malayalam novel

പ്രണയസിന്ദൂരം Part 12

അവനു പിന്നെ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കണ്ണ് അടക്കുമ്പോ എന്തോ ഒരു വല്ലായ്മ.നന്ദയെ വിളിക്കണമെന്നുണ്ട് , പക്ഷേ ഉണ്ണിയുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. അവൻ ഓരോന്നും ചിന്തിച്ച് നേരം വെളുപ്പിച്ചു. രാവിലെ അവൻ കുളിച്ചിറങ്ങിയപ്പൊഴേക്കും കതകിൽ നിർത്താതെയുള്ള തട്ട് കേൾക്കുന്നുണ്ടായിരുന്നു. അവൻ ചെന്ന് വാതിൽ തുറന്നു.

” നീ വേഗം വാ. നമുക്ക് നന്ദയുടെ വീട്ടിലേക്ക് പോകണം. ” ആനന്ദായിരുന്നു അത്.

” എന്താ ഏട്ടാ ഇൗ രാവിലെ തന്നെ…” അവൻ കാര്യം തിരക്കി.

” അവിടെ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു. നന്ദയ്ക്ക്‌ എന്തോ. വേഗം പോകാം “

അവൻ ഇടിവെട്ട് ഏറ്റ പോലെ നിന്നു.

” നന്ദയ്ക്ക് …. നന്ദയ്ക്ക് എന്താ…? “അവൻ വിറയലോടെ ചോദിച്ചു.

” അറിയില്ല നീ വാ…”

ആനന്ദ് അവനെയും വിളിച്ചുകൊണ്ട് ഇറങ്ങി. ആനന്ദ് വല്ലാതെ വെപ്രാളപെടുന്നുണ്ടെന്ന്‌ ഉണ്ണിക്ക് മനസ്സിലായി. കാർ ഇറക്കുമ്പോഴും നന്ദയ്ക്ക് അരുതാത്തതൊന്നും സംഭവിക്കരുതെ എന്നായിരുന്നു ഉണ്ണിയുടെ മനസ്സിൽ. അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എതിരെ വരുന്ന വാഹനങ്ങളെ അവന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

” സൂക്ഷിച്ച് ഓടിക്ക്‌ മോനെ.. നീ എന്താ ഇത്ര ശ്രദ്ധയില്ലാതെ വണ്ടി ഓടിക്കുന്നെ…” അവരുടെ അമ്മയാണ് അത് പറഞ്ഞത്.

അവൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

” എന്റെ നന്ദൂട്ടിക്ക്‌ അരുതാത്തതായി ഒന്നും സംഭവിക്കല്ലേ… ഇൗ ഒരു ദിവസവും കൂടി തരണേ എനിക്ക്…”

അവന്റെ മനസ്സ് വിതുമ്പുന്നുണ്ടായിരുന്നു. നന്ദയുടെ വീട്ടിൽ എത്തിയപ്പോഴേക്കും അവൻ വേഗം ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി, വീടിനുള്ളിലേക്ക് കയറി. വിശ്വനാഥൻ മുകളിൽ നിന്ന് ഇറങ്ങി വരുന്നുണ്ടായിരുന്നു. ഒരു പ്രസന്നത ഉണ്ടായിരുന്നില്ല മുഖത്ത് , വിഷാദ ഭാവം. ഏറെകുറെ അവൻ അതിൽ നിന്നും ഊഹിച്ചെടുത്തു. അദ്ദേഹം അടുത്തേക്ക് വന്നു. ഉണ്ണി പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി.

” പോയി…..” അദ്ദേഹം വിങ്ങി പൊട്ടി

അതുകേട്ടതും തന്നെയാരോ പച്ചയ്ക്ക് ചുട്ടെരിക്കുന്ന പോലെ തോന്നി അവന്. അനങ്ങുവാൻ കഴിയുന്നുണ്ടായിരുന്നില്ല. നെഞ്ചിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു. ശക്തി ശയിച്ച് പോകാതിരിക്കാൻ അവൻ കൈ വിരലുകൾ മടക്കി മുറുകെ പിടിച്ചു.

