malayalam story

അമ്മ പറഞ്ഞ കഥ

നൈറ്റ് ഡൂട്ടി കഴിഞ്ഞ്, വീട്ടിൽ
കിടന്നു ബോധം കെട്ടുറങ്ങുന്ന എന്നെ,
അമ്മ തട്ടി വിളിച്ചു.

“എന്താ മ്മേ മനുഷ്യനെ ഒറങ്ങാനും
സമ്മതിക്കില്ലേ ”

സുന്ദര സ്വപ്നം കണ്ട്
സുഖസുഷുപ്തിയിലാണ്ട
എന്റെ ഈർഷ്യയോടുള്ള ചോദ്യം
കേട്ടപ്പോൾ അമ്മ ചോദിച്ചു.

“നിനക്ക് ആഹാരം ഒന്നും കഴിക്കണ്ടേ
ഇങ്ങനെ കിടന്ന് ഉറങ്ങിയാ മതിയാ”

അല്പം ശാസന കലർന്ന വാത്സല്യാതിരേ കത്തോടെയുള്ള ചോദ്യം.

“എനിക്കിപ്പോൾ വേണ്ട, വിശപ്പായിട്ടില്ല”

എന്ന് പറഞ്ഞ് വീണ്ടും തിരിഞ്ഞ് കിടന്ന്,
കണ്ണ് ഇറുക്കി അടച്ച്, ഇടയ്ക്ക് മുറിഞ്ഞ്
പോയ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു.

പക്ഷേ എന്റെ പകലുറക്കം കണ്ട് അസൂയ
മൂത്തിട്ടാണോ എന്നറിയില്ല, അമ്മ കട്ടിലിന്റെ
അരികിൽ വന്നിരുന്നിട്ട് എന്റെ മുടിയിഴകളെ
അരുമയായി തഴുകി, എന്നെ വീണ്ടും
ഉണർത്താൻ ശ്രമിച്ചു.

“മോൻ കുട്ടാ എഴുന്നേൽക്ക് നിനക്ക് ഇന്നു്
കഥയൊന്നും എഴുതണ്ടെ, സാധാരണ നീ നൈറ്റ് ഓഫ് ഉള്ള ദിവസം കഥയെഴുതാറുള്ളതല്ലേ?”

ഉറക്കത്തിൽ നിന്ന് എന്നെ പൊക്കാനുള്ള അമ്മയുടെ അവസാനത്തെ അടവാണത്. കഥയെഴുതൽ എന്റെ ഒരു വീക്ക്നെസ്സാണെന്ന് അമ്മയ്ക്ക് നന്നായിട്ടറിയാം’ എങ്ങനെയെങ്കിലും ,ഞാനെഴുന്നേറ്റ് ആഹാരം
കഴിക്കണം .അത്രയേ വേണ്ടു.

“ഓഹ് ഇല്ലമ്മേ, കഴിഞ്ഞ ദിവസം ഒരെണ്ണം
എഴുതിയതിന്റെ കോലാഹലം ഇത് വരെ കഴിഞ്ഞിട്ടില്ല.

ഞാൻ പറഞ്ഞത് കേട്ട് അമ്മ എന്നെ ജിജ്ഞാസയോടെ നോക്കി.

“അതെന്താ അതിന് ലൈക്കൊന്നും കിട്ടില്ലെ ”

അമ്മയ്ക്ക് സംശയം .

ഇല്ലമ്മേ, ലൈക്ക് കിട്ടീല്ലന്ന് മാത്രമല്ല, കുറെ പേരുടെ ചീത്ത വിളി കേൾക്കുകയും ചെയ്തു”

ഞാൻ സങ്കടത്തോടെ പറഞ്ഞപ്പോൾ, അമ്മ എന്നെ ആശ്വസിപ്പിച്ചു.

