Hippie Poulo Coelho

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ | Books Review

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഹിപ്പി’

Hippie by Poulo Coelho | Books Review

ബ്രസീലില്‍ ഒരു ക്രിസ്ത്യന്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച, അന്തര്‍മുഖനായ പൗലോ കൊയ്ലോയ്ക്ക് എഴുത്തുകാരനാവുക എന്നതായിരുന്നു ചെറുപ്പത്തിലെ മോഹം. എന്നാല്‍, ഒരിക്കല്‍ തന്റെ അമ്മയോട് ആഗ്രഹം സൂചിപ്പിച്ചപ്പോള്‍ ‘നിയമം കൈയാളുന്ന അച്ഛന്റെ മകന് എഴുത്തിനെക്കുറിച്ച് എന്തറിയാനാണ്’ എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. അതുകൊണ്ടൊന്നും പൗലോ ആഗ്രഹം വെടിഞ്ഞില്ല. അന്തര്‍മുഖനായതുകൊണ്ടോ അതോ വ്യവസ്ഥാപിതമായ രീതികളോടുള്ള തന്റെ എതിര്‍പ്പ് കണ്ടിട്ടോ എന്തോ, പതിനേഴു വയസ്സുള്ള പൗലോ കൊയ്ലോയെ മാതാപിതാക്കള്‍ മനോരോഗാലയത്തില്‍ പ്രവേശിപ്പിച്ചു. മൂന്നു തവണ അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുപതാം വയസ്സിലാണ് പൗലോ കൊയ്ലോയ്ക്ക് അവിടെനിന്ന് ഇറങ്ങാനായത്. തുടര്‍ന്ന്, മാതാപിതാക്കളുടെ ആഗ്രഹപ്രകാരം, എഴുത്തെന്ന മോഹം വെടിഞ്ഞ പൗലോ നിയമവിദ്യാര്‍ത്ഥിയുമായി.

എന്നാല്‍, വ്യവസ്ഥാപിതമായ ഈ ജീവിതത്തോട് പൊരുത്തപ്പെടാനാവാതെ ഒരു വര്‍ഷത്തിന് ശേഷം നിയമവിദ്യാഭ്യാസം ഉപേക്ഷിച്ച് പൗലോ കൊയ്ലോ ഒരു ഹിപ്പിയായി മാറുകയായിരുന്നു. മുടി നീട്ടി വളര്‍ത്തി, മയക്കുമരുന്നിന്റെയും സംഗീതത്തിന്റെയും ലഹരിയില്‍ പൗലോ തന്റെ ഹിപ്പി കൂട്ടുകാരുമൊത്ത് ദക്ഷിണ അമേരിക്കയിലൂടെയും ആഫ്രിക്കയിലൂടെയും മെക്‌സിക്കോയിലൂടെയും സഞ്ചരിച്ചു. പിന്നീട്, ബ്രസീലിലേക്ക് തിരികെയെത്തിയ പൗലോ കൊയ്ലോ ഗാനരചനയില്‍ വ്യാപൃതനായി. എണ്‍പതുകളില്‍ പൗലോ അഭിനേതാവായും ജേണലിസ്റ്റായും നാടക സംവിധായകനായും തന്റെ കഴിവുകളെ ആരായുകയായിരുന്നു. 1986-ല്‍ പൗലോ കൊയ്ലോ വടക്കുപടിഞ്ഞാറന്‍ സ്‌പെയിനിലെ സാന്റിയാഗോ ഡേയ് കോംപോസ്റ്റിലായിലൂടെ നടത്തിയ യാത്രയിലാണ് തന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന എഴുത്തുകാരനാകാനുള്ള മോഹത്തിന് വീണ്ടും ജീവന്‍ വെച്ചത്. ഈ യാത്രയായിരുന്നു 1987-ല്‍ അദ്ദേഹത്തിന്റെ ആദ്യ പുസ്തകം, ‘ദി പില്‍ഗ്രിമേജി’ന് ആധാരം. തുടര്‍ന്ന്, മറ്റു ജോലികള്‍ ഉപേക്ഷിച്ച പൗലോ കൊയ്ലോ എഴുത്തുകാരനാകാനുള്ള ആഗ്രഹത്തില്‍ മാത്രം ശ്രദ്ധ ചെലുത്തി. അങ്ങനെ, വൈകാതെ ‘ആല്‍കെമിസ്റ്റ്’ ജനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിന് പ്രപഞ്ചംതന്നെ വഴിയൊരുക്കി ക്കൊടുക്കുകയായിരുന്നിരിക്കണം!

