malayalam story

നല്ല പാതി

ഭർത്താവിന്റെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നു എന്ന് കേട്ടത് മുതൽ തുടങ്ങിയതാണ് മക്കളുടെയും മരുമക്കളുടെയും കുശുകുശുക്കൽ.

എല്ലാവരും വീട്ടിൽ ഒത്തുകൂടിയിട്ടുണ്ട്. പേരക്കുട്ടികളുടെ കൂടെ കളിക്കുമ്പോഴും അകത്തെ സംഭാഷണങ്ങളിൽ ആയിരുന്നു എന്റെ ശ്രദ്ധ..

” അച്ഛൻ വരുമ്പോൾ സ്വത്ത് മുഴുവൻ ഭാഗം വക്കണം. അമ്മയെ ഞാൻ കൊണ്ട് പൊക്കോളാം. അച്ഛൻ ഇവിടെ നിൽക്കട്ടെ. ” മൂത്ത മകന്റെ ശബ്ദം.

കൊണ്ട് പോകാം എന്ന് പറയുന്നത് ഇവിടത്തെ പോലെ പേരക്കുട്ടികളെ നോക്കാനും വീട്ട്‌ പണിക്കും ആണ്. എന്നാലും മക്കൾക്ക് വേണ്ടി ആണെന്നുള്ള സന്തോഷം ഉണ്ട്..എന്നാല് അദ്ദേഹം ഇല്ലാതെ പോകാനോ…

” അത് പറ്റില്ല. അമ്മ ഇവിടെ നിൽക്കട്ടെ. ചേട്ടൻ അച്ഛനെ കൊണ്ട് പോക്കൊളു. അമ്മ പോയാൽ ഇവിടാരാ..”

ഞെട്ടിപ്പോയി ഞാൻ. ഇളയ മകൻ ആണ് അത് പറഞ്ഞത്. ഇത്രയും നാൾ അവർക്ക് വേണ്ടി മണലാരണ്യങ്ങളിൽ കഷ്ടപ്പെട്ട അച്ഛനെ ആണ് അവർ തള്ളിപ്പറയുന്നത്.
കല്യാണം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വീടിനും വീട്ടുകാർക്കും വേണ്ടിയാണ് അദ്ദേഹം തന്നെ വിട്ട് പ്രവാസത്തേക് പോയത്. വർഷങ്ങൾക്ക് ശേഷം കിട്ടുന്ന ഒന്നോ രണ്ടോ മാസത്തെ അവധിക്ക് നാട്ടിൽ വരുമ്പോൾ കിട്ടുന്ന കുറച്ച് നാളത്തെ സാമിപ്യം മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും ഏഴ് കടലുകൾക്ക്‌ അക്കരെ തനിക്കും മക്കൾക്കും വേണ്ടി ഒത്തിരി കഷ്ടപ്പാടുകൾ സഹിച്ച് നിൽക്കുമ്പോളും മനസ്സ് നിറയെ സ്നേഹം തന്നാണ്‌ ജീവിച്ച് പോന്നത്.

അദ്ദേഹം തിരിച്ച് നാട്ടിൽ വരുന്നതും കൂടെ കഴിയുന്നതും പണ്ട് നടക്കാതെ പോയ യാത്രകൾ പൂർത്തിയാക്കണമെന്നും ഒക്കെയുള്ള ആഗ്രഹത്തിന്റെ മേൽ ആണ് മക്കൾ ഇപ്പോ ആണിയടിച്ചിരിക്കുന്നത്. തന്നെയും അദ്ദേഹത്തെയും അകറ്റുവാൻ…

വേഗം അകത്തേക്ക് ചെന്നു.

” എന്താടാ ഇവിടെ നടക്കുന്നത്?”

” അമ്മേ ജയേട്ടനു ഒരു ബിസിനെസ്സ് തുടങ്ങുന്നത് കുറച്ച് ക്യാഷ് ആവശ്യമാണ്. ഇത്രയും നാൾ അച്ഛൻ ഗൾഫിൽ നിന്നപ്പോൾ അച്ഛനോട് ചോദിക്കാമായിരുന്നു. ഇപ്പൊ അച്ഛൻ നിറുത്തി പോന്നാൽ കയ്യിൽ ഒന്നും കാണില്ല. ” നടുക്കുള്ള മോള് മായ പറയുന്നത് കേട്ടു എന്റെ ഉള്ളു പിടഞ്ഞു.

” അമ്മ ഒന്നും പറയണ്ട. ഞങ്ങൾ എല്ലാം തീരുമാനിച്ച് കഴിഞ്ഞു.”

മക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് കേട്ട് എന്റെ ബോധം മറയുന്നത് പോലെ തോന്നി.
*******

കണ്ണ് തുറക്കുമ്പോൾ മരുമകളുടെ ശകാര വർഷം ആണ് എന്നെ സ്വീകരിച്ചത്.

” മര്യാദക്ക് ഞങ്ങൾ പറയുന്നത് കേട്ട് നടന്നാൽ അമ്മക്ക് കൊള്ളാം.”

” അവരൊക്കെ എന്ത്യെ?”

