malayalam novel

പ്രണയസിന്ദൂരം Part 11

അവൾ കണ്ണുകൾ മുറുക്കിയടച്ചു.

” പാടില്ല നന്ദേ.. നീ അത് പറഞ്ഞാൽ ആനന്ദിനേക്കാളേറെ വേദനിക്കുന്നതും രോഷം കൊള്ളിക്കുന്നതും ഉണ്ണിയേട്ടനെയാണ്. പിന്നെയുള്ള ഏട്ടന്റെ പ്രതികരണം നിനക്ക് ചിലപ്പോൾ ഊഹിക്കാൻ കൂടി കഴിഞ്ഞുവെന്ന് വരില്ല.” അവൾ അവളോടായി തന്നെ പറഞ്ഞു.

” ഞാൻ ചോദിച്ചത് താൻ കേട്ടില്ലേ… എന്താ പറയാൻ വന്നത്..? ” ആനന്ദ് ഒന്നുകൂടി ചോദ്യം ആവർത്തിച്ചു.

” ഹേയ് അതൊന്നുമല്ല. എനിക്ക് ഇൗ റോമാൻസിനോട് ഒന്നും താൽപര്യമില്ല. “

എന്നുത്തരം പറഞ്ഞുകൊണ്ട് അവൾ നടന്ന് മാറി.

ആരതി ഇതൊക്കെ കാണുന്നുണ്ടായിരുന്നു. നന്ദ അവളുടെ അരികിലേക്ക് ചെന്നു.

” ആരതി…”

” എന്താടാ…? “

” നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ…? “

” എന്തിന്…? ” സംശയഭാവത്തിൽ അവൾ മറുപടി നൽകി.

” അല്ല ആനന്ദ്….” അവളൊന്നു നിർത്തി.

” ഹേയ് കമോൺ നന്ദ. അതൊക്കെ വിട്‌. എനിക്ക് അങ്ങനെ തലക്ക് പിടിച്ച പ്രേമമൊന്നും ഇല്ലായിരുന്നു. എനിക്ക് നിന്റെ കാര്യം ഓർത്താണ്…..” അവൾ നന്ദയെ നോക്കി.

” നന്ദ ഞാൻ ഒരു കാര്യം ചോദിച്ച വിഷമമാകുമോ നിനക്ക്…? “

” എന്തേ…? “

” നിന്റെയും ഉണ്ണിയുടെയും കാര്യം.. നീ ആനന്ദുമായിട്ടുള്ള വിവാഹത്തിന് തയാറായി കഴിഞ്ഞോ… ഇതിന് വേണ്ടിയാണോ നിങ്ങൾ ഇത്രയും സ്നേഹിച്ചത്….? ” അവൾ പറഞ്ഞു നിർത്തി.

” നമ്മൾ ഒന്നും ആഗ്രഹിച്ചൂട ആരതി. അത് കൈയ്യിൽ നിന്ന് വഴുതി പോകുമ്പോൾ നോക്കി നിൽക്കാനെ കഴിയൂ…”

ഒരു ചെറു പുഞ്ചിരിയോടെയാണത് പറഞ്ഞതെങ്കിലും ഒരു തീക്കനൽ അവളുടെ ഉള്ളിലെരിയുന്നുണ്ടെന്ന് ആരതി വായിച്ചെടുത്തു. അവൾ നടന്ന് പോകുന്നത് നോക്കി നിന്നു ആരതി. മനസ്സിലേക്ക് പലതും ഓടി വന്നു.

അവളുടെ വിഷമം മനസ്സിലാക്കിയിട്ട്‌ തന്നെയാണ് ഞാൻ ഉണ്ണിയെ കാണാൻ പോയത്. പക്ഷേ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോഴും അവൻ കേട്ട് നിൽക്കുകയായിരുന്നു. എന്നെക്കാൾ നന്നായി അവൻ എല്ലാം അറിയാമെന്ന് എനിക്ക് ഉറപ്പായിരുന്നു. മൗനത്തെ ഭേദിച്ച് ഉണ്ണി എനിക്ക് തന്ന മറുപടി താൻ ഊഹിച്ചതായിരുന്നില്ല. ഒടുവിൽ എന്റെ നിയന്ത്രണം വിട്ടപ്പോൾ അവൻ പറഞ്ഞത് ഇതായിരുന്നു.:

” സ്നേഹിച്ച പെണ്ണിനെ ചേർത്ത് നിർത്താനുള്ള ധൈര്യവും ചങ്കൂറ്റവും ഉണ്ണികൃഷ്ണനുണ്ട്. പക്ഷേ , ഏട്ടൻ മോഹിച്ച പെണ്ണിനെ എനിക്ക് സ്വീകരിക്കാൻ പറ്റില്ല ” എന്നായിരുന്നു.