“സാരമില്ലടാ, കണ്ണാ, അത് ചിലപ്പോൾ അങ്ങനാ, നമ്മൾ നല്ലതെന്ന് കരുതുന്നത്
മറ്റുള്ളവർക്ക് മോശമായി തോന്നാം, അത് പോലെ തന്നെ തിരിച്ചും. അത് ഓർത്ത് നീ വിഷമിക്കണ്ട, നിനക്കിന്ന് അമ്മയൊരു കഥ പറഞ്ഞ് തരാം, അത് നീ എഴുതി നോക്ക്, ചിലപ്പോൾ എല്ലാർക്കും ഇഷ്ടപ്പെടും”

അമ്മയത് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതമായി.

“ങ് ഹേ ,അമ്മ കഥ പറയാനോ ,പഴയ അക്ബർ ചക്രവർത്തിയുടെതാണോ?
അതാണെങ്കിൽ ഈ ലോകത്ത് എല്ലാവർക്കും അറിയാവുന്നതാണ്.”

ഞാൻ അമ്മയെ പരിഹസിച്ചു.

“അല്ല ടാ, ഇത് നമ്മുടെ, കുടുംബത്തിലുണ്ടായ ഒരു കഥ, നിന്റെ, അച്ഛൻ നമ്മളെ വിട്ട് പോയത് എന്തിനാ എന്ന് നീ എപ്പോഴും ചോദിക്കില്ലേ,
ആ കഥ ഞാൻ നിന്നോട് പറയാം.നിനക്ക് ഇഷ്ടപെട്ടെങ്കിൽ നീ എഴുത്. ഹല്ല പിന്ന”

അല്പം നീരസത്തോടെ അമ്മ മുഖം വക്രിച്ചു.

“ഓഹ് എങ്കിൽ പറയമ്മേ, ”

എനിക്കാവേശമായി, കാരണം ഞാനെത്ര ചോദിച്ചിട്ടും ,അച്ഛൻ പിണങ്ങി പോയതിന്റെ കാരണം അമ്മ എന്നോട് പറഞ്ഞിട്ടില്ല.

അമ്മ ആ കദനകഥ പറഞ്ഞ് തുടങ്ങി.

ഏതാണ്ട് എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ,
എന്റെ ഓർമ്മയിലെ ഏറ്റവും സുന്ദരമായ ബാല്യകാലം. എന്നെ ഒന്നാം ക്ലാസ്സിൽ ചേർത്ത് സ്കൂളിൽ നിന്നും പുസ്തകങ്ങളും വാങ്ങി അച്ഛനും അമ്മയുമായി ,അച്ഛന്റെ ഹെർക്കുലീസ് സൈക്കിളിൽ എന്നെ മുന്നിലിരുത്തി, അമ്മയെ പുറകിലുമിരുത്തി,
അച്ഛൻ ഞങ്ങളെയും കൊണ്ട്, വീതി കുറഞ്ഞ ചെമ്മൺ പാതയിലൂടെ വീട്ടിലെത്തി.

എന്നിട്ട് എന്നോട് ടാറ്റ പറഞ്ഞ് ‘അച്ഛൻ കടയിലേക്ക് പോയി.

അന്ന് അച്ഛന് പട്ടണത്തിൽ ഒരു ചെറിയ പലചരക്ക് കടയുണ്ട്. രാവിലെ പോയാൽ പിന്നെ രാത്രി ഒരു പാട് വൈകിയെ അച്ഛൻ കടയടച്ച് വീട്ടിലെത്തുകയുള്ളു. അപ്പോഴേക്കും ഞാൻ രണ്ട് മൂന്ന് ഉറക്കം കഴിഞ്ഞിരിക്കും. അത് കൊണ്ട് അച്ഛനെ ഞാൻ വൃത്തിയായിട്ട്, കാണുന്നത് ഞായറാഴ്ച ദിവസങ്ങളിൽ മാത്രമായിരിക്കും.

