malayalam story

ചില്ലറപ്പൈസ

“ചേട്ടാ ബാലൻസ് കിട്ടിയില്ല…”

“കിട്ടിയില്ലെങ്കിൽ മുകളിലെ കമ്പിയിൽ പിടിച്ചോ…”

മുന്നും പിന്നും നോക്കാതെ ഞാൻ വിളിച്ചു പറഞ്ഞു. ബസിൽ അത്രക്കും തിരക്കാണ്.പിന്നിൽ നിന്ന് മുന്നിലേക്ക് ചെല്ലണമെങ്കിൽ ബസ് നിർത്തി മുന്നിലെ വാതിൽ കൂടി കയറുകയേ നിവർത്തിയുള്ളൂ….

മുന്നിൽ നിന്നും പിന്നിലെ കണ്ടക്റ്റർ സീറ്റിൽ വന്നിരുന്ന പ്രയാസം എനിക്കറിയാം.psc എഴുതി എഴുതി എന്തായാലും കണ്ടക്ടർ ജോലി കിട്ടി.പ്രയാസമാണെങ്കിലും അതുകളഞ്ഞു കുളിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു…

“ടോ നിങ്ങളോടല്ലേ പറഞ്ഞത് ബാലൻസ് കിട്ടിയില്ലെന്ന് പറഞ്ഞത്…”

സീറ്റിലിരുന്ന് കണക്കുകൾ ചെക്ക് ചെയ്യുകയായിരുന്ന ഞാൻ പെട്ടെന്ന് തലയുയർത്തി…

മുന്നിലൊരു ഇരുനിറക്കാരി.ചുരുണ്ടമുടിയാണെങ്കിലും ഇടതൂർന്ന് വളർന്നിട്ടുണ്ട്. വട്ടമുഖം.ആകെ മൊത്തത്തിൽ ഒരാനച്ചന്തമുണ്ട്.കാഴ്ചയിൽ കുഴപ്പമില്ലെങ്കിലും അൽപ്പം തന്റേടക്കാരിയാണെന്ന് തോന്നുന്നു….

“എത്രയാ ബാലൻസ്…”

“ഒരു രൂപ..”

“അത് ശരി..ഒരു രൂപക്കാണോ താനിങ്ങനെ അലറിക്കൂവിയത്…”

“ചേട്ടനു ഒരുരൂപ വലിയ കാര്യമല്ലായിരിക്കും.എനിക്ക് നന്നായിട്ട് അറിയാം പൈസയുടെ മൂല്യം…”

വടി കൊടുത്തു വെറുതെ അടിവാങ്ങി..ഛെ..വേണ്ടീരുന്നില്ല

പിന്നെയൊരക്ഷരവും മിണ്ടാതെ ഞാൻ ബാലൻസ് കൊടുത്തു. അതും വാങ്ങീട്ട് അവൾ ആക്കിയൊരു ചിരിയും പാസാക്കി….

അവൾ ബസിലെ സ്ഥിരം യാത്രക്കാരി ആയതോടെ പരിചയപ്പെടണമെന്നൊരു ആഗ്രഹം മനസ്സിലുടലെടുത്തു.ദിവസങ്ങൾ കഴിഞ്ഞിട്ടും ഒന്നും നടന്നില്ല….

അപ്രതീക്ഷിതമായി ഒരുബന്ധുവിന്റെ വിവാഹത്തിന് ഞാൻ പങ്കെടുത്തു. അവിടെവെച്ച് ആ പെൺകുട്ടിയെയും കണ്ടുമുട്ടി. പതിവായി കാണാറുള്ളതിനാൽ ഞങ്ങൾ മനോഹരമായൊരു പുഞ്ചിരി പരസ്പരം സമ്മാനിച്ചു…

തലയിൽ മുല്ലപ്പൂവും ചൂടി സെറ്റ് സാരിയുടുത്ത് മനോഹരിയായിട്ടുണ്ട്.തനി മലയാളിപ്പെണ്ണ്.

“എന്താണ് കുട്ടിയുടെ പേര്…”

“കുട്ടിയോ..ഞാനോ!

അവൾ ആശ്ചര്യപ്പെട്ടു…

” അല്ല നിങ്ങളുടെ പേര്… “

“ഭവ്യ…

” വെറൈറ്റി ആണല്ലൊ…

“അതേലോ ഫുൾ വെറൈറ്റിയാണ്….”

മനസ്സിൽ അനുരാഗത്തിന്റെ വള്ളികൾ പൂത്തു തളിർക്കാൻ തുടങ്ങിയ നിമിഷത്തിൽ ഞാൻ ആ ശബ്ദം കേട്ടത്….

“മമ്മി.. മമ്മി…”

ഒരു അഞ്ചുവയസ്സുകാരി പെൺകുട്ടി ഭവ്യയുടെ അടുത്തേക്ക് ചാടിവീണു…

“ങേ..മമ്മിയോ…” ഞാൻ കണ്ണ് മിഴിച്ചു..

