malayalam-story

കരിയില കാറ്റ്

“എന്നാ കുട്ടനും മോളും തമ്മിൽ ഒന്ന് സംസാരിച്ചോട്ടെ, അല്ലെ രാജാ….”

അച്ഛൻ, അച്ഛന്റെ ബാല്യകാല സുഹൃത്തായ അവളുടെ അച്ഛനോട് പറയുന്നത് കേട്ടതും, എന്റെ മനസ്സിൽ പെരുമ്പറ കൊട്ടാൻ തുടങ്ങി. എന്തു സംസാരിക്കും അവളോട്.. ഒരു പിടുത്തവും കിട്ടുന്നില്ല.. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം. അവൾ വെള്ളം കൊണ്ട് കൊണ്ടു വന്നു എന്റെ കയ്യിൽ തന്നപ്പോൾ തന്നെ എന്റ പകുതി ധൈര്യം ചോർന്ന് പോയിരുന്നു….എന്റെ പരവേശം കണ്ടിട്ടാണ് എന്ന് തോന്നുന്നു, എന്റെ അടുത്തിരുന്ന പെങ്ങൾ സുമ എന്റെ കയ്യിൽ മുറുകെ പിടിച്ചു…

“ആ സംസാരിച്ചോട്ടെ. നമ്മൾക്ക് മാത്രം ഇഷ്ടപ്പെട്ടത് കൊണ്ട് കാര്യമില്ലല്ലോ ദിവാകരാ.. അവർക്ക് രണ്ടാൾക്കും ഇഷ്ടപ്പെടണ്ടേ. മോൻ അകത്തേക്ക് പൊക്കോളൂ, അവൾ അകത്തുണ്ടാകും….”പെണ്ണിന്റെ അച്ഛൻ പറഞ്ഞു…

അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ചു ചെയറിൽ നിന്നും എണീക്കാൻ നിന്നതും പെങ്ങൾ സുമ എന്റെ കയ്യിൽ ഒന്നും കൂടി മുറുകെ അമർത്തികൊണ്ട് പതുക്കെ എന്നോട് പറഞ്ഞു… “ഓൾ ദി ബെസ്റ്റ്… “അത് കേട്ടതും ഞാൻ അവളോട് പതുക്കെ ചോദിച്ചു…

“ഞാൻ എന്താണ് അവളോട് ചോദിക്കേണ്ടത്… “

“പത്ത് മുപ്പത് പെണ്ണ് കണ്ടിട്ടും ചേട്ടന് ഇപ്പോഴും അറിയില്ലേ കെട്ടാൻ പോകുന്ന പെണ്ണിനോട് എന്താ ചോദിക്കേണ്ടത് എന്ന്..” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു…

“അതു പോലെ ആണോ ഇത്. ഇതു അച്ഛന്റെ കൂട്ടുകാരന്റെ മോളല്ലേ. അതു കൊണ്ടാ എന്താ ചോദിക്കേണ്ടത് എന്ന് നിന്നോട് ചോദിച്ചത്…”

“ചേട്ടൻ ഒന്നും ചോദിക്കേണ്ട. ചേട്ടൻ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടാൽ അവൾ ചേട്ടനോട് എന്തെങ്കിലും ചോദിച്ചോളും. അപ്പോൾ ചേട്ടൻ അതിന് കറക്റ്റ് ആൻസർ പറഞ്ഞാൽ മതി. ചേട്ടാ തുടങ്ങിക്കിട്ടാനെ ഒരു ബുദ്ധിമുട്ടൊള്ളൂ. തുടങ്ങിക്കിട്ടിയാൽ പിന്നെ ഈസിയാ…”

അവൾ ഒരു ചെറു ചിരിയോടെ എന്നെ കളിയാക്കിക്കൊണ്ട് പറഞ്ഞു. സംഭവം അവൾ കളിയാക്കിയത് ആണെങ്കിലും. അതിൽ കാര്യമുണ്ട്.. എന്നാലും ഇവൾക്കിതൊക്കെ എങ്ങനെ അറിയാം. ഇനി ഇവൾ ഞങ്ങളാരും അറിയാതെ ആരെങ്കിലും പ്രേമിക്കുന്നുണ്ടോ. ഞാൻ അവളെ ഒന്നു ഇരുത്തി നോക്കി… അപ്പോഴാണ് അകത്തു നിന്നു പെണ്ണിന്റെ അമ്മ ചിരിച്ചു കൊണ്ട് സ്നേഹത്തോടെ പറഞ്ഞത്..

“ഇങ്ങോട്ട് പൊന്നോളൂ മോനെ, ഇതു നമ്മുടെ വീടല്ലേ. മുകളിലോട്ട് പൊക്കോളൂ അവൾ ടെറസിന്റെ മുകളിലുണ്ട് ” എന്ന്.

ഞാൻ അവർക്ക് പുഞ്ചിരി സമ്മാനിച്ചു. കോണിപടികൾ ഓരോന്ന് കയറി മുകളിൽ എത്തിയതും, ടെറസിലോട്ടുള്ള ഡോർ തുറന്നു കിടക്കുന്നത് കണ്ടു. ഞാൻ ഡോറിലൂടെ പുറത്തോട്ട് നോക്കിയപ്പോൾ അവൾ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.ഞാൻ പിന്നിൽ നിന്നും കയ്യൊക്കെ ഒന്ന് കൂട്ടി തിരുമ്മി, മുരടനക്കി.. എന്റെ ശബ്ദം കേട്ടതും അവൾ തിരിഞ്ഞു നിന്നു… ആകാശനീലയിൽ സ്വർണ്ണ കരയുള്ള ദാവണി ആയിരുന്നു അവളുടെ വേഷം. ആ വേഷത്തിൽ അവളെ കാണാൻ ഒരു നാടൻ ഗ്രാമീണ പെണ്കുട്ടിയുടെ ലുക്കായിരുന്നു .

“ഹായ്…” ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു..അതു കേട്ട അവൾ എന്റെ മുഖത്ത് നോക്കാതെ താൽപര്യമില്ലാത്ത മട്ടിൽ ഹായ് എന്ന് എന്നോടും പറഞ്ഞു…

“എന്താ പേര്…? “ഞാൻ അവളോട്‌ ചോദിച്ചു.

“അവന്തിക..” അവൾ ഒരു വിഷാദം കലർന്ന മുഖത്താലെ പറഞ്ഞു.അവൾ എനിക്ക് നേരത്തെ വെള്ളം കൊണ്ട് വന്ന് തന്നപ്പോഴും അവളെ ശ്രദ്ധിച്ചിരുന്നു.അവൾക്ക് അപ്പോഴും ഒരു വിഷാദം കലർന്ന മുഖമായിരുന്നു.ഇനി ഇവൾക്ക് എന്നെ ഇഷ്ടമായിട്ടുണ്ടാവില്ലേ..

“ഏതു വരെ പഠിച്ചു…?”

“ഡിഗ്രി സെക്കന്റിയർ..”

ഞാൻ ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്നത് കേട്ടത് കൊണ്ടും, അവൾ എന്നോട് തിരിച്ചു ഒന്നും ചോദിക്കാത്തത് കൊണ്ടും, ഞാൻ അവളോട്‌ ചോദിച്ചു.