എതിർത്ത് ഞാൻ എന്തെങ്കിലും പറയുംമുന്നേ അവൻ ഒന്നു കൂടി പറഞ്ഞിരുന്നു..:

” നിന്റെ സുഹൃത്തല്ലേ അവൾ. നന്ദയെ നീ പറഞ്ഞു മനസ്സിലാക്കണം “

ഒരു അപേക്ഷയുടെ രുചി അതിലുണ്ടയിരുന്നു. അവന്റെ മറുവാക്കിൽ നിന്നും ഉണ്ണിയുടെ തീരുമാനം ഉറച്ചതാണെന്ന് വ്യക്തമായിരുന്നു. നന്ദയെക്കാൾ ഏറെ വീർപ്പ്മുട്ടുന്നത് ഉണ്ണിയാണ്. കാരണം , അവന് രണ്ടുപേരും പ്രിയമേറിയതാണ്. രണ്ടിലൊരാളെ തിരഞ്ഞെടുക്കുക പ്രയാസവും…..

ഓരോ മണിക്കൂറുകളും നന്ദക്ക് ഇപ്പോൾ ഒരു യുഗം പോലെയാണ്. അവൾ മുറിയിൽ ഒതുങ്ങി കൂടി.

” മോളെ നന്ദേ …”

അച്ഛന്റെ വിളികേട്ട് അവൾ അങ്ങോട്ടേക്ക് ചെന്നു.

” അവർ വിളിച്ചിട്ടുണ്ടായിരുന്നു. ആനന്ദിന്റെ അനിയൻ ചെക്കന് ലീവ് കുറവാണത്രെ. കല്ല്യാണത്തിന്റെ സമയത്ത് കാണുമോ എന്ന് പോലും സംശയമാണെന്ന പറയുന്നത്.. “

” ഒളിച്ചോടുവാണല്ലെ ഉണ്ണിയേട്ടാ , ഒന്നും കാണാൻ നിൽക്കാതെ.. അറിയാം ആ മനസ്സ് ഒരുപാട് വേദനിക്കുന്നുണ്ടെന്ന്. ഒരുപക്ഷേ എന്നെക്കാളേറെ…”
അവൾ മനസ്സിലോർത്തു.

” ഞാൻ പറയുന്നത് മോള് കേൾക്കുന്നുണ്ടോ..? “

” ഉവ്വ് അച്ഛാ “

” ഉം അതുകൊണ്ട് അവൻ പോകുന്നതിന് മുമ്പ് എങ്കേജ്മെന്റ് എങ്കിലും നടത്തണമെന്ന് ആനന്ദിന്റെ അമ്മ ഒരു ആഗ്രഹം പറഞ്ഞു. “

അച്ഛൻ പറഞ്ഞത് കേട്ട് അവൾ സ്വയം നിയന്ത്രിക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

” സമയം അവർ കുറിച്ച് നോക്കി. അടുത്താഴ്ച്ച നല്ലൊരു മുഹൂർത്തം ഉണ്ടെന്ന്. മോളോട് ചോദിച്ച് അഭിപ്രായം പറയാൻ പറഞ്ഞു. “

” ഞാൻ എന്ത് പറയാനാ.. നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചോളു..”

അവൾ അവർക്ക് മുഖം കൊടുക്കാതെ മുറിയിലേക്ക് പോയി. ബാല അവൾക്കൊപ്പം മുറിയിലേക്ക് കയറി വന്നു.

” ആഹ് അങ്ങനെ ചേച്ചി പെണ്ണിന്റെ എങ്കേജ്മെന്റ് ഇങ്ങ് അടുത്തു. കല്ല്യാണവും അപ്പോൾ ഉടനെ തന്നെ കാണും “

അവൾ ഓരോന്നും പറഞ്ഞ് നന്ദയെ കളിയാക്കാൻ തുടങ്ങി.

” ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്നു.എന്നും കാണാൻ പറ്റുന്നു. എന്താ ഒരു ഭാഗ്യം. നിശ്ചയം കൂടി കഴിഞ്ഞ പിന്നെ പറയുകയേ വേണ്ട. “

” ബാലേ നിർത്തുന്നുണ്ടോ നീയ്..”

” ആഹാ ചേച്ചി പെണ്ണിന് നാണം വന്നുന്ന്‌ തോന്നുന്നല്ലോ. ആനന്ദേട്ടൻ നല്ല സുന്ദരൻ അല്ലേ .. ചേച്ചിയും ആനന്ദേട്ടനും പക്ക ചേർച്ചയാണ്. രാമനും സീതയും പോലെ . എന്താ ഒരു മാച്ച്..”

ബാല പറയുന്നതൊക്കെയും നന്ദയുടെ മനസ്സിനെ കീറി മുറിക്കാൻ ശേഷിയുള്ളവയായിരുന്നു. ബാല തുടർന്ന്‌ കൊണ്ടേയിരുന്നു.നന്ദ തന്റെ നിയന്ത്രണം വിട്ട്‌ ബാലയോട് ദേഷ്യപ്പെട്ടു.

” ഒന്ന് ഇറങ്ങി പൊയ്ക്കൂടെ നിനക്ക്. അല്ലെങ്കിൽ ആ വായും വെച്ച് മിണ്ടാതെ ഇരുന്നൂടെ. ഒരു സ്വസ്ഥത തരില്ലെ എനിക്ക്.. ശല്ല്യം.. സമാധാനത്തോടെ എവിടേലും ഇരിക്കുമ്പോൾ വന്നോളും., ഓരോന്നും പറഞ്ഞ്…”

പെട്ടന്നുള്ള നന്ദയുടെ ഭാവ മാറ്റം കണ്ട് ബാല ഭയന്നു. അവൾ കരഞ്ഞ് കൊണ്ട് ഇറങ്ങി പോയി. പിന്നെയാണ് നന്ദയ്ക്ക്‌ സുബോധം ഉണ്ടായത്.

” വേണ്ടിയിരുന്നില്ല. ഞാൻ എന്തൊക്കെയാ അവളോട്…. ഇതുവരെ കനപ്പിച്ച് ഒരു വാക്ക് പോലും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ ഇന്ന്…..”

അവൾ ബാലയുടെ അടുത്തേക്ക് പോയി.

” ബാലൂട്ടി .. വിഷമമായോ എന്റെ മോൾക്ക്..? “

അവൾ ബാലയെ തലോടി കൊണ്ട് ചോദിച്ചു. അവളൊന്നും മിണ്ടിയില്ല.

” കരയാതെ മോളെ.. ചേച്ചി അപ്പോഴത്തെ ദേഷ്യത്തിൽ …. “

” കുഴപ്പമില്ല ചേച്ചി. ഞാൻ ചേച്ചിയെ വെറുതെ കളിയാക്കാൻ …. എനിക്ക് അറിയാം ചേച്ചിയുടെ മനസ്സിൽ ഇവിടെ വിട്ട് പോകുന്ന വിഷമം ഉണ്ടെന്ന്.. അല്ലേ അതുകൊണ്ട് അല്ലേ..? “

ബാല അവളോട് ചോദിച്ചു. നന്ദ അവളെ മുറുകെ കെട്ടി പിടിച്ചു.

” വിഷമം ഉണ്ട് മോളെ.. കാരണം , നിന്റെ ചേച്ചി ആഗ്രഹിച്ച ജീവിതമല്ല കിട്ടാൻ പോകുന്നത്…” അവൾ മനസ്സിൽ പറഞ്ഞു.

ഒരാഴ്ച ശരം കണക്കെ കടന്ന് പോയി.

” മോളേ നന്ദേ… “

” എന്താ അമ്മേ…? “

” എങ്ങനെയുണ്ട് ഇൗ സാരീ..? ഇഷ്‌ട്ടായോ …?

” ഇതെന്താ ഇപ്പോളൊരു ഷോപ്പിംഗ്…? ” അവൾ സംശയത്തോടെ ചോദിച്ചു.

