താഴേക്ക് വീണ ഐഷയുടെ അടുത്തേക് ഓടി വന്ന പ്രതാപ് “ചത്തോടൊ ഇവൾ” എന്ന ചോദ്യത്തോടെ അപർണയെയും സുറുമിയെയും നോക്കി. പ്രതാപിന്റെ ചോദ്യം കേട്ടതോടെ ഫെമിനയുടെയും അപർണയുടെയും സുറുമിയുടെയും മുഖം വിളറി വെളുത്തു. സുറുമിയും അപർണയും പരസ്പരം മുഖത്തേക്ക് നോക്കി. ഫെമിന ഇപ്പോൾ കരയും എന്ന അവസ്ഥയിലും ആയി.
താഴെ കിടന്നിരുന്ന ഐഷയുടെ അടുത്ത് ഇരുന്ന് പ്രതാപ് ഐഷയുടെ കയ്യിൽ പൾസ് നോക്കി. പൾസ് അടിക്കുന്നുണ്ടെന്ന് മനസിലായ പ്രതാപ് സുറുമിയെ വിളിച്ച് അടുത്തുണ്ടായിരുന്ന മേശയിൽ ഇരിക്കുന്ന വെള്ളം കുപ്പി എടുത്ത് അവളുടെ മുഖത്ത് തെളിക്കാൻ പറഞ്ഞു. വെള്ളം മുഖത്ത് വീണത്തോടെ കണ്ണ് തുറന്ന ഐഷയെ സുറുമിയും അപർണയും കൂടി പൊക്കി വീണ്ടും ചെയറിൽ ഇരുത്തി.
“ഇനി ചോദിക്കുന്നതിന് കൃത്യമായ മറുപടി കിട്ടണം. കേട്ടല്ലോ, ഇല്ലെങ്കിൽ ഇനി അവരെയൊന്നും വിളിക്കില്ല. എന്റെ കയ്യുടെ ചൂട് ആയിരിക്കും നിങ്ങൾ അറിയാൻ പോകുന്നത്. നേരത്തെ പറഞ്ഞില്ലേ, നിങ്ങളെ കുറിച്ചും, നിങ്ങളെ ഏല്പിച്ചവരെ കുറിച്ചും കൃത്യമായി അറിഞ്ഞിട്ടാണ് ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്തത്. പിന്നെ നിങ്ങളുടെ വായിൽ നിന്ന് തന്നെ കേൾക്കണം എന്നു പറയുന്നത്, കുറ്റവാളികളുടെ മൊഴിക്ക് കോടതിയിൽ വലിയ വിലയാണ്. മാത്രമല്ല, നിങ്ങൾ ഇപ്പോൾ പറയുന്നത് നാളെ മാറ്റി പറയാതിരിക്കാനും കൂടിയാണ് ഈ വീഡിയോ പിടിക്കുന്നത്. അത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി വ്യക്തമായി പറയുക, കേട്ടല്ലോ. വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത് “.
“അനസേ, ക്യാമറ ഓണാക്കടോ”
“ഇനി പറഞ്ഞോ, ആരാണ് അനൂപിനെ ഈ പണി ഏൽപ്പിച്ചത് ?”
“ഞാനും ഫെമിനയും”
“അനൂപിനെ എങ്ങനെയാ നിങ്ങൾക്ക് പരിചയം ?”
“ഫെമിനയുടെ മാമന്റെ മോൻ ആണ് അനൂപ്”
“അപ്പോൾ നീയും ഫെമിനയും തമ്മിലോ ?”
“ഞങ്ങൾ മുൻപ് കോളേജിൽ ഒരുമിച്ച് പഠിച്ചതാണ്. അന്നേ ഞങ്ങൾ നല്ല കൂട്ട് ആയിരുന്നു. പിന്നെ കല്യാണം കഴിഞ്ഞപ്പോൾ രണ്ടാളും രണ്ട് വഴിക്കായി. എന്നാലും പരസ്പരം ബന്ധം ഉണ്ടായിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ ശേഷം ഫെമിന ഒരു ഹോട്ടലിൽ റിസെപ്ഷനിസ്റ്റ് ആയി ജോലിക്ക് പോയിരുന്നു. അവിടെ വെച്ചാണ് കുട്ടായി സാറിനെ പരിചയപ്പെടുന്നത്. കുട്ടായി സാറാണ് ഫെമിനയെ ഈ ജോലിയിലേക്ക് ക്ഷണിച്ചത്. യാതൊരു റിസ്ക്കും ഇല്ലെന്ന് പറഞ്ഞാണ് ഈ ജോലി ഏൽപ്പിച്ചത്. കൂടുതൽ പൈസ കിട്ടും എന്നറിഞ്ഞപ്പോൾ ഫെമിന ഇതിലേക്ക് വന്നു. റിസ്ക്കും ഇല്ല, നല്ല പണവും കിട്ടുമെന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോൾ ഞാനും ഇതിൽ കൂടി”
“നിങ്ങളുടെ ഫാമിലിയൊക്കെ ?”
“ഞങ്ങൾ രണ്ടാളുടെയും ഭർത്താക്കന്മാർ ഗൾഫിൽ ആണ് സർ. എനിക്ക് മൂന്ന് കുട്ടികൾ, അവർ ബോർഡിങ്ങിലാണ്. ഐഷക്ക് 2 കുട്ടികൾ. അവർ വീട്ടിൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം ആണ്”
“അപ്പോ രണ്ടെണ്ണവും വീട്ടിലെ പ്രാരാബ്ദം കൊണ്ട് ഇതിന് വേണ്ടി ഇറങ്ങിയതല്ല. പിന്നെന്താടി നിന്റെയൊക്കെ ആവശ്യം ? പണത്തിനോടുള്ള ആർത്തി മൂത്ത് ഇറങ്ങിയതാണല്ലേടി. നിങ്ങളുടെ വീട്ടിൽ അറിയാമോ ഇതാണ് ജോലി എന്ന് ?”
