malayalam book review

Meesha | മീശ by S. Hareesh Book Review

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. വളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട് കഥാസമാഹാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ കഥകളില്‍ കൂടി സമകാലിക മലയാള സാഹിത്യലോകത്തില്‍ തന്റെ പേര് അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. ജാതിക്കും മതത്തിനും സ്ത്രീത്വത്തിനും എതിരെ പരമാര്ശനങ്ങൾ നോവലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവാദത്തിലായിരുന്നു ഈ പിൻവലിക്കൽ.  തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. വിവാദത്തിൽ കൂടി ആണെങ്കിലും 2018 വർഷത്തിൽ ഏറ്റവും ചിലവായി പോയതും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായതുമായ പുസ്തകങ്ങളിൽ ഒന്നായിരുന്നു മീശ എന്ന എസ് ഹരീഷിന്റെ ഈ പുസ്തകം.

Meesa Novel Review

ദേശീയത എന്ന ആശയം രൂപം കൊള്ളുന്നതിനുമുമ്പ് ജാതിബന്ധങ്ങളിലുറഞ്ഞുപോയ അടഞ്ഞ ഒരു ദേശത്തിന്റെ ചരിത്രമാണ് എസ്. ഹരീഷ് ‘മീശ‘യിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ദേശത്തെക്കുറിച്ചുള്ള നോവലാണിതെങ്കിലും അസമത്വങ്ങള്‍ക്കും ഭൗതികപരിമിതികള്‍ക്കുമപ്പുറം ജനതയെ ഒരുമിപ്പിക്കുന്ന ഒരു ദേശത്തിന്റെ സാധ്യത നമുക്കിവിടെ കാണാന്‍ കഴിയില്ല.

ആരുടെ ദേശമായിരുന്നു ഇതെന്ന ചോദ്യം നോവലിലെങ്ങും മുഴങ്ങുന്നുണ്ട്. ഒരു നാടകത്തില്‍ പോലീസ് വേഷം കെട്ടാനായി മീശ വെക്കേണ്ടിവന്ന വാവച്ചനെക്കുറിച്ചുള്ള ആഖ്യാനങ്ങളാണ് ‘മീശ‘യുടെ ഇതിവൃത്തം. നാടകം കഴിഞ്ഞിട്ടും അയാള്‍ മീശ ഒഴിവാക്കാന്‍ തയാറാകുന്നില്ല. അതോടെ വാവച്ചെന്റെ മീശ ദേശത്തെ വിറളിപിടിപ്പിക്കുന്നു.

മീശ അധികാരത്തിന്റെയും പൗരുഷത്തിന്റെയും ധിക്കാരത്തിന്റെയും ചിഹ്നമാണല്ലോ. മീശയെ കീഴടക്കാനുള്ള ദേശത്തിന്റെ പരാക്രമങ്ങളാണ് നോവലിന്റെ വിഷയം.

കച്ചിത്തുറുവില്‍ സൂചി തപ്പും പോലെയാണ് പുലയനെ പാടത്തു പിടിക്കുന്നത് എന്ന് നോവലിലൊരു പോലീസുകാരന്‍ സൂചിപ്പിക്കുന്നുണ്ട്. മീശയെക്കുറിച്ചുള്ള കഥകള്‍ആഖ്യാതാവ് തന്റെ മകനോടാണ് പറയുന്നത്. കുട്ടികളാണ് ഏറ്റവും നല്ല ശ്രോതാക്കള്‍ എന്ന് അദ്ദേഹം തന്നെ സൂചിപ്പിക്കുന്നുമുണ്ട്.

രാമായണത്തിന്റെ പ്രത്യേകത അത് രാമന്റെ ഐതിഹാസിക ജീവിതമാണെന്നു മാത്രമല്ല, രാമന്‍ ജീവിച്ചിരിക്കെയാണ്് രാമായണം രചിക്കപ്പെടുന്നത് എന്നതുകൂടിയാണ്. ഇവിടെയും ജീവിച്ചിരിക്കെത്തന്നെയാണ് മീശ ഇതിഹാസസമമായി വളര്‍ന്നത്. താനൊരിക്കല്‍ പ്രാപിച്ച സീതയെ മീശ അന്വേഷിച്ചു നടക്കുന്നുണ്ട്.

ഉഴവുചാലിലെ സീതയെപ്പോലെ ഈ നോവലിലെ സീതയും അനാഥത്വം പേറുന്നവളുമാണ്. മീശയാലും മറ്റുള്ളവരാലും ബലാല്‍ക്കാരം ചെയ്യപ്പെടുന്നവളാണ് അവള്‍. (സ്ത്രീ എന്ന നിലയിലുള്ള ആത്മബോധം വികസിക്കാത്ത അക്കാലത്ത് ബലാല്‍ എന്നവ വാക്കിനു പോലും പ്രസക്തിയില്ല.)