എങ്കിലും ആ ഒറ്റ ദിവസം കൊണ്ട് തന്നെ അച്ഛൻ എന്നെ സ്നേഹം കൊണ്ട് പൊതിയുമായിരുന്നു.
അച്ഛന് എന്നെയും, അമ്മയെയും ഒരു പോലെ ഇഷ്ടമായിരുന്നു.
എന്നെ മടിയിൽ വച്ച് താലോലിക്കുമ്പോൾ തന്നെ, അമ്മയെ അച്ഛൻ എപ്പോഴും തന്നിലേക്ക് ചേർത്ത് നിർത്തുമായിരുന്നു.

അച്ഛൻ വീട്ടിലുള്ളപ്പോൾ അമ്മ എപ്പോഴും അടുത്തുണ്ടാവണമെന്ന്, അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

തിരിച്ച് അമ്മയ്ക്കും അങ്ങനെ തന്നെ .
അച്ഛൻ കടയിൽ പോകുന്ന ദിവസം രാത്രി ഏറെ വൈകും വെരെ, എന്നെ മടിയിൽ കിടത്തി ഉറക്കി, ദൂരെ ഇടവഴിയിലേക്ക് കണ്ണും നട്ട് ,അമ്മ ഇരിക്കുമായിരുന്നു. പാതിരാവിൽ
അടുത്ത ഒഴിഞ്ഞ പറമ്പിലെ പനയിൽ നിന്നും ഇടയ്ക്ക് കാറ്റടിച്ച് വീഴുന്ന പനംതേങ്ങയുടെ ശബ്ദം കേൾക്കുമ്പോൾ അമ്മയ്ക്ക് പേടിയാകും. അങ്ങനെ എന്നെയുമെടുത്ത് അമ്മ അകത്ത് കയറി കതക് അടച്ച് കുറ്റിയിട്ട് കിടക്കും.
പിന്നെ അച്ഛൻ വന്ന് മുട്ടിവിളിക്കുമ്പോഴാ തുറക്കുന്നത്.

ഒരു ദിവസം രാത്രി, അച്ഛന്റെയും, അമ്മയുടെയും ഉറക്കെയുള്ള സംസാരം കേട്ടിട്ടാണ് ഞാൻ ഉണർന്നത്.

” നിങ്ങളീ പാതിരാത്രിയിൽ ,അവിടെ എന്തിന് പോയി ”

അമ്മയുടെ ദേഷ്യം കലർന്ന ചോദ്യം.

“എടീ ഞാൻ അവരുടെ നിലവിളി കേട്ടിട്ട് അങ്ങോട്ട് പോയതാ, ചെന്നപ്പോഴാ അവര് പറഞ്ഞത്, ആരോ ഒരാൾ വന്ന് ജനലിന്റെ
അടുത്ത് നില്ക്കുന്നത് ,കണ്ട് പേടിച്ച് കൂവിയ താണെന്ന്. പിന്നെ അവരോട് പേടിക്കണ്ടന്ന് പറഞ്ഞ് ഞാനിങ്ങ് പോന്നു ”

ഇത് കേട്ട് അമ്മ തുറന്ന് കിടന്ന വാതിലിലൂടെ
പുറത്തിറങ്ങി തെക്ക് വശത്തുള്ള, അല്ലി ചേച്ചിയുടെ വീട്ടിലേക്ക് എത്തി നോക്കി, അവിടെ ഭർത്താവ് മരിച്ച് പോയ അല്ലിച്ചേച്ചി, രണ്ട് പെൺകുട്ടികളോടൊപ്പം തനിച്ചാണ് കഴിയുന്നത്.

” ങ്ഹും എന്നെ മണ്ടിയാക്കാൻ നോക്കല്ലേ സുരേട്ടാ, അവിടെ എന്നിട്ട് അനക്കമൊന്നും കാണുന്നില്ലല്ലോ? നിങ്ങളവിടുന്ന് ഇറങ്ങി വരുന്നതും ഞാൻ കണ്ട്. അപ്പോൾ ഞാനെന്താ മനസ്സിലാക്കണ്ടെ ”

അമ്മയ്ക്ക് എന്തോ സംശയം ഉള്ളത് പോലെ, അച്ഛനോട് ചോദിച്ചു.

