഗ്ലൂരിലുള്ള നിങ്ങളുടെ മരമാക്രി മോനെയും ഇതിൽ വിളിക്കാട്ടോ .”

“ഡി അസത്തെ പോത്തു പോലെ വളർന്നിട്ടും ആ ചെക്കനെ വിളിക്കണ കേട്ടില്ലേ. ഒരു കൊച്ചിന്റെ തള്ള ആയിട്ടും പെണ്ണിന്റെ കുട്ടിക്കളി മാറീട്ടില”

“അച്ചോടാ. സീമന്ത പുത്രനെ പറഞ്ഞപ്പോൾ കുശുമ്പിപാറുവിന്റെ മുഖം പോയത് കണ്ടോ. എത്ര വളർന്നാലും ഞാൻ നിങ്ങളെ കുഞ്ഞല്ലേ. പിന്നെ അവനെയല്ലേ ഇത്ര സ്വതന്ത്രമായി ഇതൊക്കെ പറയാൻ പറ്റു, ഇനി നിങ്ങൾ രണ്ടു ഇണക്കുരുവികൾ മാത്രമല്ലേ ഉള്ളു ഇവിടെ. രണ്ടാൾക്കും ഇനി പ്രണയ ജോഡികളായി കഴിയാല്ലോ,”
എന്നും പറഞ്ഞു കണ്ണിറുക്കിയിട്ട് അമ്മൂട്ടീ വണ്ടിയിലേക്കു കയറാനോടി. കണ്ണൻ അപ്പോളേക്കും അവിടെ ഹോൺ അടി തുടങ്ങിയിട്ടുണ്ടായിരുന്നു..

“ഈ പെണ്ണിന്റെ നാക്കിനൊരു ലൈസൻസുമില്ല, എന്തെങ്കിലുമോക്കെ കിലുക്കി കൊണ്ടിരിക്കും. ദേ ഞാൻ ഒന്ന് മേല് കഴുകിയിട്ടു വരാട്ടോ”
എന്നും പറഞ്ഞു വേണി പോയി.

ഞാൻ ആ ഉമ്മറത്തിണ്ണയിലിങ്ങനെ ഇരുന്നു. അമൂട്ടി പറഞ്ഞതോർത്തു പോയി… അല്ലേലും ഇടക്കൊക്കെ പഴയ ഓർമ്മകൾ പൊടിതട്ടി എടുക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്. ആ ഓർമകളിലേക്ക് മനസ് വീണ്ടും ഊളിയിട്ടു തുടങ്ങി.
വർഷങ്ങൾക്ക് മുമ്പ് താനൊരു പ്രവാസിയായിരുന്നു. ആദ്യമായി ഗൾഫിൽ പോയി രണ്ടു വർഷം കഴിഞ്ഞു അവധിക്കു വന്ന സമയം. ഒരു കൂട്ടുകാരന്റെ കല്യാണം കൂടാൻ പോയതായിരുന്നു. വീട്ടുകാർക്കും അറിയാവുന്ന സുഹൃത്തായതിനാൽ അമ്മയെയും ചേച്ചിയെയും കൂടെ കൂട്ടി. അവിടെ വെച്ചാണെന്റെ വേണിയെ ആദ്യം കണ്ടത്. കല്യാണപ്പെണ്ണിന്റെ കൂടെ തന്നെ ഉണ്ടായിരുന്നവൾ. ഒറ്റ നോട്ടത്തിൽ തന്നെ ആ ഗ്രാമീണ സുന്ദരിയിൽ വല്ലാത്തൊരാകർഷണം തോന്നി. ശെരിക്കും ഒരു ശാലീന സുന്ദരി. മനസ്സിൽ ആഗ്രഹിച്ച പെൺകുട്ടിയുടെ എല്ലാ ലക്ഷണവുമുള്ളവൾ. ഒറ്റ നേട്ടത്തിൽ മനസ്സിൽ പ്രണയം പൂത്തുലഞ്ഞപോലെ തോന്നി. ഞാൻ അവളെ തന്നെ നോക്കുന്നത് ശ്രദ്ധയിൽ പെട്ട ചേച്ചിക്കു സംഗതി പിടികിട്ടി. അവളെ കാണിച്ചിട് അറിയാമോ എന്ന് വെറുതെ തിരക്കിയ എന്നോട് അവളുടെ എല്ലാ ഡീറ്റൈൽസും ചേച്ചി പറഞ്ഞു തന്നു. സുഹൃത്തു കെട്ടാൻ പോകുന്ന കല്യാണപ്പെണ്ണ് ചേച്ചിയുടെ ഭർത്താവിന്റെ വീടിനടുത്തായിരുന്നു. അതിനാൽ തന്നെ പെണ്ണിന്റെ വീട്ടുകാരെ കുറിച്ച് ചേച്ചിക്കൊരുവിധം അറിയാം.

