malayalam online novel

പ്രണയാർദ്രം – Part 4

കണ്ണൻ കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ മാലാഖയെ പോലൊരു സുന്ദരി …

“ആരാ മനസിലായില്ല….” . കണ്ണൻ ചോദിച്ചു

“എന്താ മാഷേ വെളിപാട് പോയോ…. ? “

ഒരു മറുചോദ്യം കണ്ണൻ പ്രതീക്ഷിച്ചില്ല….

“ഇതു ഹോസ്പിറ്റൽ ആണ്…
മാഷ് ഇവിടെ കഴിഞ്ഞ 4 ദിവസം ആയി ബോധം ഇല്ലാതെ കിടപ്പാ…. “

കണ്ണൻ മെല്ലെ തല ഉയർത്തി നോക്കി … ശരിയാണ് ഞാൻ ഹോസ്പിറ്റലിൽ ആണ്….

കഴിഞ്ഞ കാര്യങ്ങൾ മെല്ലെ ഒന്ന് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ കാര്യങ്ങൾ മനസിലായി….

“ആദി…. ? “

” മ് “… അമ്മ പറഞ്ഞു ബോധം വീണാൽ ആദ്യം തിരക്കുന്നത് അയാളെ ആകും എന്ന്….
ആൾക്ക് കുഴപ്പം ഒന്നും ഇല്ല.. തനിക്ക് കമ്പനി തരാൻ ആയി വലതു കൈ ഒന്ന് ഒടിച്ചിട്ടുണ്ട്… അത്ര ഉള്ളു…..”

സംസാരത്തിന്റെ ഇടയിൽ ആണ് dr. ശങ്കർ കടന്നു വന്നത്…

” ഹ ആള് ഉഷാർ ആയല്ലോ…
എങ്ങനെ ഉണ്ടെടോ… സുഖമായോ… ? “

ചോദ്യങ്ങൾക്കെല്ലാം അതെ എന്ന് കണ്ണൻ തലയാട്ടി…

“എന്തായാലും ഇന്നത്തെ ഒരു ദിവസം കൂടെ ഇവിടെ കിടക്കടോ നാളെ നമുക്ക്‌ റൂമിലേക്ക്
മാറാം… 2 ദിവസം കൂടി കഴിഞ്ഞാൽ വീട്ടിലും പോകാം….”

Icu മുമ്പിൽ വന്ന എല്ലാവരെയും ഒരു ചിരിയോടെ അവൻ കണ്ടു…
ഉള്ളിൽ എരിയുന്ന ഒരു കനലുമായി അവൻ എല്ലാവരെയും നോക്കി ചിരിച്ചു…

അടുത്ത ദിവസം റൂമിലേക്ക് മാറും വരെ അവന്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ മിന്നിമറിയുന്നുണ്ടായിരുന്നു…

ആരായിരുന്നു അവർ.. ?

അമ്മു എവിടെ… ?

അവൾക്കെന്തെങ്കിലും സംഭവിച്ച്‌ കാണുമോ… ??

അറിയില്ല… അവന് നെഞ്ചിൽ ഒരായിരം മുള്ളുകൾ ആഴ്നിറങ്ങുന്ന പോലെ തോന്നി…

അടുത്ത ദിവസം തന്നെ കണ്ണനെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു…

വേണ്ട സൗകര്യങ്ങൾ ഒരുക്കി കെട്ടിവെച്ച കൈയുമായി ആദിയും കുറച്ച് ബന്ധുക്കളും കൂട്ടുകാരും അമ്മയുടെ കൂടെ തന്നെ ഉണ്ടായിരുന്നു…

സുഖവിവരങ്ങൾ തിരക്കി ഓരോരുത്തരും മുറിവിട്ടകന്നു…
ഒന്നു കുളിച്ചിട്ടു വരാം എന്നും പറഞ്ഞു അമ്മയും ആ മുറിയുടെ വാതിൽ കടന്നു നടന്നു…
ആ കൊച്ചു മുറിയിൽ ആദിയും കണ്ണനും മാത്രമായി….

കണ്ണന്റെ മനസിലെ ആയിരം ചോദ്യങ്ങൾ അവന്റെ നോട്ടത്തിൽ നിന്നും ആദി വായിച്ചെടുത്തിരുന്നു…

“നിരഞ്ജൻ…. അമ്മുവിന്റെ അതെ രക്തം…
അവളുടെ കൂടപിറപ്പ്…

കുലം മുടിക്കാൻ ജനിച്ചവന്റെ കഴമ്പില്ലാത്ത സ്നേഹപ്രകടനത്തിന്റെ ബാക്കിയായാണ് നമ്മൾ ഇന്ന് ഈ മുറിയിൽ ഇരിക്കുന്നത്… “

കണ്ണൻ ഒന്നും മിണ്ടിയില്ല…

” അമ്മു…. ? “

കണ്ണന്റെ ചോദ്യം ആദി പ്രതീക്ഷിച്ചിരുന്നു..

