മരണങ്ങളുടെ തുരുത്ത് Malayalam Novel

മരണങ്ങളുടെ തുരുത്ത് Part 22

ഫോൺ കട്ടാക്കിയപ്പോഴേക്കും എസ് പി മനു മാത്യുവിന്റെ ഇന്നോവ കാർ റെസ്റ്റ്ഹൗസിന്റെ മുന്നിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ എസ് പിയെ പ്രതികപ് സല്യൂട്ട് ചെയ്തു.

“വേഗം വാടോ, സി എം ചൂടിലാണ്”

അകത്തെക്കുള്ള സ്റ്റെപ്പുകൾ ഓടി കയറി പ്രതാപും എസ് പിയും സി എമ്മിന്റെ മുന്നിലെത്തി.

ഡോറിൽ മുട്ടിയതും സി എമ്മിന്റെ പി എ നജ്മൽ വന്ന് ഡോർ തുറന്നു.

“എവിടെയായിരുന്നു രണ്ടാളും. മാഡം ആകെ ചൂടിലാണ്”

“ഫോറൻസിക്ക് റിപ്പോർട്ട് കിട്ടാൻ അല്പം വൈകി. അതാണ് ലേറ്റ് ആയത്”

“ശരി കേറി വാ”

അകത്തേക്ക് കയറിയ പ്രതാപും എസ് പിയും അകത്തിരിക്കുന്ന ഡി ജി പി അനിലനെയും സി എം ആമിനയെയും സല്യൂട്ട് ചെയ്തു.

“എവിടെ ആയിരുന്നെടോ ?”

“ഫോറൻസിക്ക് ലാബ് റിപ്പോർട്ട് കിട്ടാൻ അല്പം വൈകി സർ”

“ശരി, എന്തായി പ്രതാപ് തന്റെ അന്വേഷണം”

“സർ അന്വേഷണം ഏകദേശം പൂർത്തിയായി”

“ആരാടോ അവിടെ നടന്ന മരങ്ങൾക്ക് പിറകിൽ”

“സർ, അവിടെ നടന്ന മുഴുവൻ മരണങ്ങളും കൊലപാതകങ്ങൾ ആണ്. അതിൽ അവസാനം നടന്ന മരണം, ‘ഒരു ജോണിക്കുട്ടി’ അത് മാത്രമേ നമുക്ക് കൊലപാതകം എന്നു തെളിയിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതിന്റെ പിറകെ പോയാണ് ഞാൻ ബാക്കി മരണങ്ങളുടെ കാരണം കൂടി കണ്ടെത്തിയത്”

“ആരാടോ ഈ മരണങ്ങളുടെ പിറകിൽ ?”

പ്രതാപ് കുട്ടായിയുടെയും മറ്റുള്ളവരുടെയും മൊഴികളും വീഡിയോകളും അടക്കം കയ്യിലുള്ള എല്ലാ തെളിവുകളും ഡി ജി പി യുടെയും സി എമ്മിന്റെയും മുന്നിൽ വെച്ച് താൻ അന്വേഷിച്ച് ഇതുവരെ കണ്ടെത്തിയ എല്ലാ കാര്യങ്ങളും അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി.

എല്ലാം ബോധ്യമായ ശേഷം സി എം എഴുന്നേറ്റ് പ്രതാപിന് നേരെ കൈ നീട്ടി കൊണ്ട്

“അഭിനന്ദനങ്ങൾ മിസ്റ്റർ പ്രതാപ്, ആ തുരുത്തിലെ ജനങ്ങളെ വലിയൊരു ആപത്തിൽ നിന്നാണ് താങ്കൾ രക്ഷിച്ചത്. അവിടെയുള്ളവരെ മാത്രമല്ല, ആ സ്ഥാപനം അവിടെ വന്നിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങൾ ആകെ അനുഭവിക്കേണ്ടിയിരുന്ന ഒരു വിപത്തിൽ നിന്ന് കൂടിയാണ് താങ്കൾ എല്ലാവരെയും രക്ഷിച്ചത്. കേരളത്തിലെ ഓരോ മനുഷ്യർക്കും താങ്കളോട് ഉള്ള നന്ദി ഞാൻ രേഖപ്പെടുത്തുന്നു”

