malayalam novel

പ്രണയസിന്ദൂരം Part 10

എതിരെ വന്ന ലോറിക്ക് മുന്നിലേക്ക് ചാടാൻ ഒരുങ്ങവെ അവൻ അവളെ പിടിച്ചു മാറ്റി കൈ വീശി കരണത്ത് ഒന്ന് കൊടുത്തു.

” എന്താ നീ ഇൗ…..”

അവൻ അവളെ മുറുകെ പുണർന്നു. അവൾ വിങ്ങിപ്പൊട്ടി. അവളെ തന്നിൽ നിന്ന് അടർത്തി മാറ്റികൊണ്ട്‌ അവൻ ചോദിച്ചു.

” നിനക്ക് എന്നെ ഒരുപാട് ഇഷ്ടമല്ലേ നന്ദൂട്ടി…? “

അവൾ മുഖത്തേയ്ക്ക് നോക്കാതെ അതെയെന്ന് തലയാട്ടി.

” നാളിതുവരെ ഞാൻ പറഞ്ഞതൊക്കെ നീ അനുസരിച്ചിട്ടില്ലേ…? “

അവൾ വീണ്ടും തലയാട്ടി എങ്ങലടിച്ച് കരയുകയായിരുന്നു.

” അപ്പോ ഇപ്പോഴും ഞാൻ പറഞ്ഞ നീ കേൾക്കില്ലേ….? “

” ഉണ്ണിയേട്ടനെ വേണ്ടാന്ന് വെക്കാൻ പറ്റുമോ എനിക്ക്..? “

അവൾ അവനെ നോക്കി. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല.. അവളുടെ കണ്ണിലെ തീക്ഷ്ണത അവനെ ദഹിപ്പിക്കുന്ന പോലെ തോന്നി അവന്. ഉണ്ണി മുഖം വെട്ടിച്ചു.

” ഞാൻ പറഞ്ഞാൽ എന്റെ നന്ദൂട്ടി അനുസരിക്കുമെന്നാണ് എന്റെ വിശ്വാസം…”

അവളോട് പറഞ്ഞ് അവൻ മുന്നോട്ട് നടന്നു. ഒരുപക്ഷേ, ഇനി അവിടെ നിൽക്കാൻ തനിക്കാവില്ലെന്ന് അവന് മനസ്സിലായി. നിന്നാൽ ചിലപ്പോൾ തന്റെ നിയന്ത്രണം വിട്ട് പോയേക്കാം., മനസ്സുമാറിയേക്കാം , എന്ന് ഭയന്ന് അവൻ നടന്ന് മാറി.

” ഉണ്ണിയേട്ടാ…” അവൾ അവനെ വിളിക്കുന്നുണ്ടായിരുന്നു.

തകർന്നു പോയ അവളുടെ വിളി അവൻ കേട്ടില്ലെന്ന് നടിച്ച് മുന്നോട്ട് നടന്നു , പതറാതെ…..

അവൾ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിനം ഓഫീസിൽ ചെന്നപ്പോൾ ആരതി അവളെ കണ്ട് അടുത്തേക്ക് ചെന്നു.

” എന്തേ രണ്ട് ദിവസം നിന്നെ കണ്ടില്ല..? “

നന്ദ ഒന്നും മിണ്ടിയില്ല.

” ഞാൻ ചോദിച്ചത് കേട്ടില്ലേ നീ… പിണക്കം മാറിയില്ലേ ഇതുവരെ.. ? ” നന്ദയെ തട്ടി കൊണ്ട് ആരതി ചോദിച്ചു.

” എന്നെ പെണ്ണ് കാണാൻ ഒരു കൂട്ടര് വന്നു. “

” പെണ്ണു കാണാനോ… ആര്..? എന്തേ പെട്ടന്ന്…? ” ആരതി ചോദിച്ചു.

നന്ദയ്ക്ക്‌ എതിരായി സ്റ്റാഫിനോട്‌ സംസാരിച്ച് നിൽക്കുന്ന ആനന്ദിനെ അവൾ നോക്കി. അവളുടെ നോട്ടം മനസ്സിലായ പോലെ ആരതി തിരിഞ്ഞു നോക്കി.