” ഞാൻ ഒന്ന് പോയി….? “

ഉണ്ണി അച്ഛന്റെ സമ്മതത്തിനായ്‌ പ്രതീക്ഷിച്ചു. അദ്ദേഹം തലയാട്ടി. കേട്ടത് സത്യമാവല്ലേ എന്നാഗ്രഹിച്ച് അവൻ മുകളിലേക്കോടി. പുറകെ ആനന്ദും…

മുറിയിലേക്ക് കയറിയപ്പോൾ അവൻ കണ്ടു ചേതനയറ്റ തന്റെ നന്ദയുടെ ശരീരത്തെ., അടുത്ത് കരഞ്ഞ് തളർന്നിരിക്കുന്ന രണ്ട് മുഖങ്ങളും. അവൻ തപ്പി തടഞ്ഞ് അവളുടെ അടുത്തേക്ക് വന്നു. ഭംഗിയാർന്ന അവളുടെ കാർകൂന്തലിഴകൾ ആ മുഖത്തെ മൂടിയിരുന്നു. അവളുടെ അരികത്തതായി ഉണ്ണി ഇരുന്നു. മുടി ഇഴകൾ മെല്ലെ മാടിയൊതുക്കി. എന്തൊരു തേജസ്സാണ് അവളുടെ മുഖത്ത്. എന്നത്തേയും നന്ദയുടെ മുഖത്തെ പുഞ്ചിരി ഇന്നും മായാതെ തന്നെ കിടപ്പുണ്ട്. അവന്റെ കണ്ണുനീർ ഇറ്റ് വീണു…

” ഇന്ന്, ഒരു അവസരം കൂടി , ഇൗ ഒരു ദിവസം കൂടി തന്നൂടായിരുന്നോ എനിക്ക്.? ഒരേ ഒരു ദിവസം കൂടി…… നീയില്ലാതെ നിന്റെ ഉണ്ണിയേട്ടന് പറ്റില്ല അറിയായിരുന്നില്ലേ നിനക്ക്…..”

അവന്റെ ആത്മാവ് അവളോടായ്‌ പറഞ്ഞു. അവളെ ദയനീയമായി നോക്കി. അവളുടെ തല തന്റെ മടിയിൽ വെച്ച് അവളെ തന്നെ നോക്കി , നെറ്റിയിൽ ഒരു. ചുംബനം കൊടുത്തു. കണ്ണുനീർ അവളുടെ മുഖത്തേക്ക് ഊർന്നിറങ്ങി. അവന്റെ നിയന്ത്രണം വിട്ടു.

” നന്ദൂട്ടി… എണ്ണീറ്റുവാടാ.. നിന്റെ ഉണ്ണിയേട്ടനാ വിളിക്കുന്നത്. മതി , ആർക്കും കൊടുക്കില്ല പെണ്ണേ..നീ എന്റെയാ .. കൊണ്ടുപോകാനാ വന്നേ… കണ്ണ് തുറക്ക് മോളേ….” അവൻ അലറി വിളിച്ചു.

അവൻ പറഞ്ഞത് കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ അവനെ നോക്കി. അവന്റെ അമ്മ അടുത്തേക്ക് വന്നു.

” മോനെ നീ എന്തൊക്കെയാ ഇൗ…..”

” അതെ .. നിങ്ങൾ കാണുന്നതിന് മുമ്പ് ഞാനാ ഇവളെ കണ്ടത്. ഞാൻ ആഗ്രഹിച്ച പെണ്ണാ ഇവള്….”
അവൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഉണ്ണിയുടെ അമ്മ നെഞ്ചിൽ കൈവെച്ചു.

” എന്റെ ദേവി.. എന്താ ഇൗ കേട്ടത്…? അതുകൊണ്ടാണോ ഇൗ കടുംകൈ……..? പറ ഉണ്ണീ….”

അവൻ അതേന്ന് തലയാട്ടി.

” എന്താ ഉണ്ണി എന്നിട്ട് നീ പറയാതെ ഇരുന്നത്….? ഇവനുമായിട്ടുള്ള ബന്ധം ഉറപ്പിച്ചപ്പോ സമ്മതിച്ചത്…? ” ശകാരത്തോടെ അമ്മ അവനോട് ചോദിച്ചു.