” സെയ്ഫ് ആണ്…
ബാംഗ്ലൂരിൽ അവരുടെ ഒരു കസിൻ ഉണ്ട്..അവിടെ ആണ്…
കൂട്ടിലടച്ച ഒരു കിളിയുടെ അവസ്ഥ ആണ് ഇപ്പോൾ അവൾക്ക്.
ജോലിക്കു പോകണ്ട എന്നു വീട്ടിൽ നിന്ന് പറഞ്ഞു.. വീട്ടുകാരുടെ ശ്രദ്ധയിൽ ആണ് അവളുടെ ഓരോ കാര്യങ്ങളും…. പക്ഷെ ആ കസിൻ അവൾക്കു സപ്പോർട്ട് ആണ്.. ആ ചേച്ചിയുടെ ഫോണിന്നാണ് അപ്പൂനെ വിളിച്ച് അവൾ ഇതൊക്കെ പറഞ്ഞത്..”

കണ്ണന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
അവളെ ഇനി കാണാൻ ആവുമോ എന്നോർത്തു നെഞ്ചോന്നു പിടഞ്ഞു… ചങ്കിലെ വിഷമം കണ്ണുനീരായി പുറത്തേക്ക് ഒഴുകി…

“കണ്ണാ….. “

അവൻ പെട്ടെന്നു കണ്ണുകൾ തുറന്നു നോക്കി… ‘അമ്മ ആയിരുന്നു…
മുഖത്തു ഒരു ചിരി വിടർത്തി അവൻ അമ്മയുടെ മടിയിലേക്ക് ചാഞ്ഞു… ആദി പറഞ്ഞു പലതും അമ്മ അറിഞ്ഞിരുന്നു.. കണ്ണന്റെ ഉള്ളിലെ ആർത്തിലമ്പുന്ന ആ സങ്കട കടലിനെ അമ്മ അറിയുന്നുണ്ടായിരുന്നു……

അവന്റെ മുടിയിഴകൾ തഴുകികൊണ്ടു അമ്മ ചോദിച്ചു.. “കണ്ണാ… എന്റെ മരുമകളെ എനിക്കെപ്പോഴാ നീ കൊണ്ട് തരുന്നേ….”

അമ്മയുടെ ചോദ്യം അവന്റെ നെഞ്ചിൽ ഒരു പിച്ചാ ത്തിയാഴത്തിൽ ആഴ്ന്നിറങ്ങി…

അവനു മറുപടിയില്ലായിരുന്നു…

“ഇന്നീ ദിവസം വരെ എന്റേയോ നിന്റെ അച്ഛന്റെയോ ഒരു കാര്യവും നിന്നോട് ഞങ്ങൾക്ക്‌ അവശ്യപ്പെടേണ്ടി വന്നിട്ടില്ല.. എല്ലാം നീ കണ്ടറിഞ്ഞു നടത്തി തന്നിട്ടുണ്ട്…
പക്ഷെ ഇപ്പോൾ ഞാൻ ഒരു കാര്യം ആവശ്യപ്പെടുകയാണ്…
നിന്റെ വയ്യായ്ക മാറിയാൽ , അതു ഇപ്പൊ എത്ര നാളെടുത്തായലും വേണ്ടില്ല… അത് കഴിഞ്ഞു എത്രയും പെട്ടന്ന് നിന്റെ അമ്മുവിനെ എന്റെ മുന്നിൽ എത്തിക്കണം… മരുമകൾ ആയിട്ടല്ല എന്റെ മകളായിട്ട്… ഇനിയും നിന്നെ പണ്ടത്തെ ആ അവസ്ഥയിൽ ഒരിക്കൽ കൂടി കാണാൻ അമ്മക്ക് പറ്റില്ല..”

കണ്ണനോ ആദിയോ എന്തെങ്കിലും പറയും മുൻപേ അമ്മ ആ മുറിവിട്ടിറങ്ങിയിരുന്നു…

കണ്ണന്റെ മുഖത്തു അതുവരെ ഇല്ലാത്ത ഒരു ആത്മവിശ്വാസം പ്രകടമായി..

ശരീരത്തിനേറ്റ മുറിവുകളെക്കാൾ വലുതായിരുന്നു മനസിനേറ്റ മുറിവുകൾ , അവയെല്ലാം അമ്മയുടെ ആ വാക്കുകളിൽ ഇല്ലാതായിരുന്നു….