“തനിക്ക്‌ എന്നോട് ഒന്നും ചോദിക്കാനില്ലേ… അല്ലാ ഞാൻ ചോദിക്കുന്നതിനു മാത്രം താൻ ഉത്തരം പറയുന്നത് കേട്ടത് കൊണ്ട് ചോദിച്ചതാണ്. അറ്റ്ലീസ്റ്റ് എന്റെ പേരെങ്കിലും ഒന്നു ചോദിച്ചൂടെ….. ഞാൻ ഒരു തമാശ മട്ടിൽ പറഞ്ഞു.അതു കേട്ട അവൾ പിന്തിരിഞ്ഞു നിന്നു കൊണ്ട് എന്നോട് ചോദിച്ചു.

“മാഷ് ആരെയെങ്കിലും.. പ്രേമിച്ചിട്ടുണ്ടോ….?”

അവളുടെ ആ ചോദ്യത്തിൽ ഞാൻ വാ പൊളിച്ചു പോയി. ഇവൾ എന്തിനായിരിക്കും ഈ ഒരു ചോദ്യം ഇവിടെ ചോദിച്ചത്. ചിലപ്പോൾ എനിക്ക് മുന്നേ ആരോടെങ്കിലും പ്രേമമുണ്ടോന്നു ടെസ്റ്റ് ചെയ്യുന്നതായിരിക്കും.. എന്തായാലും ഞാൻ ഇത് വരെ ആരെയും ഒരു പെണ്ണിനെയും വിവാഹം കഴിക്കാം എന്നു പറഞ്ഞു പ്രേമിച്ചിട്ടില്ല, വഞ്ചിച്ചിട്ടും ഇല്ല. പ്രേമിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം. എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും,പെണ്ണുങ്ങളെല്ലാം സഹോദരാന്നും ഏട്ടാന്നും ആണ് വിളിക്കുന്നത്. ആ വിളി കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സിലെ കാമുകൻ ഉറങ്ങും. അവർ അങ്ങനെ വിളിക്കാൻ കാരണം ഉണ്ട്.എനിക്ക് 25 വസ്സായപ്പോൾ തന്നെ തല കഷണ്ടിയാകാനും ബാക്കിയുള്ള മുടികളിൽ ചിലയിടത്തെല്ലാം ചെറിയ നരയും തുടങ്ങി.28 വയസായപ്പോഴേക്കും തലയുടെ നെറുക മുഴുവൻ ക്രിക്കറ്റ് സ്റ്റേഡിയം പോലെയായി.ഇപ്പൊ 28 വയസ്സുള്ള എന്നെ കണ്ടാൽ ഒരു മുപ്പതിന് മുകളിൽ തോന്നിക്കും.അതു കൊണ്ടാണെന്ന് തോന്നുന്നു. പെൺകുട്ടികൾക്ക് ആർക്കും എന്നെ പിടിക്കാത്തത്. സുമക്ക് 5 വയസ്സ് ആയപ്പോളാണ് അമ്മ അറ്റാക്ക് വന്ന് മരിച്ചത്.അന്ന് മുതൽ അമ്മയില്ലാത്ത ഞങ്ങളുടെ വീട്ടിൽ എപ്പോഴും ഒരു ഏകാന്തതയായിരുന്നു. പിന്നീട് ഞാൻ ഒരു സിവിൽ എൻജിനീയർ ആയപ്പോൾ 28 വയസ്സുകാരനായ എന്നെ വിവാഹം കഴിപ്പിക്കാൻ അച്ഛൻ തീരുമാനിച്ചു. അച്ഛന്റെ തീരുമാനം ഞാൻ നിരസിച്ചും ഇല്ല.എന്നായാലും കെട്ടണം, എന്നാ അതു കുറച്ചു നേരത്തെ ആയിക്കോട്ടെ എന്ന് ഞാനും വിചാരിച്ചു. അങ്ങനെ ഒരു വർഷം മുഴുവൻ പെണ്ണ് തിരഞ്ഞു നടന്നു.കുറെ ജാതകം ശരിയാവാതെ മുടങ്ങി. കുറെ എണ്ണത്തിന് എന്നെ പറ്റിയില്ല. കാരണം എന്റെ തല തന്നെ. പക്ഷെ അവരെയെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. അവസാനം ഒന്നും ശരിയാവാതെയായപ്പോൾ ഞാൻ ആ തീരുമാനം എടുത്തു.തലയിൽ മുടി വെച്ചു പിടിപ്പിക്കാൻ. അങ്ങനെ ഞാൻ തലയിൽ മുടി വെച്ചു പിടിപ്പിച്ചു. അങ്ങനെ മുപ്പതിൽ കൂടുതൽ പ്രായം തോന്നിയിരുന്ന ഞാൻ വീണ്ടും 28 കാരനായി. അപ്പോഴാണ് ഒരു ദിവസം അച്ഛൻ പറഞ്ഞത് അച്ഛന്റെ ബാല്യകാല സുഹൃത്തിന് ഒരു മകളുണ്ട് അതിനെ ഒന്ന് കാണാൻ പോകണം എന്ന്. എല്ലായിടത്തും ഞാൻ പെണ്ണ് കാണാൻ പോകുമ്പോൾ എന്റെ സുഹൃത്തുക്കളായ ചങ്ക് ബ്രോകളായ ഫായിസിനെയും സ്റ്റാറിയേയും ആണ് കൂടെ കൂട്ടാറുള്ളത്. അവര് കൂടെയുള്ളപ്പോൾ എന്തിനും ഒരു ധൈര്യം ഉണ്ടായിരുന്നു. ഇത് അച്ഛന്റെ സുഹൃത്തിന്റെ മകളായത് കൊണ്ട് അച്ഛനും പെങ്ങളും കൂടെ പോന്നു. ഇങ്ങോട്ട് പുറപ്പെടുമ്പോൾ തന്നെ അച്ഛൻ പറഞ്ഞിരുന്നു. ഞങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടപ്പെട്ടാൽ ഈ വിവാഹം നടക്കും എന്ന്, ജാതകമൊന്നും ഒരു പ്രശ്നമേ അല്ലായെന്ന്. ആ ബാല്യകാല സുഹൃത്തിന്റെ മകളാണ് ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന അവന്തിക. അതും ഞാൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു കൊണ്ട്..

” ഞാൻ ചോദിച്ചത് കേട്ടില്ലാന്നുണ്ടോ… നിങ്ങൾ മുന്നേ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ എന്ന്…?”

“ഇല്ല.. ഇതു വരെ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല… അങ്ങനെ മനസ്സിന് ഇണങ്ങിയ ഒരു പെണ്ണിനെ കിട്ടിയില്ല പ്രണയിക്കാൻ..” പിന്നെ ഞാൻ ഒരു പുഞ്ചിരിയോടെ തമാശ പോലെ ചോദിച്ചു…

“താൻ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ…?”അതു കേട്ട അവൾ എന്റെ മുഖത്തു നിന്നും കണ്ണെടുത്തു. പുറത്തെ വിദൂരതയിലേക്ക് നോക്കി ഒരു വിരഹം നിറഞ്ഞ നൊമ്പരത്തോടെ പറഞ്ഞു…

“ഉണ്ട്….എന്റെ മനസ്സിന് ഇണങ്ങിയ ഒരാളെ.. ഞാൻ എന്റെ മനസ്സും ശരീരവും അവന് കൊടുത്തിട്ടും ഉണ്ട് “.

