അച്ഛൻ

അച്ഛൻ

“രാഘവേട്ടാ, എന്റെ അച്ഛനെ കണ്ടൊ?..””

“” ഇല്ലല്ലൊ മോനെ,,എന്ത് പറ്റി വീട്ടിലേയ്ക്ക് വന്നില്ലെ,,?””

“” സന്ധ്യക്ക് പോയതാണു,,കുടിച്ച് ലക്ക് കെട്ട് വഴക്കുണ്ടാക്കിയപ്പോൾ ഞാൻ എന്തൊക്കെയൊ പറഞ്ഞു,,,ഇപ്പൊ എന്നും ഇങ്ങനെയാണു,,എന്നും ബഹളമുണ്ടാക്കും..എന്റെ ക്ഷമ നശിച്ചപ്പൊ ഞാൻ ഇറങ്ങിപ്പോകാൻ പറഞ്ഞു..””

“” അവനെ നിനക്കറിയില്ലെ ഉണ്ണീ,,കുടിച്ചാ പിന്നെ അവനു കൊറച്ച് ബഹളൊക്കെ ഉണ്ടാക്കണം,,..എന്നാലും നീ അങ്ങനെ പറയണ്ടായിരുന്നു..,,ഒരു കാര്യം ചെയ്യ്,,നീയാ പാറക്കെട്ട് വരെ ഒന്നു പോയി നോക്ക്,,സങ്കടം വരുമ്പൊ അവൻ അവിടേക്കാ പോകാറു..””

രാഘവേട്ടൻ അച്ഛന്റെ ഇണപിരിയാത്ത സുഹൃത്താണു,,ചെറുപ്പം തൊട്ടെ പിരിയാത്ത കൂട്ടുകാർ…

പഴയ ബാറ്ററി ടോർച്ചിന്റെ വെളിച്ചത്തിൽ പാറക്കെട്ടിലേയ്ക്ക് നടക്കുമ്പൊഴും എന്നിൽ അറിയാതെ ഒരു ഭയം നാമ്പിട്ടിരുന്നു,,..

ഒരുവേള ഞാൻ ഓർമ്മയിലേയ്ക്ക് ഊളിയിട്ടു..

മൂന്ന് പെങ്ങന്മാരുടെ കുഞ്ഞനുജനായാണു എന്റെ ജനനം,,അത് കൊണ്ട് തന്നെ ലാളനയും,പരിചരണവും കുറച്ച് കൂടുതലായി കിട്ടിയെന്ന് പറയാം..

സന്ധ്യാ നേരങ്ങളിൽ കുടിച്ച് ബോധം മറഞ്ഞ് വരുന്ന അച്ഛനെ ഇന്നും ഞാൻ ഭയത്തോടെ ഓർക്കുന്നു,,

അച്ഛനു വഴക്കുണ്ടാക്കാൻ എന്നും കാരണങ്ങൾ പലതാണു,,വഴക്ക് മൂക്കുമ്പോൾ അമ്മയെ പൊതിരെ തല്ലും,,തടയാൻ ചെല്ലുമ്പൊ ചേച്ചിമാർക്കും കിട്ടും തല്ല്,,പക്ഷെ!! എത്ര തന്നെ കോപത്തിൽ ജ്വലിച്ചാലും എന്നെ മാത്രം വഴക്ക് പറയില്ല അച്ഛൻ..

വീട്ടിലേയ്ക്കുള്ള പലചരക്ക് സാധങ്ങൾക്കിടയിലെ മിഠായികൾ അച്ഛന്റെയുള്ളിലെ എന്നോടുള്ള മധുരമായ സ്നേഹത്തെ പറയാതെ പറയുന്നതായിരുന്നു..

വളരും തോറും ഞാൻ അറിഞ്ഞു,,ആരെയും അറിയിക്കാതെ കാലത്ത് തൊട്ടുള്ള അദ്ധ്വാനത്തിന്റെ ക്ഷീണം മറക്കാൻ വേണ്ടിയുള്ള അച്ഛന്റെ മാർഗ്ഗമായിരുന്നു ഈ കാട്ടുന്നതൊക്കെ..

പണച്ചിലവുകളുടെ കണക്കും കാര്യവും പറഞ്ഞ് അമ്മയെ ചീത്ത പറയുമ്പൊഴും വിയർപ്പു പറ്റിയ അഞ്ചു രൂപാ നോട്ട് എന്റെ കുപ്പായത്തിന്റെ കീശയിൽ തിരുകി വയ്ക്കാറുണ്ടായിരുന്നു എന്റെ അച്ഛൻ..

അമ്പലത്തിലെ ഉൽസവ കാലത്ത് എന്നെയും തോളത്തിരുത്തി കാഴ്ചകൾ കാട്ടുമായിരുന്നു ,,കൈനിറയെ കളിക്കോപ്പുകൾ വാങ്ങിത്തന്ന് മതിവരാതെ വീണ്ടും വീണ്ടും വഴിയോരക്കച്ചവടക്കാരോട് സാധനങ്ങളുടെ വില പേശുമായിരുന്നു എന്റെ അച്ഛൻ..

സ്കൂളു തുറക്കുമ്പൊ പുത്തൻ ബാഗും,കുടയും എനിക്ക് വേണ്ടി മാത്രം വാങ്ങിക്കൊണ്ട് വരുന്ന അച്ഛൻ,,അപ്പൊഴൊക്കെയും കുശുമ്പോടെ നോക്കി നിൽക്കുന്നുണ്ടാകും ചേച്ചിമാർ..