“ഇല്ല സർ .അവർക്ക് ആർക്കും അറിയില്ല. ഇവിടെ ടൗണിലെ ഒരു കമ്പനിയിൽ ആണ് ജോലി എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നത്. ഫെമിന പഴയ ഹോട്ടലുകാർ ഈ ടൗണിൽ പുതിയ ഹോട്ടൽ ആരംഭിച്ചപ്പോൾ ഇങ്ങോട്ട് സ്ഥലം മാറ്റി എന്നാണ് പറഞ്ഞിരിക്കുന്നത്”
“അതിപ്പോൾ സാരമില്ല. നാളത്തെ പത്രത്തിൽ പേരും ഫോട്ടോയും വരുമ്പോൾ നാട്ടുകാരും കുടുംബക്കാരും അറിഞ്ഞോളും. കുടുംബത്തിലുള്ളവരെ നുണ പറഞ്ഞ് പറ്റിച്ച് ആളുകളെ കൊല്ലാൻ ഇറങ്ങിയിരിക്കുകയാണ് രണ്ട് രാക്ഷസികൾ. നിനക്കൊക്കെ എങ്ങിനെ തോന്നിയെടി ആ പാവങ്ങളെ കൊല്ലാൻ” പറഞ്ഞതും പ്രതാപിന്റെ വലത്തെ കൈ മാറി മാറി രണ്ടാളുടെയും ചെവിക്കല്ല് പൊട്ടിച്ചു “.
“ആരാണ് നിങ്ങളെ ഈ ജോലി ഏൽപ്പിച്ചത് ?എന്താണ് അവരുടെ ലക്ഷ്യം ?”
“ഞാൻ പറഞ്ഞില്ലേ, ഫെമിനയെ ഈ ജോലി ഏൽപ്പിച്ചത് കുട്ടായി സർ ആണ്. അവൾ മുഖേനയാണ് ഞാൻ ഇതിൽ വരുന്നത്. അവരുടെ ലക്ഷ്യം എന്ന് ഞങ്ങളോട് പറഞ്ഞത് ആ ദ്വീപിൽ ഉള്ളവരെ അവിടെ മരണങ്ങൾക്ക് കാരണമായ എന്തോ ഒരു കാര്യം ഉണ്ടെന്ന് ഭയപ്പെടുത്തി ,അവിടെ നിന്നും ഓടിച്ച് അവരുടെ വീടും സ്ഥലവും കുറഞ്ഞ വിലക്ക് വാങ്ങിച്ച്, കുറെ കഴിയുമ്പോൾ വേറെ ആളുകൾക്ക് മറിച്ച് വിൽക്കാം എന്നാണ്. അത് ശരിയാണോ എന്ന് ഞങ്ങൾക്ക് അറിയില്ല “
“കുട്ടായിയെ കൂടാതെ വേറെ ആരാണ് ഇതിന്റെ പിന്നിൽ ഉള്ളത് ?”
“വേറെ ആരും ഇല്ല സർ”
“ഇന്നലെ നിങ്ങൾ കുട്ടായിയുടെ വീട്ടിൽ കൂടിയ മീറ്റിങ്ങിൽ നിങ്ങൾ മൂന്ന് പേരെ കൂടാതെ വേറെ ആരാണ് പങ്കെടുത്തത് ?”
“ആരും ഉണ്ടായിരുന്നില്ല സർ”
“ആരും ഉണ്ടായിരുന്നില്ലേ ഫെമിന ?”
“ഇല്ല സർ. ഞങ്ങൾ മൂന്ന് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു”
“ഉച്ചക്ക് അവിടേക്ക് വന്ന ബ്ലാക്ക് ഇന്നോവ കാറിൽ ആരാണ് ഉണ്ടായിരുന്നത് ?”
“അങ്ങിനെയൊരു കാർ അവിടേക്ക് വന്നില്ല സർ”
“അനസേ, ആ വീഡിയോ ഒന്ന് കാണിച്ചു കൊടുത്തേക്ക്”
അനസ് ഇന്നലെ ഉച്ചക്ക് കുട്ടായിയുടെ വീട്ടിലേക്ക് ഇവർ കയറി പോകുന്നതും, അതിന് ശേഷം ബ്ലാക്ക് ഇന്നോവ കയറി പോകുന്നതും തിരിച്ച് വരുന്നതും എല്ലാം കാണിച്ച് കൊടുത്തു.
“ഇനി പറയ്, ആരാണ് ആ കാറിൽ ഉണ്ടായിരുന്നത് ?കുട്ടായിയെ കൂടാതെ ഇതിലുള്ള രണ്ടാമൻ ആരാണ് ?”
“സർ ചോദിച്ചതിന് മറുപടി പറയെടി” എന്നും പറഞ്ഞ് അപർണയുടെ കൈ ഐഷയുടെ കവിളിൽ പതിച്ചു.
“അയാൾ ആരാണെന്ന് കൃത്യമായി അറിയില്ല സർ. ഞങ്ങൾ ആദ്യമായാണ് അയാളെ കാണുന്നത്. അയാളും കുട്ടായിയും ആണ് ഇതിന്റെ പിന്നിൽ ഉള്ളത്”
“ജോണിക്കുട്ടിയെ അനൂപ് എങ്ങിനെയാണ് കൊല ചെയ്തത് ?”