അതു കേട്ട സുനിൽ അക്ഷരാർത്ഥത്തിൽ ഞെട്ടി. അതു വരെ ഒരു റൊമാന്റിക് മൂഡിലായിരുന്ന അവൻ, കേട്ട വാർത്ത വിശ്വസിക്കാനാവാതെ അവളോട്‌ ചോദിച്ചു..

“താനന്താ പറഞ്ഞത്? എനിക്കൊന്നും മനസ്സിലായില്ല. മനസ്സും ശരീരവും കൊടുത്തെന്നോ. ആർക്ക്….” അതു കേട്ട അവൾ ചെറുതായി നിറഞ്ഞ കണ്ണുകളോടെ അവന്റെ നേരെ തിരിഞ്ഞു നിന്നു കൊണ്ട് ഇടറുന്ന സ്വരത്തിൽ പറഞ്ഞു…

“അതേ… പക്ഷെ അവൻ എന്റെ മനസ്സിനെ അല്ല സ്നേഹിച്ചത്. അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമാണ്. അത് അവന് കിട്ടിക്കഴിഞ്ഞപ്പോൾ അവന് ഇപ്പോൾ എന്നെ വേണ്ട. അവന്റെ ചതി മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല… കാരണം ഞാൻ അവനെ അത്ര മാത്രം സ്നേഹിച്ചിരുന്നു…” അതും പറഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു കൊണ്ട് അവൾ തുടർന്നു..

“നിങ്ങളുടെ ആലോചനയെ പറ്റി അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ അവനോട് ഇവിടെ വന്ന് അച്ഛനോട് ഞങ്ങളുടെ കാര്യം അവതരിപ്പിക്കണം എന്നു പറഞ്ഞു .അവൻ പറഞ്ഞത് അവൻ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല എന്നും അവന് ആവശ്യം എന്റെ ശരീരം ആയിരുന്നു എന്നുമാണ്. അവന്റെ സ്റ്റാറ്റസിന് ഒത്ത പെണ്ണല്ല ഞാനെന്നും. അവൻ അവന്റെ കാമം തീർത്ത പെണ്ണുങ്ങളിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്നും പറഞ്ഞു. ഇനിയും കല്യാണത്തിന്റെ പേരും പറഞ്ഞു അവന്റെ അടുത്തു ചെന്നാൽ അവന്റെ കയ്യിലുള്ള എന്റെ ഫോട്ടോകൾ എടുത്തു നെറ്റിൽ ഇട്ട് എന്റെ ജീവിതം നശിപ്പിക്കും എന്ന് പറഞ്ഞു. അല്ലെങ്കിൽ ഇനി എന്ത് നശിക്കാൻ എല്ലാം ഞാൻ തന്നെ നശിപ്പിച്ചില്ലേ? ” അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു ആ സ്വരം ഇടറിയിരുന്നു. അതെല്ലാം കേട്ട എനിക്ക് ഒരു മരവിപ്പാണ് ഉണ്ടായത്.അവൾ പറഞ്ഞത് പൂർണമായും വിശ്വസിക്കാനാകാതെ, പ്രതീക്ഷകൾക്ക് മങ്ങലേറ്റ, വിഷാദം നിറഞ്ഞ ഒരു ചിരിയാലെ ഞാൻ പറഞ്ഞു..

“താനെന്തൊക്കെയാ ഈ പറയുന്നത്. എന്നെ ഇഷ്ടമായില്ലങ്കിൽ അതു പറഞ്ഞോളൂ. ഞാൻ പോയേക്കാം. അതിന് സ്വന്തം ജീവിതം വെച്ചു ഇങ്ങനെ നുണ പറയണ്ട…”അതു കേട്ട അവൾ ഇടറുന്ന സ്വരത്തോടെ പറഞ്ഞു.

“ഞാൻ പറഞ്ഞത് നുണയല്ല. സത്യമാണ്. ഒരു പെണ്ണും സ്വന്തം പരിശുദ്ധിയെപ്പറ്റി നുണ പറയില്ല.. അതും എന്നെ പെണ്ണ് ആലോചിച്ചു വന്ന ഒരാളോട്. എനിക്ക് വേണമെങ്കിൽ നിങ്ങളോട് ഇതെല്ലാം മറച്ചു വെച്ചു ഈ വിവാഹത്തിന് സമ്മതിക്കാം. അങ്ങനെ ഞാൻ ചെയ്താൽ അത് ഞാൻ എന്റെ മനസാക്ഷിയോടും നിങ്ങളോടും ചെയ്യുന്ന ഒരു വലിയ തെറ്റാകും. അറിഞ്ഞു കൊണ്ട് എനിക്ക് നിങ്ങളെ ചതിക്കാൻ വയ്യ…. അതു കൊണ്ട് നിങ്ങൾ നിങ്ങളുടെ അച്ഛനോടും എന്റെ അച്ഛനോടും പറയണം നിങ്ങൾക്ക് ഈ വിവാഹത്തിന് സമ്മതമല്ലായെന്നു…”

അച്ഛന്റെ സുഹൃത്തിന്റെ മകളാണ്, നിങ്ങൾക്ക് തമ്മിൽ ഇഷ്ടമായാൽ തീർച്ചയായും ഈ വിവാഹം നടക്കും എന്നൊക്കെ അച്ഛൻ പറഞ്ഞപ്പോൾ, അവന്തികയെ കാണാതെ തന്നെ കുറച്ചു സമയം അവളുമായുള്ള ഒരു ജീവിതം അവൻ സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നങ്ങളെല്ലാം ചീട്ടു കൊട്ടാരം പോലെ അവന്റെ മുന്നിൽ പൊളിഞ്ഞു വീഴുന്ന പോലെ അവനു തോന്നി..

“തന്റെ അച്ഛനും അമ്മയ്ക്കും അറിയോ ഇതൊക്കെ. അതോ എല്ലാവരും കൂടി ഞങ്ങളുടെ മുന്നിൽ നാടകം കളിക്കുകയാണോ. തനിക്ക് വേറെ ഒരുത്തനെ ഇഷ്ടമാണെങ്കിൽ താനും തന്റെ വീട്ടുകാരും വെറുതെ എന്തിനാ എന്നെയും എന്റെ കുടുംബത്തെയും ഇവിടെ വിളിച്ചു വരുത്തി അപമാനിക്കുന്നത് “.കുറച്ചു നീരസത്തോടെയാണ് സുനിൽ അതു പറഞ്ഞത്.അതു കേട്ട അവൾ നിറഞ്ഞു നിൽക്കുന്ന കലങ്ങിയ കണ്ണുകളുമായി പറഞ്ഞു..