“മാഡം, ഞാൻ എന്റെ ഡ്യൂട്ടി മാത്രമേ ചെയ്തിട്ടുള്ളൂ”

“താങ്കളുടെ ഡ്യൂട്ടി താങ്കൾ കൃത്യമായി ചെയ്തത് കൊണ്ടാണ് ഇവരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞത്”

“സർ, മാഡം രണ്ടു പേരോടും കൂടി ഒരു കാര്യം”

“എന്താണ് പ്രതാപ് ?”

“എത്രയും പെട്ടെന്ന് എം എൽ എ യെ അറസ്റ്റ് ചെയ്യാനുള്ള ഓർഡർ ഇടണം”

“എടോ, ഒരു എം എൽ എ യെ അങ്ങിനെയൊന്നും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പ്രതാപിന് അറിയാലോ. ഞാൻ അയാളെ ഇങ്ങോട്ട് വിളിപ്പിച്ചിട്ടുണ്ട്. തെളിവുകൾ എല്ലാം അയാൾക്ക് എതിരായത് കൊണ്ട് അയാളെ ആദ്യം രാജിവെപ്പിക്കണം. അതിന് ശേഷം അയാളെ അറസ്റ്റ് ചെയ്യാം”

“ശരി മാഡം”

“അല്ലെടോ, ആ അമേരിക്കൻ കമ്പനിയുടെ ആളുകളെ നമുക്ക് എന്താ ചെയ്യാൻ കഴിയുക. അവരെ എങ്ങനെ അറസ്റ്റ് ചെയ്യാൻ കഴിയും”

സി എമ്മിന്റെ ചോദ്യത്തിന് ഡി ജി പി മറുപടി പറയാൻ തുടങ്ങി.

“മാഡം, അവർ നമ്മുടെ അധികാര പരിധിയിൽ കേസുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം നമുക്കില്ല. പ്രതാപ് പറയുന്നത് പ്രകാരം അവർ ആളുകളെ കൊല്ലാനുള്ള ക്വട്ടേഷൻ അല്ല ഫൈസലിനും കുട്ടായിക്കും കൊടുത്തിരിക്കുന്നത്. മറിച്ച് ആ സ്ഥലം വാങ്ങി കൊടുക്കാനുള്ളത് ആണ് കൊടുത്തിരിക്കുന്നത്. ആ സ്ഥലം വാങ്ങിക്കുന്നതിന് വേണ്ടി കൂട്ടായിയും ഫൈസലും കണ്ടെത്തിയ വഴിയാണ് ഈ കൊലപാതകങ്ങൾ. അത് കൊണ്ട് അതിൽ അവരെ ഉൾപ്പെടുത്താൻ കഴിയില്ല. പിന്നെ അവരുടെ ഹോസ്പിറ്റലുകളുടെ മറവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് കുട്ടായിയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി കോടതിയിൽ നമുക്ക് റിപ്പോർട്ട് കൊടുക്കാം, കൂടെ സെൻട്രൽ ഗവണ്മെന്റിനെ അറിയിക്കുകയും ചെയ്യാം. അതിൽ കൂടുതൽ നമുക്ക് ഒന്നും ചെയ്യാൻ ഇല്ല”

“ശരി അനിലൻ. അതിന് വേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്തോളു”

“മാഡം എനിക്കൊരു കാര്യം പറയാനുണ്ട്”

“എന്താണ് മനു ?”

“മാഡം, എം എൽ എ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയാൻ കഴിയുമോ ?”

“എന്തിനാണ് മനു ?”