തന്റെ മുമ്പിൽ കൂടി അമ്മുവിനെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന രംഗം അവന്റെ മനസ്സിൽ തെളിഞ്ഞു വന്നു.. തനിക്കു ഒന്ന് എതിർക്കാൻ പോലും ആയില്ലല്ലോ എന്നോർത്തപ്പോൾ അവന്റെ ഞരമ്പുകളിൽ അഗ്നി പടർന്നു…

“കണ്ണാ… ”
അവന്റെ ശ്രദ്ധയെ തെറ്റിച്ചു കൊണ്ട് ആദിയുടെ വിളി വന്നു…

” നീ ഈ മൊബൈൽ പിടിക്ക്… അന്ന് അവിടെ വെച്ച് നിന്റെ മൊബൈൽ മിസ്സായി… ഞാൻ കുറേ നോക്കിയായിരുന്നു… കിട്ടി ഇല്ല.. ദാ.. ഇനി ഇത് വെച്ചോ. നമ്മുടെ അനസിനോട് പറഞ്ഞപ്പോ അവൻ നിന്റെ പഴയ നമ്പറിന്റെ ഡ്യൂപ്ലിക്കേറ്റ് സിം എടുത്തു തന്നു.. “

ചാർജ് ഇല്ലാത്ത ആ മൊബൈൽ ചാർജിൽ വെച്ച ശേഷം നെറ്റ് ഓൺ ആക്കിയതും വട്സാപ്പും ഫേസ്ബുക്കും നോട്ടിഫിക്കേഷൻസ് കൊണ്ട്‌ നിറഞ്ഞു… കുറെ നേരം മൊബൈലിലേക്ക് നോക്കി ഇരുന്നു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആദി കണ്ടു…

കണ്ണന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി നോക്കിയപ്പോൾ അതു അമ്മുവിന്റെ ചാറ്റ് ആയിരുന്നു… അതിൽ അവർ ഒന്നിച്ചെടുത്ത ഫോട്ടോ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു…

പെട്ടെന്നു വന്ന അപരിചിതമായ കാൾ കണ്ടപ്പോൾ ആദി ഫോൺ കണ്ണന് കൊടുത്തു.. അവൻ കോൾ അറ്റന്റ് ചെയ്തു….

“കണ്ണേട്ട…. “

ഇടറിയ ആ ശബ്ദം അവൻ ഹൃദയം കൊണ്ടാണ് ഏറ്റുവാങ്ങിയത്….

“എത്ര ദിവസം ആയി കണ്ണേട്ടാ ഞാൻ വിളിക്കുന്നു.. ആദി ഏട്ടനെ വിളിച്ചിട്ടു കിട്ടുന്നും ഇല്ലായിരുന്നു. അപ്പു പറഞ്ഞു നിങ്ങൾക്കു ഒരു കുഴപ്പോം ഇല്ലെന്ന്
. പിന്നെന്താ വിളിച്ചിട് എടുക്കാത്തത് എന്ന് ചോദിച്ചിട് മാത്രം അവൾ ഒന്നും പറയുന്നില്ല.. എന്നോട് പിണക്കാണോ നിങ്ങള്..ഒന്നു കേൾക്കാൻ പോലും പറ്റാതെ ഇവിടെ തീ തിന്ന് ഇരിക്കുവാ ഞാൻ വല്ലതും അറിയുന്നുണ്ടോ… ?

എങ്ങനെ ഉണ്ട് ഇപ്പോൾ… ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയോ… ?
വിളിച്ചിട്ട് ഒന്നു കിട്ടാതെ ആയപ്പോൾ ഞാൻ ആകെ തകർന്നു പോയിരുന്നു… ഇപ്പോളാണ് ഒന്ന് ആശ്വാസം ആയത്…. “

പറയാനുള്ളത് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി അവൾ… ഒരു മൗനത്തിന്റെ ശേഷം അവൾ പറഞ്ഞു…

“എന്നെ ഓർത്തു വിഷമിക്കണ്ട.. എന്നെ മറന്നേക്ക് കണ്ണേട്ടൻ…
ഇഷ്ടമാണെന്ന് പറഞ്ഞു തീർക്കും മുൻപേ ഇതാണ് അവസ്ഥ എങ്കിൽ നമ്മൾ ഒന്നാകാൻ ശ്രമിച്ചാൽ നമ്മളിൽ ഒരാളെ ബാക്കി കാണുകയുള്ളൂ…
അതുകൊണ്ട് നമുക്കു പിരിയാം ഏട്ടാ… ” അത്രേം പറഞ്ഞവൾ വിങ്ങിപൊട്ടി.

നെഞ്ചു തകർക്കുന്ന അവളുടെ ആ വാക്കുകൾ അവനെ ഇല്ലാതാക്കി…

അവന്റെ വിഷമങ്ങൾ എല്ലാം മനസിൽ ഒതുക്കി അവൻ അവളോട് പറഞ്ഞു…

“ഞാൻ എന്റെ അമ്മക്ക് വാക്കു കൊടുത്തുപോയി എന്റെ അമ്മയുടെ മകളായി ഇനിയുള്ള കാലം എന്റെ വീട്ടിൽ നീ ഉണ്ടാകും എന്ന്…ആ വാക്ക് എനിക്ക്‌ പാലിക്കണം…”

അമ്മുവിന് അതിൽ പരം സന്തോഷം ഇല്ലായിരുന്നെങ്കിലും അവൾക്കു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…

“അമ്മു… “

“മ്…” അവൾ മെല്ലെ ഒന്നും മൂളി…

” ഐ ലവ്‌ യൂ …”

ആ വാക്കുകളിൽ അമ്മുവിന് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി…
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി…

“എന്നാ വരുന്നേ കണ്ണേട്ടൻ ഇങ്ങോട്ട്…
എനിക്കു മടുത്തു… ഇവിടെ
എനിക്ക്‌ കല്യാണം ആലോചിക്കുന്നുണ്ട് ..
ഈ വരുന്ന സൺ‌ഡേ അവർ എന്നെ കാണാൻ വരുന്നുണ്ട് .. ഏതോ കോടീശ്വരൻ….