“എന്റെ അച്ഛനും അമ്മയും പാവങ്ങളാണ്.അവർക്കൊന്നും അവളുടെ മകൾ പിഴച്ചു പോയ കാര്യം അറിയില്ല.അവരുടെ കണ്ണുകളിൽ ഇപ്പോഴും അവരുടെ മകൾ പരിശുദ്ധയാണ് ” .പിന്നെ അവൾ കൂപ്പ് കയ്യോടെ നിറഞ്ഞു തുളുമ്പിയ കണ്ണുമായി പറഞ്ഞു. “ഇതൊന്നും അറിയാതെ എന്റെ അച്ഛൻ നിങ്ങളെ ഇവിടെ വിളിച്ചു വരുത്തി അപമാനിച്ചതിനു ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു” എന്നും പറഞ്ഞു അവൾ അവന്റെ കാൽക്കൽ മുഖം പൊത്തി നിലത്തിരുന്നു കരഞ്ഞു. അതു കണ്ട സുനിലിന് അവളോട്‌ സഹതാപം തോന്നി. നിലത്ത് ഉറ്റി വീണ അവളുടെ കണ്ണുനീർ തുള്ളികൾ സുനിലിന്റെ മനസ്സിനെ പിടിച്ചു ഉലച്ചു . സുനിൽ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു…

“എടൊ, താനിങ്ങനെ കരയാതെ എല്ലാത്തിനും നമുക്ക് ഒരു വഴിയുണ്ടാക്കാം. ഇനി കരഞ്ഞിട്ടെന്താ കാര്യം? എല്ലാം സംഭവിച്ചു പോയില്ലേ. താൻ കണ്ണ് തുടക്ക്. ഇനി താൻ കരഞ്ഞു ആ പാവങ്ങളെ ഈ കാര്യം ഒന്നും അറിയിക്കേണ്ട. താൻ വിഷമിക്കണ്ട. ഞാൻ പറഞ്ഞോളാം അവരോട് എനിക്ക് തന്നെ ഇഷ്ടമായില്ല എന്ന്. പക്ഷെ ഇപ്പോഴല്ല ഒരു രണ്ട് ദിവസം കഴിഞ്ഞു . ഇപ്പോൾ ഞാൻ അതു പറഞ്ഞാൽ അത് ആ പാവങ്ങളെ വല്ലാതെ വേദനിപ്പിക്കും. കാരണം നമ്മൾ ഒന്നിക്കണം എന്ന് ആ പാവങ്ങൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഞാൻ തന്നെ ഇങ്ങോട്ട് കാണാൻ വരുമ്പോൾ ഞാനും അറിയാതെ തന്നെ മോഹിച്ചു പോയി. ഇപ്പൊ എനിക്ക് മനസ്സിലായി. ആ മോഹം എല്ലാം വെറുതെ ആയിരുന്നു എന്ന് “. അതു പറയുമ്പോൾ അവന്റെ മുഖത്തു ഒരു നിരാശയുണ്ടായിരുന്നു. പിന്നെ അവളോട് ചോദിച്ചു.

“ആരാണ് നിന്നെ സ്നേഹം നടിച്ചു നശിപ്പിച്ചു ഭീഷണിപ്പെടുത്തിയ തന്റെ ഈ കാമുകൻ. ഏതായാലും ഇത്രയൊക്കെ താൻ പറഞ്ഞ സ്ഥിതിക്ക് അതും കൂടെ ഒന്നു പറഞ്ഞൂടെ “. അതു കേട്ടതും നിറഞ്ഞു തുളുമ്പിയ കണ്ണെല്ലാം തുടച്ചു കൊണ്ട് അവൾ പറഞ്ഞു.”കോളേജിൽ അവളുടെ സീനിയറും ടൗണിലെ ബിസിനസ് മാനും പൗർണമി ഷോപ്പിംഗ് മാളിന്റെ ഉടമയുമായ മോഹനൻ തമ്പിയുടെ മകൻ രോഹിത്ത് “….

“തനിക്ക് ഒന്നും കൂടി അവനെ കണ്ട് സംസാരിച്ചൂടെ. ചിലപ്പോൾ അവന്റെ മനസ്സ് മാറിയാലോ “.

“ഇല്ല , അവൻ ആകെ മാറി. അവന്റെ മനസ്സിൽ ഇപ്പോൾ ഞാനില്ല. ഉണ്ടായിരുന്നെങ്കിൽ അവൻ ഒരിക്കലും എന്നോട് അങ്ങനെ പറയില്ല. അവനെ സ്നേഹിച്ചതിൽ എനിക്ക് എന്നോട് തന്നെ ഇപ്പൊ വെറുപ്പ് തോന്നുന്നു. അവൻ എന്നെ കണ്ടത് അവന്റെ സുഖത്തിനും വേണ്ടി അന്തികൂട്ടിനു വിളിക്കുന്ന ഒരു വേശ്യയുടെ സ്ഥാനത്താണ്…”

“എന്തായാലും താൻ നാളെ അവനെ കണ്ട് കാര്യത്തിന്റെ സീരിയസ്നസ് പറഞ്ഞു മനസ്സിലാക്ക്. വേണമെങ്കിൽ ഞാനും വരാം. തന്റെ കൂടെ ആരും ഇല്ല എന്ന തോന്നൽ വേണ്ട തനിക്ക്.. ഞാൻ കൂടെ നിൽക്കാം. എന്റെ അച്ഛന്റെ സുഹൃത്തിന്റെ മകളല്ലേ താൻ. എന്റെ കാര്യം എന്തായാലും ഇപ്പൊ അടുത്തൊന്നും നടക്കുന്ന ലക്ഷണം ഇല്ല. നിങ്ങളെ കാര്യമെങ്കിലും നടക്കട്ടെ”.

“നിങ്ങൾ വരണ്ട. ഞാൻ നാളെ അവനെ ഒന്നും കൂടി കാണും. അപ്പോഴും അവൻ എന്നെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ എനിക്കറിയാം എന്ത് ചെയ്യണം എന്ന് “. അവൾ എന്തോ മനസ്സിൽ ഉറപ്പിച്ച മട്ടിൽ പറഞ്ഞു.

“എന്നാൽ ശരി ഞങ്ങൾ ഇറങ്ങുന്നു. അങ്ങനെ ഈ പെണ്ണുകാണലും സ്വാഹ”. അതു കേട്ട അവൾ വീണ്ടും സോറി പറഞ്ഞു.”താൻ വിഷമിക്കണ്ടഡോ. എനിക്ക് ഇപ്പൊ ഇതു ശീലമായി. നമുക്ക് വിധിച്ചതല്ലേ നമുക്ക് കിട്ടൂ. എന്തായാലും താഴെ ഉള്ള അവരാരും ഇപ്പോൾ ഇത് അറിയണ്ട.രണ്ട് ദിവസം കഴിയട്ടെ. തന്റെ കാര്യം എല്ലാം ശരിയായതിനു ശേഷം ഞാൻ അവരെ എല്ലാവരെയും കാര്യം പറഞ്ഞു മനസ്സിലാക്കാം. Ok. താഴെ ഉള്ളവർ ചോദിക്കുമ്പോൾ ഇപ്പോൾ താൻ തനിക്ക് എന്നെ ഇഷ്ടമായി എന്നു പറഞ്ഞാൽ മതി. ബാക്കിയെല്ലാം രണ്ട് ദിവസം കഴിഞ്ഞു ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാം. വെറുതെ ഇപ്പൊ ആ പാവങ്ങളെ നിരാശരാക്കേണ്ട”.

അതു കേട്ടതും അവൾ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞോളാം എന്ന് പറഞ്ഞു. പിന്നെ എല്ലാത്തിനും അവളുടെ കൂടെ നിൽക്കുന്നതിനു ഒരു താങ്ക്സും പറഞ്ഞു. അതു കേട്ട അവൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. കോണിപ്പടികൾ ഇറങ്ങി താഴോട്ട് പോയി. ഉമ്മറത്ത് എത്തിയതും എല്ലാവരും ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി. അച്ഛൻ എന്നെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി.