“അവളുടെ പേര് കൃഷണവേണി. കല്യാണപ്പെണ്ണിന്റെ അമ്മാവന്റെ മോൾ. ചേച്ചിയെ കല്യാണം കഴിച്ചയച്ച വീട്ടിന്റെ അടുത്ത് തന്നെയായിരുന്നു അവളുടെ വീട്. ഇപ്പോൾ ഡിഗ്രി കംപ്ലീറ്റ് ചെയ്തു ഒരു സർക്കാർ ജോലിക്കു ശ്രമിക്കുന്നു. എന്റെ മനസ് മനസിലാക്കിയ ചേച്ചി വേണിയുടെ വീട്ടിലേക്കു ആലോചനയുമായി ചെല്ലാൻ” അച്ഛനോട് പറഞ്ഞു. അവർക്കും എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ സുഹൃത്തിന്റെ കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ വേണിയെ പെണ്ണ് കാണാൻ പോയി .

ഒരു നീല പട്ടു സാരിയുടുത്തു നെറ്റിയിൽ ചന്ദന കുറിയും ചാർത്തി എനിക്ക് മുന്നിലേക്ക്‌ വന്ന
വേണി ഒത്തിരി സുന്ദരിയായിട്ടു തോന്നി. .

പെണ്ണ് കാണാൻ ചെന്ന സമയം പരസ്പരം സംസാരിക്കാൻ കിട്ടിയ അവസരത്തിൽ അവൾക്കു തന്നോട് ഇഷ്ടക്കേടൊന്നുമില്ല, പക്ഷെ എനിക്ക് നാട്ടിൽ ഏതെങ്കിലും ജോലിക്കു ശ്രമിച്ചൂടെ എന്നായിരുന്നു ചോദ്യം. മാത്രമല്ല അവൾക്കു സ്വന്തമായിട്ടൊരു ജോലി ആയതിന് ശേഷം മതി വിവാഹമെന്നും അതിനു ഏകദേശം ഒരു വർഷത്തെ സമയം വേണമെന്നും അവൾ പറഞ്ഞു. തനിക്കും ഒരു സർക്കാർ ജോലി വേണമെന്ന ആഗ്രഹമുള്ള കാര്യമായിരുന്നതിനാൽ പിന്നെ അതിനു വേണ്ടി ഉള്ള ശ്രമമായിരുന്നു അങ്ങോട്ട്. പ്രവാസത്തിലേക്കു ചേക്കേറുന്നതിനു മുന്നേ പല ആവർത്തി ശ്രമിച്ചിരുന്ന മത്സര പരീക്ഷകൾ ഒന്നുകൂടെ ആഞ്ഞു ശ്രമിച്ചു നോക്കി.
പെണ്ണുകാണൽ ചടങ്ങിന് ശേഷം രണ്ടു ആഴ്ച കഴിഞ്ഞു വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വർഷം കഴിഞ്ഞു മതി വിവാഹമെന്ന തീരുമാനത്തിലുമെത്തി. പക്ഷെ വിവാഹ നിശ്ചയത്തിന് ശേഷം വേണിയോട് അൽപ്പം സ്വാതന്ത്ര്യത്തോടെ പെരുമാറാൻ ശ്രമിച്ചിരുന്നെങ്കിലും അവൾക്കതിനോട് വലിയ താല്പര്യമില്ലായിരുന്നു. പലപ്പോഴും നേരിൽ കാണുമ്പോൾ സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഒരു പുഞ്ചിരിയും പാസ് ആക്കി അവൾ കടന്നു കളയുമായിരുന്നു . മാത്രമല്ല വിവാഹ ശേഷം കൂടുതൽ അടുക്കാനാണ് താല്പര്യമെന്നവൾ പറഞ്ഞു .
അധികം താമസിയാതെ എനിക്കും വേണിക്കുമുള്ള ജോലി ശെരിയായി. അങ്ങനെ കൃത്യം ഒരു വർഷം കഴിഞ്ഞു എന്റെയും വേണിയുടെയും വിവാഹം കഴിഞ്ഞു. താലി കെട്ടിയ നേരത്തവളുടെ ഒരു നോട്ടത്തിൽ അവൾക്കും എന്നോട് പ്രണയം പൂത്തുലഞ്ഞെന്നു തോന്നിപോയി. ആദ്യദിനം അവളെന്നോട് അതുവരെ കാണിച്ച അവഗണകൾക് ക്ഷമ ചോദിച്ചിട്ടു പറഞ്ഞ മറുപടി ഇപ്പോളും മനസ്സിൽ നിന്നുപോയിട്ടില്ല

