malayalam

എൻ്റെ കുഞ്ഞിപ്പെണ്ണ് 

എന്ജിനീറിങ് ആറാം സെമസ്റ്റർ സമയത്തായിരുന്നു എൻ്റെ വിവാഹം കഴിഞ്ഞത്. എട്ടാം സെമസ്റ്റർ ആയപ്പോൾ ദൈവാനുഗ്രഹമുണ്ടേൽ എട്ടൊമ്പതു മാസം കഴിഞ്ഞാൽ നിലവിലുള്ള മകൾ പദവിയിൽ നിന്നും, ഭാര്യ പദവിയിൽ നിന്നും ഒരു മാതാവെന്ന പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടാൻ വകുപ്പ് ഉണ്ടെന്ന വിവരമറിഞ്ഞത്. കോഴ്സ് തീരാനാണേൽ ഇനി നാലു മാസം കൂടെ ഉണ്ടായിരുന്നു. പിന്നീട് അങ്ങോട് ഉള്ള കോളേജിൽ പോക്ക് ആഴ്ചയിൽ രണ്ടോ മൂന്നു ദിവസമായി മാറി..മിക്ക ദിവസങ്ങളിലും മറ്റുള്ള ദേഹസ്വസ്ഥകൾ കാരണം വീട്ടിൽ തന്നെ ചടഞ്ഞു കൂടി. കോളേജിൽ ആണെങ്കിലോ മൂന്നാമത്തെ നിലയിൽ അങ്ങേ അറ്റത്തായായിരുന്നു ക്ലാസ്സുമുറി… പോകുന്ന ദിവസങ്ങളിൽ ക്ഷീണമെന്തെങ്കിലുമുണ്ടെങ്കിൽ ഫ്രണ്ടിന്റെ കൂടെ ഹോസ്റ്റൽ മുറിയിൽ പോയി റസ്റ്റ് എടുക്കുമായിരുന്നു. പ്രോജെക്ടിനും മറ്റും ആവശ്യമുള്ള , എൻ്റെ ഗ്രൂപ്പിലേക്ക് വേണ്ട ലാപ്ടോപ്പ് കൊണ്ട് വരുമ്പോൾ താഴെ നിലയിൽ നിന്നും മുകളിലെത്തിക്കുന്നതു മിക്കപ്പോഴും സുഹൃത്തുക്കളായിരുന്നു. പലപ്പോളും അവരുടെ സഹായമുണ്ടായിരുന്നു. പ്രൊജക്റ്റ് ക്ലാസ്സുകൾക്കൊക്കെ പോകുന്ന മിക്ക ദിവസവും വഴിനീളെ ശർദിലായിരിക്കുമെന്റെ പരിപാടി . അന്നേരം ഞാനും എൻ്റെ കൂട്ടുകാരിയും മാത്രം കാണും. വീട്ടിൽ നിന്ന് കോളേജിൽ പോക്കാണെളുപ്പമായിരുന്നതിനാൽ കൂടുതലും സ്വന്തം വീട്ടിൽ തന്നെയായിരുന്നു . മിക്ക ദിവസങ്ങളിലും ലാപ്ടോപ് എടക്കുന്നതു കൊണ്ട് ബാഗ് ബസ് സ്റ്റോപ്പ് വരെ ചുമക്കാൻ അനിയനെ കൂട്ട് പിടിക്കും .പിന്നെടങ്ങോട്ടു കോളേജ് ബസിലാണ് യാത്ര. . ചില ദിവസങ്ങളിൽ അനിയൻ കൂടെ വരാൻ മടിച്ചാൽ പിന്നെ സ്വയം ചുമന്നു കൊണ്ട് പോകേണ്ടി വരും . അല്ലെങ്കിൽ ഓട്ടോ യിൽ .ഒരിക്കൽ അങ്ങനെ ഒറ്റക്കായപ്പോൾ തൊട്ടു താഴെ താമസിക്കുന്ന അമ്മാവനെ ലിഫ്റ്റ് അടിച്ചായിരുന്നു പോയത്.(കിളവന്മാരുടെ പുറകെ ലിഫ്റ്റ് അടിച്ചു പോയെന്നും പറഞ്ഞു കെട്ടിയോൻസ് ഇടക്കിട് കളിയാകുമിപ്പോളും). ഏകദേശം ഒരു കിലോമീറ്റർ നടക്കണം അന്ന് വീട്ടിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക്. ഓർത്തെടുക്കാനാണെങ്കിൽ ഇനിയുമൊരുപാട്……..