“എന്തായാടാ? ഇഷ്ടപ്പെട്ടോ നിനക്ക്..?”

“ഇഷ്ടപ്പെട്ടു, പക്ഷെ ഇപ്പോൾ അവരോട് പറയണ്ട. നമ്മൾ വീട്ടിൽ ചെന്ന് രണ്ട് ദിവസം കഴിഞ്ഞിട്ട് പറഞ്ഞാൽ മതി “.

“അതെന്തിനാടാ അങ്ങനെ. ഇപ്പൊ പറഞ്ഞാൽ എന്താ കുഴപ്പം. ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ ഇനി നിങ്ങൾക്ക് രണ്ടാൾക്കും മാത്രമേ ഇഷ്ടമാകാനൊള്ളൂ എന്ന് “. അച്ഛൻ ഒന്നും മനസ്സിലാവാതെ അവനോട് ചോദിച്ചു.

“അതൊക്കെ ശരിയാണ്. എന്നാലും അച്ഛൻ ഇപ്പോൾ അവരോട് അങ്ങനെ പറഞ്ഞാൽ മതി. ഇഷ്ടമായില്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്. രണ്ട് ദിവസം കഴിയട്ടെ എന്നല്ലേ പറഞ്ഞത് “.

“എന്നാ അങ്ങനെ പറയാംല്ലേ.. ” അച്ഛൻ അവരോട് സ്നേഹത്തോടെ വീട്ടിൽ ചെന്നിട്ട് വിവരം അറിയിക്കാം എന്ന് പറഞ്ഞു..

പിറ്റേ ദിവസം വൈകിട്ട് അവന്തികയുടെ അച്ഛന്റെ ഒരു ഞെട്ടിക്കുന്ന ഫോണ് കോളാണ് അച്ഛന്റെ മൊബൈലിലോട്ടു വന്നത്. അവന്തിക കയ്യിലെ ഞരമ്പു മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചൂ എന്നും, ഇപ്പോൾ ഹോസ്പിറ്റലിൽ ആണെന്നും. കേട്ട വാർത്ത വിശ്വസിക്കാനാവാതെ. ഞാൻ ഹോസ്പിറ്റലിലോട്ടു പുറപ്പെട്ടു. ഹോസ്പിറ്റലിൽ എത്തിയതും അവൾ കിടക്കുന്ന റൂമിന്റെ പുറത്തു അവളുടെ അച്ഛൻ നിൽക്കുന്നത് കണ്ടു. അയാൾ സുനിലിനെ കണ്ടതും വിഷമത്തോടെ നിറഞ്ഞ കണ്ണുകളോടെ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു…

“എന്തിനാ എന്റ കുട്ടി ഇത് ചെയ്തതെന്ന് അറിയില്ല മോനെ. അവൾക്ക് നിന്നെ ഇഷ്ടമാണെന്നാണ് അവൾ ഞങ്ങളോട് പറഞ്ഞത്. പിന്നെ എന്തിന് എന്റെ കുട്ടി ഇതു ചെയ്തത്. ഇനി എന്റെ കുട്ടിക്ക് വേറെ എന്തെങ്കിലും വിഷമം ഉണ്ടോ.. ഞങ്ങൾ എത്ര ചോദിച്ചിട്ടും അവൾ ഒന്നും പറയുന്നില്ല.. മോനൊന്നു ചോദിക്കോ അവളോട് എന്തിനാ അവൾ ഇതു ചെയ്തതെന്ന്…?”

“അങ്കിൾ വിഷമിക്കാതെ ഞാൻ ചോദിക്കാം അവളോട് “.അതും പറഞ്ഞു സുനിൽ അവൾ കിടക്കുന്ന ബെഡിന്റെ അടുത്തേക്ക് നടന്നു. അവനെ കണ്ടതും അവളുടെ അരികിലിരുന്ന അവളുടെ അമ്മ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ സാരിത്തുമ്പു കൊണ്ട് തുടച്ചു കൊണ്ട് പുറത്തോട്ട് പോയി . അവനെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..

സുനിൽ ബെഡിന്റെ അടുത്തുള്ള ചെയറിൽ ഇരുന്നു കൊണ്ട്, നിറഞ്ഞു കലങ്ങിയ കണ്ണുകളോടെ കിടക്കുന്ന അവളോട് വിഷമത്തോടെ ചോദിച്ചു…

“താനെന്തിനാടോ ഇതു ചെയ്തത് ? ഇതാണോ താൻ ഇതിനു കണ്ട പോംവഴി.. “അതു കേട്ട അവൾ ഒന്നും മിണ്ടാതെ വീണ്ടും കണ്ണീർ പൊലിച്ചു…

“താൻ അവനെ കണ്ടിരുന്നോ….?” അവൾ ഊം എന്ന് തേങ്ങി കൊണ്ട് തലയാട്ടി..

“എന്നിട്ട് അവൻ എന്ത് പറഞ്ഞു…?”

“അവൻ എന്നെ കെട്ടില്ല എന്ന് പറഞ്ഞു. ഇനി ഈ കാര്യം പറഞ്ഞു അവന്റെ അടുത്തോട്ട് ചെന്നാൽ എന്നെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിന്നെ എന്റെ വഴിയിൽ ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലായിരുന്നു. പക്ഷെ അവിടെയും എന്നെ ദൈവങ്ങൾ തോൽപ്പിച്ചു “. അതും പറഞ്ഞു അവൾ വീണ്ടും കരഞ്ഞു…

അതു കേട്ട സുനിലിന്റെ കണ്ണുകളിൽ തീക്കനൽ എരിയാൻ തുടങ്ങി. അവൻ അവളെ സമാധാനിപ്പിച്ചു കൊണ്ട്. പല്ലിരുമ്മി കൊണ്ട് അവളോട് ചോദിച്ചു…

“ഇത്രയൊക്കെ തന്നോട് ക്രൂരത ചെയ്ത അവനെ നീ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ . ഇനിയും തനിക്ക് അവനെ വേണോ…? “

“വേണ്ട. എനിക്ക് ഇനി അവനെ വേണ്ട. അത്രക്കും വെറുത്തു പോയി ഞാനവനെ. എന്നോട് ചെയ്ത ഈ ചതിക്ക് ദൈവം ചോദിക്കും അവനോട്. ഇന്ന് മുതൽ ഞാൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവനെയാണ് “. അവൾ തേങ്ങി കൊണ്ട് പറഞ്ഞു. ആ വാക്കുകൾ അവളുടെ മനസ്സിൽ തട്ടിയതായിരുന്നു.അതു കേട്ട സുനിൽ ഒരുത്തനെ സ്നേഹിച്ചതിന്റെ പേരിൽ സ്വന്തം ജീവൻ കളയാൻ വേണ്ടി ഞരമ്പു മുറിച്ച കയ്യിൽ പിടിച്ചു ആ ഉള്ളം കയ്യിൽ തടവി കൊണ്ട് ചോദിച്ചു….

“അങ്ങനെയെങ്കിൽ തന്നെ ഞാൻ വിവാഹം കഴിച്ചോട്ടെ. സമ്മതമാണോ തനിക്ക്…?” അതു കേട്ട അവൾ ഒരു ഞെട്ടലോടെ നിറഞ്ഞു തൂവിയ കണ്ണുകളോടെ പറഞ്ഞു….