“എടീ അത് ഞാൻ അവരോട് അകത്ത് കയറി,ജനലും വാതിലും ഭദ്രമായി അടച്ചിട്ട് കിടക്കാൻ പറഞ്ഞിരുന്നു .അതിന് ശേഷം ഞാൻ ആ ചുറ്റുവട്ടത്തൊക്കെ ടോർച്ച് തെളിച്ചു നോക്കിയിട്ടാ പിന്നെ ഇങ്ങോട്ട് വന്നത്.അപ്പോഴാ നീ എന്നെ കണ്ടത് ”

അച്ഛൻ പറഞ്ഞ് നിർത്തി.

” എന്നിട്ട് നിങ്ങൾ എന്നെ വിളിക്കാതിരുന്നതെന്താ, അതിലെന്തോ കള്ളത്തരമില്ലേ?”

അമ്മ വിടാൻ ഭാവമില്ലായിരുന്നു.

“ഓഹ്, നിന്നെ കൊണ്ട് ഞാൻ തോറ്റു നിന്റെ ഒടുക്കത്തെ ഒരു സംശയം. എടീ ഞാൻ കടേന്ന് വരുന്ന വഴിയാ ഈ ശബ്ദം കേട്ടത്, നീയപ്പോൾ അകത്ത് കിടന്ന് ഉറക്കമല്ലേ, നിന്നെ ശല്യപ്പെടുത്തേണ്ട എന്ന് ഞാൻ വിചാരിച്ചു. ”

അച്ഛൻ പുറത്ത് ചാടിയ കോപത്തെ കടിച്ചമർത്തി പറഞ്ഞു.

” പിന്നേ ഈ കെട്ടുകഥകളൊക്കെ ഞാൻ വെളളം തൊടാതെ വിഴുങ്ങുമെന്നാണോ നിങ്ങള് കരുതിയെ. എങ്കിൽ നിങ്ങൾക്ക് തെറ്റി. ”

അമ്മ സംശയത്തിന്റെ പിടിയിലമർന്നു കഴിഞ്ഞിരുന്നു. തികട്ടി വന്ന സങ്കടം ഉള്ളിലൊതുക്കി, അമ്മ തുടർന്നു.

,എനിക്കറിയാം, ആൺതുണയില്ലാത്ത, അവളുടെയടുത്ത് നിങ്ങൾ എന്തിനാ പോയതെന്ന് ‘ചില സമയത്ത് അവള്, നിങ്ങളോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുന്ന കാണുമ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു, നിങ്ങള് ആ ,വേലി ചാടുമെന്ന് .അവളോടൊപ്പം ആറാടിയിട്ട് വന്നിരിക്കുന്നു.”

ടപ്പേ!

കാതടപ്പിക്കുന്ന ശബ്ദം കേട്ടത് ,അച്ഛന്റെ കൈ അമ്മയുടെ കവിളത്ത് വീണതാണെന്ന്, കണ്ണ് തിരുമ്മി ഞാൻ ഒന്ന് കൂടെ ഉറപ്പിക്കുകയായിരുന്നു, അപ്പോൾ.

“ഹും നിങ്ങളെന്നെ തല്ലിയല്ലേ ‘ആ എന്തര വൾക്ക് വേണ്ടി നാളെ നിങ്ങളെന്നെ കൊല്ലുകയും ചെയ്യും.
അത് കൊണ്ട് ഇപ്പോൾ ഇവിടുന്ന് ഇറങ്ങണം, ഈ നിമിഷം.ഇതെന്റെ വീടാണ്, എന്റെ അച്ഛൻ എനിക്കെഴുതി തന്ന എന്റെ സ്വന്തം വീട്. നിങ്ങൾക്കിനി ഇവിടെ ഒരവകാശവുമില്ല.”