എത്ര കിട്ടിയാലും മിണുങ്ങുന്ന വാഴപ്പഴവും പപ്സും ബേക്കറി പലഹാരങ്ങളും കാണുമ്പോൾ തന്നെ വാളുവെക്കുമായിരുന്നു. ഒരിക്കൽ ഇത് പോലെ ശര്ധിച്ചവശയായിരുന്ന സമയം ഫ്രയ്ഡ് റൈസ് പോലെ ഉണ്ടാക്കി സ്നേഹത്തോടെ മാതാശ്രീ വാരിത്തന്നത് ഇപ്പോളും ഓർമ്മ വരും.. പക്ഷെ അതൊന്നും എന്നോടുള്ള സ്നേഹം കൊണ്ടല്ലെന്നും അവരുടെ ആദ്യത്തെ ചെറുകുട്ടിക് വേണ്ടിയിരുന്നെന്നും പിന്നീട് പലപ്പോളായി മനസിലായി..പക്ഷെ അന്നും വായിൽ വെച്ചതൊക്കെ അതുപോലെ വാളുവെച്ചു കളഞ്ഞിരുന്നു. പിന്നീടങ്ങോട് ദിവസവും പച്ചക്കറികളായിരുന്നു കൂടുതലും ഭക്ഷണത്തിൽ മാതാശ്രീ ഉൾപ്പെടുത്തിയത്. മിക്കതും ഇഷ്ടമല്ലാത്തവ. വീട്ടിൽ തന്നെ നട്ടുവളർത്തിയ ചീരയും മുരിങ്ങയിലയുമായിരുന്നു കൂടുതലും .ഒട്ടും സഹിക്കാൻ വയ്യാത്തത് മാതളനാരങ്ങായായിരുന്നു.. അതാണെങ്കിൽ എനിക്ക് കണ്ണെടുത്താൽ കണ്ടൂടാത്തതും . എനിക്കിഷ്ടമല്ലാത്തതു കാരണം അതിന്റെ അല്ലി മുഴുവനിട്ടു ജ്യൂസ് പരുവത്തിലാക്കി എൻ്റെ വയറ്റിലേക്കെത്തിക്കാൻ കള്ളി ഉമ്മച്ചി പറ്റുന്ന പണി ഒക്കെ നോക്കും .എല്ലാം അവരുടെ ചെറുകുട്ടിക്ക് വേണ്ടി ആണെന്ന് ഒരു ഡയലോഗും.(അതാ മുന്നേ പറഞ്ഞെ എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമല്ലെന്ന്)..

അങ്ങനെ ഓരോ മാസവും ഇഴഞ്ഞു പോയി. കൂടെ എങ്ങനെയൊക്കെയോ എൻ്റെ പഠനവും.75 % അറ്റെന്റൻസ്‌ മിനിമം വേണം എക്സാം എഴുതാൻ. എനിക്കാണെങ്കിലോ എഴുപത്തിൽ താഴെയും. എന്റെ അവസ്ഥ അറിയാവുന്ന HOD യും മറ്റു ടീച്ചേഴ്സും എങ്ങനെയൊക്കെയോ അറ്റന്റൻസ് 75 ഇൽ എത്തിച്ചുതന്നു. ആ സെമസ്റ്റർ ദൈവാനുഗ്രഹം കൊണ്ട് പാസ്സ് ആയി.

