രണ്ടാമൂഴം book review

രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review

എം.ടി എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരികചിഹ്നം തന്നെയായി മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എക്കാലവും നോവല്‍രചനയിലൂടെ എം.ടി മലയാളഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. 1984-ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിനാലാം  വർഷം പിന്നിട്ടിരിക്കുന്നു. അതെ ജ്ഞാനപീഠം ജേതാവായ എം.ടി.വാസുദേവന്‍ നായരുടെ വയലാര്‍ അവാര്‍ഡു നേടിയ നോവല്‍ ആണ് ഇന്നും വായനാഹൃദയങ്ങളിൽ ബഹുമാനത്തോടെ കൊത്തിവെച്ചിരിക്കുന്നത്.

മഹാഭാരതം യുധിഷ്ഠിരന്റെയും അനുജന്മാരുടെയും വിജയഗാഥയാണ്. എല്ലാ നേട്ടങ്ങളുടെയും ഖ്യാതി ജ്യേഷ്ഠൻ യുധിഷ്ഠിരനും അനുജൻ അർജുനനും സ്വന്തമാക്കുമ്പോൾ ഒന്നും മിണ്ടാതെയിരിക്കുന്ന ഭീമൻ. വൃകോദരൻ എന്ന ഇരട്ടപ്പേരിട്ട് എല്ലാവരും മാറ്റി നിർത്തുന്ന ഭീമനാണ് യഥാർഥത്തിൽ കുരുക്ഷേത്രയുദ്ധത്തിൽ പാണ്ഡവരെ ജയിപ്പിക്കുന്നതെന്ന സത്യം ഇതിഹാസത്തിലെ വരികൾക്കിടയിലൂടെ വായിച്ചെടുത്തത് എം.ടിയായിരുന്നു.

രണ്ടാമന്റെ കഥയാണ് യഥാർഥ ഭാരതം. അതായത് ഭാരതമെന്നാൽ രണ്ടാമൂഴം. വാക്കുകളിലും അവതരണത്തിലും നവ്യാനുഭവമായിരുന്നു രണ്ടാമൂഴം മലയാളിക്ക്. വ്യാസഭാരതത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടിലേക്ക് മലയാളിയെ കൊണ്ടുപോകാൻ എംടിക്കു സാധിച്ചു. രണ്ടാമൂഴം വായിച്ചവരൊക്കെ കാലമേറെ ചെന്നാലും അതിലെ ഓരോ മുഹൂർത്തവും ഓർത്തവയ്ക്കും

മഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ.

മഹാഭാരത കഥയിൽ നിന്ന് വേറിട്ട് ഭീമന് നായകവേഷം കൽപ്പിച്ചു കൊടുത്ത രണ്ടാമൂഴം. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻറേയും വില്ലാളിവീരനായ അർജ്ജുനൻറെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ഇതു ചുരുളഴിയാത്ത ഒരു പ്രണയ കാവ്യം കൂടിയാണ്. കുറെ ചോദ്യങ്ങൾ മാത്രം അവശേഷിപ്പിക്കുന്ന പ്രണയം.

ഹായാനത്തില്‍ പിറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു നീങ്ങുന്ന പാണ്ഢവർ. അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു വീഴുന്നത്. അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ്. ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ്.

പാണ്ഡവരില്‍ ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും. എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം. അവളുടെ കിടപ്പറയില്‍ ചെല്ലാന്‍.. തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം. മഹാ ബലവാനായ ഭീമന്റെ നമ്മള്‍ കേട്ട കഥകള്‍ പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമനെ കൊണ്ട് നോവലിസ്റ്റ് നമ്മോടു പറയിക്കുന്നു.

“ശത്രുവിനോട് ദയ കാട്ടരുത്. ദയയിൽ നിന്നും കൂടുതൽ കരുത്തു നേടിയ ശത്രു വീണ്ടും നേരിടുമ്പോൾ അജയ്യനാവും. അതാണ് ഞങ്ങളുടെ നിയമം. മൃഗത്തെ വിട്ടു കളയാം. മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്’’.