അമ്മ കിതപ്പോടെ പറഞ്ഞ് നിർത്തിയപ്പോൾ, അച്ഛൻ ,അമ്മയെ തല്ലിയ പശ്ചാത്താപത്തിലോ, ആട്ടിയിറക്കിയ വിഷമത്തിലോ വീടിന്റെ പടികളിറങ്ങി പോകുമ്പോൾ’ സംഭവിച്ചതെന്തന്നറിയാനോ അത് മനസ്സിലാക്കി എടുക്കാനോ എനിക്ക് അന്ന് കഴിഞ്ഞിരുന്നില്ല. അച്ഛന്റെ ആ പോക്ക് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നുഎന്ന് ,എനിക്ക്, ഇപ്പോഴും ഓർമ്മയുണ്ട്.

പിറ്റേന്ന് മുതൽ ഞാൻ അമ്മയോട് അച്ഛനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ,വെറുപ്പോടെ അമ്മ എന്നെ ആ ചോദ്യത്തിൽ നിന്ന് പിൻതിരിപ്പിക്കുമായിരുന്നു.
പതിയെ പതിയെ ഞാനും അച്ഛനെ മറന്ന് തുടങ്ങിയിരുന്നു.

###$####$####

അതിന് ശേഷമുള്ള കഥ എനിക്ക് ചോറ് വിളമ്പി തന്ന്, അടുത്തിരുന്ന് കൊണ്ടാണ്, അമ്മ പറഞ്ഞത്.

അച്ഛൻ വീടുവിട്ട് പോയി, കുറച്ച് നാൾ കഴിഞ്ഞ് ഒരു ദിവസം, എനിക്ക് കലശലായ പനി ഉണ്ടായി.രാത്രി ചൂട് കൂടിയപ്പോൾ ചുഴലി വന്നു. ആദ്യമായാണ് അങ്ങനൊരു അവസ്ഥയെ അമ്മ അഭിമുഖീകരിക്കുന്നത്.
ഭയന്ന് പോയ അവർ, സഹായത്തിനായി വെളിയിലിറങ്ങി’ നോക്കി.
അപ്പോൾ
ഞങ്ങളുടെ വടക്കേ വീട്ടിലെ, ദിവാകരേട്ടൻ, മൂത്രശങ്കയുണ്ടായിട്ട്, മുറ്റത്തേക്കിറങ്ങിയ സമയമായിരുന്നു.

അയാളെ കണ്ടപ്പോൾ അമ്മ കരഞ്ഞോണ്ട് വിവരങ്ങൾ പറഞ്ഞ് സഹായം അഭ്യർത്ഥിച്ചു.

കേൾക്കേണ്ട താമസം അയാളോടി വന്ന്, വിറയ്ക്കുകയാരുന്ന എന്റെ, കൂട്ടിപ്പിടിച്ച കൈവിരലുകൾക്കിടയിലേക്ക് മേശപ്പുറത്തിരുന്ന ഒരു താക്കോൽ കൂട്ടം വച്ച് തന്നു.

പതിയെ, പതിയെ എന്റെ, വിറയൽ മാറിയപ്പോൾ ,കുറച്ച് പച്ച വെള്ളവും
തുണിയും കൊണ്ട് വരാൻ അമ്മയോട് പറഞ്ഞു.

കോട്ടൻതുണി വെള്ളത്തിൽ നനച്ച് എന്റെ ശരീരം നന്നായി തുടച്ച് ‘അവസാനം, ഒരു കഷണം തുണി കീറിയെടുത്ത് നനച്ച്എന്റെ നെറ്റിയിൽ ഒട്ടിച്ചു, എന്നിട്ട് അമ്മയോട് ഈ പ്രവർത്തി രാവിലെ വരെ തുടരാനും ഓർമ്മിപ്പിച്ചിട്ട് ആ നല്ല മനുഷ്യൻ വെളിയിലേക്കിറങ്ങി. മര്യാദയുടെ പേരിൽ അമ്മയും പുറകെ അയാളെ അനുഗമിച്ചു.