കണ്ടിട്ടും മിണ്ടിട്ടും ഇല്ലെങ്കിലും അവർക്കു എന്നെ വലിയ ഇഷ്ടം ആയെന്നാ പറയുന്നേ…. എന്നെ ആർക്കും വേണ്ടെങ്കിലും എന്റെ പേരിലും ഉണ്ടല്ലോ കോടികളുടെ സ്വത്ത്… അതു തന്നെ കാരണം… “

കണ്ണൻ മറുപടി ഒന്നും പറഞ്ഞില്ല…
മുൻപിൽ കിടന്ന കലണ്ടർ നോക്കി

തിയതി 28 .. അഞ്ചു ദിവസം
അപ്പോൾ സമയം ഉണ്ട് ..

അമ്മു ഞങ്ങൾ ഈ വരുന്ന വെള്ളിയാഴ്ച അവിടെ ഉണ്ടാകും… നീ ആ കസിൻ ചേച്ചിയോട് പറഞ്ഞു എങ്ങനെ എങ്കിലും പുറത്തു ചാടണം “

അമ്മുവിന് ആയിരം വട്ടം സമ്മതം ആയിരുന്നു….

” ഞാൻ വരും കണ്ണേട്ടാ… സ്ഥലം എവിടാന്നു പറഞ്ഞാൽ മതി.. പിടിക്കപ്പെട്ടാലും കൊന്നു കളഞ്ഞാലും വേണ്ടില്ല.. ഇനി വയ്യ ഈ നരകത്തിൽ കഴിയാൻ..” അമ്മുവിന്റെ വാക്കുകൾ ഉറച്ചതായിരുന്നു..

ദിവസങ്ങൾ ശര വേഗത്തിൽ കടന്നു പോയി..

കണ്ണൻ പറഞ്ഞ ആ ദിവസം നാളെയാണ്…

വൈകുന്നേരം ആയിട്ടും കണ്ണന്റെ വിളി ഒന്നും വന്നില്ലല്ലോ എന്നോർത്ത് നിന്നപ്പോൾ തന്നെ അവൻ വിളിച്ചു…

“അമ്മു… നാളെ രാവിലെ നീ അവിടെ അടുത്തുള്ള mlv ഷോപ്പിങ് മാളിൽ വരണം… ഞങ്ങൾ അവിടെ ടോപ്പ് ഫ്ലോറിൽ കാണും… വന്നിട്ട് വിളിക്കണ്ട….
എനിക്കവിടെ ഒരു ഫ്രണ്ട് ഉണ്ട് അവൻ എല്ലാ സഹായവും ചെയ്തു തരാം എന്ന് പറഞ്ഞിട്ടുണ്ട്”

എല്ലാം സമ്മതം എന്നു പറഞ്ഞു അവൾ കോൾ കട്ട് ചെയ്തു…

ഒരു രാവിനപ്പുറം താൻ തന്റെ കണ്ണേട്ടന്റെ സ്വന്തം എന്നോർത്തപ്പോൾ അവൾക്കു അടക്കാനാവാത്ത സന്തോഷം ആയിരുന്നു…. ആ രാത്രി അവൾക്കു ഉറങ്ങാൻ ആയില്ല..

കസിൻ അവൾക്കു വേണ്ട സഹായങ്ങൾ ഒക്കെ ചെയ്ത് കൂടെ തന്നെ ഉണ്ടായിരുന്നു..
അവൾ മൊബൈൽ നോക്കി സമയം 9.30 ആകുന്നു.. 11 മണിക്കാണ് അവിടെ എത്താൻ കണ്ണേട്ടൻ പറഞ്ഞിരിക്കുന്നത്…

വീട്ടിൽ ആരും ഇല്ലാതിരുന്നത് കാര്യങ്ങൾ എളുപ്പമാക്കി.. സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ചു അവൾ വീടിനു പുറത്തു കടന്നു.. മാൾ ലക്ഷ്യം വെച്ചു യാത്ര തിരിച്ചു…
പറഞ്ഞ പോലെ ടോപ്പ് ഫ്ലോറിൽ എത്തി കണ്ണന് വേണ്ടിയുള്ള തിരച്ചിൽ അവൾ തുടർന്നു… പരിചിതമല്ലാത്ത ഒരുപാടുമുഖങ്ങൾകിടയിൽ തന്നെ നോക്കി തലയിൽ മുറിവ് മറച്ച കെട്ടുമായി പുഞ്ചിരിയോടെ നിൽക്കുന്ന ആ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു….. അത്മനിയന്ത്രണം നഷ്ടമായവൾ അവനിലേക്കു കുതിച്ചു….. ഓടിച്ചെന്നു അവന്റെ നെഞ്ചിലേക്ക് വീണ അവളെ അവൻ അവനിലേക്ക് ചേർത്തുപിടിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കണ്ണന്റെ നെഞ്ചിൽ നനവ് പടർന്നു… അവൻ അവളുടെ മുഗം കൈക്കുമ്പിളിൽ എടുത്തു നെറ്റിയിൽ ഉമ്മ വെച്ചു..

