malayalam novel

പ്രണയനിലാവ് – 1

രാവിലെ പ്രാതലിനുള്ള തയ്യാറെടുപ്പിലായിരുന്നു സ്റ്റെല്ല , നല്ല പാലപ്പവും കോഴിക്കറിയും ..

അമ്മച്ചി പള്ളിന്നു വരുന്നതിനു മുന്നെ തയ്യാറായില്ലെങ്കിൽ എന്റെ കർത്താവെ ഇന്ന് അവരുടെ വായിൽ ഇരിക്കുന്ന മുഴുവൻ ഞാൻ കേൾക്കേണ്ടി വരും. സമയം ഇപ്പോ തന്നെ 7.00 മണി ആയി , അമ്മച്ചി ഇപ്പൊ എത്തും.

അപ്പോഴാണ് വീടിന്റെ കാളിങ് ബെൽ അടിച്ചത് സ്റ്റെല്ല ഓടി ചെന്ന വാതിൽ തുറന്നു , പുറത്തു സേവിയർ ആരുന്നു.

“അച്ചായൻ എന്താ തനിച്ചു അമ്മച്ചി എന്തിയേ ?

“അമ്മച്ചി ആ തെക്കേപറമ്പിൽ കയറിട്ടുണ്ട് അവിടെ ഒരു വരിക്കച്ചക്ക മൂത്തു നിൽക്കുന്നുണ്ട് അത് ഇടാൻ വെട്ടിരുമ്പ് എടുക്കാൻ വന്നതാടി ഞാൻ …. “

“അതിനു നിങ്ങൾ പ്ലാവിൽ കേറാൻ പോവ്വാണോ മനുഷ്യ ..

ഇല്ലെടി ആ കുഞ്ഞിരാമൻ ഇല്ലേ തെങ്ങുകയറുന്ന , അവനെ പള്ളിന്നു ഇറങ്ങിയപ്പോൾ പോയി വിളിച്ചിട്ടുണ്ട് അവൻ കേറിക്കോളും…

എന്നാത്തിനാ ഇപ്പൊ ചക്ക …

എടി , ടീനകൊച്ചു വരത്തില്ലിയോ ഇന്ന് , അതിനു പോകുമ്പോ വറുത്തു കൊടുത്തുവിടാനാ ചക്ക. നീ വേഗം കഴിക്കാൻ തയാറാക്കി വെക്ക് അമ്മച്ചി ഇപ്പൊ വരും വന്നാൽ ഉടനെ മരുന്ന് കഴിക്കേണ്ടതാ.

ഓഹ് അതൊക്കെ ഞാൻ ഏകദേശം ശരിയാക്കി വെച്ചിട്ടുണ്ട് ഇനി കോഴിക്ക് ഒന്ന് കടുക് വറുത്തു ഇട്ടാൽ മതി .

എടിയേ… കടുക് വരയ്ക്കുമ്പോൾ രണ്ട് ഏലക്ക കൂടി പൊട്ടിച്ചിടാൻ മറക്കേണ്ട കേട്ടൊ .

എനിക്കറിയത്തില്ലിയോ മനുഷ്യാ ഞാൻ ആദ്യമായിട്ടല്ലല്ലോ കോഴിക്കറി ഉണ്ടാക്കുന്നെ .

ശരി ഞാൻ പോയേച്ചുവരാമേ…..

ഇതാണ് മാളിയേക്കൽ തറവാട് , ഇവിടെ അന്നമ്മയും മോൾ ടീനയും മാത്രമാണ് താമസിക്കുന്നത് . അന്നമ്മച്ചിയുടെ ഭർത്താവു തോമസ് ഒരു പട്ടാളക്കാരൻ ആയിരുന്നു ടീനക്ക് 10 വയസ്സുള്ളപ്പോൾ അവധിക്ക് വന്നിട്ട് പോയതാ പിന്നെ തിരികെ വന്നിട്ടില്ല , മരിച്ചോ ജീവിച്ചോ എന്ന് അറിയില്ല . അവിടെ പണിക്കു നിൽക്കുവാണ് സ്റ്റെല്ലയും ഭർത്താവു സേവിയറും .