“ഓഹോ ഇതിയാന് രാത്രി ,ഇവിടെയാണ് പണിയല്ലേ,

വെളിയിലേക്കിറങ്ങിയ, അവരുടെ മുന്നിലേക്ക്
മുടിയഴിച്ചിട്ട്, രാക്ഷസിയെ പോലെ ദിവാകരേട്ടന്റെ ഭാര്യ ഉറഞ്ഞ് തുള്ളി.

“ടീ, ഞാൻ ഇവിടുത്തെ, കൊച്ചന് വയ്യാഞ്ഞിട്ട് വന്ന് നോക്കുവാരുന്നു.

അയാൾ ഭാര്യയോട് ദേഷ്യത്തോടെ പറഞ്ഞു.

“അതെന്താടി നിനക്കെന്നെ വിളിച്ച് പറഞ്ഞാല് .എന്റെ കെട്ടിയോനെ, തന്നെ വേണമായിരുന്നോ നിനക്ക്, ചുമ്മാതല്ലെടി സുരേന്ദ്രൻ നിന്നെയിട്ടേച്ച് പോയത്. നിന്റെ കൊണവതികാരം കൊണ്ട് തന്നാ, ”

അമ്മയുടെ നേരേ നോക്കിയായിരുന്നു, അവരുടെ അടുത്ത ചോദ്യം.

നെഞ്ചിൽ തുളഞ്ഞ് കയറുന്ന അവരുടെ പുലമ്പലുകൾ സഹിക്കവയ്യാതെ, ദിവാകരൻ അവർക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.

നിരപരാധികളായ തങ്ങളെ തെറ്റിദ്ധരിച്ച ദിവാകരേട്ടന്റെ ഭാര്യയെ അമ്മ തലയിൽ കൈവച്ച് പ്റാകി.

####$$$##$##

കഥപറച്ചിൽ ഇടയ്ക്ക് വച്ച് നിന്നപ്പോൾ ഞാൻ അമ്മയുടെ മുഖത്ത് നോക്കി.
അപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“എന്താ മ്മേ?

ഞാൻ അമ്മയുടെ തോളിൽ പിടിച്ച്
കുലുക്കിയിട്ട് ചോദിച്ചു.
തോളിൽ കിടന്ന കോട്ടൻസാരിയുടെ തുമ്പ് കൊണ്ട് കണ്ണുകൾ തുടച്ചിട്ട്, അമ്മ തുടർന്നു.

“മോനേ, നിന്റെ അച്ഛനെ, ഈ അമ്മ തെറ്റിദ്ധരിച്ചതാണെന്ന്,
ഈശ്വരൻ കാട്ടിത്തരുകയായിരുന്നു. അന്നത്തെ നിന്റെ കടുത്ത പനിയും, ദിവാകരേട്ടനും ഭാര്യയുമായുള്ള വഴക്കുമൊക്കെ, ഒരു നിമിത്തമായിരുന്നെടാ.
നിന്റെ അച്ഛൻ, എന്റെ സുരേട്ടൻ ,ഒരു പാവമായിരുന്നു ”

വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയപ്പോൾ, അമ്മ ഏങ്ങലടിച്ച് കരയാൻ തുടങ്ങി.

“അമ്മേ, എന്തായിത്, കൊച്ച് കുട്ടികളെ പോലെ, അമ്മ കരയണ്ട. അച്ഛനെ നമ്മൾ എവിടെയാണെങ്കിലും പോയി കൂട്ടികൊണ്ട് വരും. പഴയത് പോലെ തന്നെ സന്തോഷമായിട്ട് ജീവിക്കുകയും ചെയ്യും.

അതും പറഞ്ഞ്, ഞാൻ അമ്മയെ, എന്റെ തോളിലേക്ക് ചായ്ച് കിടത്തി.

സ്വന്തം
സജിമോൻ, തൈപ്പറമ്പ് ‘

അമ്മ പറഞ്ഞ കഥ
4 (80%) 1 vote

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.