മീറാന്‍പൂച്ച

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്,
അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍
അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള
ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!,

മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച
അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത
ശരീരമുള്ള അവന് നെറ്റിയിലൊരു നീളന്‍ കരുത്തവരയുണ്ട്,
കാലുകള്‍ക്കിരുവശങ്ങളിലും ചാരനിറം, കവിള്‍ തുടുപ്പുള്ളവന്‍,
ആരും കണ്ടാല്‍ അടുത്തിരുന്നൊന്നു തലോടാന്‍ കൊതിക്കും,
പൊതുവേ ശാന്തന്‍, വീട്ടുകാര്‍ക്കും പ്രിയങ്കരന്‍.

വളരെകുഞ്ഞായിരിക്കുമ്പോഴേ മീറാന്‍ വീട്ടുകാരുടെ
വാത്സല്യം പിടിച്ചുപറ്റിയിരുന്നു, വീട്ടുകാര്‍ക്ക്ചുറ്റും എപ്പോഴും
അവനുണ്ടാവും, എവിടെയും കേറിമാറിയുന്ന സ്വഭാവം അവനില്ലായിരുന്നു,
ശാന്തനായി ആരുടെയെങ്ങിലും അരികെ ഒതുങ്ങിക്കൂടും, വീട്ടിലെ എല്ലാവരെയും
അവന് പരിചയമാണ്

മുത്തു വീട്ടിലെ ഇളയപെണ്‍കൊടിയാണ്, തുള്ളിച്ചാടി നടക്കുന്ന
അവളും വീട്ടിലെ മുത്താണ്, മദ്രസയിലും സ്കൂളിലുമൊക്കെ പോയിത്തുടങ്ങിയ
അവള്‍ക്ക് മീറാനോടൊത്തുള്ള നിമിഷങ്ങളാണ്‌ സുന്ദരനിമിഷങ്ങള്‍, വീട്ടിലുള്ളപ്പോഴെല്ലാം
അവള്‍ അവനെയുംകൊണ്ട് നടക്കും, അതാണ്‌ അവളുടെ തൊഴില്‍,

എവിടേക്ക് പോകുമ്പോഴാണേലും അവനേംകൊണ്ടേ പോകൂ, അങ്ങിനെ
മീറാന്‍ അവളുടെതായി വളര്‍ന്നു, ഭക്ഷണം കഴിക്കുന്നിടത്ത്പോലും അവന്‍
അവളോടൊപ്പമാ, അവന് കിട്ടുന്നതൊക്കെ തിന്ന് അവളൊടു ചേര്‍ന്നിരിക്കും,

എല്ലാവരും വിളക്കണച്ച് ഉറങ്ങാന്‍പോയാല്‍ അവനുണ്ടാവും മുത്തു
കിടക്കുന്ന പായക്കരികില്‍, അവളുടെ തലയിണക്കരികിലായ്, ചുമരിനോട് ചേര്‍ന്ന്
അവന്‍ സ്ഥലം പിടിച്ചിട്ടുണ്ടാകും,

കാലത്ത് അവളുണരുമ്പോള്‍ അവനും കിടന്നിടത്തിന്ന് ഒന്നുകുടഞ്ഞെണീക്കും,
കിണറ്റിന്‍ കരയിലും കുളിമുറിക്കരികിലും മുത്തുവിന്‍റെതായി അവനുണ്ടാകും,

മദ്രസയില്‍പോകുമ്പോള്‍ വീട്ടുപടിക്കല്‍വരെ അവളോടൊപ്പം
അവനും കാണും, മതിലില്‍ കയറി അവള്‍ മറയുന്നതുവരെ അവന്‍ അവിടിരിക്കും
അവളെയും നോക്കി, ഏതുസമയത്ത് തിരിച്ചുവരുമെന്നും അവന് നന്നായിട്ടറിയാം
ആ സമയമായാല്‍ അവന്‍ മതിലിനുമുകളില്‍ ഉദയം ചെയ്തിരിക്കും.

