malayalam story

പെൺ മനസ്സ്

പാസഞ്ചർ ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ, പതിവുപോലെ അന്നും തിരക്കുണ്ടായിരുന്നു.

ചേർത്തല സ്റ്റേഷനെത്തിയപ്പോൾ സീറ്റിലിരുന്ന ഒരാൾ എഴുന്നേറ്റപ്പോൾ ആ ഗ്യാപ്പിലേക്ക് ശ്യാമള,കയറി ഞെരുങ്ങി ഇരുന്നു.

ആലപ്പുഴയിൽ നിന്നും കയറുമ്പോൾ സീറ്റൊന്നും ഒഴിവില്ലാരുന്നു.

കാല് കഴച്ച് തുടങ്ങിയപ്പോഴാണ്, സീറ്റിൽ ഇരുവശത്തും ഇരിക്കുന്നത് പുരുഷന്മാരാണെന്ന് ശ്രദ്ധിക്കാതെ, ഗ്യാപ്പ് കിട്ടിയപ്പോൾ കയറിയിരുന്നത്.

അവൾ ചുറ്റിനും നോക്കുന്ന കൂട്ടത്തിൽ ഇടയ്ക്ക് മുകളിലേക്കും നോക്കി .

പെട്ടെന്ന് തന്നെ ശ്യാമള ചുരിദാറിന്റെ ഷാള് വലിച്ച് മാറിടം മൂടിയിട്ടു .

ബെർത്തിലിരിക്കുന്ന ഒരു വായി നോക്കിയുടെ കഴുകൻ കണ്ണുകൾ ഇത്ര നേരം തന്റെ നെഞ്ചിലായിരുന്നു എന്നറിഞ്ഞപ്പോൾ ഒരു ഉൾ കിടിലമുണ്ടായി ശ്യാമളയ്ക്ക് .

ഒരുങ്ങി ഇറങ്ങുമ്പോൾ ശാരു പ്രത്യേകം പറഞ്ഞതാ
“അമ്മേ, ഈ ചുരിദാറ് വൈഡ് നെക്കാണെ, ശ്രദ്ധിച്ചോണെ”

അപ്പോൾ താനവളെ വകവച്ചില്ല.

“പിന്നെ …ഈ തൈകിളവിയെ നോക്കലല്ലെ, ആണുങ്ങളുടെ ജോലി. “

പക്ഷേ പ്രായഭേദമന്യേ എല്ലാത്തിലും രോമാഞ്ചമണിയുന്ന ഞരമ്പ് രോഗികൾ ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

തന്റെയൊക്കെ ചെറുപ്പകാലത്ത് കൗമാരത്തിലും, യൗവ്വനത്തിലും ആറ്റിറമ്പിലെ കുളിക്കടവിലായിരുന്നു, നിത്യേനയുള്ള കുളി.

അതിനോട് ചേർന്ന് കിടന്ന പൊതുവഴിയിലൂടെ പല പ്രായത്തിലുള്ള പുരുഷന്മാർ കടന്ന് പോയിട്ടുണ്ട്.

പക്ഷേ ഒരിക്കൽ പോലും മോശമായ ഒരു നോട്ടം പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

തന്റെ ഗതി ഇതാണെങ്കിൽ വളർന്ന് വരുന്ന തന്റെ രണ്ട് പെൺമക്കളുടെ അവസ്ഥ എന്തായിരിക്കും.

മക്കളെ കുറിച്ച് ചിന്തിച്ചപ്പോഴാ, ഇളയവൾ ശ്യാമയുടെ ഡേറ്റ് ആയിട്ടുണ്ട്.

കോളേജിൽ പോകുന്ന ധൃതിയ്ക്ക് അവൾ പാഡ് എടുക്കാൻ മറക്കുവോ,ആവോ?

രണ്ടാമത് പ്രസവിച്ചതും പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ വിജയേട്ടൻ പറഞ്ഞതാ, ഇപ്പോൾ പ്രസവം നിർത്തണ്ടാ അടുത്തത് ചിലപ്പോൾ ആണായിരിക്കുമെന്ന് .

പക്ഷേ താൻ സമ്മതിച്ചില്ല

വേണ്ട വിജയേട്ടാ അടുത്തതും പെണ്ണാണെങ്കിലോ?

വിജയേട്ടന്റെ തുച്ഛ വരുമാനം കൊണ്ട് നമ്മുടെ മക്കൾക്ക് നല്ലൊരു ഭാവിയുണ്ടാക്കി കൊടുക്കാൻ കഴിയില്ല.

പിന്നെ പഴയ കാലമൊന്നുമല്ല.
അവരെ കെട്ടിച്ചയക്കണമെങ്കിൽ
തന്നെ ,നമ്മുടെ സമ്പാദ്യമൊന്നും പോരാതെ വരും.

എന്തായാലും തന്റെ ദീർഘവീക്ഷണം ശരിയായിരുന്നു എന്ന് ഇപ്പോൾ അദ്ദേഹം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു.