ടീന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് കഴിഞ്ഞു .ഇന്ന് നാട്ടിലേക്കു വരുവാണ് അതിന്റെ ബഹളം ആണ് മാളിയേക്കൽ വീട്ടിൽ നടക്കുന്നത് .

അന്നാമ്മച്ചിയേ ഇത് എത്ര നേരമായി ഞാൻ കഴിക്കാൻ എടുത്തു വെച്ചേക്കുവാ എന്താ വരാത്തെ ?

എന്റെ കൊച്ചു ഇങ്ങു വന്നില്ലല്ലോ…

ടീന കുഞ്ഞു വരും ട്രെയിൻ വരെണ്ടായോ സേവ്യേരച്ചായൻ പോയിട്ടുണ്ട് വിളിക്കാൻ . അമ്മച്ചി എന്നതേലും വന്ന് കഴിക്ക് മരുന്ന് കഴിക്കണ്ടെ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ …

എനിക്കൊന്നും വേണ്ടാ എന്റെ കുഞ്ഞു വരാതെ എനിക്ക് ഒന്നും ഇറങ്ങത്തില്ല .

അന്നാമ്മച്ചിയേ……

ആ..ഹ്….വന്നോ …

എന്റെ അന്നക്കുട്ടി വഴിക്കണ്ണുമായി എന്നെ കാത്തിരിക്കുവാരുന്നോ ….

പിന്നല്ലാതെ നിന്നെ ഒന്ന് കാണാതെ എനിക്ക് വല്ല സമാധാനവും കിട്ടുമോടി കൊച്ചേ…

ടീന അമ്മച്ചിയെ കെട്ടിപിടിച്ചു നിന്നു.

വല്യ ഡോക്ടർ ആയി എന്നിട്ടിപ്പോഴും കുഞ്ഞാണെന്ന അവളുടെ വിചാരം …

ഞാൻ എന്നും എന്റെ അമ്മച്ചിടെ കുഞ്ഞുമോൾ അല്ലിയോ …

മതിയെടി കൊച്ചെ , കൊഞ്ചിയത് മതി പോയേ പോയി കുളിച്ചു വാ നിനക്കിഷ്ടപെട്ടതു ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്‌ .

അത് പിന്നെ എനിക്കറിയത്തില്ലിയോ ഒരാനെ തിന്നാൻ ഉള്ള വിശപ്പുണ്ട് ഞാൻ കുളിച്ചിട്ടു വരാമേ….

………………………
ടീന അമ്മച്ചിയുടെ മടിയില് തല വെച്ച് കിടക്കുവായിരുന്നു .അമ്മച്ചി ഒരു കൈ കൊണ്ട് അവളുടെ തലയിൽ തലോടുന്നുണ്ട് .

ടീന മോളെ ….

എന്നതാ അമ്മച്ചി …

നിന്നെകൊണ്ട് ഒറ്റയ്ക്ക് പറ്റുമോടി അവിടെ ….
അഗളി എന്ന് അല്ലെ പറഞ്ഞത് അത് കാട് അല്ലിയോ ……

വനപ്രദേശം ആണെങ്കിലും അത് കാട് ഒന്നുമല്ല എന്റെ അമ്മച്ചി…

എന്തായാലും ഞങ്ങൾക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പഠിച്ചവർക്ക് 1 കൊല്ലം റൂറൽ പോസ്റ്റിങ്ങ് ഒക്കെ ചെയ്തേ പറ്റുള്ളൂ അതിപ്പോൾ എവിടെ ആയാൽ എന്താ.

അമ്മച്ചിക്ക് അറിയാല്ലോ ഞാൻ ക്യാഷ് ഉണ്ടാക്കാൻ ഒന്നുമല്ല എംബിബിസ് എടുത്തത് എന്ന് എനിക്കവിടെ ഇഷ്ടപെട്ടാൽ ഞാൻ അവിടെ തന്നെ അങ്ങ് നിൽക്കും .

എന്നാലും നീ തനിച്ചു എങ്ങനെയാ ….

ഞാൻ തനിച്ചു അല്ലല്ലോ അവിടെ ഗവണ്മെന്റ് ക്വാർട്ടേഴ്‌സ് ഉണ്ട് വേറെ സ്റ്റാഫ് ഉണ്ട് പിന്നെ ആവിടെ ചെന്നിട്ടു നോക്കണം ആരെ എങ്കിലും സഹായത്തിനു കിട്ടുമോന്നു .