” കഴിഞ്ഞില്ല അമ്മേ… ഏട്ടന്റെ ഇഷ്ട്ടത്തിന് തടസ്സം നിൽക്കാൻ… മാറി കൊടുക്കാനെ തോന്നിയുള്ളൂ….”

” ഈശ്വരാ… എന്റെ മോൻ കാരണം ഇൗ കുട്ടിയുടെ…..”

അവർ കണ്ണുകൾ മുറുക്കി അടച്ചു.

ആനന്ദ് ഞെട്ടി തരിച്ച് നിൽക്കുകയാണ്. അവന്റെ കണ്ണുകളിൽ ദേഷ്യം ആളി കത്തുന്നുണ്ടായിരുന്നു . ഉണ്ണി എഴുന്നേറ്റ് ആനന്ദിന്റെ അടുത്തേക്ക് ചെന്നു.

” ഏട്ടാ..ഞാൻ…..”

അവൻ എന്തേലും പറഞ്ഞ് തുടങ്ങുന്നതിന് മുമ്പേ ആനന്ദിന്റെ കൈ ഉണ്ണീടെ കരണത്ത് പതിഞ്ഞിരുന്നു.

” മിണ്ടരുത് നീ….” ആനന്ദ് ഒച്ച വെച്ചു. ഉണ്ണിയുൾപ്പടെ എല്ലാവരും ഞെട്ടി.

” ചതിച്ചുവല്ലേ…..? എന്നെയല്ല…. അവളെ നീ “

ഉണ്ണി ആനന്ദിനെ നോക്കി.

” ഒരു വാക്ക് നിനക്ക് എന്നോട് പറയായിരുന്നില്ലേ അനിയൻകുട്ടാ… എന്തും പറയാനുള്ള സ്വാതന്ത്ര്യം നിനക്ക് ഇല്ലായിരുന്നോ… ഒരു അനിയനെക്കാൾ ഉപരി നീ എന്റെ മകനായിരുന്നില്ലേ… ആ നിന്റെ ഇഷ്ടത്തിന് ഞാൻ ഇന്നേവരെ എതിര് നിന്നിട്ടുണ്ടോ… ചോദിച്ചതല്ലേ ഞാൻ….? എനിക്ക് വേണ്ടി മാറി തന്നു പോലും… എന്നിട്ട് ഇപ്പൊ എന്തായടാ … ആർക്കാ നഷ്ടമായത് …? ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതം. എന്നിട്ട് അവൻ ഇപ്പോൾ പറയുന്നു ഞാൻ ആഗ്രഹിച്ച പെണ്ണായിരുന്നെന്ന്…”

ഉണ്ണിയോടുള്ള ദേഷ്യം ആനന്ദിന്റെ വാക്കുകളിൽ അലയടിക്കുന്നുണ്ടായിരുന്നു. കുറ്റബോധത്താൽ അവന്റെ തല കുനിഞ്ഞു.

” ഇന്നലെ രാത്രി ആരതി വിളിച്ച് എന്നോട് എല്ലാം പറഞ്ഞപ്പോൾ ലജ്ജ തോന്നി എനിക്ക് , നിന്നെ പോലെയൊരു അനിയനെ കിട്ടിയതോർത്ത്….”

അവൻ സംശയത്തോടെ ആനന്ദിനെ നോക്കി.

” വല്ല്വേട്ട …അപ്പോ….”

” അറിഞ്ഞിരുന്നു.. പക്ഷേ എല്ലാം വേണ്ടാന്ന് വെക്കാനുള്ള സാവകാശം കിട്ടിയില്ല എനിക്ക്. അതിന് മുമ്പ്…..” ആനന്ദിന്റെ തൊണ്ട ഇടറി.

” എല്ലാം ഉള്ളിലൊതുക്കി കൊണ്ട് നടന്നു നീയും അവളും. പറയാനൊരുങ്ങിയ അവളെ പോലും വിലക്കി. സ്വയം തീ തിന്ന് സഹിക്കാൻ പറ്റികാണില്ല പാവത്തിന്. എന്റെ അനിയൻകുട്ടന്റെ മനസ്സ് ഇത്ര കല്ലായിരുന്നോ… എങ്ങനെ കഴിഞ്ഞു നിനക്ക്….?