” ഹാ കൊള്ളാം.. നാളെ കഴിഞ്ഞ് നിന്റെ നിശ്ചയം മല്ലേ. നീ ഒരു ഉത്സാഹം കാണിക്കാത്ത കൊണ്ട് ഞാനും ബാലയും കൂടി പോയി വാങ്ങിയതാണ്. അവൾടെ സെലക്ഷൻ . നിന്റെ ടേസ്റ്റ് അവൾക്ക് അല്ലേ അറിയൂ…”

” കൊള്ളാം അമ്മേ… നന്നായിട്ടുണ്ട്…”

ഒരു ചിരിയിൽ അവർ പറഞ്ഞ് ഒപ്പിച്ചു. അവൾക്കൊരു സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല. ഉണ്ണിയെ വിളിക്കാൻ ഫോൺ എടുത്ത് ഡയൽ ചെയ്തു. പക്ഷേ , അവളുടെ മനസ്സ് അതിൽ നിന്നും പിന്നോട്ട് വലിച്ചു.

” വൈകിയിട്ടില്ല ഇനിയും. അച്ഛനോട് എല്ലാം പറയാം.. “

അവൾ മനസ്സിലുറപ്പിച്ച് അവരുടെ മുറിയിലേക്ക് പോയി. അവർ രണ്ടുപേരും തന്നെ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കി അവൾ അതിന് ചെവിയോർത്തു..

” ഇൗ ബന്ധം എന്തുകൊണ്ടും നല്ലതാ അല്ലേ വിശ്വേട്ടാ …? “

” പിന്നല്ലാതെ. എന്റെ മോളുടെ ഭാഗ്യമാണ് ആനന്ദിനെ പോലെ ഒരു ചെറുപ്പക്കാരനെ കിട്ടുന്നത്. പോരാത്തതിന് അവർ ഒരു ഓഫീസിലും. ഇൗ കല്ല്യാണമൊന്ന് കഴിഞ്ഞ് കിട്ടിയാ മതി. അതാണിപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം. “

അച്ഛൻ ഇൗ ബന്ധത്തിന് ഒരുപാട് പ്രതീക്ഷ അർപ്പിച്ചിരിക്കൂന്നൂണ്ടെന്ന് അവൾക്ക് മനസ്സിലായി.

” ഞാനിത് തുറന്ന് പറഞ്ഞാൽ ഒരുപക്ഷേ അച്ഛന് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ…….”

അവളുടെ ധൈര്യം തന്നെ നോക്കി കളിയാക്കുന്നത് പോലെയവൾക്ക്‌ അനുഭവപ്പെട്ടു. അവളുടെ കാലുകൾ തളർന്ന് പോയ പോലെ അവൾക്ക് തോന്നി. ഒരു വിധം അവൾ തന്റെ റൂമിലേക്ക് നടന്ന് അടുത്തു. തന്റെ മുറിയിൽ വെച്ചിരിക്കുന്ന കൃഷ്ണ വിഗ്രഹത്തെ അവൾ നിരാശയോടെ നോക്കി.

” ഞാൻ എന്താ വേണ്ടെ എന്റെ കൃഷണാ…? നാളെ കഴിഞ്ഞ് എന്റെ നിശ്ചയമാണ്. ഞാൻ….. ഞാനൊരുപാട് ആഗ്രഹിച്ച നിമിഷമാണ്. പക്ഷേ , അത് ഉണ്ണിയേട്ടനൊപ്പമായിരുന്നു. ഇന്ന് ഇപ്പോൾ മനസ്സിൽ ഒരാളെ വെച്ച് മറ്റൊരാളുടെ മുന്നിൽ നിന്ന് കൊടുക്കേണ്ടി വരുന്നു. അതും താൻ സ്നേഹിച്ച വ്യക്തിയെ സാക്ഷി നിർത്തി. ഇതെന്തൊരു വിധിയാണ്…”

ഉണ്ണി പറഞ്ഞതൊക്കെയും അവളുടെ കാതുകളിൽ പ്രതിഫലിച്ചു. കൊലുസിന്റെ ശബ്ദം പോലും അത് ഓർമപ്പെടുത്തുന്ന പോലെയവൾക്ക്‌ തോന്നി. അവൾ ചെവി പൊത്തി ബെഡിലേക്ക് വീണു.