ഞാനും കൂടി വരട്ടെ നിന്റെ കൂടെ …

വേണ്ട അമ്മച്ചി അവിടെ ഒന്നും അമ്മച്ചിക്ക് പിടിക്കുകേല ….

എന്നാലും നിന്നെ തനിച്ചു എങ്ങനെയാ …

ഇത്രേം കാലം തനിച്ച് തന്നെ അല്ലായിരുന്നോ …

അത് പറഞ്ഞിട്ട് അമ്മച്ചിയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ ടീന മുറിയിലേക്ക് കയറി പോയി . അമ്മച്ചി അപ്പോഴും മാതാവിനോട് പ്രാർത്ഥിച്ചുകൊണ്ട് ഇരുന്നു ഇനി എങ്കിലും എന്റെ കുഞ്ഞിന് സന്തോഷവും സമാധാനവും കൊടുക്കണേ മാതാവേ .

**************

രാവിലെ പള്ളിയിലേക്ക് ഇറങ്ങിയതാരുന്നു ടീനയും അമ്മച്ചിയും .

“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ ”
“ഇപ്പോഴും എപ്പോഴും സ്തുതിയായി ഇരിക്കട്ടെ”

ടീന മോള് എപ്പോഴാ വന്നത്‌…

ഞാൻ ഇന്നലെ രാവിലെ എത്തി അച്ചോ

റൂറൽ പോസ്റ്റിങ്ങ് ആയി അല്ലെ ..

അതെ അച്ചോ …

ഇന്നലെ സേവിയറെ കണ്ടപ്പോൾ അവൻ പറഞ്ഞു , എവിടെയാ പോസ്റ്റിങ്ങ് ..

അഗളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ..

എന്നാ പോകുന്നെ ..

രണ്ടാഴ്ചക്കുള്ളിൽ ജോയിൻ ചെയ്യണം …

നന്നായി വരും …

അച്ഛൻ അവളുടെ തലയിൽ കൈ വെച്ച് പ്രാർത്ഥിച്ചു ..

———————-

സ്റ്റെല്ലയും സേവിയറും കൂടി ചേർന്നു ടീനക്ക് കൊണ്ടുപോകാൻ ഉള്ള ചക്ക ഉപ്പേരിയും , അച്ചാറും , ചമ്മന്തിപ്പൊടിയും ഒക്കെ തയ്യാറാക്കുവായിരുന്നു . അമ്മച്ചി കൂടെ ഇരുന്ന് ഒക്കേത്തിന്റേം പാകം നോക്കുന്നുണ്ടായിരുന്നു ടീന അടുക്കളയിലേക്ക് വന്നു .

അന്നക്കുട്ടിയെ ഇവിടെ ഇതെന്നതാ പരുപാടി…

ഇതെല്ലാം എനിക്ക് കൊണ്ടുപോവാനാണോ …

പിന്നല്ലാതെ..

ഇതെല്ലാം കൂടി എനിക്ക് വേണ്ടമ്മച്ചി ….

നീ ഒന്ന് മിണ്ടാതിരുന്നേ അന്യ നാട്ടിലേക്ക് പോവ്വാ അവിടുത്തെ ഒന്നും നിനക്ക് പിടിച്ചില്ലെങ്കിലോ ..

ഓ..ഹ്‌.. പിന്നെ ഞാൻ ആദ്യമായി അല്ലിയോ മാറി നിൽക്കുന്നേ…

എനിക്ക് വയ്യ എല്ലാം കൂടി കൊണ്ട് പോകാൻ ..

ടീന , നീ ഒന്നും പറയേണ്ട മിണ്ടാതെ ഇതങ്ങ് കൊണ്ട് പോയാൽ മതി .

ടീന പിന്നെ ഒന്നും പറയാൻ പോയില്ല , അമ്മച്ചിയോടു ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് അവൾക്കു അറിയാം .

………………….

എല്ലാവരോടും യാത്ര പറഞ്ഞു അവൾ ഇറങ്ങി തന്റെ ജീവിതത്തിലെ പുതിയ ഒരു അധ്യായത്തിലേക്ക് ..