അഞ്ചാം മാസത്തെ സ്കാനിങ്ങിൽ കുഞ്ഞിന്റെ പൊസിഷൻ ശെരിയല്ലാത്തതിനാൽ വീണ്ടും അവർ തീയതി മാറ്റിത്തന്നു. രണ്ടു പ്രാവശ്യവും അതെ സ്ഥിതി തന്നെ ആയപ്പോൾ ഉമ്മച്ചിക്കും കെട്ടിയോനും ടെൻഷൻ കേറി. ഗൾഫ് നാട്ടിലിരുന്ന് കൊണ്ട് തന്നെ വാട്സ് ആപ്പ് വഴി വിവരങ്ങൾ മൂപ്പർ അപ്പപ്പോൾ ചോദിച്ചറിയും.. കൂടുതൽ ടെൻഷൻ ഉമ്മച്ചിക്കായിരുന്നു . അവരുടെ സ്വന്തം അനുഭവം കാരണമാകാം..എന്റെ ഡെലിവറി സമയത്തു പൊക്കിൾകൊടി ചുറ്റി പുറത്തെടുക്കാൻ
ഒരുപാടു കഷ്ടപെട്ടിട്ടുണ്ടെന്നും ജനിച്ചു പത്തു ദിവസം വരെയും കരയാതിരുന്ന എന്നെ വേറൊരു ആശുപത്രിയിലേക്കു കൊണ്ട് പോയി അവിടത്തെ ഡോക്ടർ എടുത്ത് തലകീഴെ കമിഴ്ത്തി രണ്ടു കൊട്ട് തന്നപ്പോളാണ് ആദ്യമായി കരഞ്ഞതെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഉമ്മച്ചിക്കു മൂന്ന് മക്കളാണ്…രണ്ടാമത്തെ കുഞ്ഞും ഇത്പോലെ പൊക്കിക്കോടി ചുറ്റി ഒമ്പതാം മാസം ഡെലിവറി ഏതുമുന്നേ തന്നെ വയറ്റിനുൽ മരണപെട്ടു പോയിട്ടുണ്ടായിരുന്നു..ഇന്നും ഇടയ്ക്കു ഉമ്മച്ചിക്കുണ്ടാകുന്ന നോവുകളിലൊന്നാണ് കാണാത്ത എൻ്റെ കുഞ്ഞനിയന്..അതിനാലായിരിക്കുമവർക്ക് ടെൻഷൻ ഉണ്ടായിരുന്നത്. അവസാനം വേറൊരു ലാബിൽ പോയി സ്കാൻ ചെയ്തു കുഴപ്പമൊന്നുമില്ലെന്നറിഞ്ഞ ശേഷമാണ് അല്പം ആശ്വാസമായത്…………..

ഏഴാം മാസമായപ്പോളേക്കും ബന്ധുക്കളും അയല്പക്കകാരും പലഹാരങ്ങൾ കൊണ്ട് വരവായിരുന്നു .അതും ഒരു ചടങ്ങാണല്ലോ … മിക്കപേരും അപ്പോളെന്റെ വയറു നോക്കി ലക്ഷണ ശാസ്ത്രം വെച്ച് ആണ്കുഞ്ഞാണെന്നു ഉറപ്പിച്ചു . എനിക്ക് പക്ഷെ ഒരു കുഞ്ഞുമോളാകണമെന്നായിരുന്നു ആഗ്രഹം… ഒരു കൂട്ടുകാരി..മാസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി .. എട്ടാം മാസത്തോടടുത്തപ്പോൾ കാലിലെ മസിലു പിടുത്തവും നടുവേദനയും കൂടെ കൂടി .. മാത്രമല്ല ഗര്ഭകാലത്തിലെ തുടക്കത്തിലേ ഉള്ള യൂറിനറി ഇന്ഫെക്ഷന് ബുദ്ധിമുട്ടുകൾ അല്ലാതെയും.. അഞ്ചു ദിവസം ചേർതോണ്ടു ആന്റിബയോട്ടിക് ഇഞ്ചക്ഷനും. എട്ടാം മാസം കഴിഞ്ഞു ഒരു പാതിരാത്രിക്ക് വയറ്റിനകത്തു വല്ലാത്തൊരിളക്കവും കുലുക്കവും അസ്വസ്ഥതകളും കാരണം ഫ്രിഡ്ജിൽ ഇരുന്ന തണുത്ത ചോറെടുത്തു മിനുങ്ങി,,അതും രാത്രി ഒരു മണിക്..എന്ത്‌ കൊണ്ട അങ്ങനെ ഞാൻ ചെയ്തെനിപ്പോളും എനിക്കറിയില്ല . കുഞ്ഞിപെണ്ണോ ചെക്കനോ ഇപ്പൊ പുറത്തു ചാടുമെന്ന അവസ്ഥയായിരുന്നു.