ആനന്ദ് അത് ചോദിക്കുമ്പോൾ വിങ്ങി പൊട്ടി കൊണ്ട് ഉണ്ണി അവനെ കെട്ടി പിടിച്ചു.

” ഏട്ടാ… ഞാൻ ….. ഒരവസരം കൂടി കിട്ടിയാ…..” അവൻ ഏങ്ങലടിച്ചു. വിശ്വനാഥൻ അകത്തേയ്ക്ക് കയറി വന്നു.

” കൊന്ന് കളഞ്ഞില്ലെ നീ എന്റെ മോളേ…..”

” അമ്മേ നന്ദേച്ചി എന്താ എണ്ണീക്കാത്തെ…? സമയം ഒരുപാടായല്ലോ … ” ബാല സുഭദ്രയോട് ചോദിച്ചു. സുഭദ്ര അവളെ നോക്കി.

” എണ്ണീക്കാൻ പറ… നന്ദേച്ചി എണ്ണീക്ക്‌…”

അവൾ നന്ദയുടെ അടുത്ത് ചെന്ന് കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു.

” ബാലൂട്ടി… മോളേ “

” അമ്മേ കണ്ടോ ചേച്ചി കണ്ണ് തുറക്കുന്നില്ല. “

” വിശ്വേട്ടാ.. ഇത് കണ്ടോ എന്താ നമ്മുടെ മോൾക്ക്… അവൾ എന്താ ഇങ്ങനെയൊക്കെ …? “

വിശ്വനാഥൻ ഒന്നും മിണ്ടിയില്ല. ബാലയുടെ ഇൗ ഭാവമാറ്റം അവരെ ഒന്നു കൂടി തളർത്തി.

എല്ലാത്തിനും കാരണം താനാണെന്ന തോന്നലിൽ ഉണ്ണി അവിടെ നിന്നും ഇറങ്ങി പോയി.

” ഉണ്ണീ….”

ആനന്ദും അമ്മയും മാറി മാറി വിളിച്ചിട്ടും അവൻ നിന്നില്ല…………

” അന്ത്യകർമ്മങ്ങളൊക്കെ ചെയ്യാൻ വര്യാ. ആരാ അത് നിർവഹിക്കാ…? ” ബലികർമീ ചോദിച്ചു.

” ഞാൻ “

എല്ലാവരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി. ഉണ്ണിയായിരുന്നു അത്. അവൻ അങ്ങോട്ടേക്ക് ചെന്ന് വിശ്വനാഥനെ നോക്കി.

” ജീവിച്ചിരുന്നപ്പോൾ അവളുടെ ആഗ്രഹം നടത്തി കൊടുക്കാൻ എനിക്കായില്ല. ഇൗ കടമയെങ്കിലും ഞാൻ…” യാചനയോടെ ചോദിച്ചു.

അദ്ദേഹം ഒന്നും മിണ്ടിയില്ല. നിഷേധഭാവത്തോടെ മുഖം വെട്ടിച്ചു..

” ചെയ്തോട്ടെ ഞാൻ ? ” ഉണ്ണീ ദയനീയമായി നോക്കി.

” ആരാണന്ന് വെച്ച വര്യാ… നേരം പോണൂ….”

” ഉണ്ണീ.. നീ ചെന്നോളൂ…”

അവൻ വിശ്വാസം വരാതെ അദ്ദേഹത്തെ നോക്കി. അദ്ദേഹം പുഞ്ചിരിച്ചു.

” ഉണ്ണീ എങ്കിൽ പൊന്നോളൂ. ഇൗ കുട്ടീടെ….? ” ചോദ്യ അർത്ഥത്തിൽ നോക്കി.

” ഭർത്താവാണ്..” ആനന്ദ് ഉത്തരം നൽകി.

” അതെ എന്റെ മോളുടെ ഭർത്താവാണ്.. ” വിശ്വനാഥൻ ഉണ്ണിയെ നോക്കി കൊണ്ട് പറഞ്ഞു.

അവൻ നിറഞ്ഞ മിഴികളോടെ ഇരുവരെയും നോക്കി.