തുള്ളിച്ചാടിവരുന്ന അവളെ കണ്ടാല്‍ അവന്‍ മതിലില്‍ എഴുന്നേറ്റുനില്ക്കും,
പിന്നെ സ്കൂളില്‍ പോകുന്നതുവരെയും അവള്‍ അവനേംകൊണ്ട് എല്ലായിടത്തും
ചുറ്റിനടക്കും, കുളിപ്പിച്ച് കുട്ടികൂറാ പൌടറൊക്കെയിട്ട് അവനെ മിനുക്കിയെടുക്കും,

അവള്‍തന്നെയാണ്‌ അവനെ മീറാന്‍ എന്ന് ആദ്യം വിളിച്ചത്. അങ്ങിനെ ആ വിളി
മുത്തുവിന്‍റെ മീറാനായി, ചുറ്റുവട്ടത്തുള്ള വീട്ടുകാര്‍ക്കെല്ലാം മുത്തുവിന്‍റെ മീറാനെ
പരിചയമാണ്, അവളോടൊപ്പം വിടാതെ നടക്കുന്ന മീറാനെ കാണുന്നത് അവര്‍ക്കെല്ലാം
വലിയ ആശ്ചര്യമായിരുന്നു.

ആയിടെ ഒരുദിവസം മദ്രസയില്‍നിന്നും തിരിച്ചുവന്ന മുത്തുവിന് വീട്ടുപടിക്കല്‍
മീറാനെ കാണാനായില്ല, എവിടെപോയെന്നറിയാതെ ആധിയാല്‍ അവള്‍ വിയര്‍ത്തു,
വീടും തോടിയുമെല്ലാം അരിച്ചുപെറുക്കി, എന്നിട്ടും കാണാന്‍ കഴിയാതെവന്നപ്പോള്‍
അയല്‍വീടുകളിലായി തിരച്ചില്‍, എവിടെയും അവളുടെ മീറാനെ കണ്ടെത്താന്‍
അവള്‍ക്കായില്ല, അവള്‍ വിതുമ്പിവിതുമ്പി കരയാന്‍ തുടങ്ങിയതോടെ തിരച്ചില്‍
വീട്ടുകാരും ഏറ്റെടുത്തു, അവസാന തിരച്ചിലെന്നോണം തൊടിയരുകിലെ കുളത്തിലുമെത്തി‍.

പണ്ട് ഉപ്പാപ്പമാരാരോ കിണര്‍ വെട്ടിനിരത്തി നിര്‍മ്മിച്ചതാണീ കുളം,
ചുറ്റുവട്ടവും മുളംകൂട്ടങ്ങളാല്‍ ചുറ്റപ്പെട്ട കുളത്തിലേക്കിറങ്ങാന്‍ ഇരുപതോളം
പടവുകള്‍കാണും, ഉള്‍ഭയാത്തോടെ മാത്രമേ ഒരാള്‍ക്ക്‌ അവിടെ കുളിക്കുവാനൊക്കൂ,
മുകളില്‍നിന്ന് നോക്കിയാല്‍ എല്‍ഷേപ്പില്‍ കാണാവുന്ന കുളത്തിന്‍റെ പടിഞ്ഞാറ്‌ മൂലയില്‍
പൊങ്ങിക്കിടക്കുന്ന മീറാന്‍റെ ശവം എല്ലാവരുടെയും കണ്ണ്നിറക്കുന്ന കാഴ്ച്ചയായിരുന്നു,

വീട്ടിലുള്ളവരും അയലത്തുകാരും കുളത്തിന്ചുറ്റും ആകെ ബഹളം,
അവര്‍ക്കിടയില്‍ അലമുറയിടുന്ന മുത്തുവിനെയും കാണാം, എന്‍റെ മീറാന്‍ പോയേ
എന്നുംപറഞ്ഞ് കരച്ചിലോടുകരച്ചില്‍, അത് കണ്ടുംകേട്ടും നിന്നിരുന്നവരുടെ മനസിലും
ദുഃഖം നിഴലിട്ടിരുന്നു,