അവസാന ചെക്കപ്പുകളിൽ ഡെലിവറി ഡേറ്റ് ഏകദേശം സെപ്തംബര് 12 ആയിരിക്കുമെന്നറിഞ്ഞു. അതിനു മുന്നേ എന്തായാലും നാട്ടിലേക്കെത്തണമെന്നു കെട്ടിയോൻസിന്റെ അടുത്ത ഓർഡർ ഇട്ടു . മൂപ്പരാണെങ്കിലോ വരവ് സർപ്രൈസ് ആയിരിക്കുമെന്നും . എങ്ങനെങ്കിലും തീയതി മൂപരെകൊണ്ട് പറയിക്കാൻ ആവുന്ന പണി ഒക്കെ നോക്കി.. അല്ലേൽ വെറുതെ ഞാൻ ടെൻഷൻ കേറി ചത്തുപോകും . അവസാനം പറഞ്ഞ ഡെലിവറി ഡേറ്റ് വരെ പോകാൻ മിക്കവർക്കും ചാൻസ് കുറവാണെന്നും അതുകൊണ്ട് വരുന്നതെന്നാണെന്നു പറയണമെന്നുമൊക്ക ഇല്ലാത്ത സങ്കടവും സെന്റിയുമൊക്കെ അടിച്ചു മൂപരെകൊണ്ട് വരുന്ന തീയതി ഓഗസ്റ്റ് 23 ആണെന്ന് പറയിപ്പിച്ചു .. അപ്പോൾ സമാധാനമായി.. കാരണം അടുത്ത ചെക്കപ്പ് പറഞ്ഞിരുന്നത് ഓഗസ്റ്റ് 25നു ആയിരുന്നു..ഒരു പ്രാവശ്യമെങ്കിലും മൂപ്പരെ ഹോസ്പിറ്റലിൽ ചെക്കപ്പിന് കൂടെ കൊണ്ടുപോകാൻ പറ്റുമെന്നതിനാൽ സന്തോഷമായിരുന്നു.