“വിവാഹ ശേഷമുള്ള പ്രണയത്തിനു മധുരവും ആയുസും കൂടുതലാണ് . അതിനു നമ്മൾ രണ്ടു പേരുടെയും കുടുംബത്തിന്റെ പ്രാർത്ഥനയും ദൈവത്തിന്റെ അനുഗ്രഹവുമുണ്ടാകും”
പിന്നീടങ്ങോട് ഭാര്യാഭർത്താക്കന്മാരേക്കാൾ കാമുകീകാമുകന്മാരെപോലെ ആയിരുന്നു ഞങ്ങൾ. ഒരുപാട് സ്വപ്‌നങ്ങൾ പങ്കുവെച്ചു. ഒത്തിരി യാത്ര ചെയ്യാൻ ഇഷ്ട്ടപെടുന്നവളായിരുന്നു അവൾ . ഒഴിവു ദിവസങ്ങളിലൊക്കെ ഇഷ്ടപെട്ട സ്ഥലങ്ങളിലൊക്കെ പോകുമായിരുന്നു. ഞങ്ങൾ രണ്ടു പേരും ഒറ്റക്കുള്ള ദൂരെ യാത്രകൾ വീട്ടുകാർ അനുവദിക്കാതിരുന്നതിനാൽ ഒരിക്കൽ അമ്മാവന്റെ വീട്ടിലേക്കാണെന്നും പറഞ്ഞു മൂന്നാറിലേക്ക് പോയിട്ടുണ്ടായിരുന്നു. ശെരിക്കും വിവാഹത്തിന് ശേഷമുള്ള ഒളിച്ചോട്ടം. അവരുടെ കണ്ണിൽ നമ്മൾ കുട്ടികളായതുകൊണ്ട് പൂർണ സമ്മതത്തോടെ ഒറ്റക് വിടാൻ പേടി ആയിരുന്നു. ശെരിക്കും പറഞ്ഞാൽ ആസ്വദിച്ചു പ്രണയിച്ചു. ഇടക്കവൾ പറയുന്നത് പോലെ “ലൈസെൻസ്‌ഡ് ലൗവേഴ്സ്”

കൃത്യം ആറു മാസങ്ങൾക്കു ശേഷം നമ്മുക്കിടയിലേക്കു ഒരു കുഞ്ഞതിഥി കൂടെ വരുന്നുണ്ടെന്നവൾ പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പിന്നീടങ്ങോട്ടു ആ നീണ്ട എട്ടു മാസങ്ങൾ അവളെനിക്ക് വേണ്ടി കൂടെ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ അവളുടെ അടുത്തുള്ള സ്നേഹവും ബഹുമാനവും കൂടി വന്നു.