” ആനന്ദോ….? ” ആരതി പതറി.

” ഉം ” നന്ദ തന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.

” എന്നിട്ട് നീ എന്ത് പറഞ്ഞു . ? ഉണ്ണിയോ…? എനിക്കൊന്നും മനസിലാവുന്നില്ല…”

നന്ദ കാര്യങ്ങളൊക്കെ ആരതിയോട് വിശദീകരിച്ചു. അവളുടെ ദേഹത്തേക്ക് വീണ് ഒരു കുഞ്ഞിനെ പോലെ എങ്ങലടിച്ച് കരയാൻ തുടങ്ങി.

” എനിക്ക് …. എനിക്ക് അറിയില്ല ഞാൻ എന്താ വേണ്ടതെന്ന്….”

” റിലാക്സ് ടാ… നന്ദേ കരയാതെ മതി…”

” ശ്രീനന്ദ…”

ആനന്ദ് അവിടേക്ക് വന്നു. നന്ദ അവളിൽ നിന്നും അടർന്നു മാറി കണ്ണുകൾ തുടച്ച് ആനന്ദിന് അഭിമുഖമായി നിന്നു.

” എനിക്കൊരു കാര്യം പറയാൻ……”

” എനിക്ക് അൽപം ജോലിയുണ്ട്. പിന്നെ സംസാരിക്കാം…” അവൾ ഒഴിഞ്ഞു മാറി.

മനസ്സിന് ഒരു ഏകാഗ്രത കിട്ടുന്നില്ലാന്ന് തോന്നി ഉച്ച കഴിഞ്ഞ് ലീവ് എടുത്ത് അവൾ വീട്ടിലേക്ക് പോയി.

” ഹാ നീ ഉച്ചക്ക് ഇങ്ങ് പൊന്നോ…. എന്തേ വന്നെ…? ” സുഭദ്ര ചോദിച്ചു.

അവൾ അത് ചെവിക്കൊണ്ടില്ല. സുഭദ്ര വിശ്വനാഥിനോട് കാര്യം പറഞ്ഞു. അദ്ദേഹം അവളുടെ മുറിയിലേക്ക് ചെന്നു. ഇരുട്ട് മൂടി കിടക്കുകയാണ് മുറി. കർട്ടൻ പോലും മാറ്റിയിട്ടുണ്ടായിരുന്നില്ല. അദ്ദേഹം വന്നത് അവൾ അറിഞ്ഞില്ല. മേശമേൽ തലവെച്ച് കിടക്കുവാണ് നന്ദ. വിശ്വനാഥൻ കർട്ടൻ മാറ്റി ജനലുകൾ തുറന്ന് അവളുടെ അടുത്തേക്ക് വന്നു. അവളുടെ തലയിൽ തലോടി. അവൾ തലയുയർത്തി നോക്കി.

” മോൾക്ക് അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ….? “

” എന്താ അച്ഛാ..? “

” അല്ല അച്ഛൻ കുറച്ചായി ശ്രദ്ധിക്കുന്നു മോളുടെ ഈ മാറ്റം. സുഭദ്രയും ബാലയും ഇത് തന്നെ പറയുന്നു. ഓഫീസിൽ പോകുന്നില്ല , സംസാരമില്ല. എന്തു പറ്റി എന്റെ മോൾക്ക്…? “

” ഒന്നുമില്ല അച്ഛാ… എനിക്ക് തീരെ സുഖമില്ല.. അതാ…”

” എന്തേ… ഹോസ്പിറ്റലിൽ പോയാലോ ഒന്ന്….? “

” അതൊന്നും വേണ്ടച്ഛാ…. അത്രയ്ക്കൊന്നും ഇല്ല .. കിടന്നാ മതി എനിക്ക്…”

” ഉം ശരി.. വേറെ ഒന്നുമില്ലേ .. അച്ഛൻ അങ്ങനെ വിശ്വാസിച്ചോട്ടെ.. ഉറപ്പല്ലേ…? “

” അതെ അച്ഛാ…”

” ഉം എങ്കിൽ കിടന്നോ… ” തലയിൽ ഒരു മുത്തം കൊടുത്ത് അദ്ദേഹം ഇറങ്ങി.