“അയാളുടെ വീട് സെർച്ച് ചെയ്യണം. അയാളെയും കുട്ടായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കൂടുതൽ തെളിവുകൾ കൂടി കണ്ടെത്താനുണ്ട്. പിന്നെ ആ സ്ഥലം വാങ്ങിക്കാൻ ഇവരെ ഏൽപ്പിച്ചു എന്നതിന്റെയും തെളിവുകൾ കണ്ടെത്തണം. അതിന് അയാൾ വീട്ടിൽ ഇല്ലെങ്കിൽ മാത്രമേ നടക്കുകയുള്ളൂ. മാഡം അയാളെ വിളിച്ച് എവിടെയാണെന്ന് തിരിക്കിയാൽ നന്നായിരുന്നു”

“എടോ, അങ്ങിനെ പെട്ടെന്ന് ഒരാളുടെ വീട് സെർച്ച് ചെയ്യാൻ കഴിയുമോ ?”

“അറിയാം സർ. നമുക്ക് ഈ തെളിവുകൾ മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തിച്ച് സെർച്ച് ഓർഡർ വാങ്ങിക്കാൻ കഴിയും. മജിസ്‌ട്രേറ്റ് ഓര്ഡര് ഉണ്ടെങ്കിൽ പിന്നെ കുഴപ്പമുണ്ടാകില്ല”

“ശരി, മാഡം അയാളെ വിളിച്ച് അന്വേഷിക്കാമോ. എവിടെയാണെന്ന്”

“ശരി അനിൽ. ഞാൻ ചോദിക്കാം”

സി എം ഫോൺ എടുത്ത് ഫൈസലിനെ വിളിച്ചു സംസാരിച്ചു.

ഫോൺ കട്ടാക്കിയ ശേഷം സി എം അനിലന് നേരെ തിരിഞ്ഞ്

“അയാൾ ഇങ്ങോട്ട് വരുന്നുണ്ട്. മനുവും പ്രതാപും കൂടി അയാളുടെ വീട് സെർച്ച് ചെയ്യാനുള്ള ഓര്ഡര് വാങ്ങി, സെർച്ച് നടത്താനുള്ള കാര്യങ്ങൾ ചെയ്തോളു. പിന്നെ മനു, കുറച്ചു ഫോഴ്സിനെ ഇങ്ങോട്ട് വിടാനും കുറച്ചു പേരെ റെയ്ഡ് നടക്കുന്ന സ്ഥലത്തേക്ക് വിടനുമുള്ള ഓര്ഡര് കൊടുക്ക്. അയാളുടെ അണികൾ എന്നു പറയുന്ന മണ്ടന്മാർ അല്ലെങ്കിൽ എന്തേങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ അത് ബുദ്ധിമുട്ടല്ലേ”

“ശരി സർ”

ഡി ജി പി യേയും സി എമ്മിനെയും സല്യൂട്ട് ചെയ്ത ശേഷം പുറത്തേക്ക് പോയി. പുറത്തിറങ്ങിയ പ്രതാപ് അനീഷിനെ വിളിച്ച് എത്രയും പെട്ടെന്ന് റെസ്റ്റ് ഹൗസിൽ എത്തുവാൻ വിളിച്ചു പറഞ്ഞു.

റെസ്റ്റ് ഹൗസിൽ എത്തിയ അനീഷിന്റെ കയ്യിൽ എല്ലാ തെളിവുകളും ഏൽപ്പിച്ച്, മജിസ്‌ട്രേറ്റിന്റെ പോയി കണ്ട്, ഫൈസലിന്റെ വീട് സെർച്ച് ചെയ്യാനുള്ള ഓർഡർ വാങ്ങി, അയാളുടെ വീട് സെർച്ച് ചെയ്യാൻ ഏല്പിച്ചു. മനു കണ്ട്രോൾ റൂമിൽ വിളിച്ച് ഒരു പോലീസ് ഗ്രൂപ്പിനെ റെസ്റ്റ് ഹൗസിലേക്കുമൊരു ഗ്രൂപ്പിനെ അനീഷിനെ അസിസ്റ്റ് ചെയ്യാനും ഓർഡർ കൊടുത്തു.