അങ്ങനെ ഓഗസ്റ്റ് 23 നു രാവിലെ പുള്ളി വീട്ടിലെത്തി. ഏഴെട്ടുമാസങ്ങൾക്കു ശേഷം കണ്ടതിൻെറ സന്തോഷമാവോളമുണ്ടായിരുന്നെനിക്കു . പുള്ളിക്കാണെങ്കിലോ IMO യിൽ കൂടെ കണ്ടോണ്ടിരുന്ന..വയറ്റിൽ കിടക്കുന്ന കുഞ്ഞാവയെ കണ്ട സന്തോഷവും … അന്ന് മൂപ്പരുടെ കൂടെ വീട്ടിലേക്കു പോയി.. ആ സമയത്തുള്ള എൻ്റെ ബുദ്ധിമുട്ടുകണ്ടിട്ടാകണം കുഞ്ഞാവ പെട്ടെനെത്തിയാൽ മതിയെന്നദ്ദേഹം പറഞ്ഞെ. രണ്ടു ദിവസം കഴിഞ്ഞുള്ള ചെക്കപ്പിന് ശേഷം ബന്ധുക്കളുടെ വീട്ടിലൊക്കെ ഒന്നൊരുമിച്ചു പോയി വരാമെന്നുള്ള പ്ലാനിങ്ങോക്കെ തെറ്റിച്ചു കൊണ്ട് , ചെക്കപ്പിന് പോയ ദിവസത്തെ പരിശോധനയിൽ അന്ന് തന്നെ എന്നെ അഡ്മിറ്റാക്കണമെന്നു ഡോക്ടർ പറഞത്ത് . പുള്ളിക്കാരനെ ഒന്ന് നേരാവണ്ണം കാണാൻ പറ്റാത്ത സങ്കടമാണോ പറഞ്ഞ തീയതിക്ക് പത്തിരുപതു ദിവസം മുന്നേ അഡ്മിറ്റ് ആയതിന്റെ ആധിയും സന്തോഷ്കുമായിരുന്നോ അന്നെനിക്കുണ്ടായതെന്നു അറിയില്ല . കുഞ്ഞാവ പെട്ടെനെത്തിയാൽ മതിയെന്ന് വാപ്പച്ചി പറഞ്ഞത് വയറ്റിനുളിൽ കിടന്നു കേട്ടിട്ടുണ്ടാകണം അതാകും നേരത്തെ വരുമെന്ന് ചെക്കപ്പ് സമയത്തു സിഗ്നൽ കിട്ടിയത് . എന്തേലും ബുദ്ധിമുട്ടുണ്ടെൽ അറിയിക്കണമെന്നും അല്ലേൽ രാവിലെ ലേബർ റൂമിലോട്ടു കൊണ്ട് പോയി മരുന്ന് വെക്കണമെന്നായിരുന്നു പറഞ്ഞെ.വേദന വരാത്തതിനാൽ തന്നെ അഡ്മിറ്റ് ആയ പിറ്റേന്ന് ഡ്യൂട്ടി നേഴ്സ് രാവിലെ അഞ്ചരക്ക് വന്നു എന്നെ ലേബർ റൂമിലേക്ക് കൊണ്ടു പോയി. ഇക്കാടടുത്തും രണ്ടു ഉമ്മമാരുടെ അടുത്തും യാത്ര പറഞ്ഞു ആ വലിയ വയറും വെച്ച് കൊണ്ട് , തിരിച്ചു വരുമ്പോൾ ദൈവാനുഗ്രഹമുണ്ടെൽ ഒരു കുഞ്ഞാവയെ കൂടെ കൊണ്ട് വരുമല്ലോ എന്ന ചിന്തയിൽ ഞാൻ ലേബർ റൂമിലേക്ക് കയറി .