ഉച്ച കഴിഞ്ഞപ്പോൾ ബാല അവളുടെ അടുത്തേക്ക് ചെന്നു.

” നന്ദേച്ചി.. നമുക്ക് ഒന്ന് പുറത്ത് പോകാം , വന്നേ…”

” എന്തിന്..? ഞാൻ ഇല്ല “

” അങ്ങനെ പറഞ്ഞ പറ്റില്ല. എനിക്കൊരു ഡ്രസ്സ് എടുക്കണം. ചേച്ചിയല്ലെ എടുത്ത് തരുന്നെ. ? ചേച്ചി വന്നേ. “

അവൾ നന്ദയെ വലിച്ചുകൊണ്ട് പോയി. അത് നല്ലതാണെന്ന് സുഭദ്രക്കും വിശ്വനാഥനും തോന്നി. ഷോപ്പിലേക്ക് കയറി ഉടുപ്പ് നോക്കി കൊണ്ടിരിക്കവെ

” താങ്ക്സ് ബാല “

തനിക്ക് പരിചയമുള്ള ശബ്ദമായതിനാൽ നന്ദ തിരിഞ്ഞു നോക്കി.

” ആനന്ദ് … ഇവിടെ..? ” അവൾ അതിശയത്തോടെ ചോദിച്ചു.

” എനിക്ക് തന്നോടൊന്ന് സംസാരിക്കണമായിരുന്നു. ഓഫീസിൽ വർക്ക് അല്ലേ .. തന്നെ കിട്ടില്ല. അതാണ് ഞാൻ ബാലയോട് തന്നെ ഇങ്ങോട്ട് കൊണ്ട് വരാൻ പറഞ്ഞത് ! “

അവൾ ബാലയെ ദഹിപ്പിച്ചൊന്ന് നോക്കി.

” സോറി ചേച്ചീ. എനിക്ക് കൂടെ നിൽക്കേണ്ടി വന്നു. നിങ്ങൾ സംസാരിച്ചോളൂ. ഞാൻ ഡ്രസ്സ് എടുക്കട്ടെ…”

” എന്താ ആനന്ദ്.. പറഞ്ഞോളൂ…”

” എന്താടോ തനിക്ക് എന്നെ ഇഷ്ട്ടമായില്ലേ.? “

” എന്തേ അങ്ങനെ ചോദിച്ചത്..? “

” അല്ല ഇതുവരെ ഒരു തീരുമാനം പറഞ്ഞില്ലന്ന് തന്റെ അച്ഛൻ പറഞ്ഞു. ഇഷ്ട്ടക്കേടുണ്ടേൽ പറഞ്ഞോളൂ. “

” കൃഷ്ണാ.. എല്ലാം തുറന്നു പറഞ്ഞാലോ.. ഒരുപക്ഷേ എന്റെ ഏട്ടനെ എനിക്ക്..” അവൾ മനസ്സിലോർത്തു.

” എന്താ ഒന്നും പറയാത്തേ. എന്താണേലും പറഞ്ഞോളൂ.. It’s ok “

” ഇല്ല ഇഷ്ടമല്ല. എനിക്ക് നിങ്ങളെ അങ്ങനെ കാണാൻ പറ്റില്ല ആനന്ദ്. ഞാൻ നിങ്ങളുടെ അനിയനെയാണ് സ്നേഹിക്കുന്നത്., ഉണ്ണിനെയാണ് ഇഷ്ട്ടം.. ” അവൾ നെടുവീർപ്പിട്ടു.

” ഡോ താനെന്താ ഒന്നും മിണ്ടാത്തത്.? “

അവൾ ചിന്തയിൽ നിന്നുണർന്നു. മനസ്സ് ഒരുപാട് തവണ സത്യം വിളിച്ച് പറയുന്നുണ്ട്. പക്ഷേ ശബ്ദം…..
” ഇല്ല ആനന്ദ്. അങ്ങനെ ഇഷ്ട്ടകുറവ് ഒന്നുമില്ല..”

” അപ്പോൾ സമ്മതമാണോ…? ” അക്ഷമയോടെ ആനന്ദ് ചോദിച്ചു.