എല്ലാത്തിനും സാക്ഷിയായി നിന്ന ആദിയുടെ കയ്യുകൾ അവന്റെ ഷോൾഡറിൽ പതിച്ചു….

“കണ്ണാ നമുക്കു ഇവിടെ നിന്ന് മാറാം… അത്ര സെയ്ഫ് ആയി തോന്നുന്നില്ല…. “

അമ്മുവിനെ നെഞ്ചോട് ചേർത്തു പിടിച്ച് അവൻ പുറത്തേക്ക് വന്നു. പുറത്തു കണ്ണന്റെ ഫ്രണ്ട് മിഥുൻ നില്കുന്നുണ്ടായിരുന്നു….

കാർ റെയിൽവേ സ്റ്റേഷൻ ലക്ഷ്യം വെച്ചു പാഞ്ഞു…
കുറച്ചു ദൂരം പിന്തുടർന്നപ്പോൾ ആരോ ഫോളോ ചെയ്യുന്ന പോലെ തോന്നിയ മിഥുൻ കണ്ണാടിയുടെ ഒന്നുകൂടി നോക്കിയതും കണ്ണാടി വെടിയുണ്ട കൊണ്ട് ചിന്നി ചിതറിയിരുന്നു….

മിഥുന്റെ കയ്യിൽ നിന്ന് വണ്ടി ഒന്ന് തെന്നിയെങ്കിലും ബാലൻസ് വീണ്ടെടുത്ത് അവൻ മുന്നോട്ടു പരമാവധി വേഗത്തിൽ പാഞ്ഞു….
അമ്മുവിനും കണ്ണനും ആദിക്കുമെല്ലാം മനസിൽ ഭയം ഉച്ചസ്ഥായിയിൽ എത്തിയിരുന്നു…

ചീറി വരുന്ന വെടിയുണ്ടകൾക്കിടയിലൂടെ ജീവന് വേണ്ടിയുള്ള മരണപ്പാച്ചിൽ…..
അവരുടെ മനസ്സിൽ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയുമെല്ലാം മുഖങ്ങൾ മിന്നിമറഞ്ഞു… രക്തത്തിന്റെ രുചിയറിഞ്ഞു കൊതി തീരാത്തവർ ആണ് പുറകിൽ എന്നോർത്തപ്പോൾ അവരുടെ മനസൊന്നു പിടഞ്ഞു…

പക്ഷെ ദൈവം ഒരു റെഡ് ലൈറ്റിന്റെ രൂപത്തിൽ അവർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു… സെക്കന്റുകളുടെ വ്യത്യാസത്തിൽ സിഗ്നൽ കടന്നു പാഞ്ഞു അവർ…. നിമിഷ നേരംകൊണ്ട് അവർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു….
ചെന്നിറങ്ങിയ ഉടനെ മിഥുനെ പറഞ്ഞു വിട്ടു അവർ റിട്ടേൺ ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ അവർക്കുള്ള ട്രെയിൻ 30 മിനിറ്റ് വൈകി എത്തുകയുള്ളു എന്നുള്ള അറിയിപ്പാണ് ലഭിച്ചത്…

സമയം 2.25 ഇനി മുൻപിൽ 15 മിനിറ്റു കൂടി ഉണ്ട് മരണത്തിനും ജീവനും ഇടയിൽ ഉള്ള 15മിനിറ്റ്…

എവിടെ ഒളിക്കും എന്നുപോലും അറിയാതെ നിസ്സഹായനായി നിൽക്കുന്ന കണ്ണന്റെ മുഖത്ത് നോക്കി ഒരു ആശ്വാസവാക്ക് പോലും പറയാൻ അമ്മുവിന് ആയില്ല….

സമയം പതിവിലും പതുക്കെ ഓടുന്നതായി അവർക്കു തോന്നി… ഒരു നിമിഷം ഒരു യുഗം പോലെ കടന്നു പോയി..

പെട്ടെന്ന് സ്റ്റേഷന് പുറത്ത് വന്നു നിന്നു 2 കാറുകളുടെ ശബ്ദം അവരുടെ ഉള്ളിൽ ഭീതിയുളവാക്കി…. കണ്ണുകളിൽ ഭീതി ഏറി തുടങ്ങി…. അമ്മക്കു കൊടുത്ത വാക്കോർത്തപ്പോൾ എന്തെന്നില്ലാത്ത ഒരു ആത്മധൈര്യം ആയിരുന്നു കണ്ണന്… സമയം 2.35 ആയിരിക്കുന്നു…. ദൂരെ നിന്ന് പാഞ്ഞു വരുന്ന ട്രെയിന്റെ കൂകി വിളി അവർക്ക് വലിയ ആശ്വാസം ആയി തോന്നി… ഫ്ലൈഓവർ ലക്ഷ്യം വെച്ചോടിയവർ…

ഠോ….