” ഹാ അപ്പോ സുമംഗലിയായിട്ടാണ് ദേഹം വിട്ട് പിരിഞ്ഞതല്ല്യേ. എങ്കിൽ വൈകിക്കണ്ട. ഇത് നെറുകയിൽ ചാർത്തിക്കോളൂ….”

” കേൾക്കുന്നുണ്ടോ പെണ്ണേ നീ…..? “

മനസ്സുകൊണ്ട് അവളോടായി ചോദിച്ച് അത് വാങ്ങാനൊരുങ്ങവെ അവൻ നിന്നു.

” വേണ്ട ” അവൻ അത് നിരസിച്ചു.

എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് കേന്ദ്രീകരിച്ചു.

” ഉണ്ണീ…? “

ആനന്ദ് സംശയം കലർന്ന സ്വരത്തിൽ വിളിച്ചു. ആനന്ദിനെ ഒന്ന് നോക്കിയ ശേഷം അവൻ അവൾക്കരികിലേക്ക്‌ പോയി. വെള്ള പുതച്ച അവളുടെ ശരീരത്തിലേക്ക് ഒന്നേ അവൻ നോക്കിയുള്ളു. അവന്റെ കാഴ്ച്ച കണ്ണീരാൽ മൂടപ്പെട്ടിരുന്നു. അവൻ മുഖം വെട്ടിച്ചു. തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് വെച്ച സിന്ദൂരചെപ്പ്‌ കൈയിലെടുത്ത് നിറഞ്ഞ മിഴികളോടെ അതിലേക്ക് നോക്കി.

************************************

” ഇത് പിടിച്ചേ ഉണ്ണിയേട്ടാ…”

” ഇതെന്താ നന്ദൂട്ടി…? “

” മനസ്സിലായില്ലേ…ചെപ്പ് , സിന്ദൂരവുമുണ്ട് അതിൽ. “

” അത് മനസ്സിലായി. ഇതെന്തിനാ എനിക്ക്…? “

” അത് അമ്പലത്തിൽ നിന്നും പൂജിച്ച് വാങ്ങിയതാ.. ഇൗ സിന്ദൂരം വേണം ഏട്ടൻ എന്റെ നെറുകയിൽ ആദ്യം തൊട്ട് തരേണ്ടത്. മനസ്സിലായോ ? “

” ഉവ്വ് തമ്പുരാട്ടി “

**********************************

അത് അവന്റെ കാതുകളിൽ അലയടിച്ചു. അവൻ നിറഞ്ഞ മിഴികളാൽ ഒന്ന് ചിരിച്ചു. വിറക്കുന്ന കൈകളോടെ ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തുമ്പോൾ അവനോർത്തു..

” എന്റെ നന്ദ ഒരുപാട് ആഗ്രഹിച്ച നിമിഷം , ചേതനയറ്റ ശരീരത്തിൽ നടത്തി കൊടുക്കുന്ന മഹാപാപിയാണ് ഞാൻ…”

അവളുടെ തലയിൽ അവൻ തലോടി.

കർമ്മങ്ങളൊക്കെ കഴിഞ്ഞ് അവൾക്കായി ചിതയൊരുക്കി.

” അമ്മേ ചേച്ചിയെ എന്തിനാ അതിൽ കിടത്തുന്നെ…? “

” നന്ദേച്ചിക്ക്‌ ശാന്തി കിട്ടണ്ടെ മോളേ… എങ്കിലല്ലേ സന്തോഷായി പോകൂള്ളൂ. അതാ “

കണ്ണീരിനെ മറച്ചുവെച്ച് സുഭദ്ര അത് പറയുമ്പോൾ ആരതിയും ഉണ്ണിയുടെ അമ്മയും അടുത്ത് നിന്ന് സമാധാനിപ്പിക്കുന്നുണ്ടായിരുന്നു.

” തന്റെ പ്രിയ കൂട്ടുകാരി.. അല്ല സഹോദരി.. അവളാണിപ്പോൾ അവിടെ.. ഞാൻ അവളുടെ കൂടെ ഉണ്ടാകേണ്ടിയിരുന്നു. വേദന അറിഞ്ഞിട്ടും ഞാൻ… അങ്ങനെയെങ്കിൽ ഒരു പക്ഷേ അങ്ങനെ തോന്നിയ ആ നശിച്ച സമയത്ത് എനിക്ക് അവളെ തടയാനാകുമായിരുന്നു . “

ആരതി ചിതയിലേക്ക്‌ നോക്കി.