ലേബർ റൂമിനു പുറത്തു കാത്തു നിന്ന എനിക്ക് നേഴ്സ് വെളുത്ത തുണികെട്ടിൽ പൊതിഞ്ഞ എന്റെ അമ്മൂട്ടിയെ കൊണ്ട് വന്നു. അവളെ ഏറ്റുവാങ്ങുമ്പോൾ ഒരച്ഛനായതിൽ ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. തൊട്ടു പുറകെ തന്നെ വേറൊരു തുണിക്കെട്ടിൽ എന്റെ അപ്പു മോനെയും കൊണ്ട് വന്നപ്പോളാണ് ഇരട്ട കുട്ടികളാണെന്ന സത്യം ഞാനറിഞ്ഞത്. ജോലിത്തിരക്ക് കാരണം ചെക്കപ്പിന് കൂടുതലും അവളും അമ്മയുമാണ് ഒരുമിച്ചു പോയത്. സ്കാനിങ്ങിന്റെ അന്ന് സത്യമറിഞ്ഞ അവൾ തല്ക്കാലം ഞാൻ ഒന്നുമറിയണ്ടെന്ന് ഡോക്ടറിനോടായി പറഞ്ഞിരുന്നു..

പിന്നീടങ്ങോട്ട് സന്തോഷങ്ങളുടെയും ഉത്സവങ്ങളുടെയും ദിനമായിരുന്നു. അപ്പുവെന്ന അദ്വൈതും അമ്മു എന്ന അനാമികയും ഇരട്ടകളായതിനാൽ വേണിയും അമ്മയും അവരെ രണ്ടു പേരെയും നോക്കാൻ ഒത്തിരി ബുദ്ധിമുട്ടി. പ്രായം കൂടുംതോറും അവരുടെ കുസൃതികളും കൂടി വന്നു. കണ്ടാൽ രണ്ടും കീരിയും പാമ്പുമാണെങ്കിലും ഇണ പിരിയാത്ത കൂട്ടുകാർ ആയിരുന്നവർ. ഭാര്യയും കാമുകിയും എന്നതിലുപരി ഒരമ്മയുടെ ഉത്തരവാദത്വവും വേണിക്കു അപ്പോളേക്കും കിട്ടിയിരുന്നു. മുമ്പ് പങ്കു വെച്ചിട്ടുള്ള പല ആഗ്രഹങ്ങളും അവൾ ഞങ്ങൾക്ക് വേണ്ടി മാറ്റി വെച്ചു. അമ്മുവിന്റെ കൂടുതൽ അടുപ്പം എന്റെ കൂടെ ആയിരുന്നു. അവളുടെ ബെസ്ററ് ഫ്രണ്ട് ഞാനാണെന്ന് എപ്പോളും അവൾ പറയും. എന്റെയും അമ്മൂസിന്റെയും അടുപ്പം കാണുമ്പോൾ വേണിക്കു കുശുമ്പിളകും

“അവളെ പത്തിരുപതു വയസ്സാകുമ്പോൾ കെട്ടിച്ചു വിടാനുള്ളതാണ്. പിന്നെ വേണി വേണി എന്ന് വിളിക്കുമ്പോൾ ഞാനേ കാണുള്ളൂട്ടോ” എന്നു എന്നെ ചൊടിപ്പിക്കാനായി പറയും. അത് കേൾക്കുമ്പോൾ അമ്മൂസവളെ കുശുമ്പിപ്പാറു എന്ന് വിളിച്ചു കളിയാക്കല് തുടങ്ങും…
വർഷങ്ങൾ പെട്ടെന്ന് തന്നെ കൊഴിഞ്ഞു പോയി. പ്ലസ്ടു വരെ അമ്മുവും അപ്പുവും ഒരേ സ്കൂളിലായിരുന്നു. അതിനു ശേഷം അമ്മു BA കും അപ്പു ബിടെക്കിനും ചേർന്നു. അമ്മുവിനെ കോഴ്സ് കഴിഞ്ഞു ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വിവാഹവും കഴിപ്പിച്ചു. അപ്പു കോഴ്സ് കഴിഞ്ഞു ബാംഗ്ലൂർ ക്യാമ്പസ് സെലെക്ഷൻ കിട്ടിയപ്പോൾ അവിടേക്ക് പോയി. അമ്മുവിനിപ്പോൾ ഒരു വയസുള്ള കുഞ്ഞു മോളുണ്ട് മാളൂട്ടി എന്ന് വിളിക്കുന്ന മാളവിക. നാളെ അവളും കുഞ്ഞും ദുബായിൽ അവളുടെ ഭർത്താവിന്റെ കൂടെ പോകുകയാണ്. ഞാൻ റിട്ടയർ ആയിട്ടിപ്പോൾ ഒരു വർഷമായി. വേണിക്കിനി മൂന്ന് മാസം കൂടെ ഉണ്ട്