ശാരുവിന് കല്യാണാലോചന തകൃതിയായി നടക്കുന്നുണ്ട്, പക്ഷേ അവർ ചോദിക്കുന്ന സ്ത്രീധനം കൊടുക്കാൻ യാതൊരു നിർവ്വാഹവു വില്ല.

തന്നെ വിവാഹം ചെയ്യുമ്പോൾ വിജയേട്ടൻ പട്ടാളത്തിലായിരുന്നു.

ഇപ്പോൾ എക്സ് മിലിട്ടറി .

പട്ടണത്തിലെ ഒരു ജൂവലേഴ്സിൽ സെക്യൂരിറ്റി ഡ്യൂട്ടി.

മിലിട്ടറിയിലായിരുന്നപ്പോൾ ഭയങ്കര അഭിമാനിയായിരുന്നു.

തനിക്ക് ഒന്ന് രണ്ട് സ്വകാര്യ കമ്പനിയിൽ ജോലിക്ക് അവസരം വന്നിട്ടും വിട്ടില്ല.

പക്ഷേ ഇപ്പോൾ പൊറുതിമുട്ടിയപ്പോൾ, തന്നെ, ഉന്തി തള്ളിവിട്ടിരിക്കുകയാണ് വിജയേട്ടൻ.

എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയിൽ, ജോലിക്കുള്ള ഇൻറർവ്യൂവിൽ പങ്കെടുക്കാൻ.

വീണ്ടും മുകളിലേക്കൊന്ന് പാളി നോക്കി.

അവന്റെ നോട്ടമിപ്പോൾ വിൻഡോ സൈഡിലിരിക്കുന്ന പെൺകുട്ടിയുടെ നേരെയാ.

കാറ്റടിക്കുമ്പോൾ, അവളുടെ ഷാള് ഇടയ്ക്കിടെ പറന്ന് പോകുന്നു.

“മോളെ ,അതൊന്ന് പിൻ ചെയ്ത് വയ്ക്ക് .”

തന്റെ ഉപദേശം അവൾക്ക് തീരെ പിടിച്ചില്ല എന്ന് തോന്നുന്നു.

പുച്ഛത്തോടെയൊന്ന് നോക്കിയിട്ട് അവൾ വെളിയിലെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു.

മുകളിലിരിക്കുന്നവന് തന്നോടുള്ള വൈരാഗ്യം കൂടിയിട്ടുണ്ടെന്ന്, അവന്റെ മുഖത്ത് നിന്ന് ശ്യാമള വായിച്ചറിഞ്ഞു.

ഹാന്റ് ബാഗിൽ നോക്കിയ ഫോണിന്റെ റിങ്ങ്ടോൺ കേട്ട് ശ്യാമള ഫോൺ എടുത്ത് നോക്കി.

ശാരുവാണ്.

“എന്താ മോളെ “

“അമ്മേ ..എത്തിയോ?

“ഇല്ല മോളെ ആകുന്നതേയുള്ളു. “

അമ്മയ്ക്ക് കൃത്യമായി വഴിയൊക്കെ അറിയാമല്ലോ അല്ലെ.”

“ങ്ഹാ സൗത്ത് സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഓട്ടോ പിടിച്ച് പോകാം മോളെ, KSRTC സ്റ്റാന്റിനടുത്താന്നാ പറഞ്ഞേ, പിന്നെ അവിടെ ഇത് പോലെയുള്ള ഒരൊറ്റ കമ്പനി മാത്രമേയുള്ളുവത്രെ,

അത് കൊണ്ട് പേരു പറഞ്ഞാൽ ഓട്ടോക്കാര് കൃത്യമായിട്ട്, അവിടെ എത്തിച്ച് തരും.

” ഉം എന്നാ ശരിയമ്മേ, ഞാൻ വയ്ക്കുവാ “

“ശരി മോളേ “

ട്രെയിൻ തുറവൂരെത്തി യാത്രക്കാർ കമ്പാർട്ട്മെൻറിൽ നിറയാൻ തുടങ്ങി.

അപ്പോഴാണ് ഇടത് വശത്തിരിക്കുന്ന ആളുടെ വലത് മുട്ടു കൈ ,തന്റെ ഇടത് മാറിടത്തിൽ അമരുന്നതായി തോന്നിയത്.

ആദ്യമത്, യാദൃശ്ചികമായി തോന്നി.
പിന്നീട് താൻ ഒതുങ്ങിയിരുന്നിട്ടും
ആ സ്പർശനം തന്നെ പിൻതുടരുന്നുണ്ടെന്ന്
ശ്യാമള ഉറപ്പിച്ചു.

പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

എങ്കിലും മറ്റുള്ളവർ കേൾക്കാതെ അയാളുടെ മുഖത്ത് രൂക്ഷമായി നോക്കി കൊണ്ട്, പതിയെ, എന്നാൽ ഉറച്ച ശബ്ദത്തിൽ പറഞ്ഞു,

“അടങ്ങിയിരുന്നില്ലേൽ ഞാൻ തന്നെ പിടിച്ച് റെയിൽവേ പോലീസിനെ ഏല്പിക്കും.”