“അത് സർ അനൂപും സംഘവും ആണ് അത് ചെയ്തത്. ഞങ്ങൾക്ക് അറിയില്ല എങ്ങനെയായിരുന്നു എന്ന് “
“അനസേ, അനീഷിന്റെ ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അനൂപിനെ ഇങ്ങോട്ട് എടുത്തോ”
“ശരി സർ”
പ്രതാപ് മൊബൈലിൽ ഒരു ഫോട്ടോ കാണിച്ച ശേഷം ഐഷയോട് ചോദിച്ചു “ഇയാൾ അല്ലെ ഇന്നലെ കുട്ടായിയുടെ വീട്ടിൽ വന്നത് ?”
“അതേ സർ”
“ഇവനാണ് സ്ഥലം എം എൽ എ ഫൈസൽ കുറ്റിപ്പുറം. ആ തുരുത്തിൽ നടന്ന മരണങ്ങൾക്ക് പിറകിലെ കാരണം കണ്ടു പിടിക്കാൻ വേണ്ടി സമരം ചെയ്തത്. പക്ഷെ ഇയാൾ എന്തിനാണിത്രയധികം കൊലപാതകം നടത്തിയത് എന്നാണ് മനസ്സിലാകാത്തത് ?”
“ഞാൻ പറഞ്ഞില്ലേ സർ. അവർക്ക് അവിടെയുള്ള സ്ഥലങ്ങൾ വാങ്ങിക്കാൻ എന്നാണ് ഞങ്ങളോട് പറഞ്ഞത്”
“പക്ഷെ നിങ്ങൾ പറഞ്ഞ കാരണം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്”
“സർ, അനീഷ് സർ ചോദ്യം ചെയ്തു കഴിഞ്ഞു. അനൂപിനെ കൊണ്ട് വന്നിട്ടുണ്ട്”
“അനൂപേ, ഇവരുമായി എങ്ങിനെയാണ് നിന്റെ പരിചയം. എല്ലാം സത്യസന്ധമായി പറഞ്ഞേക്കണം. ഇല്ലെങ്കിൽ ഓരോ നുണക്കും നിന്റെ ഓരോ വാരിയെല്ല് ഞാൻ ഓടിക്കും. പറയെടാ, എങ്ങിനെയാ ഇവരുമായുള്ള ബന്ധം ?”
“ഫെമിന എന്റെ അമ്മായിടെ മകൾ ആണ്”
“നീ എങ്ങിനെയാണ് ഈ കൊലപാതകങ്ങൾ നടത്തിയത് ?”
“അത് സാറേ, എല്ലാം ഞാൻ അനീഷ് സാറിനോട് പറഞ്ഞിട്ടുണ്ട്”
“ശരി നീ എങ്ങനെയാണ് ജോണിക്കുട്ടിയെ കൊന്നത് ?”
“അത് സാറേ, പുള്ളിക്കാരൻ ഒറ്റക്കാണ് താമസം എന്ന് ഞങ്ങൾ മനസിലാക്കിയിരുന്നു. രാവിലെ അദ്ദേഹം എഴുന്നേൽക്കുന്ന സമയം നേരത്തെ മനസിലാക്കിയിരുന്നു. അതിന് ഒരു അഞ്ച് മിനിറ്റ് മുൻപ് ഞാൻ പോയി ഡോർ ബെല്ലടിച്ചു. ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് വന്ന അയാളെ പുറത്തേക്ക് വിളിച്ചു. എനിക്കൊപ്പം വന്ന് മറഞ്ഞിരുന്ന വേറെ നാല് പേര് കൂടി ഉണ്ടായിരുന്നു. പുറത്തേക്ക് ഇറങ്ങിയ ജോണിക്കുട്ടിയെ അവർ വട്ടം പിടിച്ചു. പക്ഷെ ഞങ്ങൾ വിചാരിച്ചത് പോലെ എളുപ്പം ആയിരുന്നില്ല അയാളെ കീഴ്പെടുത്തൽ. ചെറിയൊരു ബലപ്രയോഗം വേണ്ടി വന്നു. എങ്കിലും ഞാൻ അയാളിൽ മരുന്ന് ഇൻജക്ഷൻ ചെയ്തു. കാര്യം മനസ്സിലായ ജോണിക്കുട്ടി പുറത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും കുറച്ചു നേരം കൂടി പിടിച്ചു നിർത്തി. കൈ വിട്ട ശേഷം അയാൾ ഗേറ്റിന് നേരെ ഓടിയെങ്കിലും ഇടക്ക് കുഴഞ്ഞു വീണു. ആരോ വരുന്നത് പോലെ തോന്നിയത് കൊണ്ട് അവിടെ നിന്ന് ഞങ്ങൾ ഓടി രക്ഷപ്പെട്ടു. അതിനിടയിലാണ് കയ്യിൽ ഉണ്ടായിരുന്ന സിറിഞ്ച് നഷ്ടപ്പെട്ടത്. അത് നഷ്ടപ്പെട്ട വിവരം റൂമിൽ തിരിച്ചെത്തിയ ശേഷം ആണ് അറിഞ്ഞത്. ആ ഒരു കൊലപാതകം നടത്തിയ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങളെ അന്വേഷിച്ച് സർ എത്തിയതെന്ന് ഞങ്ങൾക്ക് മനസ്സിലായി. ആ കൊലപാതകം ചെയ്തതാണ് ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. അല്ലെങ്കിൽ ഇന്നും അവിടുത്തെ കൊലപാതകങ്ങൾ സ്വാഭാവിക മരണങ്ങൾ ആയി തന്നെ ജനങ്ങളും സർക്കാരും കരുതിയേനെ”
“ഇത്രേം ആളുകളെ കൊന്നിട്ട് നിന്ന് ന്യായം പറയുന്നോടാ പന്ന #$&@*^ മോനെ” പറഞ്ഞു തീർന്നതും പ്രതാപിന്റെ മുട്ടുകാൽ അനൂപിന്റെ നെഞ്ചിന് കൂട് തകർത്തു. “അമ്മേ” എന്ന വിളിയോടെ അനൂപ് കസേരയിൽ നിന്നും താഴെ വീണ് കിടന്നു ഞരങ്ങി.