ഒരു കര സ്പർശം അവളുടെ നെറ്റിയിൽ അനുഭവപ്പെട്ടു. അവൾ കണ്ണ് തുറന്നു.

” ഉണ്ണിയേട്ടൻ..”

” നന്ദൂട്ടി .. പറ്റുന്നില്ലടാ എനിക്ക്. നീ മറ്റൊരാളുടെതാകുന്നത് കാണാൻ എനിക്ക് കഴിയില്ല. നമുക്ക് ഒന്നിച്ച് ജീവിക്കണ്ടേ , നമ്മൾ ആഗ്രഹിച്ചത് പോലെ….”

അത്രയും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ച നിമിഷം അത് മിഥ്യയായിരുന്നെന്ന് നന്ദ മനസ്സിലാക്കി. അവളുടെ കരച്ചിലിന്റെ ശക്തി കൂടുന്നതല്ലാതെ കുറയുന്നുണ്ടായിരുന്നില്ല. ഉണ്ണിയുമായുള്ള ഓരോ നിമിഷങ്ങളും കണ്ണുകളിലൂടെ അവൾ തെളിഞ്ഞ് കണ്ടൂ. പക്ഷേ അതിന് ആയുസ്സ് കുറവായിരുന്നെന്ന് മനസ്സിലാക്കാൻ അവൾ വൈകി പോയി.

” ഐ ലൗ യൂ ഉണ്ണിയേട്ടാ… ലൗവ് യു….” അവളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടേയിരുന്നു.

” ഏട്ടന്റെ വിവാഹമോതിരമാണ് ഞാൻ അണിയേണ്ടത്. എന്റെ താലിയിലും നെറുകയിലെ സിന്ദൂരത്തിനും ഏട്ടന്റെ പേരായിരിക്കണം. ഒരു നിമിഷം പോലും നന്ദ മറ്റൊരാളുടേതാവാൻ പാടില്ല…”

കണ്ണുകൾ തുടച്ച് അവൾ എന്തോ മനസ്സിൽ ഉറപ്പിച്ച് കിടക്കയിൽ നിന്നും എഴുന്നേറ്റു. അവിടെ മുഴുവൻ പരതി. പുസ്തകങ്ങൾക്കിടയിൽ നിന്നും അവൾ അതെടുത്ത് കൈയ്യിൽ മുറുകെ പിടിച്ചു.

ഉണ്ണി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. അവൻ ആകെ വിയർത്തിരുന്നു. വല്ലാത്തൊരു അസ്വസ്ഥത അവന് അനുഭവപ്പെട്ടു.

” ഞാൻ കണ്ടതൊക്കേയും സ്വപ്നം ആയിരുന്നോ… ? എന്താണ് എനിക്ക് ഇൗ അസ്വസ്ഥത…. ഓരോ കാര്യങ്ങളും എനിക്ക് വ്യക്തമായിരുന്നു. കൺമുന്നിൽ നടക്കുന്ന പോലെ തോന്നി…”

അവൻ എല്ലാം ആവർത്തിച്ചാവർത്തിച്ച് ചിന്തിച്ച് നോക്കി.

” ഇല്ല നന്ദയ്ക്ക് എന്തോ അരുതാത്തത് നടക്കാൻ പോകുന്നതായി മനസ്സ് പറയുന്നു. കണ്ട സ്വപ്നം ഒന്നും തന്നെ മനസ്സിലാക്കാൻ പറ്റുന്നില്ല. പക്ഷേ വ്യക്തമാണ്.. എന്തോ അപായ സൂചന പോലെ.. ഇന്ന് തന്നെ എല്ലാം എട്ടനോട് പറയണം. ഇനിയും താമസിച്ചാൽ ചിലപ്പോ ഒരു പക്ഷെ……”

അവൻ നിർത്തി. ആനന്ദിനോട് എല്ലാം പറയാൻ അവൻ തീരു മാനിച്ചു.

” ഇതിന് അവസാനം എന്തു തന്നെയാണെങ്കിലും എല്ലാം തുറന്നു പറഞ്ഞേ പറ്റൂ…..”

( തുടരും……….)

Read complete പ്രണയസിന്ദൂരം Malayalam online novel here

പ്രണയസിന്ദൂരം Part 11
5 (100%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.