വെടിയൊച്ച കേട്ടു ഞെട്ടി തിരിഞ്ഞു നോക്കിയ കണ്ണൻ കണ്ടത് കാലിൽ വെടിയേറ്റു നിലത്തു കിടന്നു പിടയുന്ന ആദിയെ ആയിരുന്നു….

“ആദി….”

അലറിവിളിച്ചു തിരികെ ഓടിവന്ന കണ്ണനും അമ്മുവിനും നേരെ അയാൾ അടുത്ത നിറയൊഴിച്ചു .

കണ്ണന്റെ മുഖത്തേക്ക് രക്തം ചീറ്റിത്തെറിച്ചു….
ആ കാഴ്ചകൾ കണ്ടു കണ്ണൻ അലറി.. ഒരു ഭ്രാന്തനെ പോലെ..

ഒരു വശത്തു തനിക്കു നേരെ വന്ന വെടിയുണ്ട സ്വന്തം മാറിൽ ഏറ്റുവാങ്ങി തന്റെ മുന്നിൽ കിടന്നു പുളയുന്ന ജീവന്റെ പാതിയായ അമ്മു….

മറുവശത്ത് വേദന കടിച്ചമർത്തി അമ്മുനെ എടുത്ത് രക്ഷപെടടാ എന്നു അലറിവിളിക്കുന്ന ചങ്കിലെ ചോര ആദി…

മുന്നിൽ കോപത്തിൽ ജ്വലിച്ച കണ്ണുകളിൽ എരിയുന്ന തീയും കയ്യിൽ നിറതോക്കുമായി നിൽക്കുന്ന നിരഞ്ജൻ….

നിരഞ്ജന്റെ കൈ കണ്ണന് നേരെ നീണ്ടു അടുത്ത നിറയൊഴിക്കുംമുൻപേ റെയിൽവേ പോലീസും യാത്രക്കാരും അയാളെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു….

സർവ ശക്തിയും ചോർന്നു ഹൃദയം തകരുന്ന വേദനയിൽ അവൻ അമ്മുവിന് അരികിൽ ഇരുന്നു….

അടഞ്ഞു തുടങ്ങിയ കണ്ണുകളുമായി അവൾ അവനെ നോക്കുന്നുണ്ടായിരുന്നു….
അമ്മുവിന്റെ മുഖം വാരിയെടുത്തു അവൻ തന്നോട് ചേർത്തുപിടിച്ചു… അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അമ്മുവിന്റെ മുഖത്തെ തലോടുന്നുണ്ടായിരുന്നു….

അടഞ്ഞ ശബ്ദത്തിൽ അവൾ അവനോടു ചോദിച്ചു…

” കണ്ണേട്ട .. ഈ ശരീത്തിൽ നിന്നു ജീവൻ പോകും മുൻപേ എന്റെ കഴുത്തിൽ ഒരു താലി ചാർത്താമോ…. മരികുമ്പോൾ കണ്ണേട്ടന്റെ ഭാര്യ ആയി മരിക്കാൻ…. “

അവളുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു…
ജീവൻ പൊഴിയുമ്പോഴും അവൾ അവനെ നോക്കി ചിരിച്ചു….

അമ്മുവിന്റെ കഴുത്തിൽ ചാർത്താൻ മഞ്ഞ ചരടിൽ തീർത്ത താലിമാല കണ്ണന്റെ പോക്കറ്റിൽ അപ്പോഴും സുരക്ഷിതമായി ഉണ്ടായിരുന്നു…. അതെടുത്തു അവളുടെ കഴുത്തിന് നേരെ നീട്ടിയതും ഒരു ദീർഘ ശ്വാസത്തോടെ അവൾ ജീവൻ വെടിഞ്ഞു….

അമ്മുവിന്റെ കണ്ണുകൾ അടഞ്ഞിരുന്നില്ല… ആ കണ്ണുകൾ നിറയെ താലിയുമായി അടുത്തിരിക്കുന്ന കണ്ണൻ ആയിരുന്നു….

അമ്മുവിനെ പലവട്ടം തിരികെ വിളിച്ചെങ്കിലും അവൾ വിളി കേട്ടില്ല….
അവളുടെ മിഴികൾ ചിമ്മി ഇല്ല

അവന്റെ ശബ്ദം അവളുടെ കാതിൽ പതിഞ്ഞില്ല….

അവളിൽ നിന്നൊരു മറുപടിയും അവന് ലഭിച്ചില്ല….