“എടി, നീയൊക്കെ കൂടി കൊന്ന് തള്ളിയത് പല കുടുംബങ്ങളുടെയും ആശ്രയം ആയിരുന്നവരെ, പ്രതീക്ഷകൾ ആയിരുന്നവരെ ആണ്. എത്ര പ്ലാൻ ചെയ്ത് കുറ്റ കൃത്യം ചെയ്താലും എവിടെയെങ്കിലും പിഴവ് വരും. നിന്റെയൊക്കെ വീട്ടിൽ ഉള്ളവരെ ആണെങ്കിൽ നീയൊക്കെ ഇങ്ങിനെ കൊല്ലുമായിരുന്നോടി ?” പറഞ്ഞ് തീർന്നതും ഐഷക്കും ഫെമിനക്കും വീണ്ടും കിട്ടി ചെവിക്കല്ല് മൂളുന്ന രീതിയിൽ ഒരെണ്ണം കൂടി. കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നു എന്ന് കേട്ടിരുന്ന ഐഷയും ഫെമിനയും അപ്പോൾ കണ്ടു കണ്മുന്നിലൂടെ കുറെ പൊന്നീച്ചകൾ പറക്കുന്നത്. കുറച്ചു സമയത്തേക്ക് ചെവിയിൽ എന്തോ ഒരു മൂളിച്ച മാത്രമേ അവർക്ക് അനുഭവപ്പെട്ടുള്ളൂ.
പിറകിലേക്ക് തിരിഞ്ഞ് അനസിനെ നോക്കി പ്രതാപ് പറഞ്ഞു.
“അനസേ, വീഡിയോ കോടതിയിൽ കൊടുക്കുമ്പോൾ ഇതൊക്കെ കളഞ്ഞിട്ട് വേണം കൊടുക്കാൻ. മറക്കരുത്”
“ഇല്ല സർ മറക്കില്ല. കോടതിയിൽ കൊടുക്കുമ്പോൾ ചോദ്യം ചെയ്യുന്ന ഭാഗങ്ങൾ മാത്രമേ ഉണ്ടാകു”
രണ്ട് പേരും നോര്മലായി എന്നു തോന്നിയപ്പോൾ പ്രതാപ് വീണ്ടും ചോദ്യം ചെയ്യാൻ തുടങ്ങി.
“നിങ്ങൾക്ക് ഈ വിഷം എവിടുന്നാണ് കിട്ടുന്നത് ?”
“അത് കുട്ടായി സർ തരുന്നതാണ്”
“ഈ കെമിക്കലുകൾ നിങ്ങൾ ആണോ കൂട്ടി യോജിപ്പിക്കുന്നത് ?”
“അല്ല സർ. കുട്ടായി സർ തരുന്നത് ഞങ്ങൾ ഇൻജക്റ്റ് ചെയ്യാൻ വേണ്ടി സിറിഞ്ചിൽ ആക്കി, അനൂപിന് എടുത്ത് കൊടുക്കുക മാത്രമേ ചെയ്യാറുള്ളൂ സർ”
“ഇന്നലെ കുട്ടായിയുടെ വീട്ടിൽ എന്തായിരുന്നു ചർച്ച ?”
ചോദിച്ച ശേഷം താഴെ കിടന്ന അനൂപിനെ നോക്കി “ഇവൻ ഇപ്പോഴും എഴുന്നേറ്റില്ലേ ?”
“അനസേ, പൊക്കി ഇരുത്തടോ, ഇവനെ”
അനസ് താഴെ കിടന്നിരുന്ന അനൂപിനെ പൊക്കി കസേരയിൽ ഇരുത്തി. അനൂപ് അപ്പോഴും ചെറുതായിട്ട് ചുമക്കുന്നുണ്ടായിരുന്നു.
“ഞാൻ ചോദിച്ചതിന് മറുപടി പറയെടി”
“സാറേ, ഇനി ഞങ്ങളെ അടിക്കല്ലേ. ഇനിയും അടിച്ചാൽ ഞങ്ങൾ ചത്ത് പോകും” ഫെമിന പ്രതാപിന് നേരെ കൈ കൂപ്പി കൊണ്ട് പറഞ്ഞു.
“നീയൊക്കെ ചാകാതെ ഞങ്ങൾ നോക്കിക്കോളം. ഇപ്പോൾ നീ ഞാൻ ചോദിച്ചതിന് മറുപടി പറയ്”
“അത് ……” ഐഷ മറുപടി പറയാൻ തുടങ്ങി.
“ജോണിക്കുട്ടിയുടെ മരണം നടന്ന ശേഷം രാത്രി സമയത്ത് ആരും പുറത്തേക്ക് ഇറങ്ങാതിരുന്നത് കൊണ്ട് ഞങ്ങൾക്ക് വേറെ കൊലപാതകങ്ങൾ നടത്താൻ സാധിച്ചിരുന്നില്ല. അത് കൊണ്ട് ഭാവിയിലെ കാര്യങ്ങൾ എങ്ങിനെ വേണമെന്ന് തീരുമാനിക്കാൻ ആണ് ഇന്നലെ അവിടെ കൂടിയത്”
“എന്നിട്ട് എന്തായിരുന്നു തീരുമാനം ?”