അവളുടെ ചിതയിൽ തീ കൊളുത്താൻ ഒരുങ്ങുമ്പോൾ അവന്റെ മനസ്സ് നിറയെ അവളുടെ മുഖമായിരുന്നു. തന്നെ കൈ വിടല്ലേന്ന് യാചിച്ച അവളുടെ കരഞ്ഞ മുഖം. തന്റെ നന്ദയുടെ…

” എന്തുമാത്രം അവൾ വേദനിച്ചിട്ടുണ്ടാകും. താൻ എന്ത് ദുഷ്ട്ടനായിരുന്നു. അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം ഞാൻ അറിഞ്ഞതാണ്. ഞാൻ ഇല്ലാതെ അവൾക്ക് പറ്റില്ലന്ന് അറിയാമായിരുന്നിട്ട്‌ കൂടി… എന്നിട്ടും ഞാൻ അവളോട്…… അവളെ കണ്ടില്ലെന്ന് നടിച്ചു. ഒരു പിൻവിളിക്കായി അവൾ ഒരുപാട് കൊതിച്ചിട്ടുണ്ടാകും. ഒരു വാക്ക് ഏട്ടനോട് പറഞ്ഞിരുന്നെങ്കിൽ ഇന്ന് അവളെ എനിക്ക് ജീവനോടെ… അവസാന നിമിഷവും അവൾ എന്നെയൊന്നു കാണാൻ ആഗ്രഹിച്ചിട്ടുണ്ടാകും. ആത്മാവ് വേർപെടുമ്പോഴും നാവിൽ ഉച്ഛരിച്ചത് എന്റെ പേരായിരിക്കും. ഒരുപാട് വിളിച്ചിട്ടുണ്ടാകും എന്നെ. തൊണ്ടയിൽ നിന്ന് താഴേക്ക് വീര്യത്തോടെ വിഷം ഇറങ്ങുമ്പോൾ അവൾ വല്ലാതെ പരവേശപ്പെട്ടിട്ടുണ്ടാകും…”

ഓർക്കുതോറും അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. തന്റെ ശക്തി മുഴുവൻ ശയിച്ച പോലെ അവന് തോന്നി. അവൻ ചിത കൊളുത്താതെ കൈ പുറകോട്ട് വലിച്ച് പിന്നിലേക്ക് ആഞ്ഞു. ആനന്ദ് അവന്റെ തോളിൽ കൈ തട്ടി. ധൈര്യം വീണ്ടെടുത്ത് അവനാ ചിതക്ക്‌ തീ കൊളുത്തിയപ്പോൾ വേഗം പടർന്ന് അത് ആളി കത്തുന്നുണ്ടായിരുന്നു. അവൾ വിജയിച്ചുവെന്ന് അവനോട് പറയും പോലെ., അത്രമേൽ ശക്തി ഉണ്ടായിരുന്നു ആ ജ്വലനത്തിന്. അവൻ തന്റെ കണ്ണുകൾ മുറുക്കിയടച്ചു. നൂറാവർത്തി അവളോട് മാപ്പ് അപേക്ഷിച്ചു.

” എന്റെ നന്ദേച്ചിയെ എന്തിനാ തീ കൊളുത്തിയേ …. വേണ്ടാന്ന് പറയ്…”

ബാല ഉച്ചത്തിൽ വിളിച്ച് പറഞ്ഞു.

” നന്ദൂട്ടി നീ കാണുന്നുണ്ടോ ഇതൊക്കെ…”

അവൻ ആകാശത്തേക്ക് നോക്കി അവളോട് പറയുമ്പോൾ തന്റെ കാലുകളുടെ ബലം നഷ്ടപ്പെട്ടവൻ വീഴാൻ ഒരുങ്ങവേ അവളുടെ അച്ഛൻ അവന്റെ മേൽ പിടിത്തമിട്ടു.