” വേണ്ട . ഞാൻ പിഴച്ചവളാണ്. എന്നെ പോലത്തെ ഒരു പെണ്ണിനെ നിങ്ങൾക്ക് വേണ്ട. എന്റെ മനസ്സിൽ നിങ്ങൾക്കുള്ള സ്ഥാനം ദൈവത്തിനു തുല്യമാണ്. ഒരിക്കലും നിങ്ങളെ പോലത്തെ നല്ലരാൾക്ക് പറ്റിയ പെണ്ണല്ല ഞാൻ ” . അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.അതു കണ്ട സുനിലിന് അവളോട് സഹതാപം തോന്നി. സുനിൽ ആ കണ്ണുകളിൽ നോക്കി പറഞ്ഞു…

“ആര് പറഞ്ഞു. താൻ എനിക്ക് പറ്റിയ പെണ്ണല്ല എന്ന്. താനാണ് എനിക്ക് പറ്റിയ പെണ്ണ്. സ്വന്തം പരിശുദ്ധിക്ക് പറ്റിയ കളങ്കം ഒരു മുൻ പരിചയവും ഇല്ലാത്ത എന്നോട് താൻ തുറന്നു പറഞ്ഞില്ലേ. ഇന്നത്തെ കാലത്ത് ഒരു പെണ്ണും പറയില്ല ഇങ്ങനെ. ചെയ്ത തെറ്റ് ഏറ്റു പറയാൻ കാണിച്ച നിന്റെ ഈ മനസ്സുണ്ടല്ലോ. ആ മനസ്സാണ് എനിക്ക് ഇഷ്ട്ടപെട്ടത്. ഒരുത്തനെ കണ്ണടച്ചു വിശ്വസിച്ചു മനസ്സറിഞ്ഞു സ്നേഹിച്ചതിന്റെ പേരിൽ പറ്റിയ ഒരു തെറ്റ്. ആ തെറ്റ് കണ്ണീരു കൊണ്ട് താൻ എന്റെ മുന്നിൽ ഏറ്റു പറഞ്ഞില്ലേ. അതാണ് നിന്നിൽ ഞാൻ കാണുന്ന മഹത്വം. നിനക്ക് പറ്റിയതെല്ലാം പൊറുക്കാൻ ഞാൻ തയ്യാറാണ്. നിന്റെ ശരീരം മാത്രമേ കളങ്കപ്പെട്ടിട്ടൊള്ളൂ. മനസ്സ് ഇപ്പോഴും പരിശുദ്ധമാണ്. അതു മതി എനിക്ക്. ഇപ്പോഴാണ് എനിക്ക് ശരിക്കും തന്നെ ഇഷ്ടമായത്. അതു കൊണ്ട് ചോദിക്കാ ഞാൻ വിവാഹം കഴിച്ചോട്ടെ നിന്നെ ?” അതു കേട്ട അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. അവൾ അവന്റെ കരങ്ങളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു…

“മതി, ഈ വാക്കുകൾ മതി എനിക്ക്. എനിക്ക് സമ്മതമാണ്. സന്തോഷായി എനിക്ക് ജീവിക്കണം. ഇനിയുള്ള കാലം സ്നേഹത്തിന്റെ നിറകുടമായ ഈ നെഞ്ചിൽ തലചായിച്ചുകൊണ്ട്”

“ഇപ്പൊ സന്തോഷായോ തനിക്ക്.. ഇപ്പോ നിന്റെ വിഷമം എല്ലാം മാറിയില്ലേ? “. അതു കേട്ട അവൾ മുഖത്തേക്ക് തൂവി ഒലിച്ചിറങ്ങിയ കണ്ണുനീരും തുടച്ചു കൊണ്ട് ഊം എന്ന് പറഞ്ഞു.

“എല്ലാം ശുഭമായ സ്ഥിതിക്ക് എന്നാ നമ്മുടെ അച്ഛമ്മർക്കു കല്യാണം നിശ്ചയിക്കാനുള്ള പെർമിഷൻ കൊടുക്കാം അല്ലെ…?” അതു അവൻ പറഞ്ഞത് ഒരു റൊമാന്റിക് ചിരിയോടെ ആയിരുന്നു. അത് കണ്ട അവൾ ഒരു മന്ദഹാസ ചിരിയോടെ സമ്മതം അറിയിച്ചു..

“എന്നാ ശരി ഞാൻ നാളെ വരാം.. ഇനി എനിക്ക് എന്റെ പെണ്ണിനെ അവകാശത്തോടെ വന്നു കാണാലോ…?” അതു കേട്ട അവളുടെ മുഖം മന്ദഹാസം കൊണ്ട് നിറഞ്ഞു.അവൻ അവളോട് യാത്ര പറഞ്ഞു മുറിവിട്ടിറങ്ങി…

റൂമിന് പുറത്തേക്കു വന്ന അവനെ കണ്ടതും, അവളുടെ അച്ഛനും അമ്മയും അവൾ വല്ലതും പറഞ്ഞോ എന്ന് ചോദിച്ചു.

“പറഞ്ഞു. അവൾ എല്ലാം എന്നോട് പറഞ്ഞു. പക്ഷെ അത് ഒരിക്കലും നിങ്ങളാരും അറിയണ്ട. അത് എന്നും ഞങ്ങളുടെ മനസ്സിൽ ഇരിക്കട്ടെ. ഞങ്ങളോടൊപ്പം മണ്ണോടടിയട്ടെ.. ഇനി അവൾ ഒരു ബുദ്ധിമോശം കാണിക്കില്ല. അവൾ എനിക്ക് വാക്ക് തന്നിട്ടുണ്ട്… ഇനി നിങ്ങളാരും ഈ കാര്യത്തെ പറ്റി അവളോട് ചോദിക്കില്ല എന്ന് എനിക്ക് നിങ്ങൾ ഇവിടെ വച്ചു സത്യം ചെയ്തു തരണം… ” അവർ രണ്ടാളും അവന്റെ കയ്യിൽ കൈ വെച്ചു സത്യം ചെയ്തു, അവളോട്‌ ഇതിനെ പറ്റി ചോദിക്കില്ല എന്ന്.അതു കണ്ട അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അച്ഛനോട് പറഞ്ഞു..

“എന്നാൽ അങ്കിൾ അച്ഛനെ വിളിച്ചു ഞങ്ങളുടെ വിവാഹ തീയ്യതി നിശ്ചയിച്ചോളൂ. ഞങ്ങൾ വിവാഹത്തിന് ഒരുങ്ങി കഴിഞ്ഞു “.അതു കേട്ട അവരുടെ കണ്ണും മനസ്സും നിറഞ്ഞു.

“അങ്കിൾ, ഡോക്ടർ എന്താ പറഞ്ഞത് ? അവൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ…?”

“ഇല്ല, കുഴപ്പം ഒന്നും ഇല്ല.. ഇന്ന് ഒരു ദിവസം ഇവിടെ കിടന്ന് നാളെ വൈകിട്ട് പോകാം എന്ന് പറഞ്ഞു… “

“എന്നാ ശരി, ഞാൻ നാളെ വരാം”. അതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി..