“ഇന്ന് രാത്രി കൂടി നോക്കിയിട്ട് ആരെയും കിട്ടിയില്ല എങ്കിൽ ,നാളെ മുതൽ സ്കൂളിൽ നിന്നോ കോളേജിൽ നിന്നോ തനിയെ നടന്ന് വരുന്ന കുട്ടികളെ വൈകുന്നേരം സമയത്ത് ഇൻജക്ഷൻ കൊടുത്ത് കൊല്ലാൻ ആയിരുന്നു പ്ലാൻ ചെയ്തത്. ഇന്ന് രാത്രിയിലെ അന്വേഷണത്തിന് ഇവർ ഇറങ്ങാൻ നിൽക്കുമ്പോഴാണ് നിങ്ങൾ എത്തിയത്”
“നീയൊക്കെ മനുഷ്യർ ആണോടി കള്ള @#$=$ മക്കളെ, നിങ്ങൾക്കും ഇല്ലേ മക്കൾ. നീയൊക്കെ ഇങ്ങിനെ കൊല്ലാൻ നോക്കുമോ, നിന്നെയൊന്നും വിശ്വസിക്കാൻ കഴിയില്ല. പണം കിട്ടിയാൽ സ്വന്തം കുടുംബത്തുള്ളവരെ വരെ കൊല്ലാൻ നോക്കും നിന്നെ പോലെയുള്ള മനുഷ്യ രൂപം പൂണ്ട മൃഗങ്ങൾ”
“അപർണ, സുറുമി, രണ്ടിനെയും കൊണ്ട് പോയി ലോക്കപ്പ് ചെയ്തോ. കൂടെ ആ വടി കൊണ്ടുള്ള പ്രയോഗം കൂടി കാലിൽ കൊടുത്തേക്ക്. ഇവർ എന്ത് പറഞ്ഞാലും കുടിക്കാൻ ഇനി പച്ചവെള്ളം ഞാൻ പറയാതെ കൊടുക്കരുത്. അനുഭവിക്കട്ടെ രണ്ടാളും”
“അനസേ ഇവനെ എടുത്തോ ഇവനെ നമുക്കൊന്ന് ഉരുട്ടാൻ ഉണ്ട്”
അനസ്, അനൂപിനെ പൊക്കി എടുത്ത് നടത്തിച്ചു.
“എടോ, അനീഷിനോട് ഇങ്ങോട്ട് വരാൻ പറയ്”
“ശരി സർ” അനസ് പുറത്തേക്ക് പോയി.
പ്രതാപ് ഫോൺ എടുത്ത് മനു സാറിനെ വിളിച്ചു. അവർ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു.
“സർ നമ്മൾ കരുതിയത് എല്ലാം കൃത്യം ആണ്. കൂട്ടായിയും, എം എൽ എ ഫൈസൽ കുറ്റിപ്പുറവും ആണ് ഇതിന്റെ പിന്നിൽ. പക്ഷെ അവരുടെ ഉദ്ദേശം എന്താണെന്ന് വ്യക്തമല്ല സർ. ഇവർക്കും അതിനെ കുറിച്ച് വലിയ അറിവ് ഇല്ല. ഇവർ പറയുന്നത് അവിടെയുള്ളവരുടെ സ്ഥലങ്ങൾ വാങ്ങി കുറെ നാളുകൾ കഴിയുമ്പോൾ അത് മറിച്ച് വിൽക്കാൻ എന്നാണ്. പക്ഷെ എനിക്കത് വിശ്വാസിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം വെറുതെ കുറച്ച് സ്ഥലം വാങ്ങിക്കാൻ വേണ്ടി മാത്രം ഇങ്ങിനെയൊക്കെ ചെയ്യുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് സർ”
“ശരിയാണ് ആ ഉദ്ദേശം മാത്രം ആയിരിക്കില്ല ഇതിന് പിന്നിൽ. വേറെയും ഉദ്ദേശം ഉണ്ടാകും”
ഇതിനിടെ അകത്തേക്ക് വന്ന അനീഷ് പ്രതാപിനെ സല്യൂട്ട് ചെയ്തു. കൈ ഉയർത്തി ഒരു മിനിറ്റ് എന്നു കാണിച്ച ശേഷം എസ്പിയുമായുള്ള സംസാരം തുടർന്നു.
“സർ അവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്താൽ മാത്രമേ ബാക്കി വിവരങ്ങൾ അറിയാൻ കഴിയുകയുള്ളു. അതിന് സാറിന്റെ ഒപ്പീനിയൻ ചോദിക്കാൻ ആണ് ഞാൻ സാറിനെ വിളിച്ചത്. എന്താണ് സാറിന്റെ അഭിപ്രായം ?”
“അവർ എം എൽ എ ആണ് ഇതിന്റെ പിന്നിലെന്ന് സമ്മതിച്ചോ ?”