ബീഡി മണക്കുന്ന കൈകളാൽ എന്നെ ചേർത്തു പിടിക്കുമ്പൊ അച്ഛന്റെ വിയർപ്പിന്റെ മണം എനിക്കെന്തിഷ്ടമായിരുന്നെന്നൊ..

വളർന്നു വരും തോറും ആർക്ക് മുന്നിലും കൈ നീട്ടാതെ ചേച്ചിമാരുടെ കല്ല്യാണം ആർഭാട പൂർവ്വം നടത്തുമ്പൊഴും ഒരിറ്റു കുലുങ്ങിയില്ല എന്റെ അച്ഛൻ..

ചേച്ചിമാർ ഓരോരുത്തരായി പടിയിറങ്ങി പോകുമ്പൊ ആരും കാണാതെ ഇറ്റുവീഴുന്ന കണ്ണുനീർ അടയ്ക്കാൻ പാടു പെടുന്ന എന്റെ അച്ഛന്റെ ചിത്രം ഇന്നും എന്നിൽ മായാതെ കിടക്കുന്നു..

അച്ഛൻ അന്നും അങ്ങനെയായിരുന്നു,,രാഘവേട്ടന്റെ വാക്കുകളിൽ,, കുടിച്ചു വന്നാൽ രണ്ട് വർത്താനം പറയാതെ ഉറങ്ങാൻ കഴിയാത്ത അച്ഛൻ..

പക്ഷെ!! ഇന്ന് അച്ഛനോളം വളർന്നപ്പോൾ ,കുടുംബ കാര്യങ്ങളുടെ ചുമതലയേറ്റ് സ്വയം പര്യാപ്തനായപ്പോൾ ഞാനെന്റെ അച്ഛനെ മറന്നു,,അച്ഛന്റെ ശീലങ്ങളെ മറന്നു,,..

അച്ഛന്റെ വായിൽ നിന്നും വരുന്ന പേട്ടു തേങ്ങയുടെ മണമുള്ള കള്ളിന്റെ വാസന ഇന്നെന്നിൽ അറപ്പ് തീർത്തു,,,വഴക്കും ബഹളവും എന്നെ പ്രക്ഷുഭ്തനാക്കി..

ഇപ്പൊഴൊന്നും അച്ഛൻ പണിക്കു പോകാറില്ല,,കയ്യിൽ കാശില്ലാതാകുന്ന നേരത്തൊക്കെ മുറി ബീഡിക്കും,ഒരു ഗ്ലാസ് കള്ളിനും വേണ്ടിയുള്ള അച്ഛന്റെ പരിചയക്കാരോടുള്ള യാചന,,ഞാൻ അറിഞ്ഞിട്ടും വഴക്ക് പറഞ്ഞതല്ലാതെ ഒരു പത്തു രൂപാ പോലും അച്ഛന്റെ പഴകിയ കുപ്പായത്തിന്റെ കീശയിലേക്ക് തിരുകി വെക്കാൻ എനിക്ക് കഴിഞ്ഞില്ല..

മാറി വരുന്ന ഓണത്തിനും വിഷുവിനും ഒരു നല്ല മുണ്ട് വാങ്ങിക്കൊടുക്കാൻ പോലും ഞാൻ ഓർക്കാറില്ല,,

ഓർമ്മകൾ എന്നെ വേദനിപ്പിച്ചു തുടങ്ങിയൊ,,

പാറപ്പുറത്ത് ദൂരേയ്ക്ക് നോക്കി പിറു പിറുക്കുന്ന അച്ഛനെ പിറകിൽ നിന്ന് ചേർത്ത് പിടിക്കുമ്പൊ എന്റെ കണ്ണുകൾ വല്ലാതെ നനഞ്ഞു..

വാ അച്ഛാ..വീട്ടിലേയ്ക്ക് പോകാമെന്ന് ഞാൻ പറഞ്ഞപ്പോൾ സ്നേഹം കൊതിക്കുന്ന വിളിക്കായ് കാത്തു നിൽക്കുന്ന കുഞ്ഞു പൈതലിനെ പോലെ അനുസരണയോടെ അച്ഛൻ എന്റെ കൂടെ നടന്നു..

അച്ഛനു വയസ്സായി മോനെ,,ഇനി അച്ഛനു മോൻ മാത്രമെ ഉള്ളൂന്ന് എന്നെ നോക്കി വിതുമ്പലോടെ അച്ഛൻ പറയുമ്പോൾ,, മകന്റെ സ്നേഹം കൊതിക്കുന്ന ആ മനസ്സിന്റെ വേദനയിൽ ഞാൻ പിടഞ്ഞു പോയി..

നിറഞ്ഞ കണ്ണുകളോടെ കൈകൾ കൂപ്പി ഞാൻ അച്ഛനെ ചേർത്തു പിടിച്ചു നടന്നു…,,അപ്പൊഴും അച്ഛന്റെ വായിൽ നിന്നും പേട്ടു തേങ്ങയുടെ മണം എന്റെ നാസികയിലേയ്ക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു…

നിങ്ങൾ കണ്ടിട്ടുണ്ടൊ എന്റെ അച്ഛനെ?..

….വരാന്തയിൽ ചാരു കസേരയിൽ ചിന്തയിൽ മുഴുകി ഇരിക്കാറുണ്ട് എന്റെ അച്ചൻ,,,,പുകഞ്ഞു വരുന്ന പിരിമുറുക്കങ്ങൾ മുറി ബീഡിയാൽ പുകച്ചു കളയുന്ന ഒരൽഭുത പ്രതിഭാസം…..

***** സോളോ-മാൻ *****

അച്ഛൻ
3.8 (76.67%) 6 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.