“എന്താ മാഷേ ആലോചിച്ചിരിക്കുന്നെ. “

“ഒന്നുല്ലെടോ. ഞാൻ വെറുതെ പഴയതൊക്കെ ആലോചിച്ചു പോയി..”

“നിങ്ങളിപ്പോളും ആ ദുരന്തങ്ങൾ ഓർത്തോണ്ടിരിക്കുകയാണോ മനുഷ്യ”

“നിനക്ക് ഞാൻ ദുരന്തമാണെന്നു തോന്നുന്നോ?”

“വെറുതെ പറഞ്ഞതല്ലേ. ദൈവം ചേരേണ്ടവരെ ചേരേണ്ട സമയമാകുമ്പോൾ ചേർത്തു വെക്കും. അതിനു ഓരോ നിമിത്തങ്ങൾ കാണും”

“അല്ലെടി നീ ഇടക്കൊക്കെ പറഞ്ഞതോർത്തു പോയി. മാളൂട്ടി കൂടെ പോകുമ്പോൾ ശെരിക്കും ഒറ്റപ്പെടുന്ന പോലൊരു തോന്നൽ. നമ്മൾ രണ്ടു പേരും മാത്രമായ പോലെ”

“അതങ്ങനെ അല്ലെ ഏട്ടാ. മക്കളും മാതാപിതാക്കളും ഒരു സമയമെത്തുമ്പോൾ രണ്ടു ധ്രുവങ്ങളിലാകും. ഒന്നുകിൽ വിവാഹം കഴിഞ്ഞു പോകും. അല്ലേൽ ജോലി സംബന്ധമായി. അത് പ്രകൃതിനിയമമാണ്. ജീവിതകാലം മുഴുവനും സ്വന്തം ഇണ മാത്രമേ ഒരു മനുഷ്യന് തുണ ആയി കാണു .അല്ല ഇനി എന്താ മാഷിന്റെ പ്ലാൻ. മറ്റേതു ഇടക്കൊക്ക സമയം പോകാനായി കുഞ്ഞിനെ കാണാൻ അങ്ങോട്ട് ചെല്ലാമായിരുന്നു”

“ഇനി എന്താ.. നീ പണ്ടു പോകണമെന്നു പറഞ്ഞ സ്ഥലങ്ങളിലൊക്കെ യാത്ര പോകാം.. ഇണ കിളികളെ പോലെ.”

“ഈ വയസ്സാംകാലത്താണോ യാത്ര.. പറ്റുമെങ്കിൽ നമുക്കൊന്ന് മൂകാംബിക ക്ഷേത്രത്തിലൊക്കെ പോയി വരാം.”

“അവിടെ മാത്രമാകേണ്ട. പണ്ട് നീ പറഞ്ഞ പോലെ താജ് മഹലിലും കാശ്മീരിലും റെഡ് ഫോർട്ടിലും.. അംങ്ങനെ ഇഷ്ടമുള്ളിടത്തൊക്കെ പോയി വരാമെടോ “

“തമാശ പറയുന്നതൊന്നു നിർത്തു മനുഷ്യ. ഒന്നാമത് ഇപ്പോൾ അമ്മൂട്ടിയെ കെട്ടിച്ചു വിട്ടത് കൊണ്ടുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകൾ തീർന്നു വരുന്നല്ലേ ഉള്ളു. പിന്നെ ഈ മാസാവസാനം കിട്ടുന്ന പെൻഷൻ തുക കൊണ്ട് എല്ലായിടത്തും കറങ്ങാൻ പോകാമെന്നു കരുതുന്നുണ്ടോ. സമയം പോലെ മൂകാംബികയിലും ഗുരുവായൂരും ഒന്ന് പോയാൽ മതി എനിക്ക്”