പിറ്റേ ദിവസം വൈകുന്നേരം അവന്തികയെ ഡിസ്ചാർജ് സമയം സുനിൽ വീണ്ടും അവളെ കാണാൻ ഹോസ്പിറ്റലിൽ വന്നു. ഇന്ന് അവളുടെ മുഖത്തിന് ഇന്നാലെത്തെക്കാളും നല്ല തിളക്കമുണ്ടായിരുന്നു. അവളുടെ അമ്മയും അച്ഛനും ഭാവി മരുമകനെ സ്നേഹം കൊണ്ട് പൊതിഞ്ഞു. ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റൽ വിടുന്ന സമയം സുനിൽ അവളുടെ അച്ഛനോട് പറഞ്ഞു…

“അങ്കിളും ആന്റിയും പൊക്കോളൂ.. അവന്തികയെ ഞാൻ അവിടെ കൊണ്ടുവന്നു വിടാം. എനിക്ക് ഇവളോട് കുറച്ചു സംസാരിക്കാനുണ്ട്…”

“അതിനെന്താ മോനെ, മോൻ സംസാരിച്ചോ. ഞങ്ങൾ പോയേക്കാം….” അച്ഛനും അമ്മയും പോയി കഴിഞ്ഞതും അവന്തിക ചോദിച്ചു.

“എന്താ സുനിയേട്ടാ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞത്? ” അവളുടെ ചോദ്യം കേട്ട സുനിൽ ആശ്ചര്യത്തോടെ അവളെ നോക്കി ചോദിച്ചു….

“നീ ഇപ്പൊ എന്താ എന്നെ വിളിച്ചേ….?”

“സുനിയേട്ടാന്ന്. എന്താ തെറ്റായി പോയോ അങ്ങനെ വിളിച്ചത്….?”

“ഇല്ല.. നീ അങ്ങനെ വിളിച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷായി.. നീ ഇനി അങ്ങനെ വിളിച്ചാൽ മതി. നിന്റെയാ വിളി കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട്….” അതു കേട്ട അവളുടെ മുഖത്തു അവനോടുള്ള ഇഷ്ടം നിറഞ്ഞു തുളുമ്പി…

“.പിന്നെ നമുക്ക് ഒരു ഇടം വരെ പോകാം, വണ്ടിയിൽ കയറ് “. അവൻ കാറിന്റെ ഡോർ തുറന്നു കൊടുത്തു കൊണ്ട് പറഞ്ഞു. അവരുടെ ആ യാത്ര ചെന്നവസാനിച്ചത് സിറ്റി ഹോസ്പിറ്റലിന്റെ മുന്നിലായിരുന്നു. ഹോസ്പിറ്റൽ കണ്ടതും അവന്തിക ചോദിച്ചു.

“നമ്മളെന്തിനാ ഇങ്ങോട്ട് വന്നത്…?”

“അതൊക്കെയുണ്ട്. ഞാൻ നിനക്ക് ഇവിടെ ഒരാളെ കാണിച്ചു തരാം. തനിക്കറിയാവുന്ന ആളാണ്..

“എനിക്കറിയാവുന്ന ആളോ. അതാരാ..?

“അതേ.. അതൊക്കെ അയാളെ കാണുമ്പോൾ തനിക്ക്‌ മനസ്സിലാകും. ഒരുപാട് റിസ്കെടുത്താ അയാളെ കാണാൻ ഒരു അപ്പോയ്മെന്റ് ശരിയാക്കിയെ. താൻ വാ..”

സുനിൽ അവന്തികയെയും കൊണ്ട് നേരെ പോയത് ഇന്റൻസി കെയർ യൂണിറ്റ് വാർഡിലോട്ടാണ് പോയത്. ക്രിട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന ആളുകളെയും സർജറി കഴിഞ്ഞ ആളുകളെയും കിടത്തുന്ന വാർഡായിരുന്നു അത്. രോഗിക്കല്ലാതെ മറ്റാർക്കും അവിടേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല . രോഗികളുടെ കൂടെയുള്ള ആളുകൾക്ക് കാണാൻ പ്രത്യേക സമയം ഉണ്ട്. പിന്നെ കാണണമെങ്കിൽ ഡോക്ടറുടെ പ്രത്യേക പെർമിഷൻ എടുക്കണം. ഇവിടത്തെ കാർഡിയോ സർജൻ ഡോ.. മായ സുനിലിന്റെ ഇന്റിമേറ്റ് ഫ്രണ്ടാണ്. സുനിൽ ഡോ. മായയെ വിളിച്ചു അകത്തോട്ട് കടക്കാനുള്ള പ്രത്യേക പെർമിഷൻ എടുത്തിരുന്നു. അകത്തു കടന്നതും സുനിൽ അവന്തികയുടെ കയ്യിൽ പിടിച്ചു. അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്കിടയിലൂടെ മുന്നോട്ട് നടന്നു. അവന്തിക ഒന്നും മനസ്സിലാകാതെ അവന്റെ കൂടെ നടന്നു.. അതു ചെന്നു അവസാനിച്ചത് കർട്ടൻ കൊണ്ട് മറച്ച ഒരു ബെഡിന്റെ അടുത്തായിരുന്നു… ബെഡിൽ കിടക്കുന്ന ആളെ കണ്ടതും അവന്തിക ഒന്നു ഞെട്ടി…അറിയാതെ അവളുടെ നാവ് ഉരുവിട്ടു…

“രോഹിത്ത്… “ശബ്ദം കേട്ടതും മയക്കത്തിലായിരുന്ന രോഹിത്ത് കണ്ണു തുറന്നു. അവന്തികയെ കണ്ട അവൻ കണ്ണുമിഴിച്ചു. സുനിലിനെ കണ്ടതും അവന്റെ മുഖത്ത് ഒരു ഭയം വന്നു… അവൻ രണ്ടാളെയും മാറി മാറി നോക്കി… അതു കണ്ട അവന്തിക അവനെ വെറുപ്പോടെ നോക്കി ആ മുഖത്തേക്ക് തുപ്പി കൊണ്ട് പറഞ്ഞു….

“എടാ, എന്നെ ചതിച്ച നിനക്ക് ഇതല്ല ഇതിനപ്പുറവും സംഭവിക്കും… ആരാ നിന്നെ ഈ രൂപത്തിൽ കിടത്തിയതെന്നനിക്കറിയില്ല. . ഞാൻ ഇന്നലെ മനസ്സറിഞ്ഞു നിന്നെ ശപിച്ചതാണ്. ഇത് എന്റെ ശാപം മാത്രമല്ല.. നീ പിഴപ്പിച്ച ഒരുപാട് പെണ്കുട്ടികളുടെ ശാപമാണ്… നീ ചാവേണ്ടവനാണ്… എന്നാലും സാരമില്ല “…അതു കേട്ട അവൻ വീണ്ടും ഭയപ്പാടെ സുനിലിനെ നോക്കി… അപ്പോഴാണ് അങ്ങോട്ട് ഒരു ഡോക്ടർ വന്നത്. ഡോക്ടറെ കണ്ടതും സുനിൽ ചോദിച്ചു..

“ഡോക്ടർ, എനിക്കറിയാവുന്ന ആളാണ് ഇദ്ദേഹം എന്താണ് ഇയാൾക്ക് സംഭവിച്ചത്….?”