അവൾക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവൾ അതെന്ന് തലയാട്ടി തിരിഞ്ഞ് നടന്നു. മുന്നോട്ട് നടക്കുമ്പോൾ ഉണ്ണി പറഞ്ഞ വാക്കുകളായിരുന്നു മനസ്സ് നിറയെ. പക്ഷേ അവൾ കരഞ്ഞില്ല……….

വീട്ടിൽ ചെന്നപ്പോൾ അവളെയും കാത്ത് അച്ഛനും അമ്മയും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. അവളെ കണ്ടതും അച്ഛൻ അവളോടായ്‌ ചോദിച്ചു.

” നീ എന്താ ഞങ്ങളോട് ഒന്നും പറയാഞ്ഞത്…” അൽപം ഗൗരവം കലർന്ന ശബ്ദത്തോടെയാണ് അത് ചോദിച്ചത്.

” എന്ത്..? “

” അറിയില്ലേ നിനക്ക് , നിന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന്…? അവർ ഇപ്പൊ വിളിച്ചിരുന്നു. പറഞ്ഞു എല്ലാം ഞങ്ങളോട്..! “

അവൾ ഞെട്ടി.
” ഈശ്വരാ. . ഉണ്ണിയേട്ടൻ പറഞ്ഞുവോ എല്ലാം ” അവൾ മനസ്സിലോർത്തു.

” അത്..അത്…”

അവൾ വാക്കുകൾ തപ്പിതടഞ്ഞു. അച്ഛന്റെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല.

” നിനക്ക് സമ്മതമാണെന്ന് ആനന്ദിനോട് പറഞ്ഞെന്ന് പറഞ്ഞു അവർ “

അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി. അവൾ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി. അപ്പോഴും ഉണ്ണി പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു.. ബാഗ് ബെഡിലേക്ക്‌ വലിച്ചെറിഞ്ഞ് തലക്ക് കൈ കൊടുത്തവൾ ബെഡിലിരുന്നു.

ഓഫീസിൽ വെച്ച് അനന്ദിനോട് ഒന്നും സംസാരിക്കാൻ കൂട്ടാക്കിയിരുന്നില്ല അവൾ. ഒരു അപരിചിതനെ പോലെയാണ് അവൾ പെരുമാറിയത്. ഒരു ദിവസം ആനന്ദ് അവളെ തടഞ്ഞു.

” നന്ദേ…”

” എന്താ ആനന്ദ്..? “

” എനിക്കൊരു കാര്യം അറിയണം. തനിക്ക് ഇൗ ബന്ധത്തോട് താൽപര്യമില്ലേ….? അതുകൊണ്ടാണോ ഇൗ ഒഴിഞ്ഞ് മാറുന്നത്., ഒരു സ്ട്രെയ്ജറിനെ പോലെ…”

അവൾ ഒന്നും മിണ്ടാതെ പോകാനൊരുങ്ങി.

” പറ്റില്ല പറഞ്ഞിട്ട് പോയ മതി താൻ. “

” അതെ എനിക്ക് ഇഷ്ട്ടമല്ല. ഞാൻ നിങ്ങളുടെ അല്ല. ഞാൻ ഉണ്ണിയുടെ പെണ്ണാ. നിങ്ങളുടെ അനിയന്റെ പെണ്ണ്..”

” നീ എന്താ പറഞ്ഞത്….! ഉണ്ണീ…? “

” അതെ പോയി ചോദിച്ച് നോക്ക്. പറഞ്ഞുതരും നന്ദ ആരാണെന്ന്…! “

അവൾ ജ്വലിക്കുന്ന കണ്ണുകളാൽ അവനെ നോക്കി.

” അപ്പോൾ അറിഞ്ഞുകൊണ്ട് എന്നെ എല്ലാവരും കൂടി കളിപ്പിക്കുവായിരുന്നോ….? ഉണ്ണിയും അതിന് ….! ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഇത് ഇവിടെവരെ എത്തുമായിരുന്നോ….”

( തുടരും……..)

Read complete പ്രണയസിന്ദൂരം Malayalam online novel here

പ്രണയസിന്ദൂരം Part 10
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.