“നീ ഇവിടിരി ഞാനിപ്പോ വരാം”

എന്നും പറഞ്ഞു ഞാൻ പോയി ഒരു പാസ് ബുക്ക് എടുത്തു കൊണ്ട് വന്നു അവൾക്കു നേരെ നീട്ടി. അത് തുറന്നു നോക്കിയാ അവൾ അല്പം അമ്പരപ്പോടെ എന്നെ ഒന്ന് നോക്കി.

“ഇതേത് അക്കൗണ്ടാ. ഇതിൽ ഏകദേശം അഞ്ചു ലക്ഷത്തിനു മേലെ ഉണ്ടല്ലോ”

“ഡി. എനിക്ക് കിട്ടിയിരുന്ന സാലറിയിൽ നിന്നും അല്പമൊക്കെ ഈ അക്കൗണ്ടിൽ ഇടുമായിരുന്നു. എന്തോ നിന്നെ അറിയിക്കണ്ടെന്നു തോന്നി. ഭാവിയിൽ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ ബന്ധുക്കളെയോ മക്കളെയോ ആശ്രയിക്കേണ്ടി വരില്ലല്ലോ. പിന്നെ മക്കൾക്കു വേണ്ടി മാത്രം സമ്പാദിച്ചു കൂട്ടുന്നതും മണ്ടത്തരമാണ്. മക്കൾക്കു വേണ്ടി മാത്രമല്ലാതെ നമുക്ക് വേണ്ടിയും ജീവിക്കണ്ടേ. മിക്കവരും മറന്നു പോകുന്നതാ അത്. ഇപ്പോഴത്തെ കാലമല്ലേ. മക്കൾക്കു ബാധയതയുണ്ടാക്കാതെ സ്വന്തം കാര്യം നോക്കാമല്ലോ. “

“അവർക്കു ബാധ്യത ആകുമോ ഏട്ടാ നമ്മൾ”

“ഒന്നും പറയാൻ പറ്റില്ല കുട്ടിയെ. കാലമതല്ലേ. ആരിലും കൂടുതൽ പ്രതീക്ഷകൾ അർപ്പിക്കരുത്. പ്രത്യേകിച്ച് മക്കളിൽ. പിന്നെ പണ്ട് തൊട്ടേ ഒരു മോഹമുണ്ടായിരുന്നു. ഒരു സമയമാകുമ്പോൾ നീ ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ നിന്നെയും കൊണ്ട് യാത്ര പോകണമെന്ന്. കുഞ്ഞുങ്ങളായപ്പോൾ നിന്റെ പല ആഗ്രഹങ്ങളും മാറ്റിവെച്ചില്ലേ അവർക്കു വേണ്ടി. ഇനി ആവശ്യത്തിന് സമയമുണ്ട്. ബാധ്യതകളൊക്കെ തീർന്നില്ലേ. മോളെ കെട്ടിച്ചു, മോനിപ്പോൾ ജോലിയുമായി. പോകാനുള്ള സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തന്നെ നീ തയ്യാറാക്കിക്കോളു. ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് പ്രണയജോഡികളെപോലെ അടിച്ചു പൊളിച്ചു നടക്കാടോ. അതിനു പ്രായമൊന്നും നോക്കേണ്ട ആവശ്യമില്ല ” ഞാനതു പറഞ്ഞപ്പോൾ വേണിയുടെ മുഖം നാണത്താൽ തുടിത്തിരുന്നു,

അവർ രണ്ടു പേരും അങ്ങനെ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും പേറി വീണ്ടും ജീവിതയാത്ര തുടർന്നു. വിവാഹ ശേഷമുള്ള പ്രണയത്തിനു പ്രായമില്ലെന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് ……

സ്നേഹപക്ഷികൾ
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.