ഇതെന്താണ് സന്തൂർസോപ്പിന്റെ പരസ്യമോ.ചർമ്മം കണ്ടാൽ പ്രായം തോന്നാതിരിക്കാൻ…

മനസിൽ കത്തിക്കാൻ വെച്ചിരിക്കുന്ന പൂത്തിരികൾ നനഞ്ഞൊരു പരുവമായി.

“പേടിക്കണ്ട മാഷേ ചേച്ചീടെ മോളാണ്.അവൾ ചെറുപ്പത്തിലേ മുതൽ എന്നെ മമ്മീന്നെ വിളിക്കൂ….”

ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ സമയം പോയത് അറിഞ്ഞില്ല.ഒരുമിച്ചിരുന്നാണ് ഞങ്ങൾ ഊണു കഴിച്ചതും..ചിലരൊക്കെ ഞങ്ങളെ അത്ഭുതത്തിൽ നോക്കുന്നുണ്ട്..made for each other എന്ന് കുറച്ചു പേർ പറഞ്ഞപ്പോൾ നാണം കൊണ്ടവൾ പൂത്തുലഞ്ഞു….

അവളുടെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല. വീട് ശരിയായി അറിഞ്ഞൊന്ന് വെക്കുന്നത് നല്ലതാണ്. അധികം താമസിയാതെ വീട്ടുകാരെയും കൂട്ടി വേണമെന്ന് തോന്നിയാലോ…..

ഏഴു കിലോമീറ്റർ ദൂരം ബസ് യാത്രയുണ്ട് അവളുടെ വീട്ടിലേക്ക്. ബസിൽ കയറിയപ്പോൾ ഞാൻ ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു. പാന്റിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോൾ പേഴ്സ് കാണാനില്ല.ആരോ പോകറ്റടിച്ചെന്ന് ഉറപ്പായി…

ഷർട്ടിന്റെ പോക്കറ്റിൽ തപ്പി കുറച്ചു ചില്ലറപ്പൈസ തപ്പിയെടുത്ത് കണ്ടക്ടർക്ക് നേരെ നീട്ടി.രണ്ടു ഫുള്ളും ഒരു ഹാഫും കൂടിയുളള ടിക്കറ്റ് ചാർജ് ഇരുപത്തിയഞ്ച് രൂപ. ഫുൾ പൈസക്ക് ഒരുരൂപ കുറവ്….

ബസിലെ കണ്ടക്ടർ അമ്പിനും വില്ലിനും അടുക്കുന്നില്ല.

“അങ്ങട് ഒരു രൂപ കൊടുത്തില്ലെങ്കിൽ ഇവർ മെക്കിട്ട് കയറും.പിന്നെ ഒരു രൂപ ഇങ്ങോട്ട് കുറവ്.ഇതൊക്കെ ഇവന്റെയൊക്കെ സ്ഥിരം നമ്പരാണ്…….

പ്രൈവറ്റ് ബസിലെ കണ്ടക്ടർ ഒച്ചയിട്ടു.നാണം കെടുമെന്ന് ഉറപ്പായപ്പോൾ ഭവ്യ ഒരു രൂപ എടുത്ത് കണ്ടക്ടർക്ക് നേരെ നീട്ടി…

” ആരുടെ ആയാലും തനിക്ക് എന്നാ.ഒരുരൂപ കിട്ടിയാൽ പോരെ…”

അവൾ നൽകിയ ഒരുരൂപ വാങ്ങാൻ മടിച്ച അയാൾക്ക് നേരെ ഭവ്യ തട്ടിക്കയറി..

എന്റെ ചെവിയിൽ അവൾ സ്വകാര്യമായി മൊഴിഞ്ഞു..

“മാഷിനു ഇപ്പോൾ മനസിലായോ ഒരുരൂപയുടെ വില.ചിലസമയത്ത് ഈ ഒരുരൂപ ഇല്ലെങ്കിൽ കയ്യിലുള്ള പണത്തിനു മൂല്യമുണ്ടായെന്ന് വരില്ല…..”

അന്നവൾ അലച്ച് ഒരുരൂപാ വാങ്ങിയതിന്റെ വില ഞാനിന്ന് അറിഞ്ഞു.നമ്മൾ ജോലി ചെയ്തു സമ്പാദിക്കുന്നതിൽ നിന്നും അമ്പത് പൈസയാണെങ്കിൽ കൂടിയും അത് നഷ്ടപ്പെടുത്തരുതെന്ന് ഭവ്യ ഓർമിപ്പിച്ചു…

“എല്ലാത്തിനും അതിന്റേതായ വിലയുണ്ട് ദാസാ…. അവളെന്റെ ചെവിയിൽ പറഞ്ഞു….

” അതെ…”

“ഉവ്വാ…പിന്നെ ഒരുരൂപാ അടുത്ത ദിവസം തിരിച്ച് തരാനും മറക്കരുത് ട്ടാ…അവളെന്നെ ഓർമിപ്പിച്ചു..

” മറക്കില്ല മാഡം….”

തമാശ രീതിയിലുള്ള എന്റെ സംസാരം ആസ്വദിച്ച് അവൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു……

ചില്ലറപ്പൈസ
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.