അല്പം കഴിഞ്ഞതും റെസ്റ്റ് ഹോസ്സിലേക്ക് എം എൽ എ ബോർഡ് വെച്ച കാറിൽ ഫൈസൽ വന്നു. സി എമ്മിന്റെ റൂമിൽ എത്തിയ ഫൈസൽ അവിടെ എല്ലാവരെയും കണ്ടതോടെ ആകെ വിയർത്തു.

“എന്താണ് മാഡം. വരാൻ പറഞ്ഞത് ?”

“ഫൈസൽ, നിങ്ങളുടെ പേരിൽ വലിയൊരു കുറ്റകൃത്യം തെളിവുകൾ സഹിതം കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്താണ് താങ്കൾക്ക് അതിൽ എന്താണ് പറയാനുള്ളത് ?”

“എന്ത് കുറ്റകൃത്യം ആണ് മാഡം. എനിക്ക് ഒന്നും അറിയില്ല”

“പുഴയക്കര ഗ്രാമം എന്ന സ്ഥലത്ത് നടന്ന കൊലപാതകങ്ങളിൽ നിങ്ങൾക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആ ഗ്രാമത്തിലെ സ്ഥലങ്ങൾ വാങ്ങി, ഒരു അമേരിക്കൻ ഹോസ്പിറ്റൽ കമ്പനിക്ക് മറിച്ച് കൊടുക്കുവാൻ സുനിൽ കുട്ടായി എന്ന ഗൾഫ് ബിസിനസുകാരനും താനും കൂടിയാണ് ഫെമിന, ഐഷ എന്നീ സ്ത്രീകൾ മുഖേന അനൂപ് എന്ന വാടക കൊലയാളിയെ അവിടെയുള്ളവരെ കൊല്ലാൻ ഏല്പിച്ചതെന്നും നിങ്ങൾ രണ്ടാളും ആണ് ഇതിന് വേണ്ടി പണം മുടക്കിയതെന്നുമാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്”

“അത് കളവാണ് മാഡം. ഈ സുനിൽ കുട്ടയിയെയോ, മാഡം പറഞ്ഞ സ്ത്രീകളെയോ എനിക്ക് അറിയില്ല”

“എടോ, എം എൽ എ എന്ന പദവി ഉള്ളത് കൊണ്ട് മാത്രമാണ് നീ ഇപ്പോൾ ഇവിടെ നിന്ന് ചിലക്കുന്നത്. അല്ലെങ്കിൽ എന്റെ കയ്യുടെ ചൂട് നീ അറിഞ്ഞേനെ” പ്രതാപ് പറഞ്ഞു നിർത്തി.

“പ്രതാപ് മിണ്ടാതിരി. അയാൾക്ക് പറയാനുള്ളത് പറയട്ടെ” സി എം പറഞ്ഞു.