ജീവിതം കാലത്തിലൂടെ ആവര്‍ത്തിക്കുന്നതാണ് എന്നത് ഒരു പൗരസ്ത്യ സങ്കല്പമാണ്. അതുകൊണ്ട് ഒരേകഥകള്‍ തന്നെയാണ് വീണ്ടും വീണ്ടും പല രൂപങ്ങളില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നത്. മീശ വെച്ച് ഉഗ്രരൂപിയായ പൊലീസായി വാവച്ചന്‍ വേഷപ്പകര്‍ച്ച നടത്തുന്ന മൂന്നാമധ്യായത്തിന്റെ തലക്കെട്ട് രാവണന്‍ എന്നാണ്.

കരുത്തിനെക്കുറിച്ചുള്ള കഥകള്‍ പാടി പത്തു തലമുറ പേറേണ്ടി വന്ന രാവണനെപ്പോലെ ജലജീവികള്‍ക്കുപോലും ഒളിച്ചിരിക്കാന്‍ പറ്റുംവിധം വേരുപ്പടര്‍പ്പുകളും നിറഞ്ഞ് വലുതാകുന്നു വാവച്ചന്റെ മീശ. നീന്തുമ്പോള്‍ അത് രണ്ടു തീരങ്ങളെ തൊടുന്നു. പക്ഷേ, നോവല്‍ അവസാനിക്കുമ്പോഴേയ്ക്കും മീശ രാമനിലേക്കു പരിവര്‍ത്തിക്കുന്നു എന്നതും നാം ശ്രദ്ധിക്കേണ്ടതുണ്ട്.

തന്റെ അമ്പു തറച്ച് മുറിഞ്ഞ തവളയോട് എന്തുകൊണ്ട് വേദനിച്ചപ്പോള്‍ കരഞ്ഞില്ല എന്ന് രാമന്‍ ചോദിക്കുന്നുണ്ടല്ലോ. അതേ സന്ദര്‍ഭം മീശയിലും ആവര്‍ത്തിക്കുന്നതു കാണാം. മീശ കൈ കുത്തിയിരുന്നപ്പോള്‍ പാതി ചടഞ്ഞുപോയ തവളയും പഴയ മറുപടി ആവര്‍ത്തിക്കുന്നു. കഷ്ടപ്പാടില്‍ തുണയാകേണ്ട മീശതന്നെ, തന്നെ ഉപദ്രവിച്ചാല്‍ താന്‍ ആരെ വിളിച്ച് പ്രാര്‍ഥിക്കുമെന്ന്.

ചേര്‍ത്തലയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്ന് തോക്കെടുത്ത് സൈന്യത്തിനെതിരേ പോരാടാനായി, വാരിക്കുന്തവുമായി സംഘടിച്ച ആള്‍ക്കൂട്ടത്തിന്റെ പ്രതിനിധി വന്ന് മീശയെ അങ്ങോട്ടു ക്ഷണിക്കുന്നുണ്ട്.

അയ്യായിരം ആളുകളോടൊപ്പം ചെന്ന് ആസംഘത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍. തന്റെ കൂടെ ആരുമില്ലെന്നു മീശ പറയുമ്പോള്‍ കുരുക്ഷേത്രയുദ്ധത്തില്‍ ഒറ്റയ്‌ക്കൊരു പക്ഷംചേര്‍ന്ന കൃഷ്ണന്‍ അയ്യായിരത്തിനു സമമായിരുന്നില്ലേ എന്നാണ് ആഗതന്റെ മറുപടി.

പില്‍ക്കാലത്ത് ആ പോരാട്ടത്തെക്കുറിച്ചുണ്ടായ ആഖ്യാനങ്ങളില്‍ വാരിക്കുന്തക്കാരുടെ കൂടെ ചേര്‍ന്ന ഒരു തോക്കുകാരനെക്കുറിച്ചുള്ള സൂചന മീശയെ അനുസ്മരിപ്പിക്കുന്നുണ്ട്. ആദ്യകാല കുടിയേറ്റക്കാരുടെയിടയില്‍ തങ്ങളുടെ കാരണവന്മാരെ കാടു വെട്ടിത്തെളിച്ചു കൃഷിയുണ്ടാക്കാന്‍ സഹായിച്ച മീശക്കാരനെക്കുറിച്ചുള്ള കഥകളുണ്ട്.