പെയിൻ വരാനുള്ള ട്രിപ്പും പിന്നെ ഓരോന്നിനും പുറകിലായി ബാക്കിയുള്ള മരുന്നുകളും എൻ്റെ ഉള്ളിലേക്ക് ചെന്നു. ലേബർ റൂമിലെത്തി മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ പ്രസവ വേദന ആരംഭിച്ചു കഴിഞ്ഞു. അതുവരെ മനസിൽ കരുതിയതിനേക്കാൾ., നടുവും വയറും അരിച്ചു കേറുന്ന..പൊട്ടിപുളക്കുന്ന അസഹനീയമായ വേദനയുടെ ഇടവിട്ടുള്ള ആവർത്തനമായിരുന്നു പിന്നീടങ്ങോട്. അന്നേരം തൊണ്ടപൊട്ടി നിലവിളിച്ചു പോയി. കേട്ടറിവിനെക്കാൾ ഭീകരമായ അവസ്‌ഥ..ആ സമയത്തു ഉമ്മമാരോ ഇക്കയോ അല്ലേൽ പുറത്തുള്ള അടുത്തബന്ധുക്കളാരെങ്കിലും അരികിലൊന്നു ഉണ്ടായിരുന്നെങ്കിലെന്നു കൊതിച്ചു .. അവരെ ഒന്ന് ഫോണിൽ വിളിച്ചു സംസാരിച്ചു എനിക്ക് വേണ്ടി ,..എന്റെ വേദന കുറച്ചു തരാൻ പ്രാർത്ഥിക്കണേ എന്ന് പറയാൻ സാധിച്ചുരുന്നെങ്കിലെന്നു ആഗ്രഹിച്ചപ്പോൾ അടുത്തൂടെ കടന്നു പോകുന്ന നഴ്‌സുമാരെങ്കിലും ഒന്നെന്നെ ആശ്വസിപ്പിച്ചിരുന്നെങ്കിലെന്ന ചിന്തയാൽ അവരെയൊക്കെ ദയനീയതയോടെ നോക്കുന്നുണ്ടെങ്കിലും അവർക്കതൊരു പുതുമയല്ലാത്തതിനാലാകും അവരുടേതായ ജോലികളിൽ ഏർപ്പെട്ടത്. ആ സമയത്തു ഒന്ന് വാഷ്‌റൂമിലെങ്കിലും പോണമെന്നുണ്ടായിരുന്നെങ്കിലും റിസ്കനെന്നതിനാൽ അതും നടന്നില്ല. കുഞ്ഞിന്റെ തല പുറത്തു കാണുന്നുണ്ടെന്നും പറഞ്ഞു കൂടെയുള്ള നഴ്‌സ് വേറൊരു റൂമിലേക്കെന്നെ കൊണ്ട് പോയി ..അവിടെ ഡോക്ടറും മറ്റു നഴ്‌സുമാരും കുഞ്ഞിനെ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബാക്കിയൊന്നും ഓർത്തെടുക്കാൻ സാധികുന്നിലിപ്പോൾ..എന്നിരുന്നാലും അൽപ സമയത്തിന് ശേഷം അവര് കുഞ്ഞിനെ പുറത്തെടുത്തു മോളാണെന്നു പറഞ്ഞപ്പോൾ മനസിന് വല്ലാത്ത സന്തോഷമായിരുന്നു .

നമ്മുടെ മത വിശ്വാസപ്രകാരം പറയുകയാണെങ്കിൽ വെള്ളിയാഴ്ച ഉച്ചക് പന്ത്രണ്ടു മുപ്പത്തിമൂന്നിനായിരുന്നു അവളുടെ ജനനം. ജുമുഅയുടെ നേരം,,. എന്നെ ഒന്ന് കാണിച്ച ശേഷം നഴ്സുമാർ അവകളെ വൃത്തിയാക്കാനായികൊണ്ടു പോയി. അൽപശേഷം റൂമിലോട്ട് മാറ്റിയപോളെക്കും എന്റെ കുഞ്ഞു മാലാഖയെ വൃത്തിയാക്കി ഒരു വെള്ള തുണിയിൽ പൊതിഞ്ഞു എൻ്റെ അരികിലായി കൊണ്ട് കിടത്തി. അതിനു മുന്നെയാണോ ശേഷമാണോ എന്നറിയില്ല..കുഞ്ഞിനെ ഏറ്റുവാങ്ങിയ എന്റെ ഉമ്മച്ചി, അവളെ ഇക്കാടെ ഉമ്മാടേൽ കൊടുത്തു…അവരവൾക്ക് പഞ്ചിപ്പാല് നാവിൽ തൊട്ടു കൊടുത്ത ശേഷം ഇക്ക ബാങ്കും ഇക്കാമതും അവളുടെ ഇടതും വലതും ചെവികളിലായിട്ടു ചൊല്ലി. നേരത്തെ പറഞ്ഞു വെച്ച പോലെ ഇക്ക കണ്ടുപിടിച്ച ഷെയ്‌ഖ യും ഞാൻ കൊണ്ട് വന്ന മെഹറീനും ചേർത്ത് ഷെയ്‌ഖ മെഹ്‌റീൻ എന്നവളുടെ ചെവികളിലായിട്ടു മന്ത്രിച്ചു……………………………..എന്റെ ഷെയ്ക്കൂസ് ………..എന്റെ പ്രാണൻ………………….