അതിനിടെ അവളുടെ ഇക്കാക്ക കുളത്തിലിറങ്ങി മീറാന്‍പൂച്ച യുടെ
ശവം പുറത്തെടുത്തുകൊണ്ടുവന്നു, അതോടെ മുത്തുവിന്‍റെ കരച്ചിലിന്‍റെ ആവേശംകൂടി,
ആരോ അവളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല,

കുഴിവെട്ടി അവനെ കുഴിച്ചിടുന്നതും നോക്കി അവള്‍ എന്‍റെ മീറാന്‍പോയേ എന്ന
എങ്ങലുമായി അവിടെതന്നെ നിന്നു, തൊടിയില്‍ നായശല്യം ഉള്ളതുകൊണ്ട് എല്ലാവരുംകൂടി
അവളെ വീട്ടില്‍കൊണ്ടുപോയി, എങ്ങലടക്കാനാവാതെ അവള്‍ കരഞ്ഞപ്പോള്‍ വീട്ടിലുള്ളവര്‍ക്കും
അതൊരു മരണവീടായി മാറി,

ഉമ്മ അലക്കാന്‍പോയപ്പോള്‍ കൂടെ കുളക്കടവില്‍ വന്നിരുന്നെന്നും തിരികെവരുമ്പോള്‍
അവന്‍ പിറകെ പോന്നിരുന്നെന്നും ഉമ്മ പറയുന്നു, പിന്നെ എന്തുസംഭവിച്ചെന്ന് അവര്‍ക്കറിയില്ല,
നായ്ക്കള്‍ ഓടിച്ചുകാണും എന്നാണ് എല്ലാവരുടെയും ബലമായ സംശയം,

സംഭവംകഴിഞ്ഞ് ഒരാഴ്ച്ചയോളം ഉമ്മയോട് അവള്‍ കയര്‍ക്കുമായിരുന്നു, നിങ്ങള്‍ നോക്കാഞ്ഞിട്ടല്ലേ
എന്‍റെ മീറാന്‍ പോയതെന്നും പറഞ്ഞ്‌, വീട്ടിലെ മറ്റുള്ളവര്‍ അവളെ
കളിയാക്കാനും ചൊടിപ്പിക്കാനും തുടങ്ങി, ”എന്‍റെ മീറാന്‍പോയേന്നും” പറഞ്ഞുകൊണ്ട്,

ഇന്നും അവരെല്ലാം ഇടക്കൊക്കെ അവളെ കളിയാക്കറുണ്ട്, അതുകേട്ടവള്‍ ചിരിക്കും,
കുഞ്ഞുമാനസിനെ നൊമ്പരപ്പെടുത്തിയ മറക്കാനാവാത്ത ഒരു നല്ലോര്‍മ്മയായ്.
= – ശുഭം =

NB:- ”രക്തബന്ധങ്ങളേക്കാള്‍ ഹൃദയബന്ധങ്ങള്‍ എങ്ങിനെ മനസിനെ സ്വാധീനിക്കുന്നുവെന്ന്
മുത്തുവും മീറാനും നമ്മുക്ക് കാട്ടിത്തരുന്നു, സ്നേഹിക്കുന്നവരില്‍ സ്നേഹത്തിന്‍റെ വില
മരണംവരെ മായാത്ത ഓര്‍മ്മകളായി മനസില്‍ നിറഞ്ഞുനില്ക്കും,

”മണ്ണോടുചേരുംമുമ്പ് മനസ്സില്‍ സ്നേഹം നിറക്കുക,
അത് മൃഗങ്ങളോടായാലും മനുഷ്യരോടായാലും,
ഭൂമിയില്‍ നിന്‍റെ ശാന്തിയും സമാധാനവും അത് മാത്രമാണ്!!!”’

മീറാന്‍പൂച്ച
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.