“അത് ഇന്നലെ രാത്രി ഇയാളെ ഒരു സംഘം ആളുകൾ ആക്രമിച്ചു. ഇയാളുടെ കയ്യും കാലും എല്ലാം തല്ലിയൊടിച്ചു. പോരാത്തതിന് ഇയാളുടെ ലിംഗം ഛേദിക്കുകയും ചെയ്തു. ഇവിടെ ഹോസ്പിറ്റലിന് മുന്നിൽ കൊണ്ടിട്ടു.. ഇപ്പൊ പാതി ലിംഗം മാത്രമേ ഇയാൾക്കൊള്ളൂ. ബാക്കി പാതി കിട്ടിയിട്ടില്ല. കിട്ടിയിട്ടും വലിയ പ്രയോജനം ഒന്നും ഇല്ല. ഇനി ആയുഷ് കാലം മുഴുവൻ ട്യൂബ് ഇടേണ്ടി വരും. ഇയാളുടെ ദേഹത്തെ എട്ട് ബോൺസാണ് പൊട്ടിയിരിക്കുന്നത്.. ആരായാലും ഒരു ഒടുക്കത്തെ പണിയാ ഇയാൾക്ക് കൊടുത്തത്.. ഇനി കുറച്ചു കാലം ഇയാളുടെ കിടപ്പ് ബെഡിൽ തന്നെ ആയിരിക്കും ” .അതു കേട്ട അവന്തികയുടെ മനസ്സിൽ ഒരു സംതൃപ്തി വന്നു.അവൾ വീണ്ടും പകയോടെ അവനെ നോക്കി…

“ഇയാളെ ഈ കോലത്തിൽ ആരാ ഇങ്ങനെ ആക്കിയതെന്ന് വല്ലതും പറഞ്ഞോ…?”

“ഇല്ല, പോലീസ് മൊഴി എടുക്കാൻ വന്നപ്പോൾ അറിയില്ലാ എന്നാണ് ഇയാൾ മൊഴി കൊടുത്തത്.ആദ്യത്തെ അടിക്ക് തന്നെ ഇയാളുടെ ബോധം പോയിരുന്നത്രെ? “

“താങ്ക്സ് ഡോക്ടർ..” ഡോക്ടർ പോയി കഴിഞ്ഞതും സുനിൽ അവന്തികയെ ചേർത്ത് പിടിച്ചു കൊണ്ട്, ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു….

“നീ സ്നേഹം നടിച്ചു പിഴപ്പിച്ച ഇവളെ ഞാൻ കെട്ടാൻ പോകുകയാ.. എന്റെ മനസ്സിൽ ഇവൾ ഇപ്പോഴും പരിശുദ്ധയാണ്. നീ സ്നേഹിച്ചത് ഇവളുടെ ശരീരത്തെയാണ്. ഞാൻ സ്നേഹിച്ചത് ഇവളുടെ മനസ്സിനെയും. എടാ സ്നേഹം നടിച്ചു ഒരു പെണ്ണിനെ വശത്താക്കി അവളുടെ മാനം കവർന്നു തിന്നുകൊണ്ടല്ല ഒരാണ്, ആണാകേണ്ടത്… മറിച്ച് സ്നേഹം കൊടുത്തു അവളെ സ്വന്തമാക്കി, നെഞ്ചോട് ചേർത്ത് പിടിച്ചു അവളുടെ ആദരവ് പിടിച്ചു പറ്റിയാണ്… മനസ്സിയോ….?”പിന്നെ നാലുപാടും ആരും ഇല്ലാ എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം അവന് നേരെ പല്ലുരുമ്മിക്കൊണ്ട് ശബ്‌ദം താഴ്ത്തി കൊണ്ട് പറഞ്ഞു..

“ഇപ്പൊ ഞാനും എന്റെ കൂട്ടുകാരും നിന്റെ കയ്യും കാലും തല്ലിയൊടിച്ചു, നിന്റെ മറ്റേതും മാത്രമേ വെട്ടി എടുത്തൊള്ളൂ. ഇനി നീ ഞങ്ങളുടെ ജീവിതത്തിലോട്ട് എങ്ങാനും തലയിട്ടാലുണ്ടല്ലോ… പിന്നെ നീ ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാകില്ല. മനസ്സിലായോടാ നായെ. നിനക്ക്…? ” അതു കേട്ട അവന്തിക കേട്ട വാർത്ത വിശ്വസിക്കാനാവാതെ സുനിലിനെ നോക്കി. അവന്റെ സ്നേഹത്തിനു മുന്നിൽ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….

“നിന്നെ പോലത്തെ നരഭോജികൾക്കു നേരെയുള്ള ഞങ്ങളുടെ യുദ്ധത്തിന്റെ തുടക്കമാണ് ഇത്.ഓര്മയിലിരിക്കട്ടെ… ഇനി നിനക്ക് മനസ്സിലാകും ഒരു പെണ്ണിന്റെ സ്നേഹത്തിന്റെയും മാനത്തിന്റെയും വില.. അത് നിന്റെ ഞാൻ മുറിച്ചെടുത്ത മറ്റേ സാധനം നിനക്ക് മനസ്സിലാക്കി തരും “. അതും പറഞ്ഞു സുനിൽ അവന്തികയെയും കൊണ്ട് വാർഡിൽ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും അവന്തിക ഒരു തേങ്ങലോടെ സുനിലിന്റെ നെഞ്ചിൽ ചാഞ്ഞു കൊണ്ട് പറഞ്ഞു….

“എനിക്കും വേണ്ടി ഒരു പാട് കഷ്ടപ്പെട്ടു അല്ലെ സുനിലേട്ടൻ, സന്തോഷായി എനിക്ക്. മനസ്സ് നിറഞ്ഞു. ഇപ്പോഴാണ് യഥാർത്ഥ സ്നേഹം ഏതാണെന്ന് തിരിച്ചറിഞ്ഞത്….”

“നിന്നോട് ഇത്രയും ക്രൂരത ചെയ്ത അവനോട് കണക്ക് ചോദിച്ചില്ലങ്കിൽ ഞാനെന്തിനാ ആണാണെന്നും പറഞ്ഞു നടക്കുന്നത്. സന്തോഷായോ നിനക്ക്…?” അതു കേട്ട അവൾ ഊം എന്ന് പറഞ്ഞു കൊണ്ട് തലയിൽ പിടിച്ചു, ആ തിരുനെറ്റിയിൽ സ്നേഹത്തിന്റെ പ്രതീകമായ ഒരു ചുടു ചുംബനം നൽകി…

“നിന്റെ ചുംബനം എല്ലാം എനിക്കിഷ്ടപ്പെട്ടു. പക്ഷെ എന്റെ മുടിയിൽ സൂക്ഷിച്ചു വേണം പിടിക്കാൻ. കാരണം അത് വെപ്പ് മുടിയാ “. അതു കേട്ട അവന്തിക ചിരിച്ചു കൊണ്ട് പറഞ്ഞു…

“അതെനിക്കറിയാം.എന്നോട് അച്ഛൻ പറഞ്ഞിരുന്നു.എനിക്ക് വിഗ്ഗ് വെച്ച ഈ മൊട്ടത്തലയനെയാണ് കൂടുതൽ ഇഷ്ട്ടം “. അതു കേട്ട സുനിൽ ചിരിച്ചു കൊണ്ട് നിറഞ്ഞ മനസ്സാലെ, അവളെ ചേർത്തു പിടിച്ചു കൊണ്ട്. വരാൻ പോകുന്ന നല്ല നാളുകളെയും പ്രണയിച്ചു കൊണ്ട് പുറത്തോട്ട് നടന്നു…

#ശുഭം..

#ഫൈസൽ_കണിയാരി..✍️

കരിയില കാറ്റ്
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.