‘കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ…’

‘ആലോചിച്ചാലോചിച്ച് നിറുത്തിനിറുത്തിപ്പറയുന്ന വാക്കുകള്‍ . പലപ്പോഴും സ്വയം സംസാരിക്കുന്നു എന്ന് തോന്നുംവിധം പിറുപിറുത്തുകൊണ്ട് നടക്കും. ചിലപ്പോള്‍ മുഖം ചുവന്ന് ആകാശത്തിലേക്ക് മിഴികളുയര്‍ത്തി നോക്കി നില്‍ക്കുമ്പോള്‍ അധൃഷ്യനാണെന്നും തോന്നും.’

‘മനസ്സ് ശാന്തം. ഈ വധം ശരിക്കും ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ഇരുട്ടില്‍ നിയമങ്ങളില്ല. മല്ലയുദ്ധതിന്റെ ആചാര്യന്മാര്‍ അതിനെ പൈശാചികമുറയെന്ന് പറയും…..’

‘കുരുക്ഷേത്രത്തില്‍ നിന്നും ധര്‍മ്മയോദ്ധാവ് പുറത്തിറങ്ങിയപ്പോള്‍ ഹിരണ്വതീരത്ത് മുള്‍ചെടിക്കാട്ടില്‍ ആദ്യദിവസം ആത്മാവുകള്‍ ഉപേക്ഷിച്ചിട്ട ജീര്‍ണവസ്ത്രങ്ങള്‍ തീ കൊളുത്തിക്കഴിഞ്ഞിരുന്നു…’

‘വജ്രാകൃതിയില്‍ സൈന്യങ്ങള്‍ നിരന്നു… വൈഢൂര്യകണ്ണുകളുള്ള സിംഹം കൊടിയടയാളമായുള്ള തേരുകള്‍ക്ക് മുകളില്‍ വെണ്‍കൊറ്റകുടയുയര്‍ന്നു, ശംഖുകളും പിന്നെ ഭേരികളും മുഴങ്ങി… പിന്നെ ധര്‍മ്മയുദ്ധനിയമങ്ങള്‍ !!’

‘യുധിഷ്ഠിരന്‍ മുഖമുയര്‍ത്തി നോക്കി… എന്നിട്ട് വളരെ ശാന്തതയോടെ ഒരു വാക്ക് മാത്രം പറഞ്ഞു ”യുദ്ധം”’

എം.ടിയുടെ ‘രണ്ടാമൂഴം’ എന്ന നോവലിലെ ചില ശ്രദ്ധേയമായ  വാക്കുകളാണിവ.

ഇതിലിന്റെ മുഴുവൻ കഥയും പ്രധാന സ്പർശിക്കുന്ന വാചകങ്ങളും  പറയാൻ ഉദ്ദേശിക്കുന്നില്ല. വായനയിലൂടെ തന്നെ അനുഭവിച്ചറിയേണ്ട അത്ഭുത കൃതി ആയത് കൊണ്ട് തന്നെയാണ് ഇത്രെയും ചുരുക്കത്തിൽ ഇവിടെ പരാമർശിക്കുന്നത്.

Randamoozham book review

രണ്ടാമൂഴം നോവല്‍ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

എന്തായാലും ജീവിതത്തിൽ ഒരിക്കൽ വായിച്ചാൽ ഒരിക്കലും മനസ്സിൽ നിന്ന് മായ്ച്ച് കളയാൻ സാധിക്കാത്ത മലയാളികളുടെ തന്നെ ഒരു അഭിമാന നോവൽ ആണ് എം ടി യുടെ ‘രണ്ടാമൂഴം’. ചില പുസ്തകങ്ങൾ അങ്ങനെയാണ് വായിച്ചില്ലെങ്കിൽ നിങ്ങൾ ഒരു വായനക്കാരനാണെന്ന് പറയാൻ സാധിക്കുകയില്ല. അതുപോലെ നിങ്ങൾ ഒരു മലയാളിയാണ് എന്നും ഈ നോവൽ വായനയിലൂടെ  തെളിയിക്കുന്നു. വായിക്കുന്ന ഓരോരുത്തർക്കും അഭിമാനപൂർവം പറയാവുന്ന നമ്മുടെ സ്വന്തം നോവൽ കൂടിയാണിത്.

രണ്ടാമൂഴം | Randamoozham by M.T. Vasudevan Nair – Book Review
4.3 (86.67%) 3 votes

Related Post

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.