അവളുടെ വാക്കുകൾക്ക് മറുപടി പറയാതെ ഞാൻ ചോദിച്ചു.

” അവര് പോയി. ഇനി അച്ഛൻ വരുന്ന ദിവസം വരും. ”
*****

ഇന്നാണ് അദ്ദേഹം വരുന്നത്. മക്കളുടെ മുഖത്ത് പണ്ട് കാണുന്നതു സന്തോഷം അല്ല. മറിച്ച് ഗൗരവം ആയിരുന്നു. അവരുടെ മുഖം വലിഞ്ഞ് മുറുകി ഇരിക്കുന്നതു പോലെയാണ് തോന്നിയത്.

മക്കളും മരുമകനും കൂടി അദ്ദേഹത്തെ കൊണ്ടുവരാൻ എയർപോർട്ടിലേക്ക് പോയി.
****
മുറ്റത്ത് കാർ വന്ന് നിന്നപ്പോൾ ഓടി മുറ്റത്തേക്ക് ഇറങ്ങി എങ്കിലും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുവാനുള്ള ധൈര്യം ഉണ്ടായില്ല.

പണ്ടത്തെ അത്ര ആരോഗ്യം ആ ശരീരത്തിന് ഇല്ലെന്ന് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.

” എന്താണ് കാർത്തിക തമ്പുരാട്ടി ഒന്നും മിണ്ടാതെ നിന്നുപോയത്.. ”

മറുപടി ഒരു പുഞ്ചിരി മാത്രമേ ഞാൻ നൽകിയുള്ളു.

” മക്കളെ ഇതിൽ കുറച്ച് സാധനങ്ങൾ ഉണ്ട്. എല്ലാവരും വീതം വച്ച് എടുത്തോളുട്ടോ. വല്ലാത്ത ക്ഷീണം. ഒന്ന് കിടക്കട്ടെ. ”

ഒരു വലിയ പെട്ടി അവരുടെ മുന്നിലേക്ക് വച്ചിട്ട് ഒരു ചെറിയ പെട്ടിയുമായി അദ്ദേഹം മുറിയിലേക്ക് നടന്നു. പിന്നാലെ ഞാനും.

” അമ്മ ഇപ്പോ തന്നെ ഒന്നും അച്ഛനോട് പറയണ്ട. ഞങ്ങൾ സംസാരിച്ചോളാം അച്ഛനോട് ”

മുറിയിലേക്ക് എത്തുന്നതിന് മുൻപ് മകൾ സ്വകാര്യമായി പറഞ്ഞു.

ഞാൻ മുറിയിൽ ചെന്ന് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നു എങ്കിലും അദ്ദേഹത്തോട് ഒന്നും പറഞ്ഞില്ല.

****

രാത്രി മുറ്റത്ത് ഇരിക്കുമ്പോൾ മക്കൾ എല്ലാവരും കൂടി സ്വത്ത് ഭാഗത്തിന്റെ കാര്യം അദ്ദേഹത്തിന്റെ മുന്നിൽ അവതരിപ്പിച്ചു..

എല്ലാവരെയും ഒന്ന് നോക്കി അദ്ദേഹം അകത്തേക്ക് കയറി പോന്നു..

” നമ്മുടെ കുട്ടികൾ അല്ലേ. അവർക്ക് ആവശ്യം കാണും. എല്ലാം കൊടുത്തേക്കു.” മുറിയിൽ എത്തിയ അദ്ദേഹത്തോട് പറഞ്ഞു.

” നാളെ ആവട്ടെ തീരുമാനം ഉണ്ടാക്കാം”

മുറിക്ക് പുറത്ത് കണ്ട നിഴലുകൾ അച്ഛന്റെയും അമ്മയുടെയും സംസാരം ഒളിഞ്ഞ് കേൾക്കാൻ വന്ന മക്കളുടേത് ആണെന്ന് മനസ്സിലായപ്പോൾ കൂടുതൽ പറയാൻ തോന്നിയില്ല.

പിറ്റേന്ന് രാവിലെ അദ്ദേഹം കൂട്ടുകാരനെ കാണുവാൻ എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി.

തിരിച്ച് വന്നിട്ടും എന്താണ് കാര്യം എന്നൊന്നും എന്നോട് പറഞ്ഞില്ല. മക്കൾ ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു കൈമലർത്തി..

സ്വത്ത് ഭാഗത്തിനുള്ള സമ്മതം അദ്ദേഹം എല്ലാവരോടുമായി അറിയിച്ചു.. എല്ലാവർക്കും സന്തോഷമായി എങ്കിലും അദ്ദേഹത്തെ പിരിയേണ്ടി വരുന്നത് ഓർത്തപ്പോൾ എനിക്ക് ഹൃദയം തകർന്നു പോകുന്നത് പോലെ തോന്നി.

പിന്നെ അങ്ങോട്ട് അച്ഛനോടുള്ള സ്നേഹ പ്രകടനം ആയിരുന്നു എല്ലാ മക്കളും. അത് കണ്ടപ്പോൾ എന്റെ ഉള്ളിൽ സങ്കടം തിങ്ങി. അദ്ദേഹത്തോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു. എന്നാല് അദ്ദേഹം സ്വത്ത് ഭാഗം ചെയ്യുന്നതിന്റെ നിയമത്തിരക്കിൽ ആയിരുന്നു..