പുല്ലരിയുന്നതിനിടെ രണ്ടു കഷണമാക്കപ്പെട്ട പാമ്പിന്റെ കടിയേറ്റാണ് വാവച്ചന്റെ അമ്മ ചെല്ലയുടെ മരണം സംഭവിക്കുന്നത്. അമ്മയെ കടിച്ച പാമ്പിനോടുള്ള പകയില്‍ അവയെ കൊന്നൊടുക്കുന്ന മീശ നമ്മെ മറ്റൊരോര്‍മയിലേക്കെത്തിക്കുന്നുണ്ട്. തന്റെ പിതാവിനെ കൊന്നതിന്റെ പേരില്‍ പാമ്പുകളെ ആവാഹിച്ചു വരുത്തുന്ന ജനമേജയെന്റെ സര്‍പ്പസത്രത്തില്‍ നിന്നാണല്ലോ മഹാഭാരതം ആരംഭിക്കുന്നത്.

ഇങ്ങനെ ഇതിഹാസരൂപം പ്രാപിക്കുമ്പോഴും മീശയെക്കുറിച്ച്, അയാളുടെ മാനസിക ലോകത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ എഴുത്തുകാരനുപോലും അറിയുമായിരുന്നുള്ളൂ. പുറലോകത്തെ മനുഷ്യരില്‍നിന്നു കേട്ട രണ്ടു സ്ഥലപ്പേരുകളാണ് മീശ ഓര്‍മിക്കുന്നതും അന്വേഷിച്ചലയുന്നതും. കൂടാതെ താനൊരിക്കല്‍ പ്രാപിച്ച സീതയെയും. പിന്നെ നിരന്തരമായ വിശപ്പ്. ആരെങ്കിലുമായി അയാള്‍ക്ക് ആശയവിനിമയം ഉണ്ടാകുന്നില്ല, ജലജീവികളോടൊഴിച്ച്. കായല്‍ ചുരുങ്ങിച്ചുരുങ്ങി പാടമായിത്തീര്‍ന്ന ആ ദേശത്തുനിന്ന് അയാള്‍ക്ക് മലയായിലേക്കോ മലബാറിലേക്കോ രക്ഷപ്പെടാനായില്ല.

പക്ഷേ, മലയായിലും അയാളെ പുറംലോകത്തേക്കു പറത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തിന്റെ എംബ്ലത്തിലും മീശയുടെ സാന്നിധ്യം വന്നുചേരുന്നുണ്ട്. നോവലിന്റെ ആഖ്യാനത്തില്‍ മിത്തുകളും ഐതിഹ്യങ്ങളും പുരാണസൂചനകളും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളതു കാണാം. ചെമ്പല്ലി വിഴുങ്ങി മരിച്ച, യാത്രക്കാരെ വഴിതെറ്റിക്കുന്ന ചോവനും കഞ്ഞി ചോദിക്കുന്ന പ്രേതവും മാടനും മറുതയും യക്ഷന്മാരുമെല്ലാം ദേശത്തിലെ പ്രജകള്‍തന്നെയാണ്. ഈ അരൂപികള്‍ മാത്രമല്ല, പാടത്തെ എല്ലാ ജീവികളും മനുഷ്യര്‍ക്ക് തുല്യമായി ഈ നോവലില്‍ പ്രത്യക്ഷപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്. എല്ലാവരും ഈ ആവാസവ്യവസ്ഥയിലെ കണ്ണികളാണ്.

ഒരുപക്ഷേ, ബഷീറിനുശേഷം മനുഷ്യേതരജീവികളുടെസാന്നിധ്യം ഇത്രമേല്‍ മറ്റൊരു നോവലില്‍ കടന്നുവന്നിട്ടുണ്ടോ എന്നു സംശയമാണ്. നോവല്‍ ആരംഭിക്കുന്നതു പോലും ഞാറപ്പക്ഷികളെയും കൊള്ളിക്കൊറവന്മാരെയും ഈനാംപേച്ചികളെയും സൂചിപ്പിച്ചുകൊണ്ടാണല്ലോ. പവിയാന്‍ രക്ഷിക്കുന്ന മുതല മാത്രമല്ല വാവച്ചനെപ്പോലെ ഒളിച്ചുകഴിയേണ്ടിവരുന്ന അവസാനത്തെ മുതലയും നോവലിലെ പ്രധാന കഥാപാത്രങ്ങളാണ്.

ജീവികളുടെ മാത്രമല്ല, ഒരു തെങ്ങിന്റെ ജീവിതവും മരണവും വിവരിക്കപ്പെടുന്നുണ്ട്. ഒരധ്യായം ആരംഭിക്കുന്നതുപോലും കാരാമയും വെള്ളാമയും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ആദി മധ്യാന്തപ്പൊരുത്തമുള്ള കഥാഗതികള്‍ പ്രതീക്ഷിക്കുന്ന വായനക്കാരന് മീശ ഒരു വെല്ലുവിളിയായിരിക്കും.

Meesa നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

Meesha | മീശ by S. Hareesh Book Review
4 (80%) 1 vote

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.