“ഇല്ല സർ, അവർക്ക് എം എൽ എ യെ അറിയില്ല. പക്ഷെ ഞാൻ ഫോട്ടോ കാണിച്ചപ്പോൾ അവർ സമ്മതിച്ചു, അയാളും ഇന്നലെ കുട്ടായിയുടെ വീട്ടിലെ ഇവരുടെ മീറ്റിംഗിന് ഉണ്ടായിരുന്നു എന്ന്”
“എടോ, അത് മാത്രം വെച്ച് എങ്ങിനെയാടോ എം എൽ എ യെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുന്നത്. ഞാൻ നേരത്തെ താൻ വിളിച്ച ശേഷം ഡി ജി പി യോട് സംസാരിച്ചിരുന്നു. ഡി ജി പി സർ പറഞ്ഞത് കൃത്യമായ തെളിവോ, മൊഴികളോ ഉണ്ടെങ്കിൽ മുഖ്യമന്ത്രിയോട് സംസാരിക്കാം എന്നാണ്. ഇവരുടെ മാത്രം മൊഴിയും കൊണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചാൽ അയാൾ എന്നെ പിടിച്ച് ആട്ടും. അറിയാലോ തനിക്ക് അദ്ദേഹത്തെ ?”
“പിന്നെന്താ സർ ചെയ്യുക ?”
“താൻ ഒരു കാര്യം ചെയ്യ്. തത്കാലം കുട്ടായിയെ അറസ്റ്റ് ചെയ്യ്. അയാളുടെ കാര്യം ഇവർ നേരെ സമ്മതിച്ചതല്ലേ. എന്നിട്ട് അയാളെ കൊണ്ട് എം എൽ എ യുടെ കാര്യം സമ്മതിപ്പിക്ക്. ഒരു സ്റേറ്മെന്റും എഴുതി വാങ്ങിക്ക്. കുട്ടായിയെ ചോദ്യം ചെയ്താൽ അവരുടെ ഉദ്ദേശവും മനസിലാക്കാൻ കഴിയും. അതിന് ശേഷം മുഖ്യമന്ത്രിയിൽ നിന്ന് നമുക്ക് പെർമിഷൻ എടുക്കാം എം എൽ എ യെ അറസ്റ്റ് ചെയ്യാൻ”
“ശരി സർ. താങ്ക്യൂ”
പ്രതാപ് ഫോൺ കട്ടാക്കിയ ശേഷം അനീഷിനെ അടുത്തേക്ക് വിളിച്ചു.
“എടോ, ആ അനൂപ് എന്താ പറഞ്ഞത് അവിടെ നടന്ന കൊലപാതകങ്ങളെ കുറിച്ച് ?ആരാണ് അയാളെ ഏൽപ്പിച്ചത്, എങ്ങിനെയാണ് കൊലകൾ നടത്തിയത്, എന്തിനാണ് ഇത്രയധികം കൊലപാതകങ്ങൾ, അങ്ങിനെ വല്ലതും പറഞ്ഞോ ?”
“അനൂപിനെ ഈ കൊട്ടേഷൻ ഏൽപ്പിച്ചത് ഫെമിനയാണ്. ഫെമിനയുടെ അമ്മായിയുടെ മകൻ ആണ് ഈ അനൂപ്. അങ്ങിനെയാണ് ഇവൻ ഇതിലേക്ക് വരുന്നത്”
“എങ്ങിനെയാണ് ഇവന്മാർ ഇത് ചെയ്തത് ?”
“രാത്രി സമയത്ത് പുറത്തിറങ്ങുന്നവരെ നമ്മൾ അവിടെ നിന്നെടുത്ത മുഖംമൂടികൾ ഉപയോഗിച്ച് ഇവർ ഭയപ്പെടുത്തും. അതിന് ശേഷം ഇവർ ഒന്നോ രണ്ടോ ആളുകൾ കൂടി ചേർന്ന് അവരെ ഇൻജക്ഷൻ ചെയ്യും. മരുന്ന് ഇന്ജെകഷൻ എടുത്ത ശേഷം അവരെ വിടും. നടന്ന് പോകുന്ന അവർ അൽപസമയം കഴിയുമ്പോഴേക്കും തളർന്ന് വീഴും, പിന്നെ ഹൃദയം സ്തംഭിച്ച് അവർ മരണപ്പെടും”
“ഇവർ എങ്ങിനെയാടോ കൊല്ലാനുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത് ?”
“ഇവർ രാത്രി ഒരു സമയം കഴിഞ്ഞാൽ പല സംഘങ്ങളായി പിരിഞ്ഞ് ആ തുരുത്ത് മുഴുവൻ കറങ്ങും. ഏതെങ്കിലും ഒരു സംഘത്തിന് ആളെ കിട്ടിയാൽ ഉടനെ അവർ മറ്റുള്ളവരെ അറിയിക്കും”
“അതെന്തിനാണ് ?”
“ഒരു ദിവസം ഒരാളിൽ കൂടുതൽ ഇവർ കൊല്ലാറില്ല. കാരണം ഒരേ സമയം ഒന്നിലധികം ആളുകൾ മരണപ്പെട്ടാൽ ആളുകൾ സംശയിക്കാൻ തുടങ്ങും എന്നറിയാവുന്നത് കൊണ്ടാണ് അങ്ങിനെ ചെയ്യുന്നത്. ഒരു സംഘത്തിന് ഒരാളെ കിട്ടി എന്നറിഞ്ഞാൽ മറ്റുള്ളവർ തിരിച്ച് ആ വീട്ടിലേക്ക് പോകും”
“ഭീകര പ്ലാനിങ് ആണല്ലോ ഇവർക്ക്. അല്ലെടോ പിന്നെയെന്തിനാണ് ഇവർ തോമാച്ചൻ എന്നയാളെയും അയാളുടെ മകളെയും കൊന്നത് ?”
“അത് എന്താണെന്ന് വെച്ചാൽ അതിലെ ഒരാളെ വിട്ടാൽ ഇവരെ കുറിച്ച് പുറത്ത് അറിയും എന്ന് അറിയാവുന്നത് കൊണ്ടാണ്”
“മം, വേറെന്താ അവൻ പറഞ്ഞത് ?”
