കലിപ്പ് malayalam story

കലിപ്പ്

” എന്തിനാ പെണ്ണേ… നീ ഇവനെ സ്നേഹിച്ച് കല്യാണം കഴിച്ചത്..

ന്റെ മോനായത് കൊണ്ട് പറയല്ല ഇത്രക്ക് ദേഷ്യവും വാശിയും ഉള്ള ഒരുത്തനും ഈ ദുനിയാവിൽ ഉണ്ടാവില്ല.. ”

രാവിലെ ഉമ്മയോടും എന്നോടും എന്തോ ഒരു ചെറിയ കാര്യത്തിന് വഴക്കടിച്ച് അവൻ ഇറങ്ങി പോയ ഉടനെ ഉമ്മ ഓരോന്ന് പറയാൻ തുടങ്ങി…

ഉമ്മ പറഞ്ഞ ആ കാര്യം മുമ്പും പലരും എന്നോട് ചോദിച്ചതാ… ഇങ്ങനെ ഇത്രക്കും ദേഷ്യം പിടിച്ച ഒരുത്തനെ എങ്ങനെയാ നീ പ്രണയിച്ചോണ്ട് നടക്കുന്നത് എന്ന്..

ശരിയാ അവർ പറയുന്നപ്പോലെ അവന് എന്തിനും ഒടുക്കത്തെ കലിപ്പാണ് ദേഷ്യം വരുന്ന സമയത്ത് ആരെന്നോ എന്തെന്നോ ചിന്തിക്കില്ല.. വാക്കുകളുടെ പ്രഹര ശേഷി അളന്ന് നോക്കാതെ അവൻ പറഞ്ഞ് കൊണ്ടിരിക്കും

അപ്പോൾ പറയുന്ന വാക്കുകൾ കേൾക്കുന്നവർക്ക് എത്രമാത്രം വേദനയുണ്ടാക്കും എന്നൊന്നും ചിന്തിക്കില്ല..

ഒരുദിവസം ഞാൻ ഭക്ഷണം കഴിക്കാത്തതിനെ ചൊല്ലി വഴക്ക് നടന്നു.. കയ്യിൽ കിട്ടിയ പാത്രങ്ങളും ഗ്ലാസും എല്ലാം വലിച്ചെറിഞ്ഞു..

എന്നെ കണ്ണ് പൊട്ടുന്ന ചീത്തയും പറഞ്ഞു.. തെറി വിളിക്കിടയിൽ

“ഇറങ്ങി പോടി നായിന്റെ മോളേ.. ന്റെ വീട്ടിന്ന്. എവിടേലും പോയി ചത്തോ എനിക്കിനി വേണ്ട നിന്നേ… ”

എന്നൊക്കെ പറഞ്ഞപ്പോൾ അത് മനസിനെ വല്ലാതെ പിടിച്ചുലച്ചു..

കാരണം അവനെ അത്രമാത്രം ഞാൻ സ്നേഹിക്കുന്നുണ്ട് ഒന്നിക്കാതിരിക്കാൻ നൂറായിരം കാരണങ്ങൾക്കിടയിലും അവനോട് ചേർന്നിരിക്കാൻ വേണ്ടി ഞാൻ അനുഭവിക്കേണ്ടി വന്നത് വലുതാണ് .. പക്ഷേ അതൊന്നും അവൻ കൂടെയുള്ളപ്പോൾ എന്നെ വേദനിപ്പിച്ചില്ലായിരുന്നു.

അന്ന് ഇതെല്ലാം പറഞ്ഞ് ഇറങ്ങിപ്പോയവൻ നേരം ഇരുട്ടി തുടങ്ങിയപ്പോഴാണ് വീട്ടിൽ എത്തിയത്. വീട്ടിൽ വന്ന് കേറിയ ഉടൻ എന്നെ അന്വേഷിച്ചു..

ഉമ്മയോട് ചോദിച്ചപ്പോൾ ഉമ്മ പറഞ്ഞു..