‘ആല്‍കെമിസ്റ്റി’നെ പൗലോ കൊയ്ലോ തന്നെ പില്‍ക്കാലത്തെ ഒരഭിമുഖത്തില്‍ ‘തന്റെ ജീവിതത്തിന്റെ ഭാവാര്‍ത്ഥം’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. തന്റെ ആത്മാവില്‍ എന്നോ താന്‍പോലും അറിയാതെ കുറിച്ചിട്ട കഥയായതുകൊണ്ടാണ് അത് അനായാസം എഴുതാന്‍ കഴിഞ്ഞത് എന്നാണ് ആദ്ദേഹം പറഞ്ഞത്. വിധിയെ ചെറുക്കുന്ന വിജയപ്രതീക്ഷയും പോസിറ്റിവിറ്റിയും പോലെയുള്ള പ്രോത്സാഹനാര്‍ഹമായ ആശയങ്ങള്‍ക്കുപരി, പിന്നീടുള്ള കഥകളില്‍ ആത്മീയത, ആത്മപരിശോധന, പ്രകൃതിയോടും അവനവനോടുതന്നെയുള്ള പ്രണയം, എന്നിങ്ങനെയുള്ള ആശയങ്ങളും പൗലോ കൊയ്ലോ പ്രതിപാദിച്ചിട്ടുണ്ട്. പൗലോ കൊയ്ലോയുടെ നോവലുകളില്‍ ഓരോ വ്യക്തിക്കും അവരുടെ ഉപബോധവുമായി സംവദിക്കുന്ന ഒരു ഘടകമെങ്കിലും കണ്ടെത്താനാകും എന്നതാണ് അദ്ദേഹത്തിന്റെ ശൈലിയുടെ പ്രത്യേകത.

മാജിക്കല്‍ റിയലിസം അനായാസമായി കൈകാര്യം ചെയ്യുന്ന എണ്ണപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് പൗലോ കൊയ്ലോ. അതുപോലെ തന്റെ ശൈലിയില്‍ പരീക്ഷണങ്ങള്‍ നടത്താനും പൗലോ കൊയ്ലോ മടിച്ചിട്ടില്ല. ഫിക്ഷന്റെയും നോണ്‍ഫിക്ഷന്റെയും ഇടയിലെ ഇടനാഴികകളിലൂടെയുള്ള ഒരു പരീക്ഷണമായിരുന്നു ചാരസുന്ദരി മാത ഹരിയുടെ കഥയെ ആസ്പദമാക്കി പൗലോ കൊയ്ലോ എഴുതിയ ‘ദി സ്‌പൈ’. എഴുത്തിലേക്ക് തന്നെ വഴിതിരിച്ചുവിട്ട സ്‌പെയിനിലെ യാത്രയും ആ യാത്രയോടനുബന്ധിച്ച് താന്‍ അനുഭവിച്ച ആത്മീയ ഉണര്‍വും പൗലോ കൊയ്ലോ ‘ദി പില്‍ഗ്രിമേജ്’ എന്ന ആദ്യ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

എന്നാല്‍ ഇതിലേറെ ആത്മകഥാംശമുള്ള പുസ്തകമാണ് പൗലോ കൊയ്ലോയുടെ, അടുത്ത ആഴ്ച പുറത്തിറങ്ങുന്ന, ‘ഹിപ്പി’. നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഹിപ്പി’. ബൊളീവിയയിലേക്കും അവിടെനിന്ന് പെറുവിലേക്കും ആംസ്റ്റര്‍ഡാമിലേക്കും തുടര്‍ന്ന് കര്‍ള എന്ന ചെറുപ്പകാരിയുമൊത്ത് നേപ്പാളിലേക്ക് പൗലോ നടത്തുന്ന യാത്രയും ഈ യാത്രകളില്‍ അയാള്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളും അവര്‍ ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ അവര്‍ക്കുണ്ടാവുന്ന തിരിച്ചറിവുകളും രൂപാന്തരവുമാണ് ‘ഹിപ്പി’ എന്ന നോവല്‍.

HIPPIE നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

തെറ്റിദ്ധരിക്കപ്പെട്ട ഒരു സംസ്‌കാരമാണ് ഹിപ്പികളുടെത്. അതിനാല്‍ത്തന്നെ മുന്‍വിധികളോടുകൂടി മാത്രം കാണപ്പെടുന്ന വാക്കുമാണ് ഹിപ്പി. എന്നാല്‍ പോയ തലമുറക്ക് അനുഭവേദ്യമായ ഹിപ്പി സംസ്‌കാരം പുതിയ തലമുറയ്ക്ക് വാക്കുകളിലൂടെ കാട്ടിത്തരാന്‍ പൗലോ കൊയ്ലോയ്ക്ക് ആകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം; മുന്‍വിധികളില്ലാതെ ഹിപ്പികളെ അറിയാന്‍ പുതിയ തലമുറയ്ക്ക് കഴിയട്ടെ എന്നും.

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ | Books Review
5 (100%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.