മാറിലേറ്റ മുറിവിൽ നിന്ന് അപ്പോളും രക്തം ഒഴുകുന്നുണ്ടായിരുന്നു…

ജീവനറ്റ അവളുടെ ശരീരം തന്നോട് ചേർത്തുപിടിച്ചവൻ ഒരു ഭ്രാന്തനെപോലെ അലറി കരഞ്ഞു…. അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി കണ്ണൻ ബോധരഹിതനായി നിലത്തു വീണു….

**************************

ഒരു ബെൽ അടിക്കുന്ന ശബ്ദം കെട്ടാണ് കണ്ണൻ ഉണർന്നത്…

“ആ എണീറ്റോ… ?

എന്നെ മനസിലായോ… ?”

ഒരു ചിരിയോടെ കണ്ണൻ മറുപടി നൽകി…

‘ അറിയാതെ പിന്നെ…Dr. സതീഷ് വർമ്മ….
One of the most popular physiatrist of kerala….”

” ഹഹ .. Yes… Ur absolutely right”

“2 വർഷം ആയല്ലേ Dr…”

” മ്.. ഇനി ഒന്നുകൊണ്ടും പേടിക്കണ്ടടോ.. താൻ ഇപ്പോൾ പഴയതിലും മിടുക്കൻ ആയി.. perfectly alright..

പിന്നെ ഒരു 3 മാസത്തേക്ക് എന്റെ കുറച്ച് മെഡിസിൻ കഴിക്കണം അത്രേ ഉള്ളു… ഇനി തിരിച്ചു പോകാം തനിക്ക്.. തന്റെ ലോകത്തേക്ക്..
കഥയും കവിതയും ഒക്കെ ആയി അമ്മയുടേം അച്ഛന്റേം ഒക്കെ കൂടെ… എത്ര പേരാ തന്നെ നോക്കി നിൽക്കുന്നതെന്നു അറിയാമോ..ആദിയൊക്കെ പുറത്തുണ്ട്… ചെല്ലടോ…”

” ആരൊക്കെ ഉണ്ടായാലും അവളില്ലല്ലോ .. അവളില്ലാതെ ഞാൻ…” .. അവന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു…

ഒരു പുഞ്ചിരി നൽകി dr കണ്ണനെയും കൊണ്ട് പുറത്തേക്ക് നടന്നു….
ഒരു ആൽമരത്തിനു ചുവട്ടിൽ അവർ ഇരുന്നു…

“ഈ സ്ഥലം തന്റെ ഓർമകളിൽ എവിടെയെങ്കിലും ഉണ്ടോ… ? “

ഇല്ല എന്നു മറുപടി നൽകും വിധം കണ്ണൻ തലയാട്ടി….

“തന്റെ ഓർമകൾ നഷ്ടപെട്ട ദിവസങ്ങളിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്…

ഇവിടെ തന്റെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു എന്നും…

കഥ പറഞ്ഞു തരാൻ…

പാട്ടു പാടി ഉറക്കാൻ…

കൂടെ കളിക്കാൻ…

വികൃതികളും കുട്ടികളിയും ഒക്കെ പുഞ്ചിരിയോടെ ഏറ്റുവാങ്ങാൻ ..

അങ്ങനെ എന്തിനും ഏതിനും തനിക്കു കൂട്ടിരുന്ന ഒരാൾ….”

ആകാംഷ നിറഞ്ഞ കണ്ണുകളോടെ അവൻ ഡോക്ടറെ നോക്കി…

” ഇവിടുത്തെ ഒരു നഴ്‌സ് ആണ് കക്ഷി…
ദേവിക…
ദേവു എന്ന ഞങ്ങൾ എല്ലാം വിളിക്കുന്നത്.

ഒരു അനാഥകുട്ടി…..

പഠിക്കാൻ മിടുക്കിയായത് കൊണ്ട് അവൾ ഇവിടെ വരെ എത്തി.. ഞങ്ങൾക്കൊക്കെ ദേവു ആണെങ്കിലും തനിക്കു അവൾ അമ്മു ആയിരുന്നു….

സത്യം പറഞ്ഞാൽ… എന്റെ ട്രീറ്റ്മെന്റിനെക്കാളും തന്റെ ഓർമകളെ തിരികെ കൊണ്ടുവരാൻ സഹായിച്ചത് അവൾ തന്നോട് കാണിച്ച കരുതലും സ്നേഹവുമായിരുന്നു…

ഇന്ന് താൻ ഡിസ്ചാർജ് ആണെന്ന് അറിഞ്ഞു എല്ലാവരുടെയും കണ്ണിൽ അനന്ദകണ്ണീർ നിറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ മാത്രം ഞാൻ ഒരു വിരഹം കണ്ടു…..

കണ്ണാ.. ഞാൻ ഒന്ന് പറയട്ടെ..
പോയവരൊന്നും മടങ്ങി വരില്ലെടോ….

നിനക്ക് വേണ്ടി ഒരുപാട് കണ്ണീരു കുടിച്ച നിന്റെ അമ്മയെയും അച്ഛനേയും കൂട്ടുകാരേയും ഒന്നും ഇനിയും നീ വിഷമിപ്പിക്കരുത്.. തനിക്ക് ഞാൻ പറയുന്നത് മനസിലാവുന്നുണ്ടോ..”