അത് ഒരൊന്നന്നര താക്കീതായിരുന്നു.

പിന്നീട് എറണാകുളം ടൗൺ സ്റ്റേഷനിൽ എത്തുന്നത് വരെ അയാൾ കൃത്യമായി ഒരകലം പാലിച്ചു.

KSRTC സ്റ്റാന്റിനടുത്തുള്ള കമ്പനി പടിയിൽ ഓട്ടോ നിർത്തിയിട്ട് ഡ്രൈവർ പറഞ്ഞു.

” ഇത് തന്നെയാ സ്ഥലം “

ആദ്യമായിട്ടാ ഇങ്ങനൊരു സ്ഥലത്ത് വരുന്നത്.

വിജയേട്ടന്റെ, സുഹൃത്താണ് ഇവിടുത്തേയ്ക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ടെന്നും, അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കമ്പനിയാണെന്നും, പറഞ്ഞത്.

എല്ലാം പറഞ്ഞിട്ടുണ്ട്,
താൻ ചെന്നാൽ മതിയത്രേ.

വിജയേട്ടൻ ലീവെടുത്ത് കൂടെ വരാമെന്ന് പറഞ്ഞതാ,
താനാണ് വിലക്കിയത്.

വെറുതെ ഒരു ദിവസത്തെ ശബ്ബളം കളയേണ്ടെന്ന്.

സ്റ്റെയർകെയ്സ് കയറി മുകളിൽ ചെല്ലുമ്പോൾ പ്രായമുള്ള ഒരു സത്രീ തൂത്ത് വാരുന്നത് കണ്ടു.

“ഇവിടെയാരുമില്ലേ “

അവർ തിരിഞ്ഞ് നോക്കി പറഞ്ഞു.

“സാർ നേരത്തെ വന്നിട്ടുണ്ട്. അതിനകത്തുണ്ട്.”

അടുത്ത് കണ്ട ,അടഞ്ഞ് കിടന്ന വാതില്കലേക്ക് അവർ ചൂണ്ടി കാണിച്ചു.

നെഞ്ചിടിപ്പോടെ ശ്യാമള ചെന്ന് ഡോറിൽ മെല്ലേ തട്ടി.

“യെസ് കമിങ്ങ് “

അവൾ ഡോർ തുറന്ന് അകത്തേയ്ക്ക് ചെന്നപ്പോൾ ഈ സി ചെയറിൽ ചാരിയിരിക്കുന്ന ആളെ കണ്ട് ഞെട്ടി പോയി.

ട്രെയിനിൽ വച്ച് താൻ,താക്കീത് കൊടുത്ത ആ വഷളൻ.

പെട്ടെന്നവൾ തിരിഞ്ഞ് നടക്കാനൊരുങ്ങി.

” നില്ക്കു, പേടിക്കണ്ട അതൊക്കെ ഞാനപ്പോഴെ മറന്നു.

തന്നെയെനിക്ക് ഇഷ്ടപ്പെട്ടു.
ഇനി ഇന്റർവ്യൂ ഒന്നുമില്ല.

എന്തായാലും സുരേന്ദ്രൻ പറഞ്ഞ ഒരു കേസല്ലേ ,എനിക്കവനെ
അങ്ങനങ്ങ് തള്ളിക്കളയാൻ പറ്റുമോ?”

അത് പറയുമ്പോൾ
അയാളുടെ വാക്കുളിൽ
ഒളിഞ്ഞിരിക്കുന്ന ചതി അവളെ ബോധവതിയാക്കി.

” വേണ്ട, ദൈവമായിട്ടാ നിങ്ങളുടെ യഥാർത്ഥ രൂപം നേരത്തെ ,എനിക്ക് കാണിച്ച് തന്നത് .

ചവിട്ടേറ്റ പാമ്പും, അപമാനിതനായ പുരുഷനും, പകയുള്ളവരാണെന്ന് ഞാൻ കേട്ടിട്ടുണ്ട്.

അത് കൊണ്ട് അറിഞ്ഞിട്ടും ,ഞാൻ തന്നെ എന്റെ കുഴി തോണ്ടണോ?

പട്ടിണി കിടന്നാലും വേണ്ടില്ല’ മാനം വിറ്റ് ജീവിക്കാൻ എന്നെ കിട്ടില്ല.”

അത്രയും പറഞ്ഞ് , അവൾ മുറി വിട്ട് പുറത്തിറങ്ങി.

വീണ്ടും പ്രാരാബ്ധങ്ങളുമായി പടവെട്ടാനള്ള ഉറച്ച മനസ്സുമായി.

രചന
സജിമോൻ, തൈപറമ്പ്.

പെൺ മനസ്സ്
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.