“അല്ല മാഡം, ഇവൻ കുട്ടായിയുടെ വീട്ടിൽ ചെന്നതിനും അവിടെ ലാസ്റ്റ് ദിവസം നടന്ന ഗൂഢാലോചനയിൽ പങ്കെടുത്തതിനും വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്. ഇയാളുടെ വണ്ടി ആ വീട്ടിലേക്ക് കഴിഞ്ഞ ദിവസം കയറിപോകുന്നത് നമ്മുടെ പോലീസ് എടുത്ത വീഡിയോയിൽ ഉണ്ട്. കൂടാതെ കുട്ടായിയുടെ വീട്ടിലുള്ള സീ സി ടീ വി ക്യാമറയിൽ ഇയാൾ അവിടെ ഇരുന്ന് സംസരിക്കുന്നതും ഉണ്ട്. പിന്നെയും ഇയാൾ ഇമ്മാതിരി നുണകൾ പറയുമ്പോൾ എന്താ വേണ്ടത്. മാത്രമല്ല ലാസ്റ്റ് നടന്ന ഗൂഢാലോചനയിൽ ഇയാൾ കൂടി പങ്കെടുത്തിരുന്നു എന്നാണ് ഫെമിനയുടെയും ഐഷയുടെയും മൊഴി. ഇത്രയും തെളിവുകൾ പോരെ മാഡം ഇയാളെ അറസ്റ്റ് ചെയ്യാൻ. മാത്രമല്ല ഇയാളെയും അമേരിക്കൻ കമ്പ്നിയെയും കുട്ടായിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തെളിവുകൾ ശേഖരിക്കാൻ അനീഷ് ഇപ്പോൾ ഇയാളുടെ വീട് സെർച്ച് ചെയ്യുന്നുമുണ്ട്. അത് കൂടി കഴിഞ്ഞാൽ ഇയാളെ അനങ്ങാൻ സമ്മതിക്കില്ല”

എല്ലാം കേട്ടതോടെ ഫൈസൽ തളർന്ന് അവിടെ കിടന്നിരുന്ന ഒരു കസേരയിൽ ഇരുന്നു.

“ഫൈസൽ, എന്ത് പറയുന്നു നിങ്ങൾ ?”

“കുറ്റങ്ങൾ സമ്മതിക്കുന്നു അല്ലെ”

“മാഡം, പണത്തിനോടുള്ള ആർത്തി കൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി. എന്നോട് ക്ഷമിക്കണം. എന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കരുത്”

“രാഷ്ട്രീയ ഭാവി. ത്ഫൂ” സി എം നീട്ടി തുപ്പി.
“എടോ, ഒരു പൊതുപ്രവർത്തനം എന്നത് ജനങ്ങളെ സേവിക്കാൻ ആണ് ഉപയോഗിക്കേണ്ടത്. അല്ലാതെ അവരെ ദ്രോഹിക്കാൻ അല്ല. കേരളത്തിലെ ജനങ്ങൾക്ക് സംഭവിക്കാവുന്ന വലിയൊരു ദുരന്തം താൻ അറിഞ്ഞിട്ട് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനോ, ആ വിവരം ഇവിടെയുള്ള ഗവണ്മെന്റിനെ അറിയിക്കാനോ ശ്രമിക്കാതെ, തിരഞ്ഞെടുത്ത ജനങ്ങളോട് കടമകൾ ഓർക്കാതെ അവർക്ക് വേണ്ട ഒത്താശകൾ ചെയ്തു കൊടുത്ത നിന്നെ, രാഷ്ട്രീയ ഭാവിയുടെ പേരിൽ ഞാൻ വെറുതെ വിടണം അല്ലെ. എന്നിൽ നിന്നും നീ ഒരിക്കലും അത് പ്രതീക്ഷിക്കണ്ട. നീ ഇപ്പോ, ഇവിടെ വെച്ച് എനിക്ക് നിന്റെ എം എൽ എ സ്ഥാനം രാജിവെക്കുന്ന കത്ത് എഴുതി തരണം. പാർട്ടി പ്രസിഡന്റിനോട് ഞാൻ പറഞ്ഞോളാം”

“മാഡം, പ്ലീസ്, എന്റെ ഇമേജ് ഓർത്തെങ്കിലും എന്നെ വെറുതെ വിടണം. രാജി ഞാൻ ഇപ്പോൾ സമർപ്പിക്കാം. പക്ഷെ എന്നെ അറസ്റ്റ് ചെയ്യരുത്”

“നീ ഇപ്പോൾ എനിക്ക് രാജികത്ത് തരികയും വേണം. നിന്നെ ഇപ്പോൾ ഇവർ അറസ്റ്റ് ചെയ്യുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട”

എല്ലാം നഷ്ടപ്പെട്ടെന്ന് മനസിലായ ഫൈസൽ തന്റെ രാജിക്കത്ത് മിനിസ്റ്റർക്ക് നൽകി.