സേവിയർ അവളെ ട്രെയിൻ കയറ്റി വിട്ടു .
പാലക്കാട് അവളുടെ കൂടെ പഠിച്ച ഒരു കൂട്ടുകാരി ഉണ്ടായിരുന്നു മായ . മായ വന്നു ടീനയെ അവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ട്പോയി .

അടുത്ത ദിവസം രാവിലെ അവർ അഗളിയിലേക്കു പുറപ്പെട്ടു . മായയുടെ കൂടെ അവളുടെ കാറിൽ ആയിരുന്നു പുറപ്പെട്ടത് . ഒരു പത്തു മണിയോട് കൂടി അവർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി .

ചുറ്റും മലകളും നിറയെ ചെടികളും പൂക്കളും ഒക്കെ കൂടി അവൾക്കു അവിടെ വല്ലാതെ ഇഷ്ടമായി . അവിടെ ജോയിൻ ചെയ്ത ശേഷം അവർ ക്വാർട്ടേഴ്‌സ് അന്വേഷിച്ചു പോയി .

ക്വാർട്ടേഴ്‌സ് എന്ന് പറയാൻ ഒന്നും ഇല്ല ചെറിയ ഒരു വീട് ആണ് ക്വാർട്ടേഴ്‌സ് ആക്കി എടുത്തേക്കുന്നത് , അതിന്റെ അടുത്തായിട്ടു ഒന്ന് രണ്ടു വീടുകൾ മാത്രം.

ടീനയും മായയും വാതിൽ തുറന്നു അകത്തു കയറി . ചെറിയ വീട് ആയിരുന്നെങ്കിലും നല്ല ഭംഗി ഉണ്ടായിരുന്നു . അവൾക്ക് ആ നാടും വീടും ഒക്കെ ഇഷ്ടായി അത് പോലെ ഒരു സ്ഥലം ആയിരുന്നു ടീന ആഗ്രഹിച്ചത് . ടീനക്ക് കൂട്ടിനായി ഒരു ദിവസം മായ അവിടെ നില്ക്കാം എന്ന് പറഞ്ഞു .

അവർ അവിടെ നിൽക്കുന്ന കണ്ടിട്ട് അടുത്ത വീട്ടിൽ നിന്നും ഒരു ചെറിയ പെൺകുട്ടി ഓടി വന്നു .

ആരാ ?? എന്താ വേണ്ടത് ??

കുട്ടി ഏതാ ?

അവൾ അടുത്തുള്ള ഒരു വീട്ടിലേക്കു കൈ ചൂണ്ടി .

ഞാൻ ആ വീട്ടിൽ ഉള്ളതാ , കനി . ചേച്ചി ആരെ കാണാൻ വന്നതാ രേണു ഡോക്ടറിനെ ആണോ ?

ഡോക്ടർ 2 ദിവസം മുന്നേ പോയല്ലോ .

ഞാനും മായയും ചിരിച്ചു പോയി കനിടെ സംസാരം കണ്ടപ്പോൾ . മായ പറഞ്ഞു ,
കനി ഇത് ടീന നിങ്ങളുടെ ഹെൽത്ത് സെന്ററിലെ പുതിയ ഡോക്ടർ .

കനി ആകെ അബദ്ധം പറ്റിയ പോലെ നിന്നു അയ്യോ , ഡോക്ടറെ എനിക്ക് അബദ്ധം പറ്റിയതാ ..

ഡോക്ടറെ എന്നൊന്നും കനി വിളിക്കണ്ട മോളു നേരത്തെ വിളിച്ച പോലെ ചേച്ചി എന്ന് വിളിച്ചാൽ മതി എനിക്കും അതാ ഇഷ്ടം .

കനി അത്ഭുതത്തോടെ അവളെ നോക്കി.

എന്താ കനി ഇങ്ങനെ നോക്കുന്നത് .

അല്ല …രേണു ഡോക്ടറിന് , ഡോക്ടർ എന്ന് വിളിക്കുന്നതായിരുന്നു ഇഷ്ട്ടം ഞാൻ ഒരിക്കൽ ചേച്ചി എന്ന് വിളിച്ചപ്പോൾ എന്റെ നേരെ കടിച്ചുകീറാൻ വന്നു , എന്നോട് മിണ്ടാറും കൂടി ഇല്ല .ചേച്ചി എന്ത് പാവമാ .

