ഉത്തരകേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരുഫ്രഞ്ച് അധീന പ്രദേശമായിരുന്ന മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review
മയ്യഴിയുടെ ആരും പറയാത്ത കഥകളിലൂടെ ദേശത്തിന്റെ ആത്മാവിലേക്കാണ് വായനക്കാരെ കഥാകൃത്ത് കൂട്ടിക്കൊണ്ടു പോകുന്നത്. ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് മാഹിയെന്ന മുന്‍ ഫ്രഞ്ചു കോളനിയുടെ സാമൂഹികവും രാഷ്ട്രീയവുമായ അന്തരീക്ഷം. തദ്ദേശീയമായ വിശ്വാസങ്ങളും ഇതിഹാസങ്ങള്‍ പോലും ഫ്രഞ്ചു സംസ്കാരവുമായി ഉള്‍ച്ചേര്‍ന്ന് നവഭാവം കൈക്കൊണ്ടിട്ടുണ്ട്.
മയ്യഴിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ കഥയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍. ജന്മ നാടിന്റെ ഭൂതകാലത്തിലേക്ക് ഇറങ്ങിച്ചെന്ന മയ്യഴിയുടെ കഥാകാരന് മലയാള സാഹിത്യത്തിന് സമ്മാനിച്ച അമൂല്യനിധി .
അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ “വിമോചനത്തെ” പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു.
ഫ്രഞ്ചു മാഹിയില്‍ ജനിച്ച് ഇന്റര്‍മീഡിയറ്റ് പരീക്ഷയും പോണ്ടിച്ചേരിയില്‍ നിന്ന് ബക്കലോറയ പരീക്ഷയും പാസായ യുവാവും ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകവും ആണ് കഥാനായകനായ ദാസന്. ദാസന് മയ്യഴിയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനോ ഫ്രാന്‍സില്‍ ഉപരിപഠനത്തിന് ചേരാനോ അവസരമുണ്ടായിരുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന കുഞ്ഞനന്തന് മാസ്റ്ററുടെ സ്വാധീനത്തില്‍ ദാസന് ഫ്രഞ്ച് അധിനിവേശത്തിനെതിരെ പ്രവര്‍ത്തനമാരംഭിച്ചു.
എന്നാല്‍ പഴയ തലമുറയില്‍പ്പെട്ട കുറമ്പിയമ്മയെപ്പോലെയുള്ള ഫ്രഞ്ചു സര്‍ക്കാരിനോടു കൂറുള്ളവരും അവിടെ ഏറെയാണ്. നിലവിലെ ജീവിതത്തില്‍ അവര്‍ സംതൃപ്തരുമാണ്. ഈ രണ്ടു തലമുറകളുടെ ആശയ സംഘടനങ്ങളിലൂടെ പുതിയൊരു വിപ്ലവാന്തരീക്ഷം മാഹിയില്‍ രൂപപ്പെടുന്നതിന്റെ കഥയാണ് നോവല്‍ വരച്ചു കാട്ടുന്നത്.
ഫ്രഞ്ചു സര്‍ക്കാര്‍ വെച്ചു നീട്ടിയ സര്‍ക്കാര്‍ ജോലിയും പാരീസില്‍ ഉന്നത വിദ്യാഭ്യാസം ചെയ്യാനുള്ള അവസരവും നിരസിച്ച കമ്മ്യൂണിസ്റ്റുകാരനായ ദാസന് ഗാന്ധിയന്‍ കണാരന് നയിക്കുന്ന സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുകയും ചെയ്യുന്നു.
ഈ രാഷ്ട്രീയ സാഹചര്യത്തിനു സമാന്തരമായി നീങ്ങുന്നതാണ് ദാസനും ചന്ദ്രികയുമായുള്ള പ്രണയ കഥയും. അതിലൂടെ മയ്യഴയിലെ ജീവിത്തിന്റെ സ്വപ്നസദൃശമായ മറുവശവും കഥാകാരന് വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് വിപ്ലവകാരിയായി മുദ്രകുത്തപ്പെട്ട ദാസന് ഫ്രഞ്ച് ഗവണ്മെന്റ് പന്ത്രണ്ടു വര്‍ഷത്തേയ്ക്ക് തടവുശിക്ഷ വിധിച്ചത്. എന്നാല്‍ ദാസന് ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ഫ്രഞ്ച് ആധിപത്യത്തിനെതിരേയുള്ള സമരം ശക്തിപ്പെടുത്തുന്നു.
തുടർന്ന് കണാകരന്റെയും ദാസന്റെയും ധീരനേതൃത്വത്തില്‍ മയ്യഴിയില്‍ ആത്മാഭിമാനത്തിന്റെയും പാരതന്ത്ര്യത്തില്‍ നിന്നുള്ള മോചനത്തിന്റെയും പ്രതീകമായ ഇന്ത്യന്‍ പതാക സര്ക്കാരാഫീസിനു മുകളില്‍ പാറിപ്പറക്കുന്നു. പക്ഷെ മറുവശത്ത് ദാസന്റെയും ചന്ദ്രികയുടെയും പ്രണയം ദുരന്തത്തിലേക്കു നീങ്ങുകയായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്ന ചന്ദ്രിക ആത്മഹത്യ ചെയ്യുന്നു. ദാസനും ഒടുവില്‍ ആ പാത പിന്തുടരുന്നു. മയ്യഴി ഇന്നും വിശ്വസിക്കുന്നത് അകലെ വെള്ളിയാംങ്കല്ലില്‍ കാണുന്ന രണ്ടു തുമ്പികള്‍ അവരുടെ ആത്മാക്കളാണെന്നാണ്.
ഒരു ദേശത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിലേക്ക് ഇറങ്ങി ചെല്ലുന്ന നോവല്‍ അവിടുത്തെ സാധാരണ ജനത നേരിട്ട യാതനകളുടെ ചിത്രം കൂടി വരച്ചിടുന്നു. ഒരു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷകളുണര്‍ത്തിയ ദാസന് ജീവിതത്തില്‍ തിരഞ്ഞെടുക്കുന്ന വഴി അവന്റെയും കുടുംബത്തിന്റെയും ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം.
നോവലിലെ ഓരോ കഥാപാത്രവും വായനക്കാര്‍ അടുത്തറിയുന്നു ജീവനുള്ള മനുഷ്യരാണ്. ഗ്രാമീണ ജീവിതത്തിന്റെ ആത്മാവിലേക്ക് നയിക്കപ്പെടുമ്പോള്‍ വെള്ളിയാംങ്കലിലെ കെട്ടുകഥകളും ഇതിഹാസങ്ങളും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഇഴപിരിഞ്ഞ് വേര്‍പെടുത്താനാവില്ലെന്ന സത്യം വായനക്കാരും തിരിച്ചറിയുന്നു.
Mayyazhippuzhayute Theerangalil ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്ന് ലഭ്യമാകാന്‍ സന്ദര്‍ശിക്കുക
മലയാളത്തിന്റെ മാസ്റ്റര്‍പീസുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ നോവല്‍ അനുവാചക ഹൃദയങ്ങളിലൂടെ യാത്ര തുടരുകയാണ്. അവസാനിക്കാത്ത ജനഹൃദയങ്ങളിലൂടെ ഉള്ള ഒരു യാത്ര..