” അവൾ നമ്മുടെ കൂടെ തന്നെയുണ്ട് മോനെ… നമ്മളെ വിട്ട് പോകാനവൾക്ക്‌ പറ്റില്ല. അത്രത്തോളം അവൾ നിന്നെ സ്നേഹിച്ചുരുന്നു…”

അവന് സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പൊട്ടി കരഞ്ഞുകൊണ്ട് അവൻ അച്ഛന്റെ നെഞ്ചിലേക്ക് വീണു.

” എന്റെ…… എന്റെ നന്ദൂട്ടിയാ അത്. അവളാണ് ആ കത്തുന്നത് “

ഒരു കൊച്ചു കുഞ്ഞിനെ പോലെ എങ്ങലടിച്ച് അവൻ അവളുടെ ചിതയിലേക്ക് നോക്കി. ആ ജ്വലിക്കുന്ന അഗ്നിയിലും അവൻ കണ്ടു അവളെ… തന്നെ നോക്കി പുഞ്ചിരിക്കുന്ന അവസാന നിമിഷം വരെ തന്നിൽ മാത്രം ലയിച്ച അവന്റെ പെണ്ണിനെ….
നന്ദയേ…. നന്ദൂട്ടിയെ….

” എന്റെ നന്ദൂട്ടി…. എന്റെ മാത്രം , ഇൗ ഉണ്ണിയുടെ മാത്രം നന്ദൂട്ടി….”

അവൻ കണ്ണുകൾ ഞെട്ടി തുറന്നു. നെഞ്ചിൽ ചേർത്ത് വെച്ചിരുന്ന അവളുടെ ഡയറി അടച്ച് മേശപുറത്ത് വെച്ചു.

” ഉണ്ണിയേട്ടാ “

” എന്തോ “

അവൻ തിരിഞ്ഞു നോക്കി. തന്നെ നോക്കി പുഞ്ചിരിക്കുന്ന നന്ദയുടെ ചിത്രത്തിലേക്ക് അവൻ നോക്കി കണ്ണിറുക്കി ചിരിച്ച് കൊണ്ട് അവൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ജനാലക്ക്‌ അരികിലേക്ക് വന്ന് ആകാശത്തേക്ക് കണ്ണ് നട്ടു.

” നാളെ നന്ദൂട്ടീടെ ആണ്ടാണ്… എന്നെ വിട്ട് പോയിട്ട് 5 വർഷം തികയുന്നു.. “

” ഇൗ ഒരു ജന്മത്തിൽ അല്ല , എത്ര ജന്മം എടുത്താലും ഉണ്ണി നിന്റേത് മാത്രമാണ് നന്ദൂട്ടി. വിട്ടുകളയില്ല ആർക്ക് വേണ്ടിയും. ഇൗ തെറ്റ് ആവർത്തിക്കില്ല ഒരിക്കലും…”

ആകാശത്ത് തിളങ്ങി നിന്ന നക്ഷത്രത്തെ നോക്കി അവനത് പറയുമ്പോൾ കണ്ണിലെ നനവ് കണ്ണാടിയിലേക്ക് പടർന്നിരുന്നു. കണ്ണാടി ഊരി പെയ്യാൻ നിന്ന കണ്ണീരിനെ തുടച്ചു മാറ്റുമ്പോൾ പതിവിലും വിപരീതമായി ആ നക്ഷത്രം പ്രകാശം പരത്തിയിരുന്നു ………………….

അവസാനിച്ചു……..

( പ്രണയം അങ്ങനെയാണ് .. എല്ലാർക്കും വിധിച്ചിട്ടുണ്ടാകില്ല.. ഒരിക്കൽ കണ്ടില്ലെന്ന് നടിച്ചാൽ പിന്നീട് അനുകൂലമായ സാഹചര്യത്തിൽ അതിലേക്ക് കൈ നീട്ടുമ്പോൾ അത് ഒത്തിരി ദൂരെ ആയിരിക്കും. വിധി എന്ന കള്ളകളിക്കാരനെ കൂട്ട് നിർത്തിയുള്ള ദൈവത്തിന്റെ കളിയാണ് അത്….. എന്നാൽ തന്നെയും പ്രതീക്ഷ കളയാതെയിരിക്കുക…….. )

Read complete പ്രണയസിന്ദൂരം Malayalam online novel here

പ്രണയസിന്ദൂരം Part 12
5 (100%) 2 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.