“ജോണികുട്ടിയുടെ കൊലപാതകം അവർക്ക് പറ്റിയ അബദ്ധം ആണെന്നാണ് അവൻ പറയുന്നത്”
“അങ്ങിനെ പറയാൻ എന്താ കാരണം ?”
“അവർക്ക് ഈ മരുന്ന് കൊടുക്കുമ്പോൾ അവരോട് പറഞ്ഞിരുന്നത്, ഈ മരുന്ന് ഉപയോഗിച്ച് കൊലപാതകങ്ങൾ നടത്തിയാൽ 8 മണിക്കൂറിന് ശേഷം ആണ് പോസ്റ്റ്മോർട്ടം നടത്തുന്നതെങ്കിൽ ഈ മരുന്നിന്റെ അംശം മരിച്ചയാളുടെ ശരീരത്തിൽ നിന്നും കിട്ടില്ല, മറിച്ച് ഹൃദയസ്തംഭനം ആണെന്ന് മാത്രേ അറിയാൻ കഴിയൂ എന്നാണ്. പിന്നെ കൊല നടത്തുമ്പോൾ അവരുമായി യാതൊരു വിധ മൽപിടുത്തവും നടത്തരുത്, യാതൊരു പാടുകളും ശരീരത്തിൽ ഉണ്ടാകരുത്, കൊലപാതകങ്ങൾ രാത്രി 10 മണിക്കും പരമാവധി 12 മണിക്കും ഇടയിൽ ആയിരിക്കണം തുടങ്ങി കുറെയധികം നിർദ്ദേശങ്ങൾ ഇവർക്ക് കിട്ടിയിരുന്നു. അത് കൊണ്ട് ഇവർ സാധാരണ കൊലപാതകങ്ങൾ നടത്തുന്നത് രാത്രി 10 മണിക്ക് ശേഷം ആണ്. ജോണിക്കുട്ടി ഒഴികെയുള്ള എല്ലാവരും ശാരീരികമായി ക്ഷീണിച്ചവർ ആയിരുന്നു. അത്തരം ആളുകളെ മുഖംമൂടി ഉപയോഗിച്ച് ഭയപ്പെടുത്തിയ ശേഷം ആണ് ഇവർ മരുന്ന് ഇന്ജെക്റ്റ് ചെയ്തിരുന്നത്. അത് കൊണ്ട് ആ ആളുകളുമായി ഇവർക്ക് മൽപിടുത്തം നടത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് നേരത്തെ മരിച്ചവരുടെ മൃതദേഹങ്ങൾ കിടന്നിരുന്നത്തിന്റെ അടുത്തൊന്നും മൽപിടുത്തം നടന്നതിന്റെ ലക്ഷണങ്ങൾ കാണാതിരുന്നത്. ജോണികുട്ടിയുടെ കാര്യത്തിൽ ഇവർക്ക് ആകെ അബദ്ധങ്ങൾ മാത്രമാണ് സംഭവിച്ചത്. പ്രധാനമായി സംഭവിച്ചത് സമയം ആണ്. രണ്ട് ഇവർക്ക് അയാളുമായി മൽപിടുത്തം നടത്തേണ്ടി വന്നു. ആളുകൾ വരുന്നു എന്ന് ഭയപ്പെട്ട് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടപ്പോൾ അവരുടെ കയ്യിൽ നിന്ന് സിറിഞ്ച് അവിടെ നഷ്ടപ്പെടുകയും ചെയ്തു. സമയത്തിന്റെ കാരണം കൊണ്ട് പോസ്റ്റുമോർട്ടത്തിൽ മരുന്നിന്റെ അംശം ശരീരത്തിൽ കാണും, പോലീസ് മൃതശരീരം കിടന്നിരുന്നതിന്റെ പരിസരം പരിശോധിച്ചാൽ മൽപിടുത്തം നടന്ന ലക്ഷങ്ങൾ കാണും, സിറിഞ്ചും അവിടെ നിന്ന് കിട്ടും എല്ലാം അവർ മനസിലാക്കിയിരുന്നു “.
“ഈ കാരണങ്ങൾ കൊണ്ട് പിടിക്കപ്പെടും എന്നത് അവർക്ക് ഉറപ്പായിരുന്നു. അത് കൊണ്ട് അനൂപും സംഘവും കുറച്ചു ദിവസങ്ങളായി ഇവിടെ നിന്ന് മാറി നിൽക്കുകയായിരുന്നു. ഈ മരണം കൊലപാതകം ആണെന്ന രീതിയിലുള്ള വാർത്തകൾ വരാതിരുന്നത് കൊണ്ട് ഇവർ കരുതിയത് പോലീസും നാട്ടുകാരും ഇതും സ്വാഭാവിക മരണം ആണെന്ന് വിശ്വസിച്ചു എന്നാണ്. അങ്ങിനെ കരുതിയ അവർ നമ്മൾ അന്ന് കണ്ടതിന്റെ തലേ ദിവസം ആണ് തിരികെ ഇവിടേക്ക് തിരികെ വന്നത്. അത് പക്ഷെ നമ്മുടെ വായിലേക്ക് ആയി എന്ന് മാത്രം”
“കുട്ടായിയെ ഇവന് അറിയാമോ ?”
“ഇല്ല സർ, ഇവന് ആകെ കോണ്ടാക്റ്റ് ഉള്ളത് ഫെമിനയുമായി മാത്രം ആണ്.