എല്ലാ ദിവസവും തിരക്ക്. വൈകിട്ട് വന്നാൽ ഭക്ഷണം കഴിച്ച് കിടക്കും. അദ്ദേഹത്തിന്റെ ക്ഷീണം കാണുമ്പോൾ പറയാനുള്ളത് എല്ലാം നാളത്തേക്ക് മാറ്റി വക്കും.

അങ്ങനെ ഒരുമാസം പെട്ടന്ന് കടന്നുപോയി. സ്വത്തുക്കൾ മക്കളുടെ പേരിലേക്ക് മാറ്റപ്പെടുന്ന ദിവസം.

ആധാരം വാങ്ങാൻ അച്ഛനെയും കൂട്ടി ആൺമക്കൾ പോയി.

മരുമക്കൾ ആ സമയം അച്ഛന്റെ സാധനങ്ങൾ എല്ലാം ബാഗിലാക്കി വക്കുന്നുണ്ടായിരുന്നൂ. കൂടെ എന്റെ സാധനങ്ങളും വക്കുന്നത് എന്തിനെന്ന് എനിക്ക് മനസിലായില്ല. ഒരു പക്ഷെ മൂത്ത മകന്റെ വീട്ടിലേക്ക് തന്നെയും കൂടെ കൊണ്ടുപോകുന്നുണ്ടായിരിക്കും. മക്കൾക്ക് തങ്ങളോട് സ്നേഹമുണ്ട്. അച്ഛനെയും അമ്മയെയും അവർ പിരിക്കില്ല.

അദ്ദേഹം വന്നപ്പോൾ ഞങ്ങളെ കാറിൽ കയറ്റി യാത്രയായി. മകന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്ന സന്തോഷം വൃദ്ധ സദനം എന്ന ബോർഡ് കണ്ടതോടെ ഇല്ലാതായി.
തങ്ങളെ അവിടെ ആക്കി പോകുവാൻ തിരിഞ്ഞ മക്കളെ അദ്ദേഹം തിരിച്ച് വിളിച്ചു…

” എടാ മക്കളെ ഒന്ന് നിന്നേ… എന്നെ പോലെ ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വന്ന ഒരുവിധം ആളുകളുടെയും അവസാനം ഇവിടെ ആണെന്ന് എനിക്ക് അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ സമ്പാദിച്ചത്തിന്റെ ഒരു പങ്ക് ഞാൻ സേവ് ചെയ്തു വെക്കാനും തുടങ്ങിയിരുന്നു. ഭാഗ്യവശാൽ ഗൾഫിൽ ഒരു ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ എനിക്കാണ് കിട്ടിയതും. ഞങ്ങൾക്ക് രണ്ട് പേർക്കും ഇത് വരെ നിങ്ങൾക്കായി മാറ്റി വച്ച ഞങ്ങളുടെ സ്വപ്നം പൂർത്തിയാക്കാൻ അത് മതി. ഇത്രയും ദിവസം ഞങ്ങളുടെ സ്വപ്ന ഭവനം വാങ്ങാനും ലോട്ടറി എമൗണ്ട് ട്രാൻസ്ഫർ ചെയ്ത് കിട്ടാനും കുറച്ച് സമയം എടുത്തു. എന്നാലും ഇന്നത്തെ ദിവസത്തിന് മുൻപ് അത് കിട്ടി.
പിന്നെ… നിങ്ങളുടെ കൂടെ ഇങ്ങോട്ട് വന്നത്… നിങ്ങളുടെ മക്കളും അറിയട്ടെ അവരുടെ അച്ഛനും അമ്മയും ഞങ്ങളോട് ചെയ്തത് എന്താണെന്ന്..
ഒരുത്തനും ഈ സ്വത്തിൽ അവകാശം പറഞ്ഞ് വരണ്ട. ഇത് ഞങ്ങളെപോലെ ഉള്ളവരെ സ്വീകരിക്കാൻ മനസ്സ് കാട്ടിയ ഇതുപോലുള്ള വൃദ്ധ സദനങ്ങൾക്കും അനാഥാലയങ്ങൾക്കും ഉള്ളതാണ്. ”

ഇത്രയും പറഞ്ഞ് അദ്ദേഹം എന്നെയും കൂട്ടി ഞങ്ങളെ കാത്തു കിടക്കുന്ന കാറിന്റെ അടുത്തേക്ക് നീങ്ങി.

( നമ്മൾ ജീവിക്കുന്നത് നമ്മുടെ മക്കൾക്ക് വേണ്ടി തന്നെയാണ്. എന്നാലും ഭാവിയിലേക്ക് ഒരു കരുതലായി കുറച്ച് പൈസ സേവ് ചെയ്യാൻ മറക്കരുത്… ഇത്തരം അവസരങ്ങളിൽ അവ ഉപകരിക്കും.)

നല്ല പാതി
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.