രാജിക്കത്ത് സ്വീകരിച്ച ശേഷം പാർട്ടി പ്രസിഡന്റ് ലെനീഷിനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ച ശേഷം, ഫൈസലിനെ അറസ്റ്റ് ചെയ്യാനുള്ള ഓര്ഡര് കൊടുത്തു.

വൈകുന്നേരം റെസ്റ്റ് ഹൗസിൽ വിളിച്ച പത്ര സമ്മേളനത്തിൽ സി എം തുരുത്തിലെ കൊലപാതകങ്ങളുടെ വിശദ വിവരങ്ങൾ പത്രക്കാർക്ക് കൊടുത്തു. പിറ്റേ ദിവസം കോടതിയിൽ ഹാജരാക്കിയ മുഴുവൻ പ്രതികളെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 14 ദിവസത്തിന് ശേഷം നടന്ന വിചാരണയിൽ പ്രതികളുടെ പേരിൽ കുറ്റം തെളിയിക്കപ്പെട്ടതിനാൽ കേരളം ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയതിന് കേസിലെ ആദ്യ അഞ്ച് പ്രതികളായ ഫൈസൽ, സുനിൽ കുട്ടായി, ഐഷ, ഫെമിന, അനൂപ് എന്നിവരെ മരണം വരെ തൂക്കിലേറ്റാനും അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിൽ നടക്കുന്ന പ്രവർത്തങ്ങൾ സി ബി ഐ അന്വേഷിക്കാനും ഉത്തരവ് പുറപ്പെടുവിച്ചു.

കേരളത്തിലെ ജനങ്ങളെ വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പ്രതാപിന് ഗവണ്മെന്റ് ഡബിൾ പ്രൊമോഷൻ നൽകി എസ് പി യായി നിയമിച്ചു.

ഇതോടെ മരണങ്ങളുടെ തുരുത്ത് എന്ന പേരിൽ എഴുതിയ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി രചനക്ക് ഇവിടെ പരിസമാപ്തി കുറിക്കുന്നു. ഒരു സിനിമ കണ്ടിരുന്നപ്പോൾ കിട്ടിയ ചെറിയൊരു ത്രെഡിൽ നിന്നാണ് ഈ രചനയുടെ പിറവി. അത് ഇത്രയധികം ഭാഗങ്ങൾ ഉള്ള ഒരു നോവൽ ആയി മാറിയത് വായനക്കാരുടെ പ്രോത്സാഹനം കൊണ്ട് മാത്രമാണ്. ക്ലൈമാക്സ് വായനക്കാർ പ്രതീക്ഷിച്ചത് പോലെ നന്നായിട്ടില്ലെങ്കിൽ പ്രിയ വായനക്കാർ ക്ഷമിക്കുമെന്ന് കരുതുന്നു. ഇതിലെ കഥാപാത്രങ്ങളുടെ പേരുകൾ പലർക്കും പരിചയമുള്ളത് ആണ്. ആ പേരുകളെ വെറും കഥാപാത്രങ്ങളായി മാത്രം കാണുക. പേരുകൾ മാത്രമേ പരിചയമുള്ളു, കഥാപാത്രങ്ങൾ എന്റെ വെറും ഭാവനയിൽ വിരിഞ്ഞത് മാത്രമാണ്.

എന്റെ രചനകളെ നിങ്ങൾ സ്വീകരിക്കുമെങ്കിൽ മറ്റൊരു രചനയുമായി വീണ്ടും കാണുന്നത് വരെ ചെറിയൊരു വിട. ഏവർക്കും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ഏവർക്കും നന്ദി….

End

Read complete മരണങ്ങളുടെ തുരുത്ത് Malayalam online novel here

മരണങ്ങളുടെ തുരുത്ത് Part 22
4.5 (90%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.