” ആവോ നിക്ക് അറിയില്ല… നീയല്ലേ പോയി ചാവാനോക്കെ പറഞ്ഞത്.. പാവം മടുത്ത് എവിടേലും പോയിക്കാണും ”

ഇത്കേട്ട് ആകെ പണ്ടാരടങ്ങിയ അവൻ നേരെ ടെറസിലേക്ക് വന്നു.

അവനറിയാം സങ്കടം വരുമ്പോൾ ഞാൻ അവിടെ കേറിയിരിക്കുക പതിവാണെന്ന്..

കോരി ചൊരിയുന്ന മഴയും കൊണ്ട് ടെറസിന്റെ ഒരു മൂലയിൽ തലയും താഴ്ത്തി കരഞ്ഞ കണ്ണുകളോടെ ഞാനിരിപ്പുണ്ടായിരുന്നു.

ന്റെ അടുത്തേക്ക് വന്ന് എന്നെ അവിടുന്ന് പിടിച്ച് എണീപ്പിച്ച് കോണികൂടിലേക്ക് വലിച്ച് കൊടുന്ന് നിർത്തി ഉടുത്തിരുന്ന മുണ്ടിന്റെ അറ്റം പിടിച്ച് ന്റെ തല തോർത്തി തന്നു

എന്നിട്ട് എന്നെ നെഞ്ചിലേക്ക് ചേർത്ത് നിർത്തിയെന്നോട് ചോദിച്ചു

” ന്റെ കുഞ്ഞൂസിന് സങ്കടായോ… സോറി മുത്തേ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞ് പോയതാ.. ന്റെ കുട്ടി അതൊന്നും മനസിൽ വെക്കല്ലേ..

ഞാൻ ചിലപ്പോൾ ദേഷ്യം വരുമ്പോ പോയി ചാവാനും എന്നെ വിട്ട് പോവാനും ഒക്കെ പറയും അത് കരുതി നീ എന്നെ വിട്ട് എവിടേക്കും പോകരുത്.

ന്റെ ദേഷ്യം മാറുമ്പോൾ കുഞ്ഞൂസേ വിളിക്കാനും കൊതിതീരെ പ്രണയിക്കാനും എനിക്ക് നിന്നെ വേണം.. നീ ഇല്ലാതെ എനിക്ക് പറ്റില്ല സോറി ഡീ ഇജ്ജ് ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്ക് ”

അവൻ ഇത്രയും പറഞ്ഞ് തീർത്തപ്പോഴേക്കും ന്റെ സങ്കടം ഇവിടെ പോയി എന്ന് പോലും അറിഞ്ഞില്ല…

ഞാൻ ഒന്നും കൂടി അവനിലേക്ക് ചേർന്ന് നിന്നു എനിക്ക് അറിയാം ആ ഹൃദയത്തിൽ കുന്നോളം സ്നേഹമാണ് ചിലനേരത്തെ കുന്നികുരുവോളമുള്ള ദേഷ്യം ആ സ്നേഹത്തിന്റെ അളവ് കൂട്ടാനുള്ളതാണെന്ന് .

ഇത് പോലെ ഞങ്ങൾ തമ്മിലുള്ള ഓരോ പിണക്കത്തിലും മനോഹരമായ ഇണക്കങ്ങളുടെ കഥകളും ഒളിഞ്ഞ് കിടപ്പുണ്ട് …

അത്രമാത്രം പ്രിയമാണ് എനിക്ക് ഈ കലിപ്പനുമായുള്ള കൂട്ട്

Nb : പെട്ടെന്ന് ദേഷ്യപ്പെടുന്നവർ ഇങ്ങനെയാണ് അവരോട് ആരും അതികം കൂട്ട് കൂടില്ല..
പക്ഷേ അവരോട് കൂട്ട് കൂടി അടുത്തവർ ആരും പിന്നീട് അവരെ വിട്ട് എവിടേക്കും പോകില്ല. കാരണം അവരോളം സ്നേഹം മറ്റാർക്കും നമുക്ക് നൽകാൻ കഴിയില്ല.

ഭ്രാന്തി പെണ്ണ്
കലിപ്പ്
4 (80%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.