ടീന അവളെ ചേർത്തു പിടിച്ചു എന്നിട്ടു പറഞ്ഞു എനിക്ക് ഇവിടെ ആരെയും പരിചയം ഇല്ല മോള് ഇടയ്ക്കിടെ ഇവിടെ വരണം കേട്ടോ .

ചേച്ചി പറഞ്ഞോ ഞാൻ എന്ത് സഹായമാ ചെയ്യേണ്ടത് .

മായ അകത്തു നിന്നു ഇറങ്ങി വന്നു .

ടീന…

എന്താടി …

ഇവിടെ സാധനങ്ങൾ ഒന്നും ഇല്ല അത്യാവശ്യ സാധനങ്ങൾ വാങ്ങേണ്ടേ , എന്തെങ്കിലും കഴിക്കണം എങ്കിൽ ഉണ്ടാകണം അടുത്തെങ്ങും ഒരു ഹോട്ടൽ പോലും കണ്ടില്ലല്ലോ .

ടീന കനിയുടെ നേരെ തിരിഞ്ഞു
കനീ , ചേച്ചിക്ക് ഇവിടുത്തെ സ്ഥലങ്ങൾ ഒന്നും അറിയില്ല ഞങ്ങളുടെ കൂടെ ഒന്ന് വരാമോ …

കനി അവരെ അടുത്തുള്ള ഒരു പലചരക്ക് കടയിൽ കൊണ്ട് പോയി . അവർ സാധനങ്ങൾ വാങ്ങിക്കൊണ്ടു ഇരുന്നപ്പോൾ പിറകിൽ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ ഒരു പയ്യനെ ഭിത്തിയോട് ചേർത്ത് വെച്ച് അടിക്കുന്നതാണു കണ്ടത് . പക്ഷെ അവിടെ ഉള്ള എല്ലാരും പേടിച്ചു മാറി നിൽക്കുന്നത് അല്ലാതെ ആരും അതിൽ ഇടപെടുന്നില്ല . അത് കണ്ടതും ടീനയ്ക്ക് ദേഷ്യം വന്നു .

അവൾ അയാളുടെ മുന്നിൽ കയറി നിന്ന് ആ പയ്യനെ രക്ഷപെടുത്തി എന്നിട്ടു അയാളോട് ചോദിച്ചു , എന്തിനാ ഈ പാവത്തിനെ തല്ലുന്നത്…

അയാൾ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി എന്നിട്ടു പിടിച്ചു മാറ്റിട്ട് വീണ്ടും അവനെ കുനിച്ചു നിർത്തി അടിക്കാൻ തുടങ്ങി .

അവൾ ഓടി ചെന്ന് അവനെ പിടിച്ചു തളളി എന്നിട്ടു പറഞ്ഞു , ഇനി ഇവനെ തല്ലിയാൽ ഞാൻ പോലീസിനെ വിളിക്കും .കനി ഓടി വന്നു അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടാരുന്നു .

ചേച്ചി ഒന്നും പറയല്ലേ ഇങ്ങു വാ ..

നീ മാറ് കനി ഇയാൾ എന്താ ചെയ്യുന്നത് എന്ന് നോക്കട്ടെ എന്ന് പറഞ്ഞു അവൾ അയാളെ ദേഷ്യത്തോടെ നോക്കി നിന്നു .

അയാൾ ആ പയ്യന്റെ പിടി വിട്ടു എന്നിട്ടു പോയി ബുള്ളറ്റിൽ കയറി .ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തിട്ടു അവളെ തിരിഞ്ഞു ഒന്നു നോക്കി അപ്പോൾ അയാളുടെ മുഖം ദേഷ്യത്തോടെ ചുവന്നിരുന്നു .

തുടരും…

Read complete പ്രണയനിലാവ് Malayalam online novel here

പ്രണയനിലാവ് – 1
4 (80%) 4 votes

Related Post

1 Comment

  1. ഒരു കിടിലൻ ലൗ സ്റ്റോറിക്കുള്ള സ്കോപ്പുണ്ട്. Carry on.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.