ഹോസ്പിറ്റലിൽ നിന്നും മൂന്നാം ദിവസം ഡിസ്ചാർജ് ആയി . അതുവരെ രാത്രി പ്രശ്നമൊന്നുമുണ്ടാകാതിരുന്നവൾ വീടെത്തിയ ദിവസം മുതൽക്കേ എനിക്ക് നൈറ്റ് ഡ്യൂട്ടി തന്നു തുടങ്ങി .. ഞാനും ഉമ്മചിച്ചും എന്റെ മൂത്തുമ്മയും രാത്രിയിൽ മാറി മാറി അവളെ എടുത്തോണ്ട് നടക്കും. അവസാനമവസാനം കുഞ്ഞു എണീക്കുമ്പോൾ അരമയക്കത്തിൽ പാല് കൊടുത്തിട്ട് ഉമ്മച്ചിയെ ഏൽപ്പിച്ചു ചുരുണ്ടുകൂടിക്കിടക്കും ഞാൻ. അവരായിരുന്നു പിന്നെ അവളെ ഉറക്കിയത്………………………

മാസങ്ങൾ കഴിഞ്ഞു പോയ്‌കൊണ്ടിരുന്നു.. വളർച്ചയുടെ ഓരോ സ്റ്റേജും ആവോളം ആസ്വദിച്ചു. അവള് കമിഴ്ന്നു വീണത് മുതൽ കമിഴ്ന്നു കാലു രണ്ടും കുഞ്ഞു മാക്രികളെ പോലെ വെച്ചായിരുന്നുറക്കം.. ഇപ്പോളും ..അതായിരിക്കും അന്ന് ഡോക്ടർ സ്കാൻ ചെയ്തപ്പോൾ കുഞ്ഞിന്റെ പുറകു വശം മാത്രം കാണാൻ സാധിച്ചത്……………………….

ദിപ്പോളെന്റെ കുറുമ്പിക്കു രണ്ടു വയസു കഴ്ഞ്ഞു…അവളുടെ കളിയും ചിരിയും ആവോളം ആസ്വദിക്കുന്നുണ്ട്..കൂടുതൽ അടുപ്പം അവളുടെ വാപ്പച്ചീടെ അടുത്ത് കാണിക്കുമ്പോൾ ചെറുതായിട്ട് കുശുമ്പ് തോന്നിപോകും ….ഇടക്കിടക്ക് മലയാള അക്ഷരങ്ങൾ എന്നെ ഓര്മിപ്പിക്കുന്നുമുണ്ടവൾ (എന്നെ കൊണ്ട് ക്ഷ മ്മ വരപ്പിക്കുമവൾ )………….ഇപ്പോൾ അവളുടെ കൂടെ കൂടെ വായിൽ നഴ്സറി ഗാനങ്ങളാണ് തതികളിക്കുന്നത്… ജോണി യും കാത്തുവും പൂപിയും കൂടെ. കൂടിയ പോലെ .ഇടക്കെപ്പോളൊക്കെയോ അവളുടെ പ്രായത്തിലേക്കു വീണ്ടും എത്താൻ ആഗ്രഹിക്കുന്ന പോലെ..മനസ് നിഷ്കളങ്കമായിരുനെങ്കിലെന്നു മോഹിച്ചു പോകുന്നത് പോലെ………………

ഒപ്പം ജീവിതത്തിലുണ്ടാകുന്ന ചില പ്രതിസന്ധിഘട്ടങ്ങൾ ചിലപ്പോൾ നമുക് നാളേക്ക് നല്ലതിനായിട്ടാകുമെന്നും പലപ്പോളയിട്ടീ സമയങ്ങളിലെനിക്കു ബോധ്യമായി……….

Jasmine

എൻ്റെ കുഞ്ഞിപ്പെണ്ണ് 
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.