“എടോ നമുക്ക് ആ കുട്ടായിയെ പൊക്കണം”
“സാറേ ഇന്നിനി ഈ സമയത്ത് അറസ്റ്റ് ചെയ്താൽ പ്രശ്നം ആകില്ലേ ?”
“ഇന്ന് വേണ്ടടോ, നാളെ രാവിലെ മതി”
“അല്ല സർ, കുട്ടായി ഇവരെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചാൽ, ഇവരെ കിട്ടാതെയാകുമ്പോൾ അയാൾ അപകടം മണത്താൽ, അയാൾ രക്ഷപെടാനുള്ള സാധ്യത ഇല്ലേ ?”
“ഇപ്പോൾ സമയം 12 കഴിഞ്ഞില്ലേ, കുട്ടായി, ഇന്നിനി ഇവരെ കോണ്ടാക്റ്റ് ചെയ്യാൻ സാധ്യത കുറവാണ്. അത് കൊണ്ട് ഇവർ നമ്മുടെ കസ്റ്റഡിയിൽ ഉള്ളത് അയാൾ അറിയാനും സാധ്യത കുറവാണ്. നമുക്ക് ഒരു കാര്യം ചെയ്യാം. ഫെമിനയോടും ഐഷയോടും ചോദിക്കാം, കുട്ടായി സ്ഥിരമായി ഇവരെ കോണ്ടാക്റ്റ് ചെയ്യുന്ന സമയം എപ്പോഴാണെന്ന്. അത് അറിഞ്ഞ ശേഷം തീരുമാനിക്കാം എപ്പോൾ അയാളെ കസ്റ്റഡിയിൽ എടുക്കണം എന്നത്. നാളെ രാവിലെ കോണ്ടാക്റ്റ് ചെയ്യുകയുള്ളൂ എന്നാണെങ്കിൽ ഇവരെ വിളിക്കുന്നതിന് മുൻപ് നമുക്ക് അയാളെ പൊക്കാൻ പോകണം. വാടോ, ആദ്യം നമുക്ക് അവരോട് ചോദിക്കാം”
ഫെമിനയോടും ഐഷയോടും ചോദിക്കാനായി പ്രതാപും അനീഷും അവരെ കിടത്തിയിരിക്കുന്ന റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ സുറുമി ഐഷയുടെയും, അപർണ ഫെമിനയുടെയും മുട്ട് കാലിന്റെ താഴെയുള്ള ഭാഗത്തെ മസിലിൽ വണ്ണമുള്ള ലാത്തി വടി കൊണ്ട് ഉഴിയുകയാണ്. അവർ രണ്ടാളും വേദന കൊണ്ട് കിടന്ന് നിലവിളിക്കുന്നുമുണ്ട്. സീൽ ചെയ്ത റൂം ആയത് കൊണ്ട് ശബ്ദം ഒട്ടും പുറത്തേക്ക് കേൾക്കുന്നില്ല എന്നു മാത്രം.
“എന്തായെടോ, മര്യാദക്കാർ ആയോ രണ്ടാളും ?”
“ഇനി ഇവളുമാർ ജീവിതത്തിൽ മനുഷ്യനെ എന്നല്ല ഒരു കൊതുകിനെ പോലും കൊല്ലാൻ പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ഇല്ല സർ” സുറുമി മറുപടി നല്കി.
“ഐഷ, കുട്ടായി സാധാരണ നിങ്ങളെ കോണ്ടാക്റ്റ് ചെയ്യുന്ന സമയം എപ്പോഴാണ് ?”
നിറഞ്ഞു തുളുമ്പിയ കണ്ണുനീർ തുടച്ച് ഏങ്ങി കരഞ്ഞു കൊണ്ട് ഐഷ മറുപടി കൊടുത്തു.
“എല്ലാ ദിവസവും രാവിലെ ഞങ്ങൾ അങ്ങോട്ട് വിളിക്കുന്നതാണ് പതിവ്. രാവിലെ പത്ത് മണിക്ക് മുൻപായി വിളിച്ചില്ലെങ്കിൽ മാത്രം സർ ഇങ്ങോട്ട് വിളിക്കും”
പ്രതാപ് സുറുമിയുടെയും അപർണയുടെയും നേരെ തിരിഞ്ഞ് കൊണ്ട്
“കാലിലെ ഈ പാടുകൾ എല്ലാം കളയണം. തേൻ പുരട്ടിയാൽ മതി. അല്ലെങ്കിൽ കോടതിയിൽ ഹാജരാക്കുമ്പോൾ നമുക്ക് പണി കിട്ടും. നമ്മൾ ഉപദ്രവിച്ച കാര്യം ഇവളുമാർ പറയില്ല. പറഞ്ഞാൽ കസ്റ്റഡിയിൽ കിട്ടുന്ന ഇവരെ പിന്നെ പുറം ലോകം കാണിക്കില്ല. കൊന്ന് ഞാൻ കെട്ടിതൂക്കും. കേട്ടല്ലോ ?” ഐഷയുടെയും ഫെമിനയുടെയും നേരെ നോക്കി കൊണ്ട് പ്രതാപ് മുരണ്ടു. രണ്ട് പേരും തല കുലുക്കി.
അവിടെ നിന്ന് പുറത്ത് ഇറങ്ങിയ പ്രതാപും അനീഷും നാളെക്കുള്ള പ്ലാനുകൾ തയ്യാറാക്കാൻ തുടങ്ങി…
ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ആണ്. കഥയെ കഥയായി മാത്രം കാണുക. ഏതൊരു കഥയും എഴുത്തുകാരന്റെ ഭാവനയിൽ വിരിയുന്നത് മാത്രം ആണ്…
തുടരും…
Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here