വൈശാലി Malayalam Poem

വൈശാലി (കവിത)

ഏതഗ്നിയിൽ തപിച്ചില്ലാതെയാവണം
പാപകർമ്മത്തിന്റെ നാരായവേരുകൾ
ഒന്നുമോർക്കാതെ ഞാനെല്ലാമൊതുക്കി –
വച്ചേകനായി കഴിഞ്ഞകാലങ്ങളിൽ
എന്നിലേക്കോടിയടുത്തു നീ, സാകല്യ –
ധാരയായ് ജീവിത ശൈഥില്യമേകുവാൻ.

എന്തിനായ് വന്നു നീ, എന്തിനായ് വന്നു നീ
ആഗ്നേയശൈലങ്ങൾ ചുറ്റിനും കാവലായ്
നിൽക്കുമീ,യപ്രാപ്യ കാന്താര ഭൂമിയിൽ,
നഗരവക്ഷസ്സു ചുരത്തുന്ന ക്ഷീരം
കുടിച്ചു വളർന്ന വിഷനാഗകന്യകേ
എങ്ങനെവന്നു നീ, എങ്ങനെവന്നു നീ?

നിൻ ചതുർമാന മനോകാമനകളിൽ
അന്നീ പുണ്യാശ്രമം അശ്രുപൂർണ്ണമായ്,
ബ്രഹ്മചര്യം കളിക്കോപ്പായി മാറ്റി നീ
കള്ളച്ചുവടുകളാലേ തപോബലം നേടിയ
സർവ്വപുണ്യങ്ങളും തകർത്തു നീ….

പുത്തനുണർവ്വിന്റെ ലോകത്തിലേക്കന്ന –
റിയാത്ത താന്ത്രിക മുദ്രകൾ കാട്ടി ക്ഷണിക്കവേ
മുറിവേറ്റു വീണുപോയോരാർഷ സിദ്ധാന്തങ്ങ –
ളാകെ ചിതലരിച്ചിവിടെ യൂപങ്ങളിൽ
പുഷ്പശയ്യാഗൃഹം തീർത്തുവച്ചെന്നുമേ
എന്നിലെ കാമാഗ്നിയായ് പടർന്നീടവേ
തെറ്റിലൂടെ തെറ്റു നേരാക്കിമാറ്റുന്ന
പുത്തനറിവു പഠിച്ചു ഞാനാദ്യമായ്.

ആശ്രമാരണ്യങ്ങളിൽ വികലമന്ത്രമായ്
അസ്ഫുട ശബ്ദം നിറച്ചുനിന്നീടവേ
ചമ്പാപുരിയിലല്ല മഴപെയ്തത –
ന്നെന്റെയീ കൺകളിലായിരുന്നു.

ഞാനൊപ്പം മഹാസങ്കടങ്ങൾ തീർ-
ത്തീടുന്ന കാണാച്ചുഴികളിലാണ്ടുപോയ്,
വൈശാലതന്ത്രങ്ങളല്ലാ മനുഷ്യന്റെ
ജീവിതം പുഷ്ക്കലമാക്കുന്നതോർക്കുക.
പോവുക, പോവുക വീണ്ടുമെൻ മുന്നിലേ
ക്കെത്തേണ്ട, അത്ര ദൂരത്തിലാണിന്നു ഞാൻ
പോവുക,സത് മനോഭാവവുമായ് തിരി –
ച്ചെത്തും വരേക്കുമേ കാത്തിരിക്കുന്നു ഞാൻ.

വൈശാലി (കവിത)
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.