കണ്ണൻ മറുത്തൊന്നും പറയാതെ ഡോക്ടറെ നോക്കി.. നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ മറുപടി നൽകി അദ്ദേഹം…

“ദേവു ഇന്ന് ലീവ് ആണ്.. ഏതോ അമ്പലത്തിൽ പോകണം എന്ന് പറയുന്നുണ്ടായിരുന്നു… പക്ഷെ താൻ പോകും മുൻപ് അവൾ എത്തും ഇവിടെ…

അമ്മുവിന്റെ ഓർമകൾക്കു നിന്നിൽ നിന്നും ഒരു മടക്കം ഉണ്ടാവില്ല എന്നറിയാം എങ്കിലും ദേവുനെ കൂട്ടികൂടെ നിന്റെ ജീവിതത്തിലേക്കു.. നിന്റെ അമ്മയ്‌ക്കൊരു മകളായി..
അവൾക്കാണെങ്കിൽ ചോദിക്കാനും പറയാനും ഒന്നും ആരുമില്ലല്ലോ..”

ഒരു പുഞ്ചിരിയോടെ ആണ് dr അത് പറഞ്ഞത്….

“ഹ വന്നാലോ ആള്… അതാ ഞങ്ങളുടെ ദേവു… “

Dr വിരൽ ചൂണ്ടിയ ദിക്കിലേക്ക് കണ്ണൻ നോക്കി…

സെറ്റ്മുണ്ട് ഉടുത്ത്.. തലയിൽ തുളസികതിർ ചൂടി ഒരു എണ്ണകറുമ്പി തന്റെ അടുത്ത് വന്നു നിന്നു….

” അതേ ഇനി കുറുമ്പൊന്നും കാണിക്കാതെ നല്ല കുട്ടിയായി ഇരിക്കണം കേട്ടോ….
ചോറു വാരിതരാനും പാട്ടു പാടി തരാനും ഒന്നും ഇനി ഞാൻ ഇല്ലാട്ടോ… ആ ഒരു ചിന്ത വേണം…. ”
ചിരിച്ച് കൊണ്ടാണ് അവൾ അത് പറഞ്ഞത്…

“പിന്നെ ഇത് എന്റെ വക ഒരു സമ്മാനം… ഒരു മുണ്ടും ഷർട്ടും ആണ്… ഇഷ്ടമാകുമോ എന്നൊന്നും അറിഞ്ഞൂടാ… എന്തായാലും ഇത് ഇട്ടു പോയാൽ മതി ഇവിടുന്ന്…”

ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അതെല്ലാം അനുസരിച്ചു.. എല്ലാവരോടും യാത്ര പറഞ്ഞു അവൻ അമ്മക്കും അച്ഛനും ആദിക്കും കൂടെ അവിടുന്ന് പടിയിറങ്ങി….

ചിരിച്ചുകൊണ്ട് എല്ലാവരും യാത്ര പറഞ്ഞപ്പോൾ ഒരാളിൽ മാത്രം അവൻ കണ്ണുനീർ കണ്ടു… ഡോക്ടർ പറഞ്ഞ അതേ കണ്ണീർ..

********************************

May I coming dr.

കണ്ണൻ ആയിരുന്നു അത്…

“വാടോ… എന്താ വിശേഷം…
കുറെ ആയല്ലോ കണ്ടിട്ട്…”

“ഞങ്ങളുടെ വാവയുടെ പേരിടൽ ആണ്…. “

“ആഹാ നന്നായി…
അല്ല വല്ല പേരും കണ്ടു വെച്ചിട്ടുണ്ടോ…”

ഒരു ചിരിയോടെ അവൻ മറുപടി നൽകി…

“എന്താ ഇപ്പൊ ആലോചിക്കാൻ…
നിഹാരിക…. അതു തന്നെ പേര്… “

“മ് .. മനസിൽ തോന്നി…. അല്ല എവിടെ തന്റെ സഹധർമ്മിണി….”

“പുറത്തുണ്ട്…. അവിടെ ഒരു കുട്ടിയെ കണ്ടു അപ്പോ അങ്ങിട്ടു പോയി….”

“മ്…”

“ഞങ്ങൾ ഇറങ്ങുന്നു… ഒരുപാട് സ്‌ഥലങ്ങളിൽ പോകാൻ ഉണ്ട്….
dr. എന്തായാലും വരണം…”

Dr ഒന്നു മൂളി…

മുറിവിട്ടു പുറത്തിറങ്ങിയ കണ്ണന്റെ കൂടെ… അവന്റെ കയ്യിൽ തൂങ്ങി അവളും ഉണ്ടായിരുന്നു….
കണ്ണന്റെ അമ്മു…
എല്ലാവരുടെയും ദേവു….

(ശുഭം )

 

Read complete പ്രണയർദ്രം Malayalam online novel here

പ്രണയാർദ്രം – Part 4
4.7 (93.33%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.